ട്രെക്കിങ്ങിനും ഔട്ട്‌ഡോര്‍ ക്യാമ്പിങ്ങിനും മറ്റും പോകുമ്പോള്‍ ഏറ്റവും ആവശ്യമുള്ളതാണ് സ്ലീപ്പിങ് ബാഗ്. അത് വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്. കൊണ്ടുപോകാനുള്ള സൗകര്യം, കിടക്കാനുള്ള സുഖം, ഉള്ളിലുള്ള സ്റ്റഫിങ് എന്നിവയാണ് അവയില്‍ പ്രധാനം. 

നിങ്ങള്‍ താമസിക്കാന്‍ പോകുന്നയിടത്തെ കാലാവസ്ഥ കൂടി നോക്കണം, ബാഗ് തിരഞ്ഞെടുക്കുമ്പോള്‍. നല്ല ചൂടുള്ള കാലാവസ്ഥയില്‍ അധികം സ്റ്റഫിങ്ങില്ലാത്ത സാധാരണ സ്ലീപ്പിങ് ബാഗാണ് നല്ലത്. തണുപ്പ് കൂടുതലാണെങ്കില്‍, സ്റ്റഫിങ് കൂടുതലുള്ളതും. നിങ്ങളുടെ ശരീരം കൃത്യമായി സ്ലീപ്പില്‍ ബാഗില്‍ കൊള്ളുമോ എന്നതും നോക്കണം. 

ട്രെക്കിങ്ങിനൊക്കെ പോകുമ്പോള്‍ ഏറ്റവും കുറവ് ലഗേജാണ് കൈയിലുണ്ടാവുക. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സ്ലീപ്പിങ് ബാഗും ഭാരം കുറഞ്ഞതാവുന്നതാണ് നല്ലത്. എന്നാല്‍ ക്യാമ്പിങ്ങിനാണെങ്കില്‍, ഭാരം നോക്കേണ്ട കാര്യമില്ല. 

പലതരത്തിലുണ്ട് സ്ലീപ്പിങ് ബാഗുകള്‍. കിടക്ക പോലെത്തന്നെയുള്ളതാണ് ദീര്‍ഘചതുരത്തിലുള്ള സ്ലീപ്പിങ് ബാഗുകള്‍. കുറച്ചുകൂടി ഒതുങ്ങിയവയാണ് ബാരല്‍ ബാഗുകള്‍. ഒരു ബാരലിനുള്ളിലെന്നതുപോലെ നല്ല സുഖമായി കിടക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ചിലതില്‍ പ്രത്യേകമായി ഹൂഡിയുമുണ്ടാവും. ശരീരത്തോട് വളരെയേറെ ചേര്‍ന്നുകിടക്കുന്നതാണ് മമ്മി സ്ലീപ്പിങ് ബാഗുകള്‍. ഇതിന് വില കൂടുതലാണ്. പക്ഷേ, ഭാരം കുറവായിരിക്കും. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം പ്രത്യേകമായുള്ള സ്ലീപ്പിങ് ബാഗുകളുണ്ട്. രണ്ടുപേര്‍ക്ക് ഒരുമിച്ച് കിടക്കാവുന്നതും വിപണിയില്‍ ലഭ്യമാണ്.