വിശാലകൊച്ചിയുടെ ഭാഗമായ ഫോര്‍ട്ട് കൊച്ചിക്കും മട്ടാഞ്ചേരിക്കും പറയാന്‍ പഴയകഥകള്‍ ഏറെയുണ്ട്. കടല്‍കടന്നുള്ള സഞ്ചാരങ്ങളുടെയും കൊളോണിയല്‍ അധിനിവേശത്തിന്റെയും കഥകള്‍. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും സ്വന്തമാക്കാന്‍ മോഹിച്ച, അധിനിവേശത്തിന്റെ അടയാളങ്ങള്‍ പതിപ്പിച്ച മണ്ണില്‍ സ്മൃതിയുടെ മാറാലമൂടാത്ത കാഴ്ചകളുമുണ്ടേറെ. ഏകദേശം നാലര സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്താരമുള്ള പ്രദേശം 444 വര്‍ഷം വിദേശീയര്‍ ഭരിച്ചു. അതിന്റെ ഭാഗമായി കെട്ടിപ്പൊക്കിയ നിര്‍മിതികളുടെ ചരിത്രം തേടിയാണ് ഈ യാത്ര.
1503-ല്‍ പോര്‍ച്ചുഗീസുകാര്‍ കോട്ട പണിതതോടെയാണ് കൊച്ചിയുടെ കൊളോണിയല്‍ ചരിത്രത്തിന് തുടക്കമാകുന്നത്. അതിനുമുന്‍പും വിദേശകച്ചവടക്കാര്‍ ഇവിടെയെത്തിയിരുന്നു. ചൈനക്കാരായ നാവികരും അറബ്-ജൂതവ്യാപാരികളും സജീവമായിരുന്നു. 1663 മുതല്‍ ഡച്ചുകാരും 1814 മുതല്‍ ബ്രിട്ടീഷുകാരും ഈ മണ്ണിലേക്കെത്തി. അത് സാംസ്‌കാരികമായ കൂടിച്ചേരലുകള്‍ക്ക് വഴിതുറന്നു. വ്യത്യസ്ത ഭാഷകളും ആഘോഷങ്ങളും ആചാരങ്ങളും ആഹാരരീതികളുമെല്ലാം കൊച്ചിയുടെ മണ്ണിനെ വൈവിധ്യത്താല്‍ സമ്പന്നമാക്കി.

യുദ്ധങ്ങളെയും കൈയേറ്റങ്ങളെയും അതിജീവിച്ചവയാണ് കൊച്ചിയിലെ പല നിര്‍മിതികളും. പോര്‍ച്ചുഗീസുകാര്‍ പണിതവ ഡച്ചുകാരും ഡച്ച് നിര്‍മിതികള്‍ ബ്രിട്ടീഷുകാരും ആക്രമിച്ചു. കോട്ടകളടക്കം പലതും നശിപ്പിക്കപ്പെട്ടു. തങ്ങള്‍ക്ക് ഉപകരിക്കുന്നതുമാത്രം നിലനിര്‍ത്തി. പിന്നീട് പുതുക്കിപ്പണിതും കൂട്ടിച്ചേര്‍ത്തും ഭംഗികൂട്ടിയ എടുപ്പുകളാണ് ഇന്ന് കാണുന്നതിലേറെയും.
ഫോര്‍ട്ട് കൊച്ചിയിലെ പാതകളെ തൊട്ടുനില്‍ക്കുന്ന വലിയ മഴമരങ്ങളുടെ തണലിലൂടെ നടക്കുമ്പോള്‍ ആദ്യം കാണുക 'ഡച്ച് പാലസ്' എന്നറിയപ്പെടുന്ന മട്ടാഞ്ചേരിക്കൊട്ടാരമാണ്. 1545-ല്‍ പോര്‍ച്ചുഗീസുകാര്‍ കൊച്ചിരാജാവിന് സമ്മാനമായി നല്‍കിയതാണത്രേ ഇത്. 1663-ല്‍ ഡച്ചുകാര്‍ അറ്റകുറ്റപ്പണികള്‍ ചെയ്തതിനുശേഷം ഇത് 'ഡച്ച് പാലസ്' എന്നറിയപ്പെട്ടുതുടങ്ങി. യൂറോപ്യന്‍ശൈലിയുടെ സ്വാധീനം പരമ്പരാഗത കേരളീയ വാസ്തുവിദ്യാശൈലിയില്‍ പണിത കൊട്ടാരത്തില്‍ കാണാനാകും.
അപൂര്‍വകാഴ്ചകളുടെ കലവറയാണ് ഇവിടെയുള്ള മ്യൂസിയം. മനോഹരമായ ചുവര്‍ചിത്രങ്ങള്‍, രാമായണഗാലറി, ലൈഫ്സ്‌റ്റൈല്‍ ഗാലറി, കൊച്ചിരാജാക്കന്മാരുടെ എണ്ണച്ചായചിത്രങ്ങള്‍, രാജകുടുംബത്തിന്റെയും കൊച്ചിയുടെയും ചരിത്രം, പകരംവയ്ക്കാനില്ലാത്ത പുരാവസ്തുക്കള്‍... എല്ലാം കാഴ്ചയുടെ മാറ്റുകൂട്ടുന്നു. കൊച്ചി രാജകുടുംബത്തിന്റെ പരദേവതയായ പഴയന്നൂര്‍ ഭഗവതിയെ നടുമുറ്റത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. അടുത്തായി ശിവക്ഷേത്രവും മഹാവിഷ്ണുക്ഷേത്രവും.

കൊട്ടാരക്കാഴ്ചകള്‍ കണ്ടിറങ്ങി ജൂതത്തെരുവിലേക്ക് നീങ്ങി. ഡച്ച് പാലസിനും പരദേശി സിനഗോഗിനും ഇടയിലാണ് പുരാവസ്തുക്കളുടെ പറുദീസയായ ഈ തെരുവ്. നൂറിലേറെ കടകള്‍. കൂടാതെ, കഫേകളും ആര്‍ട്ട് ഗാലറികളും. വൈവിധ്യം നിറഞ്ഞ തുണിക്കടകളും സുഗന്ധവ്യഞ്ജനങ്ങളുടെയും കൈവേലയുത്പന്നങ്ങളുടെയും കടകളും പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകും. എപ്പോഴും തിരക്കാണിവിടെ. നാട്ടുകാരും മറുനാട്ടുകാരുമായ സഞ്ചാരികള്‍ കാഴ്ചകള്‍ കണ്ട് അലയുന്നു.
ജൂതത്തെരുവില്‍നിന്ന് പരദേശി ജൂതപ്പള്ളിയിലേക്ക് പോകാം. ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിലെ സജീവമായ സിനഗോഗുകളില്‍ ഏറ്റവും പുരാതനമാണിത്. പോര്‍സലൈന്‍ ടൈലുകള്‍കൊണ്ടുള്ള തറയും മച്ചിലെ ബെല്‍ജിയം തൂക്കുവിളക്കുകളും 1760-ല്‍ സ്ഥാപിച്ച ക്ലോക്കും ക്ലോക്ക് ടവറും കൊച്ചങ്ങാടി സിനഗോഗില്‍നിന്ന് കൊണ്ടുവന്ന ഹീബ്രു ലിഖിതഫലകവും സിനഗോഗ് കാഴ്ചകള്‍ക്ക് മാറ്റുകൂട്ടുന്നു.
തൊട്ടടുത്താണ് 'സമാധാനത്തിന്റെ പൂന്തോട്ടം' എന്നറിയപ്പെടുന്ന ജൂതസെമിത്തേരിയുള്ളത്. കൂനന്‍കുരിശുപള്ളിയും കൂനന്‍കുരിശ് പഴയ സുറിയാനിപ്പള്ളിയും 1653-ലെ ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശുസത്യം ഓര്‍മ്മിപ്പിക്കുന്നു. ഫോര്‍ട്ട് കൊച്ചിയിലെ സെയ്ന്റ് ഫ്രാന്‍സിസ് പള്ളി ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യന്‍ ദേവാലയമാണ്. അധിനിവേശ ശക്തികളുടെ പോരാട്ടത്തിന്റെ മൂകസാക്ഷി. പലതവണ പള്ളി പുതുക്കിപ്പണിതു. പീന്നിട് പള്ളിയേറ്റെടുത്ത ആംഗ്ലിക്കന്‍ സമുദായം വിശുദ്ധഫ്രാന്‍സിസിനെ കാവല്‍പ്പിതാവായി സ്വീകരിച്ചതോടെ ഇത് സെയ്ന്റ് ഫ്രാന്‍സിസ് പള്ളിയെന്നറിയപ്പെട്ടു. 1524-ല്‍ വാസ്‌കോ ഡ ഗാമയുടെ മൃതശരീരം ഇവിടെയാണ് മറവുചെയ്തത്. വര്‍ഷങ്ങള്‍ക്കുശേഷം അത് പോര്‍ച്ചുഗലിലെ ലിസ്ബണിലേക്ക് കൊണ്ടുപോവുകയായിരുന്നു. പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ശവകുടീരങ്ങളിലെ ശിലാലിഖിതങ്ങള്‍ ഭിത്തികളില്‍ക്കാണാം.

വാസ്‌കോ സ്‌ക്വയറിനടുത്താണ് വാസ്‌കോഹൗസും സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ താമസിച്ചിരുന്ന വീടും. ഇന്ത്യയിലെ പള്ളികളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് ഇന്തോ-യൂറോപ്യന്‍ ഗോഥിക് വാസ്തുവിദ്യാശൈലിയില്‍ പണിത സാന്താക്രൂസ് കത്തീഡ്രല്‍ ബസിലിക്ക. 1505-ലാണ് പഴയ പള്ളിയുടെ തറക്കല്ലിടുന്നത്. ഡച്ചുകാര്‍ അതിനെ ആയുധപ്പുരയാക്കി മാറ്റി. 1795-ല്‍ ബ്രിട്ടീഷുകാര്‍ അതും നശിപ്പിച്ചു. നിലവിലെ ബസിലിക്ക 1905-ല്‍ ആശിര്‍വദിക്കപ്പെട്ടു. മേല്‍ക്കൂരയിലെ കുരിശിന്റെ വഴികളുടെ പെയിന്റിങ്ങുകള്‍ ആരെയും വിസ്മയിപ്പിക്കുന്നതാണ്. പഴയ പള്ളിയുടെ ഗ്രാനൈറ്റ് തൂണുകളിലൊന്ന് ബസിലിക്കയുടെ തെക്കുവശത്ത് സ്ഥാപിച്ചിട്ടുണ്ട്. 1724-ല്‍ ബീച്ചിനോട് ചേര്‍ത്ത് പണികഴിപ്പിച്ച ഡച്ച് സെമിത്തേരി ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യന്‍ കല്ലറയാണ്. അധിനിവേശങ്ങളില്‍ നഷ്ട്ടപ്പെട്ട ജീവിതങ്ങളുടെ കഥപറയുന്നു ഈ സ്മാരകങ്ങള്‍.

ബിഷപ്പ് ഹൗസിനോട് ചേര്‍ന്നാണ് ഇന്തോ-പോര്‍ച്ചുഗീസ് മ്യൂസിയം. സമ്പന്നമായ പോര്‍ച്ചുഗീസ് പാരമ്പര്യം വെളിപ്പെടുത്തുന്ന വസ്തുക്കളുടെ അമൂല്യശേഖരമാണിത്. പഴയകാല കെട്ടിടങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും ഹോംസ്റ്റേകളുമായി മാറി. കേടുപാടുകള്‍ നേരിട്ട കെട്ടിടങ്ങള്‍ക്ക് പകരം പുതിയവ പൈതൃക മാതൃകയില്‍ പണിതു. സി.ബി.എസ്.ഇ വിദ്യാലയമായി പ്രവര്‍ത്തിക്കുന്ന ഡെല്‍റ്റ സ്റ്റഡി, ഡേവിഡ് ഹാള്‍, ഡച്ച് ബംഗ്ലാവ്, ആസ്പിന്‍വാള്‍, പിയേഴ്സ് ലെസ്ലി, താക്കൂര്‍ ഹൗസ്, കൊച്ചിന്‍ ക്ലബ്ബ് എന്നിവയും പൈതൃകനിര്‍മിതികളില്‍ പെടുന്നു.
ഗൗഡസാരസ്വത ബ്രാഹ്‌മണസമുദായത്തിന്റെ കൊച്ചി തിരുമല ദേവസ്വം ക്ഷേത്രം, കൊങ്കണി സമുദായത്തിന്റെ ഗോപാലകൃഷ്ണ ക്ഷേത്രം, ജൈനക്ഷേത്രം, അറബ് ബന്ധത്തിന്റെ തെളിവായി നിലകൊള്ളുന്ന തക്യാവ് പള്ളി, ഏറ്റവും പഴക്കമേറിയ മുസ്ലിം പള്ളികളിലൊന്നായ കല്‍വത്തി ജുമാ മസ്ജിദ്, ചെമ്പിട്ടപള്ളി, സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍ പള്ളി എന്നിങ്ങനെ നാനാജാതിമതസ്ഥരുടെ ആരാധനാലയങ്ങളും കൊച്ചിയുടെ പൈതൃകത്തിന്റെ ഭാഗംതന്നെ. ചീനവലയും ധോബിഘട്ടുമെല്ലാം ഈ കാഴ്ചകളുടെ തുടര്‍ച്ചയാണ്. ഫോര്‍ട്ടുകൊച്ചി ബീച്ചില്‍ അസ്തമയം കൂടി ആസ്വദിച്ചുവേണം ഈ പൈതൃകനടത്തം പൂര്‍ത്തിയാക്കാന്‍.
Content Highlights: trip to fortkochi and mattancheri
Published: 23 Feb 2025, 04:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented