ജനനവും മരണവും നിരോധിക്കപ്പെട്ട ഒരു സ്ഥലത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ലോകത്തിന്റെ അറ്റത്തുള്ള ഗ്രാമമെന്ന് അറിയപ്പെടുന്ന സ്വാൽബാർഡിലെ നിയമമാണിത്. ആർട്ടിക് സമുദ്രത്തിന് നടുവിൽ, നോർവേയുടെ പ്രധാന ഭൂഭാഗത്തുനിന്ന് 930 കിലോമീറ്റർ വടക്കായി, ഉത്തരധ്രുവത്തിന് വെറും 650 കിലോമീറ്റർ മാത്രം അകലെ മഞ്ഞുമലകളാൽ ചുറ്റപ്പെട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

എന്തുകൊണ്ട് ഇവിടെ ജനനവും മരണവും പാടില്ലാത്തത്. സ്വാൽബാർഡിലെ അതികഠിനമായ തണുപ്പാണ് ഈ വിചിത്രമായ നിയമത്തിന് പിന്നിലെ പ്രധാന കാരണം. ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില -43°C ആണ്.

അതിശൈത്യം കാരണം ഇവിടെ മൃതദേഹങ്ങൾ അഴുകില്ല. ഇത് മാരകമായ വൈറസുകളും രോഗങ്ങളും മൃതദേഹങ്ങളിൽ കാലങ്ങളോളം നിലനിൽക്കാൻ കാരണമാകും. അതിനാൽ, മാരകമായി അസുഖം ബാധിച്ചവരെയോ കിടപ്പിലായവരെയോ ഉടൻ തന്നെ വിമാനം വഴി നോർവേയിലെ പ്രധാന നഗരങ്ങളിലേക്ക് മാറ്റുന്നു.

ഇവിടെ പരിമിതമായ മെഡിക്കൽ സൗകര്യങ്ങൾ മാത്രമേയുള്ളൂ. പ്രസവസമയത്ത് ഉണ്ടാകാൻ സാധ്യതയുള്ള സങ്കീർണ്ണതകൾ കൈകാര്യം ചെയ്യാൻ ഇവിടുത്തെ ആശുപത്രികൾക്ക് കഴിയില്ല. അതിനാൽ ഗർഭിണികൾ പ്രസവത്തിന് ആഴ്ചകൾക്ക് മുമ്പ് തന്നെ നോർവേയിലെ ഓസ്ലോയിലേക്കോ ട്രോംസോയിലേക്കോ മാറണം.

ജോലി ചെയ്യാൻ കഴിയുന്നവർക്കും പ്രതിരോധശേഷിയുള്ള യുവാക്കൾക്കും വേണ്ടിയുള്ള ഇടമാണിത്. പ്രായമായവർക്കോ വിരമിച്ചവർക്കോ താമസിക്കാൻ ഇവിടെ വൃദ്ധസദനങ്ങളില്ല. സ്വന്തം വരുമാനം കൊണ്ട് ജീവിക്കാൻ കഴിയാത്തവർ സ്വാൽബാർഡ് വിട്ടു പോകണം. വർഷത്തിൽ പകുതി സമയത്തും 24 മണിക്കൂറും ഇവിടെ സൂര്യപ്രകാശമുണ്ടാകും. ബാക്കി പകുതി സമയം പൂർണ്ണമായും ഇരുട്ടിലായിരിക്കും. ഈ ഇരുട്ടിൽ തെളിയുന്ന 'നോർത്തേൺ ലൈറ്റ്സ്' ഇവിടത്തെ അതിമനോഹരമായ കാഴ്ചയാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിൽ ഒന്നാണിത്. കുറ്റകൃത്യങ്ങൾ ഇല്ലാത്തതിനാൽ ആളുകൾ വീടുകളോ വണ്ടികളോ പൂട്ടാറില്ല.

സ്വാൽബാർഡ് ഉടമ്പടി (1920) പ്രകാരം ലോകത്ത് ആർക്കും ഇവിടെ വിസയോ വർക്ക് പെർമിറ്റോ ഇല്ലാതെ വന്ന് താമസിക്കാനും ജോലി ചെയ്യാനും സാധിക്കും. എന്നാൽ ഇവിടേക്ക് നേരിട്ടുള്ള വിമാനങ്ങളില്ല. നോർവേയിലെ ഓസ്ലോ വഴിയോ ട്രോംസോ വഴിയോ മാത്രമേ സ്വാൽബാർഡിൽ എത്താൻ കഴിയൂ. അതിനാൽ ഇന്ത്യൻ പൗരന്മാർക്ക് നോർവേയിലേക്ക് പ്രവേശിക്കാൻ 'ഷെങ്കൻ വിസ' ആവശ്യമാണ്.

ഭാവിയിൽ എന്തെങ്കിലും വലിയ ദുരന്തം സംഭവിച്ച് ഭൂമിയിലെ കൃഷികൾ നശിച്ചുപോയാൽ ഉപയോഗിക്കാനായി ലോകത്തിലെ ഏറ്റവും വലിയ വിത്തുശേഖരമായ 'സീഡ് വോൾട്ട്' (Global Seed Vault) ഇവിടെ നിർമ്മിച്ചിട്ടുണ്ട്. 13 ലക്ഷത്തിലധികം വിത്തുകളുടെ സാമ്പിളുകൾ -18°C താപനിലയിൽ ഇവിടെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു. വരുംതലമുറയ്ക്കുള്ള 'ഇൻഷുറൻസ് പോളിസി' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

അതിസാഹസികത ഇഷ്ടപ്പെടുന്നവർക്ക് സന്ദർശിക്കാവുന്ന ഭൂമിയിലെ ഏറ്റവും ശാന്തമായ ഒരിടമാണ് സ്വാൽബാർഡ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi