പവിത്രതയും ദിവ്യത്വവും കല്പിച്ച് ആരാധിക്കുന്ന മഹാമേരുക്കളാണ് ഹിമാലയ പര്‍വ്വതങ്ങള്‍. എണ്ണമറ്റ പുരാണ കഥകള്‍ക്കും യുദ്ധങ്ങള്‍ക്കും ആത്മാന്വേഷണത്തിനുമുള്ള രംഗവേദികൂടിയാണിത്. അതുകൊണ്ടാവാം പഞ്ചപാണ്ഡവര്‍ മോക്ഷപ്രാപ്തിക്ക് ഈ വഴി തിരഞ്ഞെടുത്തത്. സ്വര്‍ഗാരോഹിണിപര്‍വതത്തിന്റെ അടിവാരത്തിലവസാനിക്കുന്ന ഇവരുടെ പ്രയാണമാണ് മഹാഭാരതത്തിലെ മഹാപ്രസ്ഥാനികപര്‍വത്തിന്റെ ഇതിവൃത്തം. 

പ്രാപഞ്ചികസുഖങ്ങളെല്ലാം വെടിഞ്ഞ്, മരവുരിയുടുത്ത്, ഏറ്റവും മുന്നിലായി യുധിഷ്ഠിരനും പിന്നിലായി മറ്റ് പാണ്ഡവന്മാരും ദ്രൗപദിയും എന്ന ക്രമത്തില്‍ അവര്‍ ഭൂമിയില്‍നിന്ന് നടന്നകന്നതും ഈ ഹിമാലയവീഥിയിലൂടെയാണെന്നാണ് ഐതിഹ്യം. സത്യത്തിന്റെയും ധര്‍മത്തിന്റെയും ഉരകല്ലില്‍ മാറ്റുരയ്ക്കപ്പെട്ട്, മോക്ഷപ്രാപ്തിക്കായി പാണ്ഡവര്‍ നടന്ന അതേ സ്വര്‍ഗാരോഹിണിവഴികളിലൂടെ നമുക്കും സഞ്ചരിക്കാനാവും. മഹാഭാരതത്തില്‍ പറയുന്ന സ്ഥലനാമങ്ങള്‍ പോലും മാറ്റമില്ലാതെ തുടരുന്ന അതേ വഴികളിലൂടെ...അവര്‍ യാത്രയാരംഭിച്ച ബദരീനാഥിന്റെ ഭൂമികയിലൂടെ.

ബദരിസന്നിധിയില്‍നിന്ന് മൂന്നുകിലോമീറ്റര്‍ ദൂരമുണ്ട് ഇന്ത്യയുടെ അവസാനഗ്രാമമെന്ന് പണ്ടും ആദ്യഗ്രാമമെന്ന് ഇന്നും വിശേഷണമുള്ള അളകനന്ദാനദീതീരത്തുള്ള മാനാഗ്രാമത്തിലേക്ക്. ഗ്രാമമെത്തുന്നതിന് തൊട്ടുമുന്നിലായി നദിക്ക് കുറുകെയുള്ള പാലം കടന്നാല്‍, ട്രക്കിങ് റൂട്ടിലേക്ക് പ്രവേശിക്കാം. ഇന്ത്യ-ചൈന അതിര്‍ത്തിപ്രദേശമായതുകൊണ്ടുതന്നെ സുരക്ഷ ശക്തമാണ്. സദാ ജാഗരൂകരായ സൈനികര്‍. നദിയുടെ പാര്‍ശ്വത്തിലായി ഒരു സൈനികക്യാമ്പ്. വേനല്‍ക്കാലത്തുമാത്രം വിളവിറക്കാന്‍ സാധിക്കുന്ന തട്ടുതട്ടായ കൃഷിഭൂമിക്ക് നടുവിലൂടെയാണ് പാത കടന്നുപോകുന്നത്. അതിനോടുചേര്‍ന്ന് ഭൂനിരപ്പില്‍നിന്ന് അല്പം താഴെയാണ് കരിങ്കല്ലുകൊണ്ട് ഒറ്റമുറിയില്‍ തീര്‍ത്ത മാതാമൂര്‍ത്തിക്ഷേത്രം. മഹാപ്രയാണത്തിനിടെ നടന്നവശയായ പാഞ്ചാലിക്ക് സരസ്വതീനദി കുറുകെക്കടക്കാന്‍ ഭീമന്‍ സ്ഥാപിച്ചുകൊടുത്ത വലിയൊരു പാറയാണ് 'ഭീം ശില' അഥവാ 'ഭീംപൂള്‍' എന്നറിയപ്പെടുന്നത്.

ഭീം ശിലയില്‍നിന്ന് വഴുതിവീണ പാണ്ഡവപത്‌നി, മാതാമൂര്‍ത്തി ക്ഷേത്രപരിസരത്തുവെച്ചാണ് ജീവന്‍ വെടിഞ്ഞതെന്നാണ് സങ്കല്പം. പാണ്ഡവന്മാരില്‍ അര്‍ജുനനോടുള്ള അമിതസ്‌നേഹമാണ് ഈ ദുര്യോഗത്തിന് കാരണമെന്ന് ഭീമന്റെ ചോദ്യത്തിന് മറുപടിയെന്നോണം ധര്‍മപുത്രര്‍ വിശദമാക്കുന്നു. ഉപരിതലത്തിലൂടെ ഏതാനും ദൂരമൊഴുകി ഭൂഗര്‍ഭത്തിലേക്ക് അപ്രത്യക്ഷമാകുന്ന സരസ്വതീനദിയും അതിന് മുകളിലായുള്ള ഭീം ശിലയും മാനാഗ്രാമത്തിലെ പ്രധാന ആകര്‍ഷണങ്ങളാണ്. ബദരീനാഥ് ക്ഷേത്രവും മലയാളികളുമായി ചില ബന്ധങ്ങളുണ്ട്. സന്നിധിയിലെ കെടാവിളക്കിന്റെ ഔഷധക്കൂട്ടോടുകൂടിയ തിരിയുടെ നിര്‍മാണാവകാശം മാനാനിവാസികള്‍ക്ക് നല്‍കിയതും ക്ഷേത്രത്തിലെ മുഖ്യകാര്‍മികനായ റാവല്‍ജി എന്ന പദവി കേരളത്തിലെ നമ്പൂതിരികുടുംബാംഗങ്ങള്‍ക്കായി മാറ്റിവെച്ചതും ശങ്കരാചാര്യരാണെന്ന് കരുതപ്പെടുന്നു. ഭാരതത്തിന്റെ പൂര്‍വാതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രവും തെക്കേ അറ്റത്ത് കിടക്കുന്ന കേരളക്കരയും തമ്മിലുള്ള ഈ സാംസ്‌കാരികവിനിമയം ആശ്ചര്യം ജനിപ്പിക്കുന്ന ഒന്നാണ്.

placeholder
ബദരീനാഥ് ക്ഷേത്രം

ക്ഷേത്രം പിന്നിട്ട് നീളുന്ന കരിങ്കല്‍ പതിച്ച വഴി കുറച്ച് ദൂരത്തിനുശേഷം ഒറ്റയടിമണ്‍പാതയായി മാറുന്നു. ലക്ഷ്മീദേവി ദീര്‍ഘകാലം തപസ്സനുഷ്ഠിച്ചെന്ന് വിശ്വസിക്കുന്ന 'ലക്ഷ്മീവന്‍' ആണ് ബദരിയിലെ ആദ്യത്തെ ക്യാമ്പ് ഷെഡ്. കയറ്റിറക്കങ്ങളോട് കൂടിയ മണ്‍പാതയിലൂടെ അഞ്ചുകിലോമീറ്റര്‍ സഞ്ചരിക്കേണ്ടതുണ്ട് മാനാഗ്രാമത്തില്‍നിന്ന് ലക്ഷ്മീവനിലേക്കെത്തിച്ചേരാന്‍. ഇവിടെവെച്ചാണ് സ്വന്തം സൗന്ദര്യത്തില്‍ അമിതമായി ഊറ്റംകൊണ്ടെന്ന കാരണംകൊണ്ട് നകുലന് ശരീരം വിട്ടൊഴിയേണ്ടിവരുന്നത്. ഒരുവശത്ത് നീലകണ്ഠപര്‍വതനിരകളും മറുവശത്ത് അളകനന്ദയുടെ വിശാല പ്രളയസമതലവും. അതിനിടയിലാണ് ഹരിതാഭമായ ഈ ഭൂപ്രദേശം നിലകൊള്ളുന്നത്.

ചെറുതും വലുതുമായ ഒട്ടനവധി ഹിമപ്പരപ്പുകള്‍ തുടര്‍ന്നുള്ള സഞ്ചാരവഴിയില്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. പോര്‍ട്ടര്‍മാര്‍ തെളിച്ച വഴികളിലൂടെ വളരെ സാവധാനമാണ് യാത്ര തുടരേണ്ടത്. ഏതാനും ഭുര്‍ജ് മരങ്ങളുടെ കൂട്ടവും കുറ്റിച്ചെടികളും കാട്ടുപൂക്കള്‍ വിരിയുന്ന ചെറിയ പുല്‍പ്പടര്‍പ്പുകളുമല്ലാതെ, പേരില്‍ സൂചിപ്പിക്കുന്ന ഒരു വനവും ഈ ഉയരത്തില്‍ സാധാരണമായി കാണാന്‍ സാധിക്കുകയില്ല. മനുഷ്യര്‍ ലിപികള്‍ സ്വായത്തമാക്കിയ ആദിമകാലങ്ങളില്‍ ഭുര്‍ജ് മരത്തൊലിയിലാണത്രേ, രചനകള്‍ സൂക്ഷിച്ചുവെച്ചിരുന്നത്. അസ്തമയസൂര്യന്റെ സുവര്‍ണപ്രകാശത്തില്‍ തിളങ്ങുന്ന മാനാഗ്രാമത്തിന്റെ കാഴ്ചകള്‍ കണ്ണില്‍നിന്ന് മാഞ്ഞുതുടങ്ങിയതോടെ, ടെന്റിനകത്തെ ശൂന്യതയിലേക്ക് മടങ്ങി. രാത്രികാലങ്ങളില്‍ ഇവിടെ തണുപ്പ് കൂടുതലാണ്. സ്ലീപ്പിങ് ബാഗും കോട്ടും ഒരുപരിധിവരെ ആശ്വാസം നല്‍കുന്നുണ്ട്.

ലക്ഷ്മീവനില്‍നിന്ന് ഏഴുകിലോമീറ്റര്‍ ദൂരമുണ്ട് അടുത്ത ലക്ഷ്യമായ സഹസ്രധാരയിലേക്ക്. ബദരിക്ഷേത്രത്തിന് തൊട്ടുപുറകിലായി നിലകൊള്ളുന്ന നീലകണ്ഠപര്‍വതം സൂര്യോദയങ്ങളിലും അസ്തമയങ്ങളിലും പൊന്നിന്‍നിറമണിഞ്ഞുനില്‍ക്കുന്ന കാഴ്ച നയനമനോഹരമാണ്. ക്ഷേത്രത്തിന് പിന്നിലെ വഴിയിലൂടെ കയറിയാല്‍, ബദരീനാഥന്റെ കാല്‍പ്പാടുകളെന്ന് വിശ്വസിക്കപ്പെടുന്ന രണ്ട് പാദമുദ്രകള്‍ ഒരു ചെറിയ പാറയില്‍ കാണാനാവും. 'ചരണ്‍ പാദുക' എന്നറിയപ്പെടുന്ന ഈ പാറയോടുചേര്‍ന്ന് ഒരു ചെറിയ ആശ്രമവുമുണ്ട്. 

വേനലില്‍ നീലകണ്ഠപര്‍വതനിരകളില്‍നിന്നുള്ള ഹിമാനികളുരുകി അനേകം ജലപാതങ്ങളായി താഴേക്ക് പതിക്കുന്നു. ഈ കാഴ്ചയാവാം സഹസ്രധാര എന്ന പേരിന് ഉപോദ്ബലകമായിവന്നത്. സഹസ്രധാരയില്‍നിന്നുള്ള അരുവികള്‍ മഞ്ഞുപാളികള്‍ക്കിടയിലൂടെ ട്രക്ക്-പാത്ത് മുറിച്ചുകടന്നുപോകുന്നുണ്ട്. അതിശക്തിയില്‍ വരുന്ന ഇവ പലയിടങ്ങളിലും നടപ്പാതയെപ്പോലും തകര്‍ത്ത് ആഴത്തിലുള്ള ചാലുകള്‍ സൃഷ്ടിക്കുന്നു. ഇത് നടത്തത്തെ പ്രയാസമാക്കുന്നു. സൂര്യപ്രകാശം തീവ്രമാകുന്നതോടെ ഈ ജലപ്രവാഹങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്നതുകൊണ്ട് ഹിമാലയന്‍ ട്രക്കിങ്ങുകള്‍ പൊതുവേ രാവിലെതന്നെ ആരംഭിക്കാറുണ്ട്.

placeholder
ലക്ഷ്മീവന്‍

ആയിരം വെള്ളച്ചാട്ടങ്ങള്‍ എന്നര്‍ഥം വരുന്ന സഹസ്രധാരയെ സാക്ഷിനിര്‍ത്തിയാണ് അറിവില്‍ അഹങ്കരിച്ചു എന്ന കുറ്റത്തിന് നകുലസഹദേവന്മാരില്‍ രണ്ടാമനായ സഹദേവന്‍ വിടപറയുന്നത്. കളങ്കംചെയ്യാത്ത മനുഷ്യശരീരത്തില്‍മാത്രമേ പതിക്കുകയുള്ളൂ എന്ന് വിശ്വസിക്കപ്പെടുന്ന വസുധാര വെള്ളച്ചാട്ടത്തിന്റെ വിദൂരദൃശ്യവും ഹിമാവൃതമായ ഭാഗീരഥി പര്‍വതശിഖരങ്ങളുടെ മനോഹരകാഴ്ചയുമാണ് ഇവിടെ പ്രകൃതിയൊരുക്കിയിരിക്കുന്നത്. 'ചക്രതീര്‍ഥം' എന്നറിയപ്പെടുന്ന അടുത്ത ക്യാമ്പിലേക്ക് ഇവിടെനിന്ന് ആറുകിലോമീറ്റര്‍ ദൂരമുണ്ട്. മാനംമുട്ടിനില്‍ക്കുന്ന നീലകണ്ഠ, ചൗഖംബ ഹിമാനികളാല്‍ വലയംചെയ്യപ്പെട്ട, ഫുട്ബോള്‍ മൈതാനിയുടെ വലുപ്പമുള്ള പുല്‍മേടാണ് ചക്രതീര്‍ഥം.

മഹാവിഷ്ണുവിന്റെ സുദര്‍ശനചക്രം പതിച്ച സ്ഥലം മാണത്രെ ഇത്. ഉയരക്കൂടുതലും വര്‍ഷത്തിലെ ഒട്ടുമിക്കമാസങ്ങളിലുമുള്ള മഞ്ഞിന്റെ കനത്ത ആവരണവും മറ്റ് സസ്യലതാദികളുടെ വളര്‍ച്ചയെ പ്രതിരോധിക്കുന്നു. അമ്പെയ്ത്തുവിദ്യയില്‍ അമിതമായി അഭിമാനിച്ച കുറ്റത്തിന് അര്‍ജുനന് ജീവന്‍ നഷ്ടമാകുന്നത് ഇവിടെവെച്ചാണ്. അടുത്ത ലക്ഷ്യമായ സതോപന്ത് തടാകത്തിലേക്ക് ചക്രതീര്‍ഥത്തില്‍നിന്നും 5 കിലോമീറ്ററിന്റെ ദൂരമുണ്ട്. 

നേരത്തേ യാത്രതുടങ്ങി. വസന്തകാലമാണ്, പകലുകള്‍ക്ക് ദൈര്‍ഘ്യംകൂടുതലാണ്. എന്നിട്ടും മുന്നോട്ടുള്ള വഴികളില്‍ മുട്ടുവരെമൂടുന്ന മഞ്ഞ് വന്നുപൊതിയുന്നു. ഉരുകിത്തുടങ്ങിയിട്ടില്ലാത്ത ഹിമാനികളും അന്തരീക്ഷത്തിലെ ഓക്സിജന്റെ കുറവും മുന്നോട്ടുള്ള സഞ്ചാരത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നു. ഒരുവശത്ത് ഹിമശൈലങ്ങളില്‍നിന്നും ഇളകിവീഴുന്ന പാറക്കഷണങ്ങള്‍. മറുവശത്ത് അളകനന്ദസൃഷ്ടിച്ച അഗാധ താഴ്വര. ഇതിനിടയിലൂടെ ഷെര്‍പ്പകളുടെ സഹായത്തോടെ മുന്നോട്ട്നീങ്ങി. 

ഹിമപാതമോ മഞ്ഞുതിട്ടയിലെ ചതിക്കുഴികളോ അതുമല്ലെങ്കില്‍ അടുത്ത കാല്‍വെപ്പിലെ ഒരു ചെറിയ ശ്രദ്ധക്കുറവോപോലും ജീവന്‍ എടുത്തേക്കാം. പാണ്ഡവരില്‍ ബലിഷ്ഠനായ ഭീമസേനന്‍ വിടപറഞ്ഞത് വേദങ്ങളില്‍ പരാമര്‍ശമുള്ള ഈ തടാകക്കരയില്‍വെച്ചാണ്. അമിത ഭക്ഷണവും സ്വന്തം കായികബലത്തിലുള്ള അതിയായ അഹങ്കാരവും വായുപുത്രനെ തുടര്‍ന്നുള്ള യാത്രയ്ക്ക് അയോഗ്യനാക്കിത്തീര്‍ത്തു. മരതകപ്പച്ചയണിഞ്ഞ ത്രികോണാകൃതിയുള്ള ഈ തടാകം മിക്കസമയങ്ങളിലും കനത്ത മഞ്ഞിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്നു. 'സത്യത്തിന്റെ പാത' എന്ന അര്‍ഥംവരുന്ന ഈ തടാകത്തിന്റെ മൂന്നുകോണിലും ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാര്‍ ഒരേസമയത്ത് തപസ്സനുഷ്ഠിച്ചതായും വിശ്വസിക്കപ്പെടുന്നു.

യുദ്ധശേഷം അര്‍ജുനന്‍ പാപം കഴുകിക്കളയാന്‍ ഈ തടാകത്തില്‍ സ്‌നാനംചെയ്തു എന്നാണ് ഐതിഹ്യം. സ്വപത്നിയും സഹോദരന്മാരും ഇനി അനുഗമിക്കാന്‍ ഇല്ല. യുധിഷ്ഠിരനും ശ്വാനരൂപത്തില്‍വന്ന ധര്‍മ്മദേവനും പ്രയാണംതുടര്‍ന്നു. മുന്നിലായി ഗംഗോത്രി ഹിമാനിയുടെ ഭാഗമായ സ്വര്‍ഗാരോഹിണി മഹാമേരു; ഭൂമിക്ക് മുകളിലുള്ള ഏഴ് ലോകങ്ങളെ സൂചിപ്പിക്കുന്ന ഏഴുപടികള്‍. ഉടലോടെ സ്വര്‍ഗത്തിലെത്താന്‍ സര്‍വഥായോഗ്യനായ ധര്‍മപുത്രര്‍ ഈ പടവുകളിലൂടെ കയറിപ്പോവുകയും, ഇന്ദ്രലോക അധിപനായ ദേവേന്ദ്രന്‍ നേരില്‍വന്ന് ഇന്ദ്രപുരിയിലേക്ക് സ്വീകരിക്കുകയും ചെയ്യുന്നതോടുകൂടി ഈ മഹാപ്രസ്ഥാനിക പര്‍വത്തിന് തിരശ്ശീലവീഴുന്നു. 

placeholder
ഭീം ശിലയുടെ സൗന്ദര്യം, വസുധര ഫാള്‍സ്‌

ആകാശത്തെത്തൊടുന്ന പ്രതീതി ഉളവാക്കുന്ന ഈ പടികളെ കഴിയുന്നത്ര സമീപത്തുചെന്ന് കാണുക എന്നുള്ളതാണ് ഈ യാത്രയുടെ ആത്യന്തിക ലക്ഷ്യം. പാറക്കഷണങ്ങളും ചളിയുംകൊണ്ട് ഹിമാനികള്‍തീര്‍ത്ത ഒരു നീണ്ട തിട്ടയുടെ വീതികുറഞ്ഞ മുകള്‍പ്പരപ്പിലൂടെയായി യാത്ര. അങ്ങനെ ട്രക്കിങ്ങിന്റെ അവസാനത്തേതും ഏറ്റവും ഉയരംകൂടിയതുമായ ഹിമപ്പരപ്പിലേക്ക് പ്രവേശിച്ചു. കണ്ണെത്താദൂരത്തോളം കിടക്കുന്ന കട്ടിയുള്ള മഞ്ഞിന്‍പുതപ്പ്, സ്വര്‍ഗത്തിലേക്കുള്ള പടവുകള്‍, സൂര്യപ്രഭയില്‍ വെട്ടിത്തിളങ്ങുന്ന പര്‍വതശിഖരങ്ങള്‍, തെളിഞ്ഞ നീലാകാശം, രൗദ്രഭാവത്തില്‍ പാറക്കെട്ടിലൂടെ അതിശക്തമായി താഴോട്ട് പതിക്കുന്ന അളകനന്ദയുടെ ഉദ്ഭവം. ജീവിതകാലംമുഴുവന്‍ ഓര്‍ത്തുവെക്കാന്‍ പ്രകൃതി ഒരുക്കിയ അവര്‍ണനീയമായ വിസ്മയങ്ങള്‍. ക്ലേശകരമായ യാത്ര വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു. ഹിമാലയ സാനുക്കളിലേക്കുള്ളത് വെറുമൊരു യാത്രയല്ല. പ്രകൃതിയും മനുഷ്യനും തമ്മിലൊരു അദൃശ്യബന്ധം ഓരോ യാത്രകളിലും ഉടലെടുക്കും. കാഴ്ചകളുടെ മാസ്മരിക ബന്ധനത്തില്‍നിന്ന് മോചിതനാവാതെ യാത്രികന്‍ അടുത്ത പ്രയാണത്തിനായി ഈ പര്‍വതരാജാവിന്റെ വിളിക്കായി കാതോര്‍ക്കും.