ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ മനോഹരമായ പ്രദേശമാണ് ധരാലി. സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഹിമാലയൻ ഗ്രാമം. പരിസ്ഥിതിലോല മേഖലയിലാണിതുള്ളത്. ഈ ഗ്രാമത്തെയാണ് മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയം തകർത്തെറിഞ്ഞത്. ഖീർഗംഗാനദിയിലുണ്ടായ വെള്ളപ്പൊക്കം പ്രദേശത്തെയൊന്നാകെ വിഴുങ്ങി. 100-ഓളം പേരെ കാണാതായെന്നാണ് വിവരം. നാലുപേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. വ്യക്തമായ കണക്കുകൾ ഇപ്പോഴും ലഭ്യമല്ല. പ്രദേശം മുഴുവൻ കല്ലും മണ്ണും വെള്ളവും നിറഞ്ഞിരിക്കുകയാണ്. ഇവിടെയുള്ള ഹോട്ടലുകളും ഹോംസ്‌റ്റേകളും മണ്ണിനടിയിലായി. 25-ഓളം കെട്ടിടങ്ങളാണ് വെള്ളത്താൽ തുടച്ചുനീക്കപ്പെട്ടത്.

ചാർ ധാം തീർഥാടനകേന്ദ്രങ്ങളിലൊന്നായ ഗംഗോത്രിയിലേക്ക് പോകുന്നത് ഈ ഗ്രാമത്തിലൂടെയാണ്. ഗംഗോത്രിയിലേക്കുള്ള ആ പാതയും ഇന്നലത്തെ മിന്നൽപ്രളയത്തിൽ പൂർണമായും തകർന്നു. അതോടെ റോഡ് മാർഗം ഗംഗോത്രിയിലെത്താൻ കഴിയാതായി.

സമുദ്രനിരപ്പിൽനിന്ന് 8600 അടി ഉയരത്തിലാണ് ധരാലി. ഭാഗീരഥി നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ മനോഹരഗ്രാമത്തിലേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ട് കുറച്ചുകാലമായതേയുള്ളൂ. നിരനിരയായുള്ള പൈൻ മരങ്ങളും ദേവദാരു മരങ്ങളും കൊണ്ട് ചുറ്റപ്പെട്ട പ്രദേശം, അതിനൊപ്പം മഞ്ഞുമൂടിയ മലകളും...സഞ്ചാരികളുടെ പറുദീസയാണിവിടം. ഒപ്പം ആപ്പിൾത്തോട്ടങ്ങൾക്കും രാജ്മ കൃഷിക്കും പേരുകേട്ട സ്ഥലമാണ് ധരാലി. ഇവിടെയുള്ള കടകളിൽനിന്ന് രുചികരമായ ആപ്പിളും ഹർസിൽ രാജ്മയും ധാരാളമായി വാങ്ങാൻ കിട്ടും. ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഇവിടെ ആപ്പിൾ വിളവെടുപ്പ് നടക്കുന്നത്.

ട്രക്കിങ്ങിനും വെറുതെ നടക്കാനുമെല്ലാം യോജിച്ച സ്ഥലം. മനോഹരമായ മുഖ്ബ ഗ്രാമവും ഇതിനോട് ചേർന്നുതന്നെയാണ്. ഗംഗാദേവിയുടെ മഞ്ഞുകാലവസതിയായിട്ടാണ് മുഖ്ബ ഗ്രാമം അറിയപ്പെടുന്നത്. പ്രദേശത്ത് മഞ്ഞുവീഴ്ച രൂക്ഷമാകുമ്പോൾ, ഗംഗോത്രിയിൽ എത്തിച്ചേരാൻ കഴിയാതാവും. ആ സമയത്ത് ഗംഗാദേവിയുടെ വിഗ്രഹം മുഖ്ബയിലെ ക്ഷേത്രത്തിലേക്ക് മാറ്റും. ഡെഹ്‌റാഡൂണിൽനിന്ന് 220 കിലോമീറ്റർ ദൂരത്തിലാണ് ധരാലി. ഇവിടെയാണ് പ്രധാന റെയിൽവേ സ്റ്റേഷനും വിമാനത്താവളവുമുള്ളത്. ഗംഗോത്രിയിലേക്ക് ഇവിടുന്ന് 20 കിലോമീറ്റർ ദൂരമേയുള്ളൂ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi