സോഷ്യൽ മീഡിയ നമ്മുടെ അടുക്കളയെ ലോകത്തിന്റെ രുചികളുമായി ബന്ധിപ്പിക്കുന്ന ഒരു വലിയ വേദിയായി മാറിയിരിക്കുകയാണ്. ലോകത്തിന്റെ ഏത് കോണിലുള്ള വിഭവമായാലും അത് രുചിച്ചു നോക്കാൻ അവിടെ വരെ പോകേണ്ട ആവശ്യം ഇന്നില്ല. അവിടങ്ങളിലെ പരമ്പരാഗതവും പുതുമയുള്ളതുമായ വിഭവങ്ങൾ പരിചയപ്പെടാനും അതിന്റെ പാചകരീതി, ചേരുവകൾ, തയ്യാറാക്കുന്ന വിധം തുടങ്ങി എല്ലാ കാര്യങ്ങളും നമുക്ക് സോഷ്യൽ മീഡിയയിലൂടെ എളുപ്പത്തിൽ മനസ്സിലാക്കാം. അത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ വൈറലായ രണ്ട് ദുബായ് ഡെസ്സേർട്ടുകൾ ഒന്നു പരീക്ഷിച്ചാലോ?

നോ ബേക്ക് ചോക്ലേറ്റ് ചീസ് കേക്ക്
ചേരുവകൾ:

ക്രീം ചീസ് - 250 ഗ്രാം
കുനാഫ ഡോ - 200 ഗ്രാം
പിസ്റ്റാഷിയോ പേസ്റ്റ് - മുക്കാൽ കപ്പ്
ഫ്രഷ് ക്രീം - 200 മില്ലി
കണ്ടൻസ്ഡ് മിൽക്ക് - 100 മില്ലി
മിൽക്ക് ചോക്ലേറ്റ് - 100 ഗ്രാം
വൈറ്റ് ചോക്ലേറ്റ് ചിപ്‌സ് - കാൽ കപ്പ്
ബട്ടർ - രണ്ട് ടേബിൾ സ്പൂൺ
ക്രഷ്ഡ് പിസ്ത - രണ്ട് ടേബിൾസ്പൂൺ
വാനില എസ്സെൻസ് - ഒരു ടീസ്പൂൺ
ഉപ്പ് - കാൽ ടീസ്പൂൺ
തയ്യാറാക്കുന്നവിധം: പാനിൽ ബട്ടർ ചൂടാക്കി കുനാഫ ഡോ ചേർത്ത് ഇളം ബ്രൗൺ നിറം ആകുന്നതുവരെ റോസ്റ്റ് ചെയ്യുക. ശേഷം തീയിൽ നിന്ന് മാറ്റി, ഇതിലേക്ക് ഉപ്പും പിസ്റ്റാഷിയോ പേസ്റ്റും ചേർത്ത് നന്നായി യോജിപ്പിച്ച് പുഡ്ഡിങ് ട്രേയിൽ നിരത്തുക. ഒരു സ്പാറ്റുല കൊണ്ട് അമർത്തി നിരപ്പാക്കി വെക്കണം. ഇനി ഒരു ബൗളിൽ ക്രീം ചീസും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് സോഫ്റ്റ് പീക്ക്‌സ് വരുന്നതുവരെ ബീറ്റ് ചെയ്യുക. ഇതിലേക്ക് ഫ്രഷ് ക്രീമിന്റെ പകുതിയും വാനില എസ്സെൻസും ചേർത്ത് യോജിപ്പിക്കുക. ഇത് തയ്യാറാക്കിവെച്ച കുനാഫയുടെ മുകളിൽ ഒരു സ്പാറ്റുല കൊണ്ട് നിരത്തുക. ഇത് ഫ്രിഡ്ജിൽ നാലു മണിക്കൂർ വെച്ച് തണുപ്പിക്കുക.
ചോക്ലേറ്റ് ഗനാഷ് തയ്യാറാക്കാൻ മിൽക്ക് ചോക്ലേറ്റ്, ബാക്കി ഫ്രഷ് ക്രീം എന്നിവ ഒരു ബൗളിൽ എടുത്ത് മൈക്രോവേവ് ചെയ്യുക. ഇത് തണുപ്പിച്ച ക്രീം ചീസ് ലെയറിനു മുകളിൽ ഒഴിച്ച്, അതിന് മുകളിൽ പിസ്റ്റാഷിയോ ക്രീം, മെൽറ്റ് ചെയ്ത വൈറ്റ് ചോക്ലേറ്റ്, ക്രഷ്ഡ് പിസ്ത എന്നിവ കൊണ്ട് അലങ്കരിച്ച്, തണുപ്പിച്ചു വിളമ്പാം.

കിഷ്ത
ചേരുവകൾ:

പാൽ - ഒരു കപ്പ്
ഫ്രഷ് ക്രീം - ഒരു കപ്പ്
കണ്ടൻസ്ഡ് മിൽക്ക് - മൂന്ന് ടേബിൾസ്പൂൺ
കോൺഫ്‌ളോർ - ഒരു ടേബിൾസ്പൂൺ
തേൻ - മൂന്ന് ടേബിൾസ്പൂൺ
വാനില എസ്സെൻസ് - ഒരു ടീസ്പൂൺ
തയ്യാറാക്കുന്നവിധം: കാൽ കപ്പ് പാലിൽ കോൺഫ്‌ളോർ ചേർത്ത് യോജിപ്പിച്ചു വെക്കുക. ബാക്കി പാലിലേക്ക് ഫ്രഷ് ക്രീമും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് യോജിപ്പിച്ച് തിളപ്പിക്കണം. തിളച്ചു വരുമ്പോൾ, ചെറുതീയിൽ വെച്ച്, കോൺഫ്‌ളോർ ചേർത്ത്, തുടരെ ഇളക്കി യോജിപ്പിക്കുക. ഒന്ന് കുറുകി വരുമ്പോൾ തന്നെ വാനില എസ്സെൻസും ചേർത്ത് യോജിപ്പിക്കുക. തീയിൽ നിന്ന് മാറ്റി ഒരു ബേക്കിങ് ട്രേയിലേക്ക് ഒഴിച്ച്, പ്രീഹീറ്റ് ചെയ്ത അവനിൽ 130 ഡിഗ്രിയിൽ അരമണിക്കൂർ ബേക്ക് ചെയ്‌തെടുക്കുക. ആറിയതിന് ശേഷം ഫ്രിഡ്ജിൽവെച്ച് തണുപ്പിച്ച്, ഒരു സ്പാറ്റുല കൊണ്ട് നീളത്തിൽ വരഞ്ഞ് ലെയർ ചെയ്‌തെടുക്കുക. മുകളിൽ തേൻ തൂവി വിളമ്പാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi