അമ്മയുടെ കൈ മുറുകെപ്പിടിച്ചാണ് മണ്ണിൽ പാദം തൊട്ടത്. പരിചിതമല്ലാത്ത ലോകത്തെ അമ്മയുടെ വിരലിൽ തൂങ്ങിയാണ് അവൻ കണ്ടതും. ആ മകൻ, കാലത്തിനിപ്പുറം ലോകം കാണാൻ അമ്മയ്ക്ക് കണ്ണാടിയാകുകയാണ്. ചിന്തകളിൽ നിറയൗവനം പ്രസരിപ്പിക്കുന്ന അമ്മ ഗീത. ഏറ്റവും അടുത്ത കൂട്ടുകാരനായ മകൻ ശരത്തിനും അതേ വൈബ്. തൃശ്ശൂർ സ്വദേശികളായ ഈ അമ്മയും മകനും യാത്രകളിലൂടെ ജീവിതം ആഘോഷമാക്കുന്നു.

To advertise here,

യാത്രാ മധുരം നുകർന്ന്

ശരത്ത്: കുട്ടിക്കാലത്ത് സൈക്കിളിൽ തുടങ്ങിയ യാത്രകളാണ് എന്റേത്. അച്ഛൻ എം.കെ. രാമചന്ദ്രൻ, ഹിമാലയ സമതലങ്ങളിലൂടെ, ആദികൈലാസയാത്ര, തപോഭൂമി ഉത്തരഖണ്ഡ്... തുടങ്ങിയ പ്രസിദ്ധപുസ്തകങ്ങളെഴുതിയ സഞ്ചാര സാഹിത്യകാരനാണ്. അച്ഛന്റെ യാത്രകളും എഴുത്തുമാണ് എന്നെയും സ്വാധീനിച്ചത്.

ഗീത: കുടുംബമായിരുന്നു എന്റെ ലോകം. ടിവിയിലും മാസികകളിലും വരുന്ന യാത്രാ വിവരണങ്ങൾ വായിക്കുമായിരുന്നു. അന്നൊന്നും വിചാരിച്ചിരുന്നില്ല ആ സ്ഥലങ്ങളൊക്കെ കാണാൻ സാധിക്കുമെന്ന്.

ശരത്ത്: എവിടേക്ക് വിളിച്ചാലും അമ്മ വരില്ലായിരുന്നു. എന്തെങ്കിലും പറഞ്ഞ് പിന്മാറും. മുംബൈയിലേക്കായിരുന്നു അമ്മയുടെ ആദ്യ യാത്ര. സുഹൃത്തിന്റെ കുഞ്ഞിനെ കാണാനാണെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. മുംബൈയിൽ നിന്ന് ശനി ഷിഗ്‌നാപൂർ, ഷിർദി എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് ഔറംഗാബാദിൽ പോയി. അവിടെ അജന്ത എല്ലോറ ക്ഷേത്രം കണ്ടതോടെ അമ്മയുടെ കാഴ്ചപ്പാടുകൾ മാറി. ഇപ്പോൾ യാത്ര ചെയ്യാതിരിക്കാൻ വയ്യെന്നായി.

അമ്മയോടൊപ്പം

ശരത്ത്: ഞങ്ങളുടെ യാത്രകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പലരും ഇപ്പോൾ അമ്മമാരോടൊത്ത് യാത്ര ചെയ്യുന്നു. അത് കാണുമ്പോൾ സന്തോഷം തോന്നും. ചില കാഴ്ചകൾ കാണുമ്പോൾ കണ്ണ് അറിയാതെ നനയും. അമ്മ ഒപ്പമുണ്ടെന്നതാണ് എന്റെ യാത്രകളെ വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടാണ് അമ്മയോടൊപ്പമുള്ള എന്റെ യാത്രാനുഭവങ്ങളുടെ പുസ്തകത്തിന് 'അ' എന്ന് പേര് നൽകിയത്.

വെല്ലുവിളികൾ

ശരത്ത്: വെല്ലുവിളികൾ അധികം നേരിട്ടിട്ടില്ല. ദൈവാനുഗ്രഹം കൊണ്ടാകാം യാത്രകളിലെല്ലാം ഞങ്ങൾക്ക് സഹായ ഹസ്തവുമായി പലരും എത്താറുണ്ട്. വീട്ടിലാകുമ്പോൾ അമ്മയ്ക്ക് ഇല്ലാത്ത രോഗങ്ങളില്ല. എന്നാൽ യാത്രകളിൽ അമ്മ പൂർണ ആരോഗ്യവതിയായിരിക്കും. അതാണ് ഇപ്പോഴത്തെ അവസ്ഥ.

ജെൻസി വൈബ്

ശരത്ത്: യാത്ര ചെയ്യുമ്പോൾ മനുഷ്യർ പ്രായം മറക്കുമെന്ന് പറഞ്ഞ് കേൾക്കാറില്ലേ. അത് സത്യമാണെന്നതിന്റെ തെളിവാണ് അമ്മ. ഇപ്പോൾ യാത്രകൾ അമ്മയ്ക്ക് ലഹരിയാണ്. അമ്മ ജെൻസി തലമുറയിലേക്ക് മാറിയോ എന്ന് പോലും തോന്നും. ഞങ്ങൾ തമ്മിൽ ഇപ്പോൾ ജനറേഷൻ ഗ്യാപ്പും അനുഭവപ്പെടാറില്ല. അമ്മയ്ക്ക് ഇപ്പോൾ കുട്ടികളുടെ മനസ്സാണ്. എന്തു ചെയ്യാൻ തോന്നുന്നുവോ അത് ചെയ്യും. കുഞ്ഞുങ്ങളെപ്പോലെ കാഴ്ചകൾ ആസ്വദിക്കും. എന്റെ സുഹൃത്തുക്കളെല്ലാം ഇപ്പോൾ അമ്മയുടെയും ചങ്ങാതിമാരാണ്.

ഉലകം സുന്ദരം

ഗീത: ശ്രീലങ്ക, തായ്ലൻഡ്, ഫ്രാൻസ്, സ്‌പെയിൻ, ഫിൻലൻഡ് അങ്ങനെ പല രാജ്യങ്ങളിലും പോയിട്ടുണ്ട്. പാരീസിലെ ഈഫൽ ടവർ എനിക്ക് നൽകിയ സന്തോഷം വാക്കുകൾക്കതീതമാണ്. അവിടെ ഉണ്ടായിരുന്ന എല്ലാദിവസവും ടവർ കാണാൻ പോയി. രാത്രി ആദ്യ ലൈറ്റ് കത്തുമ്പോൾ ഞങ്ങളവിടെ ഉണ്ടാകും.

ശരത്ത്: സ്പെയിനിലെ ടൊമാറ്റോ ഫെസ്റ്റിവലിന് പോയതും മറക്കില്ല. സാരിയുടുത്താണ് അമ്മ ഫെസ്റ്റിവലിൽ പങ്കെടുത്തത്. അമ്മയെ പലരും അദ്ഭുതത്തോടെ നോക്കി.

ഗീത: യാത്രകൾക്കായി പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നും നടത്താറില്ല. പോകാൻ തോന്നിയാൽ പോകും. അതാണ് ഞങ്ങളുടെ ശീലം.

ശരത്ത്: ഈയിടെ ഒരു റോം യാത്ര പ്ലാൻ ചെയ്തിരുന്നു. പക്ഷെ, പോകാൻ പറ്റിയില്ല. ബക്കറ്റ് ലിസ്റ്റിലുള്ള എല്ലാ സ്ഥലങ്ങളിലും ഞാൻ അമ്മയുമൊത്ത് പോയിക്കഴിഞ്ഞു. ഇന്ത്യയിലും പുറത്തുമായി ധാരാളം സ്ഥലങ്ങൾ കണ്ടിട്ടുണ്ട്. പക്ഷെ, എവിടെപ്പോയാലും ഞങ്ങളുടെ തൃശ്ശൂരും വടക്കും നാഥനും തന്നെയാണ് ഏറ്റവും പ്രിയപ്പെട്ട ഇടം. ഏറ്റവും പ്രിയപ്പെട്ട കാഴ്ച തൃശ്ശൂർ പൂരവും.

ഗീത: ലഡാക്കിൽ വെച്ചാണ് ആദ്യമായി മഞ്ഞു കാണുന്നത്. ആ അനുഭവം മറക്കാൻ സാധിക്കില്ല. സിനിമകളിൽ മാത്രം കണ്ട മഞ്ഞുതാഴ്വാരങ്ങളിൽ മതിവരുവോളം ആസ്വദിച്ചു.

അച്ഛന്റെ യാത്രകൾ

ശരത്ത്: അച്ഛന്റെ യാത്രകൾ തികച്ചും വ്യത്യസ്തമാണ്. അദ്ദേഹം മാസങ്ങളോളം വീട്ടിൽനിന്ന് വിട്ടുനിൽക്കും. കൈലാസ് മാനസസരോവറിലേക്ക് അമ്മയും ഞാനും 14 ദിവസമെടുത്താണ് യാത്ര ചെയ്തത്. അച്ഛനാകട്ടെ അതിന് 56 ദിവസമെടുത്തു. ഉത്തരാഖണ്ഡ് മുതൽ 290 കിലോമീറ്റർ നടന്നാണ് അച്ഛൻ കൈലാസത്തിൽ എത്തുന്നത്. 23 വർഷം മുമ്പായിരുന്നു അച്ഛന്റെ ആ യാത്ര എന്ന് ഓർക്കണം. അന്ന് ഇന്നത്തെ സൗകര്യങ്ങളൊന്നുമില്ല. ഫോൺ പോലും ചെയ്യാൻ സാധിക്കില്ല. ആ യാത്ര അടിസ്ഥാനമാക്കി ആറ് പുസ്തകങ്ങളെഴുതി. എന്റെ ആദ്യത്തെ കൈലാസ യാത്രയിൽ പോകാനുളള സ്ഥലങ്ങളും വഴിയുമൊക്കെ അച്ഛനാണ് പറഞ്ഞുതന്നത്. അച്ഛന്റെ പുസ്തകങ്ങൾ ദൈവീകമാണെന്നും അതു വായിക്കുമ്പോൾ കൈലാസത്തിലൂടെ നടന്നു പോകുന്ന അനുഭൂതി ഉണ്ടാകാറുണ്ടെന്നും പലരും പറഞ്ഞിട്ടുണ്ട്. അമ്മയെ കൈലാസം കാണിക്കുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.

ഗീത: ആ യാത്രയിൽ കാലാവസ്ഥാ പ്രശ്നം കാരണം എനിക്ക് ചെറിയ അസ്വസ്ഥതകൾ തോന്നി. എന്നാലും തടസ്സങ്ങളില്ലാതെ മുന്നോട്ടു പോയി. അതും മറക്കാനാവാത്ത അനുഭവമാണ്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അവിടെയൊക്കെ എത്താനാകുമെന്ന്.

നേട്ടങ്ങൾ, മാറ്റങ്ങൾ

ഗീത: യാത്രകൾ ചെയ്തു തുടങ്ങും വരെ ഞാൻ 50 ശതമാനം സന്തോഷം മാത്രമേ അറിഞ്ഞിരുന്നുള്ളൂ. പക്ഷേ, ഇപ്പോൾ പൂർണമായ സന്തോഷം അറിയുന്നു. ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കാൻ പഠിച്ചു. യാത്രകളിൽ സാരിയാണ് എന്റെ വേഷം. ഞാൻ സാരിയിൽ അത്രയും കംഫർട്ടബിളാണ്. ഞങ്ങൾ നോൺവെജ് ഉപയോഗിക്കാറില്ല. തായ്ലൻഡു പോലുള്ള സ്ഥലങ്ങളിൽ വെജിറ്റേറിയൻസിനു പിടിച്ചു നിൽക്കാൻ പ്രയാസമാണ്.

വൈറലായ കാലം

ശരത്ത്: 2013 മുതലേ അമ്മയുമൊത്ത് യാത്ര ചെയ്യുമായിരുന്നു. എന്നാൽ, യുട്യൂബിലും ഇൻസ്റ്റഗ്രാമിലും ഒക്കെ ഇടാൻ തുടങ്ങിയത് 2020 ന് ശേഷമാണ്. എനിക്ക് വ്ളോഗിങ് ചെയ്യാൻ അറിയില്ല. എന്റെ യാത്രകളെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമാക്കുന്നത് അമ്മയാണ്. അതാണ് എന്റെ കണ്ടന്റ്. അമ്മമാരും മുത്തശ്ശിമാരുമാണ് എന്റെ വീഡിയോകൾ കൂടുതലും കാണുക.

2017 ലെ വാരണാസി യാത്രയോടു കൂടി ആളുകൾ ഞങ്ങളെ അറിഞ്ഞു തുടങ്ങി. മടക്ക യാത്രയിൽ അമ്മയുമൊത്ത് മണാലിയിൽ ബൈക്കിൽ കറങ്ങുന്ന ഫോട്ടോ പോസ്റ്റ് ഇട്ടു. ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും കാര്യങ്ങളെല്ലാം മാറി. മെസ്സേജുകളും കോളുകളും വരുന്നു. മാധ്യമങ്ങൾ തേടി വരുന്നു. ഞാനും അമ്മയും ടെന്റിൽ ഇരിക്കുന്ന ഫോട്ടോ അമിതാഭ് ബച്ചൻ മാതൃദിനത്തിൽ ഷെയർ ചെയ്യുന്നു. അങ്ങനെ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടി.

യാത്ര സന്തോഷമാണ്

ഗീത: 'ഈ പ്രായത്തിൽ ഗീതയ്ക്ക് ഇതെന്തിന്റെ കേടാണ്' എന്ന് പലരും ചോദിച്ചിരുന്നു. യാത്രകൾ എനിക്ക് സന്തോഷം നൽകുന്നു. വിമർശിക്കുന്നവർ വിമർശിക്കട്ടെ. ഗീത എത്ര ഭാഗ്യവതിയാണെന്ന് പറഞ്ഞവരുമുണ്ട്. സത്യത്തിൽ ഇങ്ങനെയൊരു മകനെ കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം.

സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനുളള എല്ലാ സൗകര്യങ്ങളും ഇന്നു നാട്ടിലുണ്ട്. എന്നാൽ നമ്മുടെ അമ്മമാരുടെ കാലഘട്ടത്തിൽ സ്ഥിതി അതായിരുന്നില്ല.

യാത്രികരോട്

ശരത്ത്: യാത്രകൾ ചെയ്തു തുടങ്ങുക. നീട്ടിവെച്ചാൽ ഒരിക്കലും നടക്കില്ല. അച്ഛനമ്മമാരെയും ലോകം കാണിക്കുക. യാത്രകളോടല്ലാതെ മറ്റൊന്നിനോടും എനിക്ക് ഇത്രയും ആസക്തി തോന്നിയിട്ടില്ല.

എന്ന സ്ഥാപനത്തിന്റെ ഉടമയും 'മാഡം ക്യൂറി എൻട്രൻസ് അക്കാദമി' മാനേജിങ് പാർട്ണറുമാണ് ശരത്ത്. ഓരോ ദിവസവും പുതുയാത്രകളാക്കി മാറ്റുകയാണ് ഈ അമ്മയും മകനും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi