മഹാശിവരാത്രിയോടെയാണ് മഹാകുംഭമേളയ്ക്ക് സമാപനമാകുക. പന്ത്രണ്ട് പൂര്‍ണ കുംഭമേളയ്ക്ക് ശേഷം 144 വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് മഹാകുംഭമേള അരങ്ങേറുന്നത്. ജനുവരി 13-ന് പൗഷ പൗര്‍ണമി സ്‌നാനത്തോടെയായിരുന്നു പ്രയാഗ്‌രാജില്‍ മഹാകുംഭമേളയ്ക്ക് തുടക്കമായത്. പൗഷ പൗര്‍ണമി, മകരസംക്രാന്തി, മൗനി അമാവാസ്യ, ബസന്ത് പഞ്ചമി, മഗി പൗര്‍ണമി, മഹാശിവരാത്രി-എന്നിങ്ങനെ ആറ് മഹാസ്‌നാനങ്ങളാണ് കുംഭമേളയിലുള്ളത്. ഗംഗയും യമുനയും സങ്കല്പ നദിയായ സരസ്വതിയും സംഗമിക്കുന്ന ത്രിവേണിയില്‍ സ്‌നാനം ചെയ്താല്‍ മോക്ഷപ്രാപ്തിയെന്നാണ് ഹൈന്ദവവിശ്വാസം. 

To advertise here,

മഹാകുംഭമേളയിലെ ഏറ്റവും തിരക്കേറിയ ദിനങ്ങളിലൊന്നായ മൗനി അമാവാസ്യയിലാണ് പ്രയാഗ്‌രാജില്‍ ഞങ്ങള്‍ എത്തുന്നത്. അതിവിദൂര കാതങ്ങള്‍ താണ്ടിയെത്തുന്ന മനുഷ്യര്‍, അവര്‍ ശൈത്യത്തോടും പൊടിപടലങ്ങളോടും മല്ലിട്ട്, ഗംഗയില്‍ സ്‌നാനം ചെയ്യുന്നു. ഭക്തി മാത്രമായിരുന്നില്ല ഗംഗാതടത്തിലെ കാഴ്ച, ഒരര്‍ഥത്തില്‍ അതിജീവനത്തിന്റെയും കഥപറയാനുണ്ടായിരുന്നു പ്രയാഗ്‌രാജിന്. ബിഹാറിലെയും മധ്യപ്രദേശിലെയും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍നിന്നും അതിജീവനം തേടി എത്തിയ റിക്ഷാക്കാര്‍ ധാരാളമുണ്ടായിരുന്നു. ടുക്-ടുക് വാഹനമല്ല, മനുഷ്യര്‍ വലിക്കുന്ന വണ്ടികള്‍. മാടിനെപ്പോലെ മുന്നില്‍നില്‍ക്കുന്നയാള്‍ തോളില്‍ ഭാരം വഹിച്ച് കൊണ്ട് വണ്ടി വലിക്കും. സഹായി പിറകില്‍നിന്നും വാഹനം ഉന്തും. ഭക്തര്‍ക്ക് കാഴ്ചകള്‍ കണ്ട് സഞ്ചരിക്കാം. ദിനംപ്രതി ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന പ്രയാഗ്‌രാജില്‍, ഒരു ഹോട്ടല്‍ മുറി കിട്ടാന്‍പോലും പതിനായിരക്കണക്കിന് രൂപ വേണ്ടിവരും. അത്രയും കാശുമുടക്കാന്‍ ഞങ്ങള്‍ക്ക് ആകുമായിരുന്നില്ല, അങ്ങനെയാണ് ആത്മബോധ ഫൗണ്ടേഷന്റെ ആശ്രമത്തില്‍ തലചായ്ക്കാന്‍ അല്പം ഇടം ലഭിക്കുന്നത്. 

placeholder
പ്രയാഗ്‌രാജിലെ സംഗം റെയില്‍വേ ജംഗ്ഷനില്‍നിന്നും ആത്മബോധ ആശ്രമത്തിലേക്ക് 16 കിലോമീറ്ററില്‍ കുറയാതെ ദൂരമുണ്ടായിരുന്നു. പുലര്‍ച്ചെയുള്ള തണുപ്പിനോടും പൊടിപടലങ്ങളോടും മല്ലിട്ട് നടക്കവേ കാലുകള്‍ക്ക് തളര്‍ച്ച ബാധിച്ചു. അങ്ങനെയാണ് രണ്ട് ചെറുപ്പക്കാര്‍ വലിക്കുന്ന വണ്ടി കാണുന്നത്. അതില്‍ കയറി. ഞങ്ങളെയും വഹിച്ച് പൊടിമണ്ണ് നിറഞ്ഞ പാതയിലൂടെ ആയാസപ്പെട്ടായിരുന്നു അവര്‍ വണ്ടി വലിച്ചിരുന്നത്. ബിഹാറില്‍നിന്ന് മാസങ്ങള്‍ക്ക് മുന്‍പേ വണ്ടി ഉന്തിയാണ് ഇരുവരും പ്രയാഗ്‌രാജില്‍ എത്തിയത്. നാട്ടില്‍ ഒരുദിവസം മുഴുവന്‍ വലിച്ചാല്‍ കിട്ടുന്നതിനെക്കാള്‍ എത്രയോ ഇരട്ടി കുംഭമേളയില്‍ ഒരുദിവസം പണിയെടുത്താല്‍ കിട്ടുമെന്ന് ഇരുവരും പറയുന്നു. കുംഭമേള അവസാനിക്കാതിരിക്കട്ടെയെന്നാകും ഇവരുടെ പ്രാര്‍ത്ഥന. അവര്‍ക്ക് ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങള്‍ ഇല്ല, ഭാവിയെക്കുറിച്ച് ഉത്കണ്ഠകള്‍ ഇല്ല. അന്നന്നത്തേക്കുള്ള അതിജീവനം അതുമാത്രമാണ് അവരുടെ സ്വപ്നം.

placeholder
പ്രയാഗ്‌രാജിലേക്ക് യാത്രതിരിക്കും മുന്‍പ് പൂച്ചക്കണ്ണുകള്‍കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന മൊണാലിസയുടെ റീല്‍സുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറല്‍ ആയിരുന്നു. പലവിധത്തിലുള്ള രുദ്രാക്ഷ മാലകളും തുളസി മാലകളുമായി വില്പന നടത്തുന്ന ഒരു പെണ്‍കുട്ടിയെ പൊതിയുന്ന ക്യാമറകള്‍. അവള്‍ പൊടുന്നനെ ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നു. വെള്ളിത്തിരയില്‍ വേഷം ചെയ്യാന്‍ അവസരങ്ങള്‍ വരുന്നു. എന്നാല്‍, കേവലമൊരു മൊണാലിസ മാത്രമായിരുന്നില്ല, ഗംഗയുടെ കരയില്‍ കണ്ടത്. നൂറുകണക്കിന് മൊണാലിസമാര്‍ അവിടെയുണ്ടായിരുന്നു. വിലപേശി മാലകള്‍ വാങ്ങുന്ന ഭക്തരോട് ജീവിതവ്യഥകള്‍ പറഞ്ഞ് അവര്‍ വില്പന നടത്തുന്നു. ചിലപ്പോള്‍ വെറുംകൈയോടെ നിരാശരായി തിരിച്ചുനടക്കുന്നു.

placeholder
സകലപാപങ്ങളും ഗംഗയില്‍ ഒഴുക്കി, മോക്ഷം തേടിയെത്തുന്ന മനുഷ്യകോടികള്‍ക്കിടയില്‍ അന്നന്നത്തെ അതിജീവനത്തിനായി പലവേഷങ്ങളില്‍, പലദേശങ്ങളില്‍നിന്നും എത്തുന്നവര്‍. കച്ചവടക്കാര്‍, റിക്ഷാക്കാര്‍, ഉന്തുവണ്ടിയില്‍ ചായവില്‍ക്കുന്നവര്‍, ക്ഷുരകര്‍, സന്ന്യാസിമാര്‍.... ഗംഗാസ്‌നാനത്തിന് ഒരുങ്ങുന്നതിന് മുന്‍പേ ആഴ്ചകളോളം പൊടിപടലങ്ങള്‍ ശ്വസിച്ചും നടന്നുതളര്‍ന്നും എത്തിയ ഭക്തര്‍ക്ക് മുടിമുറിച്ചുനല്‍കുന്ന ക്ഷുരകര്‍ ധാരാളമുണ്ടായിരുന്നു പ്രയാഗ്‌രാജില്‍. പൊടിപടലും നിറഞ്ഞ വഴിയോരത്ത് പഴകിദ്രവിച്ച മരക്കസേരയുമായി കൈയില്‍ കത്രികയും ബ്ലേഡുമായി ഭക്തരെ അവര്‍ കാത്തുനില്‍ക്കുന്നു. 

placeholder
ഗംഗാജലം അമൃതായി മാറുന്ന മൗനി അമാവാസ്യ ദിനത്തില്‍ വഴിയിലുടനീളം കണ്ടത് ചെറിയ പ്ലാസ്റ്റിക് കന്നാസുകള്‍ വില്‍ക്കുന്നവരെയാണ്. വിദൂരഗ്രാമങ്ങളില്‍നിന്ന് പോലും എത്തുന്ന മനുഷ്യര്‍ ഈ കന്നാസുകള്‍ വാങ്ങി അതില്‍ ഗംഗാജലം നിറച്ച് തങ്ങളുടെ വീടുകളിലേക്ക് കൊണ്ടുപോകുന്നു. പിന്നിട്ട വഴികളിലെല്ലാം കാണുന്നത് ഗംഗയുടെ കരയിലെ ജീവിതോത്സവങ്ങളായിരുന്നു. ആര്‍ക്കും ആരോടും പരിഭവമില്ല, ആരും ആരെയും കാത്തുനില്‍ക്കുന്നില്ല. ഭക്തിയും ബിസിനസും അതിജീവനവും നിറയുന്ന ഗംഗാതീരം; അതുതന്നെയാണ് മഹാകുംഭമേള. ഒരുകാര്യം ഉറപ്പ്; ഒന്നര നൂറ്റാണ്ട് ആവര്‍ത്തിച്ച് സംഭവിക്കുന്ന അടുത്ത മഹാകുംഭമേളയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ഈ ജനകോടികളില്‍ ആര്‍ക്കും ഭാഗ്യമുണ്ടാകില്ല.