
ഇടതടവില്ലാതെ മഞ്ഞുപൊഴിക്കുന്നുണ്ട് ഡിസംബര്‍. ക്രിസ്മസിന്റെ വരവറിയിച്ചിട്ടാകാം തിരകളുടെ ചലനത്തിന് ബാന്‍ഡ്‌മേളത്തിന്റെ താളം. പ്രത്യാശയുടെ അന്തമില്ലാത്ത നീരൊഴുക്കുപോലെ പടിഞ്ഞാറ് അറബിക്കടല്‍. തീരത്ത് വിശുദ്ധിയുടെ വെള്ളക്കുപ്പായം അണിഞ്ഞപോലൊരു ദേവാലയം. മാദ്രെ ദെ ദേവൂസ് അഥവാ വിശുദ്ധമാതാവിന്റെ പേരിലുള്ള വെട്ടുകാട് പള്ളി. അവിടേക്കുള്ള യാത്രയില്‍ കൈയ്യില്‍ കരുതിയ മെഴുകുതിരിക്കൂടിലെ വര്‍ണങ്ങള്‍ മനസ്സിലേക്കും ചേക്കേറി. റോഡിന്റെ ഇരു വശങ്ങളിലായി തിങ്ങിനിറഞ്ഞ ജനാവലി. മാദ്രെ ദേ ദേവൂസ് ഹാളും ലൈബ്രറിയും കടന്ന് ചെന്നാല്‍ പ്രത്യേകം നിര്‍മ്മിച്ച മണ്ഡപത്തിലായി ക്രിസ്തുരാജന്റെ രൂപം കാണാം. ഇടതു കയ്യില്‍ ഭാരമേറിയ കുരിശും പേറി, വലതു കൈകൊണ്ട് വിശ്വാസികളെ അനുഗ്രഹിക്കുന്ന തിരുരൂപം. ഭക്തിയുടെ നിശ്ശബ്ദാര്‍ച്ചനയില്‍ മുഴുകി പ്രാര്‍ഥനാ നിരതരായ വിശ്വാസികള്‍. വിശാലമായ മണല്‍പരപ്പിന്റെ ഒരു ഭാഗത്ത് കാറ്റിനോട് മത്സരിച്ച് കത്തുന്ന മെഴുകുതിരികള്‍. ഓരോ മെഴുകിതിരിയും ഓരോ പ്രാര്‍ഥനയാണ്. ആകുലതകളുടെ ഇരുള്‍പ്പരപ്പില്‍ നിലാത്തെളിച്ചം പോലെ നാളങ്ങള്‍. ഇറ്റാലിയന്‍ പള്ളികളെ വെല്ലുന്ന ശില്പകലാ വൈദഗ്ധ്യം വിളിച്ചൊതുന്ന കടലോരത്തെ കൂറ്റന്‍ നിര്‍മിതി.
പിന്നാമ്പുറം
തലസ്ഥാന നഗരിയുടെ വടക്കുപടിഞ്ഞാറാണ് ലത്തീന്‍ അതിരൂപതയുടെ പ്രസിദ്ധമായ അന്താരാഷ്ട്ര തീര്‍ത്ഥാടന ക്രേന്ദമായ മാദ്രെ ദെ ദേവൂസ് ദേവാലയം. പതിനാറാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ നിര്‍മ്മിച്ച പള്ളിയാണിത്. 'മാദ്രെ'എന്ന പോര്‍ച്ചുഗീസ് പദത്തിന്റെയും 'ദെ ദേവൂസ് 'എന്ന ഇറ്റലിയന്‍ പദത്തിന്റെയും സമ്മിശ്രരൂപമാണ് 'മാദ്രെ ദെ ദേവൂസ്.' ദൈവത്തിന്റെ അമ്മ എന്നാണ് ഈ പദത്തിന്റെ അര്‍ഥം. ദൈവമാതാവായ കന്യാമറിയത്തിന്റെ പേരിലാണ് ഈ ദേവാലയം അറിയപ്പെടുന്നത്. പില്‍ക്കാലത്ത് വെട്ടുകാട് പള്ളി എന്ന പേരില്‍ പ്രശസ്തിയാര്‍ജിച്ചു. 1542-ല്‍ പോര്‍ച്ചുഗീസുകാരോടൊപ്പം വന്ന ഭാരതത്തിലെ രണ്ടാം അപ്പോസ്തലന്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറാണ് മാദ്രെ ദെ ദേവൂസ് ദേവാലയം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. 1937-ല്‍ വികാരിയായിരുന്ന മൈക്കല്‍ ജോണിന്റെ കാലത്താണ് പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയായത്. തുടര്‍ന്ന് 2018-ല്‍ പുതുക്കിപ്പണിഞ്ഞു.

പാശ്ചാത്യ വൈദഗ്ധ്യം
കമാനാകൃതിയിലുള്ള മുത്തുകള്‍ തൂക്കിയിട്ട കവാടത്തിലൂടെ കടക്കുമ്പോള്‍ ജനാലയില്‍ നിന്നുള്ള വെളിച്ചത്തിന്റെയും നക്ഷത്ര വിളക്കുകളുടെയും പ്രഭയില്‍ അള്‍ത്താരയിലെ ക്രിസ്തുവിന്റെ രൂപം കൂടുതല്‍ തിളക്കമുള്ളതായി തോന്നി.
ഉള്ളിലേക്ക് പോകുന്തോറും മിഴികവരുന്നു കൊത്തുപണികളുടെ ചാരുത. റോമന്‍, ഗോതിക്, ബൈസന്റിയന്‍, ഇന്ത്യന്‍ വാസ്തുവിദ്യാ സൗന്ദര്യം നിറഞ്ഞ മേല്‍ക്കൂരയും ഭിത്തിയും. തേക്കിന്‍ തടിയിലും ഗ്ലാസ്സിലും നിര്‍മിച്ച സ്വര്‍ണവര്‍ണത്തിലുള്ള അള്‍ത്താരയുടെ ഭിത്തികളില്‍ പല ചായക്കൂട്ടുകളില്‍ പൊതിഞ്ഞ 12 അപ്പോസ്തലന്മാര്‍. കന്യാമറിയം പ്രത്യക്ഷപ്പെട്ടു എന്ന് കരുതപ്പെടുന്ന ഇടങ്ങളിലെ പ്രതീകാത്മക രൂപങ്ങളും, ജപമാല പ്രാര്‍ഥനയിലെ 20 രഹസ്യങ്ങള്‍ കൊത്തിവച്ച തൂണുകളും ഉള്ളിലെ കാഴ്ചകളുടെ മാറ്റ് കൂട്ടുന്നു. മുകളിലേക്ക് നോക്കിയാല്‍ മനോഹരമായ ഗ്ലാസ് പെയിന്റിങ്ങില്‍ കണ്ണുടക്കിപ്പോകും.
പല വര്‍ണത്തിലുള്ള ചായക്കൂട്ടുകള്‍ കൊണ്ട് ക്രിസ്തുവിന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളെയും ചിത്രരൂപത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. അള്‍ത്താരയുടെ മുകളില്‍ നിന്നും 60 അടി ഉയരത്തില്‍ ത്രിമാനാകൃതിയിലുള്ള മൈക്കലാഞ്ചലോയുടെ 'അന്തിമ വിധി' യുടെ മാതൃകയില്‍ തീര്‍ത്ത ചര്‍ച്ച് ഡോം. വത്തിക്കാനിലെ സിസ്റ്റെന്‍ ചാപ്പലിന്റെ മാതൃകയിലാണ് ഡോമിന്റെ നിര്‍മാണം. ഒരേ സമയം അഞ്ഞൂറിലധികം പേരെ ഉള്‍ക്കൊള്ളാവുന്ന പ്രാര്‍ഥനാ മുറി. തേക്കിന്‍ തടിയില്‍ തീര്‍ത്ത ബെഞ്ചുകള്‍, ഇറ്റാലിയന്‍ മാര്‍ബിള്‍ പാകിയ ഇടനാഴികള്‍... കാഴ്ചകള്‍ അനവധി.
തിരുനാളാഘോഷം
വെട്ടുകാട് പള്ളിയിലെ ഏറ്റവും പ്രധാന ചടങ്ങ് അവിടുത്തെ ക്രിസ്തുരാജത്വ തിരുനാളാണ്. എല്ലാ വര്‍ഷവും ലത്തീന്‍ ആരാധ ക്രമവര്‍ഷത്തിലെ അവസാന ഞായറാഴ്ചയാണ് ക്രിസ്തുരാജത്വ തിരുനാള്‍ ആഘോഷിക്കുന്നത്. നവംബര്‍ മാസത്തില്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണിത്. ഈ വര്‍ഷത്തെ കൊടിയിറക്കം കഴിഞ്ഞതേയുള്ളു.
വിശുദ്ധ കുര്‍ബാന, സമൂഹ ദിവ്യബലി, പ്രത്യേക പ്രാര്‍ഥനകള്‍ തുടങ്ങി വിപുലമായ പരിപാടികളാണ് അരങ്ങേറുന്നത്. കൂടാതെ എല്ലാ വെള്ളിയാഴ്ചയും അനവധി പേര്‍ ക്രിസ്തുരാജന്റെ അനുഗ്രഹം തേടി എത്തുന്നുമുണ്ട്. ക്രിസ്തുരാജ പാദപൂജ ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. 1980-ല്‍ ഇടവക വികാരിയായ ഫാ.സ്റ്റീഫനാണ് തിന് തുടക്കം കുറിച്ചത്.
ഫാദര്‍ ജോര്‍ജ് ഗോമസാണ് ഇപ്പോഴത്തെ ഇടവക വികാരി. കുര്‍ബാനയുടെയും മാമോദീസയുടെയുമൊക്കെ തിരക്കിലാണ് അദ്ദേഹം. എങ്കിലും ഗൃഹലക്ഷ്മിക്കായി അദ്ദേഹം അല്പനേരം മാറ്റിവച്ചു. ക്രിസ്മസ് വിശേഷങ്ങളും വെട്ടുകാടിന്റെ സവിശേഷതകളും അദ്ദേഹം ഒന്നൊന്നായി പറഞ്ഞുതന്നു.
''പുതുവര്‍ഷത്തെ വരവേല്‍ക്കാനായി പള്ളിമേട ഒരുങ്ങിക്കഴിഞ്ഞു. സന്തോഷത്തിന്റെയും പ്രത്യാശയുടെയും ഈ സുദിനത്തില്‍ നെഞ്ചില്‍ തീയുമായി ഒരു പറ്റം ആളുകള്‍ ക്രിസ്മസ് ആഘോഷിക്കാനിറങ്ങുകയാണ്. സ്വന്തം കിടപ്പാടത്തിനായി മുറവിളികൂട്ടുന്ന ഒരു പറ്റം കടലോര മക്കളുടെ പ്രതീക്ഷയുടെകൂടിയാണീ ക്രിസ്മസ് രാവ്...'' വിഴിഞ്ഞം തീരത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ മനസ്സിലോര്‍ത്ത് ഫാദര്‍ കൂട്ടിച്ചേര്‍ത്തു.

ക്രിസ്തുരാജ സ്വരൂപത്തിനുമുന്നില്‍
ഫാദര്‍ ജോര്‍ജ് ഗോമസ്
ക്രിസ്തുരാജത്വ തിരുസ്വരൂപം
''അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം...'' തിരുസ്വരൂപത്തിനു മുന്നില്‍ ഈ വാക്കുകള്‍ വിശ്വാസികളുടെ കാതുകളില്‍ പ്രതിധ്വനിക്കുന്നു. അനുഗ്രഹ വര്‍ഷത്തിന്റെ കരമുയര്‍ത്തി ആത്മദാഹത്തോടെ നില്‍ക്കുന്ന ക്രിസ്തുരാജന്‍. 1940-ല്‍ വെട്ടുകാട് ഇടവകയില്‍ നിന്ന് ആദ്യമായി വൈദികനായ ഫാദര്‍ ഹിലാരി മിരാന്‍ഡ. പൗരോഹിത്യ സ്വീകരണത്തിന്റെ ഓര്‍മയ്ക്കായി അദ്ദേഹത്തിന്റെ മാതാപിതാക്കളാണ് ക്രിസ്തുരാജ സ്വരൂപം ഇടവകയ്ക്ക് സമര്‍പ്പിച്ചത്. 1942 ലാണ് കൊച്ചി മെത്രാന്‍ റൈറ്റ്. റവ. ജോസ് വിയെറാ അല്‍വെര്‍നസ് ക്രിസ്തുരാജ സ്വരൂപം വെഞ്ചരിച്ച് ഇവിടെ പ്രതിഷ്ഠിക്കുന്നത്. ചമ്പക്കുളത്തെ ശില്പികളാണ് സ്വരൂപ നിര്‍മാണം നടത്തിയത്.
എത്തേണ്ടതെങ്ങനെ?
ശംഖുമുഖം ബീച്ചില്‍ നിന്നും 2 കിലോമീറ്റര്‍
തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 3 കിലോമീറ്റര്‍
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 7 കിലോമീറ്റര്‍
കൊച്ചുവേളി ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിന്നും 2 കിലോമീറ്റര്‍
Content Highlights: christmas, vettukat church, grihalakshmi, travel
Published: 24 Dec 2023, 03:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented