ഗോവയില്‍നിന്നും അധികം അകലമില്ലാത്ത, മഹാരാഷ്ട്രയിലെ പടിഞ്ഞാറന്‍ തീരത്തുള്ള ശാന്തമായ തീരനഗരമാണ് സിന്ധുദുര്‍ഗ്. പ്രകൃതിരമണീയമായ ഭൂപ്രകൃതിയും രുചിവൈവിധ്യങ്ങളുമാണ് ഇവിടെ സഞ്ചാരിയെ വരവേല്‍ക്കുക. ഇവിടെയെത്തിയ ശേഷം ആദ്യം പോയത് ഭോഗ്‌വേ ബീച്ചിലേക്കായിരുന്നു.
ആളൊഴിഞ്ഞ അവധിക്കാലത്തിന്റെ ശാന്തതയാണ് ഏപ്പോഴും ഭോഗ്‌വേയ്ക്ക്. പഞ്ചാരമണല്‍ തീരങ്ങളും കുന്നുകളും കായലുകളും തെങ്ങിന്‍തോപ്പുകളും നിറഞ്ഞ കൊങ്കണിന്റെ വശ്യസൗന്ദര്യം എത്ര കണ്ടാലും മതിവരില്ല. ഭോഗ്‌വേ ബീച്ചിനോട് ചേര്‍ന്ന് സുന്ദരമായ നിവതി ബീച്ചുമുണ്ട്. ഭോഗ്‌വേയിലെ പാറക്കൂട്ടങ്ങള്‍ക്ക് മുകളിലൂടെ നടന്ന് നിവതി ബീച്ചിലേക്ക് എത്താം. ഇരു ബീച്ചുകളെയും ബന്ധിപ്പിച്ച് ബോട്ട് സവാരിയുമുണ്ട്. ഭോഗ്‌വേയുടെ തീരത്തുള്ള കൊക്കോ ഷമ്പാല റിസോര്‍ട്ടിലായിരുന്നു താമസം.

ശാന്തസുന്ദരമായ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനൊപ്പം സമീപത്തുള്ള ലക്ഷ്മി നാരായണ ക്ഷേത്രത്തിലും മൗലി ക്ഷേത്രത്തിലും തൊഴാനുള്ള സൗകര്യമുണ്ട്. ജലവിനോദങ്ങള്‍ക്കും ഭോഗ്‌വേ പേരുകേട്ടതാണ്. സ്‌കൂബ ഡൈവിങ്, സ്‌നോര്‍കെലിങ് എല്ലാം ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. നീന്തിത്തുടിക്കുന്ന ഡോള്‍ഫിനുകളെ കാണാനാണ് ആഗ്രഹമെങ്കില്‍ അതിനും സൗകര്യമുണ്ട്. ചരിത്രപ്രേമികള്‍ക്ക് പതിനേഴാം നൂറ്റാണ്ടില്‍ ഛത്രപതി ശിവജി നിര്‍മ്മിച്ച സിന്ധുദുര്‍ഗ് കോട്ട സന്ദര്‍ശിക്കുകയും ചെയ്യാം.
ദക്ഷിണകൊങ്കണ്‍ ഭാഗത്തെ രുചിവൈവിധ്യം പൊതുവേ മാല്‍വാണി എന്ന് അറിയപ്പെടുന്നു. ഈ പാചകരീതിയുടെ വൈവിധ്യം ആസ്വദിക്കാതെ സിന്ധുദുര്‍ഗ് യാത്ര പൂര്‍ത്തിയാക്കാനാകില്ല. വിവിധതരം കടല്‍ മത്സ്യങ്ങളും പച്ചക്കറികളും മാംസാഹാരവും അടങ്ങിയ രുചികരമായ വിഭവങ്ങളാണ് മാല്‍വാണിയിലേത്. ചെട്ടിനാടന്‍ രുചിപോലെ നാവില്‍ കൊതിയൂറിപ്പിക്കുന്നതാണ് ഇവയും. തീരനഗരമായതിനാല്‍ മത്സ്യവിഭവങ്ങള്‍ക്ക് തന്നെയാണ് പ്രാധാന്യം. സീഫുഡ് പ്രേമികള്‍ക്ക് മാല്‍വാണി മീന്‍കറിയും ചോറും കൂട്ടിയുള്ള സദ്യ കഴിക്കാം. തേങ്ങചേര്‍ത്തുള്ള മാല്‍വാണി സ്‌റ്റൈല്‍ മീന്‍കറിക്ക് 'കേരള ടച്ച്' ഉണ്ടെന്നുതോന്നും. ഗോവന്‍ സമുദ്രവിഭവങ്ങളും വടക്കന്‍ കര്‍ണാടകയിലെ രുചിക്കൂട്ടുകളും ചേര്‍ന്നതാണ് മാല്‍വാണി പാചകരീതി.
ഇവിടത്തെ കടല്‍വിഭവങ്ങളില്‍ പ്രധാനപ്പെട്ടതാണ് സ്രാവ് കറി. മോറി മസാലയെന്നാണ് സ്രാവ് കറിക്ക് പറയുന്ന പേര്. വെണ്ണയും കറിവേപ്പിലയും വെളുത്തുള്ളിയും ചേര്‍ത്ത് തയ്യാറാക്കുന്ന ചെമ്മീന്‍ കറിയും (സൂങ്ത്ത) എരിവുള്ള അംബോട്ടിക്ക് ചെമ്മീന്‍കറിയും നിര്‍ബന്ധമായി കഴിച്ചിരിക്കണം. കുരുമുളകും പുളിയും വിവിധതരം മസാലകളും ചേര്‍ത്താണ് ഈ ചെമ്മീന്‍ കറി ഉണ്ടാക്കുന്നത്. തേങ്ങ വറത്തരച്ചുണ്ടാക്കുന്ന അയലക്കറിക്കും ഞണ്ട് കറിക്കും ആവശ്യക്കാര്‍ ഏറെയാണ്. മാവില്‍ വറുത്തെടുക്കുന്ന കൊഞ്ച് വിഭവമാണ് ജിങ്ക ഫ്രൈ. കോങ്കണ്‍തീരത്തെത്തുന്നവര്‍ക്ക് പ്രിയങ്കരമായ മറ്റൊരു വിഭവമാണ് ആവോലി മീന്‍ക്കറി. പപ്പെറ്റ് സാര്‍ എന്നാണ് ഇവിടെ ഇതറിയപ്പെടുന്നത്. എല്ലാം പരമ്പരാഗത രീതിയിലാണ് തയ്യാറാക്കുന്നത്.
ചിക്കന്‍ പ്രേമികള്‍ നിരാശരാകാന്‍ വരട്ടെ, അവര്‍ക്കുമുള്ളതുമുണ്ട് മാല്‍വാണിയില്‍. ബ്രഡ്ഡിനൊപ്പം കഴിക്കാവുന്ന കോംബ്ഡി വടെ, പ്രാദേശികരീതിയില്‍ തയാറാക്കിയ മുര്‍ഗ് മല്‍വാനി എന്നിവ ചിക്കന്‍ പ്രേമികള്‍ക്കുള്ളതാണ്. ഇതിനൊപ്പം തനത് മസാലക്കൂട്ടുകളാല്‍ ഉണ്ടാക്കുന്ന മട്ടന്‍ സുക്കയ്ക്കും കൊതിയൂറും രുചി തന്നെ. ഗോവന്‍ ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന വിനാഗിരി, കൊങ്കണിലെ കാര്‍വാറില്‍നിന്നും കൊണ്ടുവരുന്ന പച്ചത്തേങ്ങ എന്നിവയെല്ലാം ചേര്‍ത്ത് തയാറാക്കുന്ന പ്രത്യേക
കൂട്ടാണ് മാല്‍വാനി പാചകരീതിയുടെ രുചിരഹസ്യം.

നമ്മുടെ നാട്ടിലേതുപോലെ തേങ്ങാപ്പാലൊഴിച്ചും തേങ്ങ വറുത്തരച്ചുമാണ് മിക്കവാറും കറികളും തയ്യാറാക്കുന്നത്. ഉണക്കമുളകും മല്ലിയിലയും ഏലക്കയും പുളിയും ഗരംമസാലയും മറ്റും ചേര്‍ത്തുണ്ടാക്കുന്ന നോണ്‍ വെജ് വിഭവങ്ങള്‍ക്ക് രുചി അല്‍പം കൂടുമെന്ന് പറയേണ്ടതില്ലല്ലോ. കൊങ്കണിലൂടെയുള്ള യാത്രയ്ക്കിടെ ചില പച്ചക്കറി വിഭവങ്ങളും രുചിച്ചു. തവിട് കളയാത്ത ധാന്യത്തില്‍ നിന്നുണ്ടാക്കുന്ന ചപ്പാത്തി പോലെയുള്ള ബക്‌രി സ്വാദേറിയതാണ്. എല്ലാ മാല്‍വാണി വിഭവങ്ങളും ഏരിവ് നിറഞ്ഞവയല്ല കെട്ടോ. കൊങ്കണ ബ്രാഹ്‌മണര്‍ തയാറാക്കുന്ന വിഭവങ്ങളാണ് ഇതിനുദാഹരണം. കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത് തയ്യാറാക്കുന്ന ആംതി കറിയും കൊത്തിംബിര്‍ വടിയുമാണ് പ്രധാന വെജ് വിഭവങ്ങള്‍. കടലപ്പൊടിയും എള്ളും മല്ലിയിലയും ചേര്‍ത്താണ് കൊത്തിംബിര്‍ വടി തയ്യാറാക്കുന്നത്. ഇത് മല്ലിചട്ണിക്കൊപ്പം കൂട്ടിക്കഴിക്കാം.
മധുരപലഹാരത്തിനും പേരുകേട്ട നാടാണിത്. കൊങ്കണ്‍ ശൈലിയില്‍ തയാറാക്കിയ മോദകമാണ് ഏറ്റവും രുചികരമായി തോന്നിയത്. തേങ്ങയും ശര്‍ക്കരയും ഉണങ്ങിയ പഴങ്ങളും ചേര്‍ത്താണ് മോദകം തയാറാക്കുന്നത്. ഇതിനൊപ്പം മധുരമുള്ള സോസും കൂടിയായാല്‍ പറയേണ്ടതില്ലല്ലോ! തണുപ്പിച്ച ഒരു ഗ്ലാസ് സോള്‍-കാഡി കൂടി കുടിച്ചാല്‍ കൊങ്കണ്‍രുചി പൂര്‍ത്തിയാക്കാം. കൊങ്കണ്‍തീരത്തെ ഏറ്റവും പ്രശസ്തമായ പാനീയമാണിത്. തേങ്ങാപ്പാലില്‍ പച്ച പെണംപുളി (കുടംപുളിയുടെ കൊങ്കണ്‍ വകഭേദം) യുടെ കായകള്‍ ചേര്‍ത്ത് അരച്ചെടുക്കുന്ന ഈ പാനീയം നാട്ടുകാര്‍ക്ക് മാത്രമല്ല ഇവിടെയെത്തുന്നവരുടെയും പ്രിയങ്കരമാണ്. എരിവേറിയ മാല്‍വാനി രുചിയ്‌ക്കൊടുവില്‍ അല്‍പം മധുരവും പുളിയും കലര്‍ന്ന സോള്‍-കാഡി രുചിച്ച് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.
Content Highlights: the delicacies of sindhudurg
Published: 05 Jan 2025, 10:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented