ജീവിതത്തിലെ ഏറ്റവും ധന്യമായ ദിനമായിരുന്നു അന്ന്; സാഹസികതയേറിയതും. ഷിംലയിലെ സരഹനില്‍നിന്ന് കിന്നോര്‍ ജില്ലയിലെ ട്രാപി എന്ന ചെറുപട്ടണത്തില്‍ എത്തുമ്പോള്‍ വൈകീട്ട് മൂന്നര പിന്നിട്ടിരുന്നു. അവിടെനിന്ന് ഒരുമണിക്കൂര്‍ യാത്രചെയ്തുവേണം യൂലാ കണ്ട ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പായ യൂലാ ഖാസ് ഗ്രാമത്തില്‍ എത്താന്‍. ഭൂമിയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ ഒന്നാണത്രെ ഇത്. ഏതാണ്ട് 13,500 അടി ഉയരത്തില്‍ കിന്നോര്‍ ജില്ലയിലെ റോറ വാലിയിലാണ് ഈ പുരാതനക്ഷേത്രമുള്ളത്. യൂലാ ഖാസ് ഗ്രാമത്തിലേക്ക് പുറപ്പെടാന്‍ തയ്യാറായിനില്‍ക്കുന്ന ബസ്സില്‍ കയറിപ്പറ്റി. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ യാത്ര ഭീതിദമായിത്തീര്‍ന്നു. ജീവന്‍ പണയംവെച്ചുള്ള ബസ്യാത്ര. കല്ലും ചെമ്മണ്ണും നിറഞ്ഞ ഇടുങ്ങിയ പാതയിലൂടെ അതിവേഗം പായുന്ന ബസില്‍ ശ്വാസമടക്കിപ്പിടിച്ച് ഇരുന്നു. അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 'ഉര്‍ണി' ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. കുട്ടികളും മുതിര്‍ന്നവരുമായ ഏതാനും യാത്രികര്‍ അവിടെയിറങ്ങി. ബസ് കുറച്ചുദൂരംകൂടി സഞ്ചരിച്ചശേഷം ഒരു സ്‌കൂളിന് മുന്നില്‍ നിര്‍ത്തി. പത്തുമിനിറ്റോളം കാത്തിരുന്നപ്പോള്‍ പള്ളിക്കൂടം വിട്ട് വന്ന കുറെ കുട്ടികള്‍ ബസില്‍ കയറി. വീണ്ടും ദുഷ്‌കരമായ പാത. ഒരുഭാഗത്ത് ഉയരമേറിയ ഗിരിനിരകള്‍, മറുഭാഗത്ത് അഗാധമായ ഗര്‍ത്തം. വൈകീട്ട് നാലരയോടെ യൂലാ ഖാസ് ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു.

അഞ്ഞൂറില്‍ താഴേ ആളുകള്‍മാത്രം വസിക്കുന്ന കൊച്ചു ഗ്രാമമാണ് യൂലാ ഖാസ്. ഡിസംബര്‍ മുതല്‍ മാര്‍ച്ചു വരെ ഗ്രാമം മഞ്ഞുപുതച്ചിരിക്കും. ഹിമാചല്‍പ്രദേശ് ട്രാന്‍സ് പോര്‍ട്ട് കമ്പനിയുടെ രണ്ട് ബസ്സുകള്‍ മാത്രമാണ് എല്ലാദിവസവും ട്രാപിയില്‍നിന്ന് യൂലാ ഖാസ് ഗ്രാമത്തിലേക്ക് സര്‍വീസ് നടത്തുക. താമസസൗകര്യം അന്വേഷിച്ച് നടക്കുന്നതിനിടെയാണ് അധ്യാപകനായ ഭജന്‍സിങ്ങിന്റെ ഉടമസ്ഥതയിലുള്ള സത്കാര്‍ ഹോംസ്റ്റേ തരപ്പെട്ടത്. ഒരു വലിയ മലയുടെ മധ്യത്തിലായാണ് ഹോംസ്റ്റേ പണികഴിപ്പിച്ചിട്ടുള്ളത്. യൂലാ ഖാസ് ഗ്രാമത്തില്‍നിന്ന് ലാഹോള്‍, സ്പിതി, കല്‍പ്പ, ചിത്കുല്‍ തുടങ്ങി മനോഹരങ്ങളായ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാന്‍കഴിയും. ഭജന്‍സിങ്ങിന്റെ മകന്‍ സത്യപ്രകാശ് നേഗിയാണ് ഹോംസ്റ്റേയുടെ നടത്തിപ്പുകാരന്‍. ക്ഷേത്രത്തിലേക്കുള്ള യാത്രയെക്കുറിച്ച് അന്വേഷിച്ചതില്‍, അവിടെനിന്ന് 12 കിലോമീറ്ററുണ്ടെന്നറിഞ്ഞു. അടുത്തദിവസം രാവിലെ യാത്രതിരിക്കാമെന്ന് തീരുമാനിച്ചു. ചാവലും (ചോറ്), കടിയും (മോര്കറി), സബ്ജിയുമായിരുന്നു അത്താഴം. യാത്രാക്ഷീണം മൂലമാകാം എല്ലാം രുചികരമായി തോന്നി. പുലര്‍ച്ചെ ചൂടുവെള്ളത്തിലുള്ള കുളി ഉന്മേഷം പകര്‍ന്നു. ഭജന്‍സിങ്ങിന്റെ ഒപ്പമാണ് പുറത്തേക്കിറങ്ങിയത്. ഹിമാചലില്‍ അഞ്ചുമണിയോടെതന്നെ വെളിച്ചം പരക്കും. ഹോംസ്റ്റേയില്‍നിന്ന് ഒരുകിലോമീറ്റര്‍ ദൂരത്തില്‍ കുന്നിന്‍മുകളില്‍ ഭജന്‍സിങ്ങിന് കൃഷിത്തോട്ടമുണ്ട്. ആപ്പിളാണ് പ്രധാന കൃഷി. കിന്നോറിലെ ആപ്പിളുകള്‍ ലോകപ്രശസ്തമാണെന്ന് കേട്ടിട്ടുണ്ട്. കൃഷിസ്ഥലത്ത് എത്താറായപ്പോള്‍ അതുവഴി വന്ന പര്‍വീര്‍ സിങ് എന്ന ആട്ടിടയനെ കണ്ടു. ''കുറച്ചുദൂരം ഇദ്ദേഹം ഒപ്പമുണ്ടാകുമെന്നും ഇയാള്‍ക്കൊപ്പം പോയാല്‍ മതിയെന്നും'' നിര്‍ദേശിച്ച് ഭജന്‍സിങ് ഞങ്ങളെ യാത്രയാക്കി.

ചെറിയൊരു അരുവി കടന്ന് നടന്നുതുടങ്ങി. ഇടുങ്ങിയ വഴി, ഇടയ്ക്കിടെ കുത്തനെയുള്ള കയറ്റവും. പാതയുടെ ഒരുവശത്ത് അഗാധമായ ഗര്‍ത്തം. അതിനപ്പുറത്തായി ഒരു നദിയൊഴുകിക്കൊണ്ടിരുന്നു. നദിക്ക് പിന്നിലായി മഞ്ഞുമൂടിയ മലനിരകള്‍ പ്രത്യക്ഷമായി. നയനാനന്ദകരമായ കാഴ്ച. ഒരേസമയം, വിഷമമേറിയതും ആവേശകരവുമായിരുന്നു തുടര്‍ന്നുള്ള യാത്രാപഥം. അധികം വൈകാതെ വനാതിര്‍ത്തിയിലെത്തി. പര്‍വീര്‍ ഇവിടെ വരെയേയുള്ളൂ, ഇനി സഞ്ചാരം ഒറ്റയ്ക്കാണ്.

കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് രണ്ട് കുട്ടികള്‍ മാടുകളെ മേയ്ച്ചുകൊണ്ട് അതുവഴി വന്നത്. ഏപ്രില്‍, മേയ് മാസങ്ങളില്‍ യൂലാ ഖാസിലെ ഗ്രാമീണര്‍ പശുക്കളെ മേയാനായി യൂലാ കണ്ട ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള പുല്‍മേടുകളില്‍ കൊണ്ടുചെന്നാക്കും. പിന്നീട് ഒക്ടോബര്‍ അവസാനം മഞ്ഞുവീഴ്ചയുണ്ടാകുമ്പോഴാണത്രേ ഇവയെ തിരികെ കൂട്ടാറുള്ളത്. പിന്നീടുള്ള യാത്ര അവര്‍ക്കൊപ്പമായിരുന്നു.

അശോക്, ഉമേഷ്; അതാണ് കുട്ടികളുടെ പേരുകള്‍. ദേവദാരുക്കളും പൈന്‍മരങ്ങളും ഇടതൂര്‍ന്ന് നില്‍ക്കുന്ന വനപാതയിലൂടെ അവര്‍ എന്നെ വഴികാണിച്ചു. ഒമ്പതുമണിയോടെ വനമേഖല പിന്നീട് കണ്ണെത്താദൂരത്തോളം പുല്‍മേടുകള്‍ നിറഞ്ഞ സ്ഥലത്തെത്തിച്ചേര്‍ന്നു. അവിടെ തീര്‍ഥാടകരെ ക്ഷേത്രത്തിലേക്ക് സ്വാഗതംചെയ്യുന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പുല്‍മേടുകളില്‍ നൂറുകണക്കിന് പശുക്കളും ചെമ്മരിയാടുകളും മേഞ്ഞുനടക്കുന്ന സുന്ദരമായ കാഴ്ച. മേയുന്നതിനിടയില്‍ അവ ഞങ്ങളെ കണ്ട് തലയുയര്‍ത്തി നോക്കി, തങ്ങളെ ശല്യംചെയ്യാനെത്തിയവരെന്നപോലെ.

ചെങ്കുത്തായ കയറ്റമായിരുന്നു പിന്നീട്. കുറച്ച് നടന്നതോടെ കിതപ്പ് അനുഭവപ്പെട്ടു. അല്പംകൂടി മുന്നോട്ടുപോയതോടെ കിതപ്പ് അസഹ്യമായി. യാത്ര നിര്‍ത്തി മടങ്ങിയാലോയെന്ന് ഒരുവേള ചിന്തിച്ചു. ഇനി ജീവിതത്തില്‍ ഒരിക്കലും ഇത്തരമൊരു സൗഭാഗ്യം കിട്ടിയേക്കില്ലെന്ന ചിന്തയാല്‍ വീണ്ടും നടന്നു. സമീപത്തുകൂടി ഒഴുകിയിരുന്ന നദിയിലിറങ്ങി മുഖം കഴുകി. ഭജന്‍സിങ്ങിന്റെ പത്‌നി തയ്യാറാക്കിനല്‍കിയ ചപ്പാത്തിയും സബ്ജിയും കുട്ടികള്‍ക്കൊപ്പം പങ്കുവെച്ചു.

നാലുകിലോമീറ്ററിലധികം ദൂരമുണ്ടത്രേ ഇനിയും! കൈകാലുകള്‍ കുഴയുന്നപോലെ. കണ്ണില്‍ ഇരുട്ട് നിറയുന്നു. ശ്വാസകോശത്തിന്റെ ക്ഷമത പരീക്ഷിക്കും വിധമുള്ള കയറ്റമായിരുന്നുവല്ലോ. ഈ പ്രദേശത്ത് ചെറുതും വലുതുമായ ഒരുപാട് അരുവികളുണ്ട്. വേനല്‍ക്കാലമായതിനാല്‍ ഹിമാലയത്തില്‍നിന്ന് മഞ്ഞുരുകിയെത്തി അവ അരുവികളായിമാറുന്നു. കൈകളില്‍ കോരിക്കുടിക്കാവുന്ന ശുദ്ധജലം. അടുത്ത് കണ്ട പുല്‍മേട്ടില്‍ വിശ്രമിച്ചു. ക്ഷീണംമൂലം തെല്ലിട ഉറങ്ങിപ്പോയി. കുട്ടികള്‍ വന്ന് വിളിച്ചപ്പോഴാണ് സ്ഥലകാലബോധം വന്നത്. ഞെട്ടിയുണര്‍ന്ന് വീണ്ടും യാത്ര തുടര്‍ന്നു. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ മനസ്സിലായി, കണ്ണട നഷ്ടപ്പെട്ടിരിക്കുന്നു. മടക്കയാത്രയില്‍ തിരയാമെന്ന് നിശ്ചയിച്ച് മുന്നോട്ട് നടന്നു. ദൂരെ ഒരു തടാകം കണ്ടു. അതിന്റെ പടിഞ്ഞാറുഭാഗത്തായി തലയുയര്‍ത്തി നില്‍ക്കുന്ന വലിയ മലയില്‍നിന്ന് ഒലിച്ചുവരുന്ന ജലമാണ് തടാകമായി രൂപാന്തരപ്പെട്ടത്. എത്രയോ കാതങ്ങള്‍ താണ്ടി ഞാനെന്തിന് ഇവിടെ വന്നു, അതും ഈ ദുര്‍ഘട പാതയിലൂടെ. യാത്രകളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അമ്മയായിരിക്കാം അതിനുള്ള പ്രചോദനം. കഴിഞ്ഞ നവംബറിലാണ് അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞത്. ആ വിയോഗം മാനസികമായി തളര്‍ത്തിയിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ അമ്മയുടെ കൂടെ ആശുപത്രിയില്‍ ചെലവഴിച്ച നാളുകളിലാണ് യുട്യൂബിലൂടെ ഈ പുണ്യഭൂമിയെക്കുറിച്ച് ആദ്യമായി അറിയുന്നത്. അമ്മ കൂടെയുണ്ടെന്ന തോന്നലില്‍ കാലുകള്‍ക്ക് കൂടുതല്‍ ബലം വെച്ചിരുന്നോ! വഴികാണിച്ച് മുന്‍ പേ നടന്ന കുട്ടികള്‍ക്ക് ഈ പാത ആയാസകരമേയായിരുന്നില്ല. നിത്യഭ്യാസി ആനയെ എടുക്കുമെന്ന് പറഞ്ഞപോലെ, അവര്‍ നിഷ്പ്രയാസം ചെങ്കുത്തായ കയറ്റങ്ങള്‍ നടന്നുകയറുന്നു. ദൂരെയുള്ള മലമുകളില്‍ വെളുത്ത കൊടിക്കൂറ കണ്ടു. ആ കൊടി സ്ഥിതിചെയ്യുന്ന മലയുടെ താഴ്വാരത്തിലാണ് ശ്രീകൃഷ്ണക്ഷേത്രം. പിന്നീട് സര്‍വശക്തിയുമെടുത്ത് മല കയറിത്തുടങ്ങി. കയറ്റം കയറി താഴേക്ക് നോക്കിയപ്പോള്‍ സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. വാക്കുകള്‍കൊണ്ട് വിവരിക്കാനാവാത്ത ഹിമാലയന്‍ പ്രകൃതിഭംഗി. വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ പരവതാനി വിരിച്ചതുപോലെ. ദൂരെ മലയുടെ താഴ്വാരത്ത് നൂറുകണക്കിന് പശുക്കളും ചെമ്മരിയാട്ടിന്‍കൂട്ടങ്ങളും മേയുന്ന കാഴ്ച ഒരു പൊട്ടുപോലെ കണ്ടു. കണ്ണെത്താദൂരത്തായി തലയുയര്‍ത്തിനില്‍ക്കുന്ന ഹിമവാന്‍. ഈ കാഴ്ച, ജീവിതത്തില്‍ ലഭിക്കുന്ന അപൂര്‍വ സൗഭാഗ്യമാണ്.

മലയുടെ ഒരുഭാഗത്തുകൂടി ഒഴുകുന്ന തടാകത്തിന് നടുവിലായുള്ള ക്ഷേത്രത്തെ കണ്‍കുളിര്‍ക്കെ കണ്ടു. കരിങ്കല്ലിലും മരത്തിലും തീര്‍ത്ത മനോഹര നിര്‍മിതി. വനവാസകാലത്ത് പാണ്ഡവര്‍ നിര്‍മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് ഐതിഹ്യം. ജന്മാഷ്ടമി ദിവസത്തില്‍മാത്രമേ ഇവിടെ പൂജ നടക്കാറുള്ളൂ. ആ ദിവസം ഗ്രാമവാസികള്‍ ഒന്നടങ്കം മലമുകള്‍ താണ്ടി ഇവിടേക്കെത്തും. നേരിയ കാറ്റേറ്റ് ക്ഷേത്രത്തിന്റെ പടിയില്‍ തലചായ്ച്ച് ഇരുന്നു. എത്രനേരം അങ്ങനെ ഇരുന്നുവെന്ന് അറിയില്ല. ചെങ്കുത്തായ മലനിരകളും പുല്‍മേടുകളും താണ്ടി ഏകനായി യാത്രതിരിക്കുന്നു, വഴി പറഞ്ഞുതരാന്‍ രണ്ട് ആട്ടിടയബാലന്മാര്‍ ഉണ്ടായിരുന്നുവെന്നുമാത്രം. ആകാശം മേഘാവൃതമാവുകയാണ്. എപ്പോള്‍വേണമെങ്കിലും മഴ വരാം. മടക്കയാത്ര ദുഷ്‌കരമാകും. എന്നെ കാത്തിരിക്കുന്ന കുട്ടികളുമൊത്ത്, ഇനി ഒരിക്കല്‍കൂടി ഇവിടെയെത്താന്‍കഴിയുമെന്ന പ്രാര്‍ഥനയോടെ മടക്കയാത്ര ആരംഭിക്കുകയായി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi