മുന്‍പൊരിക്കല്‍ സാഹിത്യ അക്കാദമിയുടെ ഒരു സമ്മേളനത്തില്‍വെച്ച് പ്രൊഫ. എം.പി. മന്മഥന്‍, സാഹിത്യം ആളുകള്‍ തിക്കിത്തിരക്കുന്ന ചന്തയല്ല, അപൂര്‍വവിനിമയം നടക്കുന്ന രത്‌നവില്പനശാലയാണെന്ന് പറയുകയുണ്ടായി. ഗുജറാത്തിലെ പുരാതന വ്യവസായനഗരമായ സൂറത്തിലെ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ വജ്ര രത്‌നവ്യാപാരങ്ങളെക്കുറിച്ചായിരുന്നു ചിന്ത. ''വജ്രം തുളച്ച് കടന്നുപോകുന്ന പാവം നൂലാണ് ഞാന്‍'' എന്ന മഹാകവി അക്കിത്തത്തിന്റെ വരികള്‍ മറുനാടന്‍ മലയാളികള്‍ക്കുകൂടി അടിക്കുറിപ്പാകുന്നു. പ്രതികൂലസാഹചര്യങ്ങളുടെ കാഠിന്യത്തെ മറികടക്കാനുള്ള മലയാളിയുടെ സാമര്‍ഥ്യത്തെയും സ്ഥൈര്യത്തെയും കൊടിയടയാളമാക്കിയ ചിലരെ കണ്ടുമുട്ടാനും സൂറത്ത് യാത്ര വഴിയൊരുക്കി. 

To advertise here,

ലോകത്തിലെതന്നെ വലിയ വ്യാപാരസമുച്ചയമായി സൂറത്തിലെ വജ്രവ്യാപാരകേന്ദ്രം മാറിക്കഴിഞ്ഞു. 6,6,0000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം. ഒന്നേകാല്‍ലക്ഷം കി.മീ. ദൈര്‍ഘ്യമുള്ള ഉള്‍പ്പാതകള്‍. പെന്റഗണിനെക്കാള്‍ വലിയ മന്ദിരസമുച്ചയം. പുതിയ കാലത്തിന്റെ വ്യാപാരത്തിളക്കത്തിലേക്ക് കാലൂന്നുംമുന്‍പ് സൂറത്തിലെ പ്രശസ്തമായ പാരമ്പര്യ വജ്രമാര്‍ക്കറ്റ് സന്ദര്‍ശിക്കാനാണ് ആദ്യം പോയത്. വാഹനം കുറച്ചകലെ പാര്‍ക്ക്‌ചെയ്ത് നടന്നേ ഡയമണ്‍ഡ് മാര്‍ക്കറ്റിലേക്ക് പോകാവൂവെന്ന് വഴികാട്ടിയായ സുഹൃത്ത് പറഞ്ഞിരുന്നു. ഡയമണ്‍ഡ് തെരുവിനോട് അടുക്കുന്തോറും തിരക്ക് ഏറിവന്നു. തൃശ്ശൂര്‍പൂരത്തിന്റെ കുടമാറ്റസമയത്തെ തേക്കിന്‍കാടിന്റെ അവസ്ഥ. 

ഈ തിരക്കിനിടയില്‍ പുരുഷാരത്തെ മുട്ടിയുരുമ്മിപ്പോകുന്ന ഇരുചക്രവാഹനങ്ങള്‍. തെരുവും ഓരവും കടത്തിണ്ണകളും ബാല്‍ക്കണികളുമൊക്കെ ആള്‍ത്തിരക്കില്‍ ശ്വാസംമുട്ടുന്നു. നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കുകളില്‍ ഇരുന്നും തെരുവില്‍ നടന്നും ഫോണിലും അല്ലാതെയും വ്യാപാരം പൊടിപൊടിക്കുന്നു. തിണ്ണകളില്‍ വജ്രക്കല്ലുകള്‍ തരംതിരിക്കുന്നു. അന്തമില്ലാതൊഴുകുന്ന ആള്‍ത്തിരക്കിനിടയില്‍ ഞങ്ങളെ കൈപിടിച്ച് ഒരു കടത്തിണ്ണയ്ക്ക് മുന്നിലേക്ക് മാറ്റിനിര്‍ത്തി മലയാളിയായ ഒരു വജ്രവ്യാപാരിയെ, സുഹൃത്ത് കാണിച്ചുതന്നു. തൃശ്ശൂര്‍ ഒല്ലൂര്‍ക്കാരന്‍ ഉണ്ണിക്കൃഷ്ണന്‍. 

placeholder
ഫ്രാന്‍സിസ് തന്റെ ഡയമണ്‍ഡ് സ്റ്റുഡിയോയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം

നാല്പതുവര്‍ഷമായി വൈരമാര്‍ക്കറ്റില്‍ സ്വന്തമായി ഒരിടം നേടിയ മലയാളിയാണ് അദ്ദേഹം. ഇളംതിണ്ണയില്‍ ചമ്രംപടിഞ്ഞിരുന്ന് ശക്തിയുള്ള ലൈന്‍സ് ഉപയോഗിച്ച് വജ്രത്തരികള്‍ തരംതിരിക്കുകയാണ് അദ്ദേഹം. അടുത്തടുത്ത് നിരനിരയായി ഇരിക്കുന്ന ഗുജറാത്തി പാരമ്പര്യ വജ്രവ്യാപാരികള്‍. ഈ ഇരിപ്പിടം വാടകകൊടുത്തതാണ്. വര്‍ഷങ്ങളായി കൈവശംവെച്ചുപോരുന്ന വാടക ഇരിപ്പിടം. ആള്‍ത്തിരക്കിനിടയിലും ഓരോരുത്തരുടെ കൈയിലും 50 ലക്ഷത്തില്‍ കുറയാത്ത വജ്രങ്ങള്‍ ഉണ്ടാകുമെന്ന് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ബനിയന്റെ ഉള്‍പ്പോക്കറ്റിലോ പാന്റിന്റെ പോക്കറ്റിലോ കോടികള്‍ വിലമതിക്കുന്ന വൈരക്കല്ലുകള്‍ ഉണ്ടാകാം. പ്രത്യേക അറകളില്‍ ചെറിയ കടലാസുപൊതികളില്‍ തരംതിരിച്ച് അവ സൂക്ഷിക്കുന്നു.

തെരുവില്‍നിന്ന് മറ്റൊരു പ്രമുഖ വജ്രവ്യാപാരിയായ തൃശ്ശൂര്‍ സ്വദേശി ഫ്രാന്‍സിസ് പഴയൊരു ഇടുങ്ങിയ മൂന്നുനിലക്കെട്ടിടത്തിലെ തങ്ങളുടെ കുടുസ്സുമുറിയിലേക്ക് ഞങ്ങളെ കൊണ്ടുപോയി. ഫ്രാന്‍സിസ് തൃശ്ശൂര്‍ ജില്ലയിലെ പഴയ വജ്രഗ്രാമമായിരുന്ന അമലയ്ക്കടുത്ത് തോളൂര്‍ ഗ്രാമത്തിലെ പൊന്നോര്‍ക്കരക്കാരനാണ്. 1965-ല്‍ കേരളത്തില്‍ വൈരക്കല്‍വ്യവസായം ആരംഭിക്കുന്നത്, ഈ ഗ്രാമത്തിലെ പി.കെ. ശങ്കുണ്ണിയാണ്. 1974 ആയപ്പോഴേക്കും ഉടമകളും തൊഴിലാളികളും തമ്മില്‍ തൊഴില്‍വേതനം സംബന്ധിച്ച് ഉരസലുകളുണ്ടായി. കുറേപ്പേര്‍ മുംബൈയിലേക്ക് കുടിയേറി. 

ധാരാവി, മാട്ടുംഗ, ബോറിവലി, കുര്‍ള, മലാഡ് തുടങ്ങിയയിടങ്ങളിലൊക്കെ വൈരക്കല്‍വ്യാപാരികളായ തൃശ്ശൂര്‍ക്കാരെ കാണാമായിരുന്നു. പഴയ ആയിരത്തിന്റെ നോട്ടുകള്‍ സമൃദ്ധമായി കൈകാര്യംചെയ്യുന്ന വൈരക്കല്‍ മലയാളിവ്യവസായികള്‍ തെരുവോരങ്ങളില്‍ പെട്ടെന്ന് തിരിച്ചറിയപ്പെട്ടിരുന്നു. രൂപഭാവങ്ങളിലും വേഷത്തിലും ഇവരുടെ ധാരാളിത്തമായിരുന്നു അതിന് കാരണം. 

placeholder
പുതിയ ഡയമണ്‍ഡ് സമുച്ചയത്തിന്റെ കൂറ്റന്‍ പ്രവേശനകവാടം

മഹീന്ദ്ര, എല്‍ ആന്‍ഡ് ടി കമ്പനികളിലെതിനെക്കാള്‍ ഉയര്‍ന്ന വരുമാനമുള്ളവരായിരുന്നു ഇവര്‍. എണ്‍പതുകളില്‍ വൈരക്കല്‍തൊഴിലാളികള്‍ സംഘടിക്കുകയും സമരം ചെയ്യുകയും ചെയ്തു. ഈ സമരങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ കെ. വേണു, കെ. മുരളി, കെ.എന്‍. രാമചന്ദ്രന്‍ തുടങ്ങിയവരും എത്തി. നേതൃത്വം കെ. വേണുവിനായിരുന്നു. അവരുടെ പിന്‍മുറക്കാരില്‍ ചിലര്‍ സൂറത്തിലെ ഡയമണ്‍ഡ് മാര്‍ക്കറ്റിലും പ്രാമാണ്യം നേടി. ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന വൈരക്കല്ലുകള്‍ മിനുക്കിയെടുക്കാനും തരംതിരിക്കാനും വില്പന നടത്താനും ഉണ്ണിക്കൃഷ്ണനും ഫ്രാന്‍സിസും പ്രാവീണ്യം നേടി. 

ഫ്രാന്‍സിസ്, തന്റെ സ്റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തിയ ഗുജറാത്തി യുവവ്യാപാരിയുടെ കൈവശമുള്ള പ്ലാസ്റ്റിക് പെട്ടി തുറന്ന് കടലാസുപൊതികള്‍ പുറത്തെടുത്ത് കാണിച്ചുതന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പര്യടനത്തിനിടയില്‍ പ്രസിഡന്റ് ബൈഡന്റെ പത്‌നിക്ക് സമ്മാനിച്ച കോടികള്‍ വിലമതിക്കുന്ന ഇനം കല്ലുകള്‍, നിറമുള്ള അപൂര്‍വ വജ്രം, കോഹിനൂര്‍പോലെ വിശേഷപ്പെട്ടവ, വജ്രത്തിലെ ഡ്യൂപ്ലിക്കേറ്റുകള്‍.. ആ യുവാവിന്റെ ചെറിയ കൈപ്പെട്ടിയില്‍ എട്ടുപത്തുകോടി വിലമതിക്കുന്ന വജ്രശേഖരമുണ്ട്. ഫ്രാന്‍സിസിന് ദക്ഷിണാഫ്രിക്കയിലും വജ്രവ്യാപാരമുണ്ട്. ഡയമണ്‍ഡ് മാര്‍ക്കറ്റിലെ ഭൂരിപക്ഷംപേരും സൂറത്തുകാര്‍തന്നെയാണ്. അപ്പനപ്പൂപ്പന്മാരായി പാരമ്പര്യവ്യവസായം തുടരുന്നവര്‍. 

placeholder
തെരുവോരത്തെ തിണ്ണയില്‍ വജ്രം വേര്‍തിരിക്കുന്നു

രണ്ട് സ്പൂണ്‍ ചായ കൊള്ളുന്ന കുഞ്ഞുകപ്പിലെ വിശേഷാല്‍ ചായയും ഇവിടത്തെ പ്രത്യേകതയാണ്. നിന്നനില്‍പ്പില്‍ നിമിഷംകൊണ്ട് ഒറ്റയിറക്കിന് കുടിച്ചുതീര്‍ക്കാവുന്ന ചായ. മടങ്ങുംവഴി തെരുവോരത്തെ ഒരു ചെറിയ ബനിയന്‍കട കാണിച്ചുതന്നു. വൈരവ്യാപാരികള്‍ ധരിക്കുന്ന ഉള്‍പ്പോക്കറ്റുള്ള പ്രത്യേകതരം ബനിയന്‍ ഇവിടെ കിട്ടും. വൈകാതെ ഈ മഹാവിസ്മയലോകം പുതിയതായി പണിയുന്ന SURAT DIAMOND BOURSE എന്ന പടുകൂറ്റന്‍ സ്വപ്‌നനഗര വ്യാപാര സമുച്ചയത്തിലേക്ക് മാറും (Dream City). 81.9 മീറ്റര്‍ ഉയരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന, സൂറത്തിന്റെ മുഖച്ഛായ മാറ്റാന്‍പോകുന്നതായിരിക്കും പുതിയ വജ്രമന്ദിരം.