നടൻ സഞ്ജയ് ദത്തിന്റെ സഹഉടമസ്ഥതയിലുള്ള ലക്ഷ്വറി റെസ്‌ട്രോ ബാറാണ് അൽട്ട സ്‌റ്റെല്ല (Alta Stella). ജഖാർ ഹോസ്പിറ്റാലിറ്റി സ്ഥാപകനായ അഭിമന്യും ജഖാറാണ് മറ്റൊരു ഉടമ. അന്ധേരി വെസ്റ്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഈ വർഷമാദ്യമാണിത് തുറന്നത്. 12,000 സ്‌ക്വയർഫീറ്റ് വിസ്തൃതിയിലുള്ള ഇവിടെ 250 അതിഥികളെ വരെ ഉൾക്കൊള്ളാൻ കഴിയും. തുടക്കത്തിൽ ഇതിന്റെ ഇന്റീരിയറിന്റെ പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉയർന്ന നിലവാരമുള്ളത് എന്ന വിശേഷണവും വളരെ പെട്ടെന്ന് തന്നെ അൽട്ട സ്റ്റെല്ല സ്വന്തമാക്കി.

എന്നാൽ ഈയടുത്ത് ചില വിവാദങ്ങളിൽ അകപ്പെട്ടു. ഇവിടുത്തെ ലൈവ് ഫിഷ് കോക്ടെയിലാണ് (Live Fish Cocktail) പ്രശ്‌നത്തിൽ ഉൾപ്പെട്ടത്. ഗ്ലാസിനുള്ളിൽ ജീവനുള്ള മത്സ്യവുമായി കോക്ടെയിൽ വിളമ്പുന്ന ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. ബ്ലൂ ബെല്ല ഫൈറ്റർ മത്സ്യമാണ് കോക്ടെയിലിൽ ഇട്ടത്. അതോടെ ജനങ്ങൾ ഇതിനെതിരെ തിരിയുകയും ചെയ്തു.

കോക്ടെയിൽ പ്രസന്റേഷന്റെ ഭാഗമായി മത്സ്യത്തെ നേരിട്ട് കോക്ടെയിൽ ചേർക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. ഒരു വീഡിയോയിൽ മത്സ്യം ആ ഗ്ലാസിനുള്ളിൽ കിടക്കുമ്പോൾ തന്നെ കോക്ടെയിലിന് തീയിട്ടതായി ആരോപിക്കുന്നുണ്ട്. ഇത് ഗുരുതരമായ ധാർമികചോദ്യങ്ങൾ കൂടി ഉയർത്തുന്നുണ്ട്.

''ഇതൊരു തീം അല്ല. ഇത് ക്രൂരതയാണ്. ഇത് സർഗ്ഗാത്മകതയല്ല. മുംബൈയിലെ ഒരു ബാർ ഡൈനിങ് ടേബിളിലെ വെച്ച ഗ്ലാസുകളിൽ മീനുകളെ വെക്കാൻ തുടങ്ങിയിരിക്കുന്നു. മത്സ്യങ്ങൾ വെള്ളത്തിൽനിന്ന് പുറത്തെടുക്കുമ്പോൾ, അവ പെട്ടെന്ന് മരിക്കുന്നുമില്ല. മണിക്കൂറുകളോളം കഷ്ടപ്പെട്ട്, ശ്വാസംമുട്ടൽ അനുഭവിച്ചാണ് മരിക്കുന്നത്. നമ്മൾ എങ്ങോട്ടാണ് പോകുന്നത്? എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെ ചെയ്യാൻ നമ്മൾ അനുവദിക്കുന്നത്'', ഒരു വീഡിയോയിൽ കൊടുത്തിരിക്കുന്ന ക്യാപ്ഷൻ ഇങ്ങനെ. ഇതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുകയും ചെയ്തു. 'ഉപഭോക്താക്കളെ നേടാനുള്ള വിലകുറഞ്ഞ തന്ത്രങ്ങൾ. നിങ്ങൾ എല്ലാവരും ഫിഷ് ടാങ്കുകളിൽ കയറി നിങ്ങളുടെ ഉപഭോക്താക്കൾക്കായി നീന്തിത്തുടിച്ചുകൂടെ... അത് കാണാൻ അവർ കൂടുതൽ പണം നൽകും', 'കാര്യങ്ങൾ കണ്ണുകൾക്ക് ഭംഗിയായി തോന്നിപ്പിക്കാൻ ശ്രമിക്കുകയാണോ', 'നിങ്ങളുടെ ഓപ്ഷനുകൾ തീർന്നുപോയതിനാൽ നിങ്ങൾ ഇപ്പോൾ നിരപരാധികളായ ജീവികളെ കഷ്ടപ്പെടുത്തുകയാണോ...', കമന്റുകൾ നീളുന്നു. ഒടുവിൽ ഈ കോക്ടെയിൽ പിൻവലിക്കാൻ തീരുമാനിക്കുകയും ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi