വിശേഷണങ്ങള്‍ പലതുണ്ട് ഇന്ദോറിന്. 'മധ്യപ്രദേശിന്റെ ഭക്ഷണതലസ്ഥാനം' എന്നതായിരിക്കും ഏറ്റവും അനുയോജ്യം. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള തെരുവോരഭക്ഷണശാലകള്‍ കാണാന്‍ ഇവിടെയെത്തണം. ആഹാരത്തിന്റെ ഗുണവും മേന്മയും പരിശോധിക്കുന്ന ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റിയാണ് ഇന്ദോറിന് ഇത്തരമൊരു പദവി നല്‍കിയിട്ടുള്ളത്. വിന്ധ്യാപര്‍വതനിരയുടെ വടക്ക്, മാള്‍വാപീഠഭൂമിയുള്‍പ്പെടുന്ന മധ്യപ്രദേശിന്റെ ഭാഗമാണിത്. തെക്കുകിഴക്കന്‍ രാജസ്ഥാനിലെ ഒരതിരും ചേര്‍ന്നുകിടക്കുന്നു. അതുകൊണ്ടുതന്നെ, മധ്യപ്രദേശിലെയും രാജസ്ഥാനിലെയും രുചിക്കൂട്ടുകളാണ് ഇവിടെ കാണാന്‍ കഴിയുക. ആ രുചിഭേദങ്ങള്‍ തേടിയാണ് ഇന്ദോറിലേക്ക് വന്നത്. 

ചെറുതായൊരു നഗരപ്രദക്ഷിണം നടത്തി രുചിവഴികളിലേക്ക് തിരിഞ്ഞു. മാള്‍വാരുചികള്‍ കാഴ്ചകളായും നറുമണമായും കണ്‍മുന്നിലെത്തുകയാണ്. ഛപ്പന്‍ ദുകാനിലേക്കാണ് ആദ്യം പോയത്. ഹിന്ദിയില്‍ 'ഛപ്പന്‍' എന്നാല്‍ 'അന്‍പത്തിയാറ്' എന്നാണ്. 'ദുകാന്‍' എന്നാല്‍ 'കട'. ഇരുനൂറുമീറ്ററിനുള്ളില്‍ അന്‍പത്താറ് ഭക്ഷണശാല ഇവിടെ കാണാം. നഗരത്തിലെ പ്രശസ്തമായ ഭക്ഷണത്തെരുവാണിത്.

ആദ്യം കയറിയത് ജോണി ഹോട്ട് ഡോഗിലേക്കാണ്. വിജയ് സിങ്ങിന്റെതാണ് കട. ബണ്‍ നെടുകെ മുറിച്ച്, അതിനിടയില്‍ സോസേജ് ചേര്‍ത്തുണ്ടാക്കുന്നതാണ് ഹോട്ട് ഡോഗ്. എന്നാല്‍, ഇവിടെ മസാല ചേര്‍ത്ത ഓംലെറ്റാണ് ഹോട്ട് ഡോഗില്‍ ചേര്‍ക്കുന്നത്. ഇന്ദോറിലെത്തിയാല്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ് സാബൂദാനാ കിച്ഡി. ചിപ്സും സുഗന്ധവ്യഞ്ജനങ്ങളും മല്ലിയിലയും നാരങ്ങയും ചേര്‍ത്താണ് കിച്ഡിയൊരുക്കുന്നത്. ഉരുളക്കിഴങ്ങ് വേവിച്ചുടച്ച് അതിലേക്ക് തേങ്ങാപ്പീരയും കശുവണ്ടിയും ഉണക്കമുന്തിരിയും ചേര്‍ത്തുരുട്ടി എണ്ണയില്‍ പൊരിച്ചെടുക്കുന്ന ഖൊപ്റാ പട്ടീസിന് ആരാധകരേറെയാണ്. ഗോതമ്പുമാവും നെയ്യും ചേര്‍ത്ത് ഉരുളകളാക്കി, ഉണ്ണിയപ്പത്തട്ടില്‍ വേവിച്ചെടുക്കുന്ന ദാല്‍ ബാട്ടി രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും പ്രശസ്തമാണ്.

സ്നാക് കഴിച്ച് വയറ് നിറഞ്ഞെങ്കില്‍ മധുരം സ്വീറ്റ്സിലേക്ക് പോയി ശികഞ്ചി കുടിക്കാം. പേരുകേട്ട് ഞെട്ടണ്ട. കട്ടിയുള്ള പാലും ഉണങ്ങിയ പഴങ്ങളും ചേര്‍ത്തുണ്ടാക്കുന്ന പാനീയമാണിത്. കാഴ്ചയ്ക്ക് ലസ്സിപോലെ തോന്നും. ഇനിയുള്ളത് ജലേബയാണ്. സാധാരണ ജിലേബിയുടെ മൂന്നിരട്ടി വലുപ്പമുള്ള ജലേബ ഒന്ന് കഴിച്ചാല്‍ വയറുനിറയും. ഭക്ഷണത്തെയും പാചകത്തെയും ആത്മാര്‍ഥമായി സ്‌നേഹിക്കുന്നവരാണ് ഇന്ദോറുകാര്‍. പാരമ്പര്യമായി കൈമാറിപ്പോരുന്ന പാചകരഹസ്യങ്ങള്‍ ഇവര്‍ക്കുണ്ട്. തങ്ങളുടെ കൈപ്പുണ്യം മറുനാട്ടുകാര്‍ക്കായി പങ്കുവയ്ക്കാന്‍ താത്പര്യമാണിവര്‍ക്ക്. 

placeholder
ജലേബ

ജലേബ കഴിച്ച് നേരേപ്പോയത് സറാഫ ബസാറിലേക്കാണ്. രാത്രിസഞ്ചാരികളായ ഭക്ഷണപ്രിയരുടെ ഇടമാണ് സറാഫ ബസാര്‍. രാജ്യത്തെ ഏറ്റവും വലിയ ജൂവലറിശൃംഖലകള്‍ ഇവിടെയാണ്. എന്നാല്‍, സൂര്യനസ്തമിക്കുന്നതോടെ കടകള്‍ പൂട്ടും. പിന്നെ, ഈ പ്രദേശം രുചികളുടെ അരങ്ങാണ്. രാത്രി ഒന്‍പതോടെ സജീവമാകുന്ന തട്ടുകടകള്‍. കച്ചവടം പുലരുവോളം നീളും. തിന്നാനും കുടിക്കാനുമായി എത്തുന്നവര്‍ കാത്തിരിക്കും. പാനുകളും പലതരം പാനീപുരിയും പറാത്തയും ഛാട്ടുമെല്ലാമാണ് സറാഫ ബസാറിന്റെ ആകര്‍ഷണം. സ്മോക് പാന്‍, ഫയര്‍ പാന്‍, ചോക്ലെറ്റ് പാന്‍ എന്നിങ്ങനെ പാന്‍രുചികള്‍ ധാരാളം. വെറ്റില തീയിലിട്ട് തയ്യാറാക്കുന്നതാണ് ഫയര്‍ പാനിന് ആരാധകര്‍ ഏറെയാണ്.

placeholder
ജോഷി ഫ്‌ളയിങ് വട

ഇനിയാണ് ബസാറിലെ ഏറ്റവും രുചികരവും രസകരവുമായ കാഴ്ച. അതിനായി ഞങ്ങള്‍ ജോഷി ഫ്‌ളയിങ് വട ഷോപ്പിലേക്ക് നടന്നു. ഹിന്ദിയില്‍ 'ബട' എന്നാണ് ഷോപ്പിനുമുന്നില്‍ എഴുതിയിരിക്കുന്നത്. ചെറിയൊരു മുറി. കടമുതലാളിയായ ജോഷി വടയുണ്ടാക്കുകയാണ്. വീട്ടിലുണ്ടാക്കിയ കട്ടിയുള്ള തൈര് ഡിസ്പോസിബിള്‍ പാത്രത്തിലേക്കൊഴിച്ചു. പെട്ടെന്ന് ഇടതുകൈകൊണ്ട് പാത്രം മുകളിലേക്കൊരേറ്. തൈര് ഒരു തുള്ളിപോലും പുറത്തുപോകാതെ വലതുകൈകൊണ്ട് പിടിച്ചു. എന്നിട്ട് തൈരിലേക്കല്പം മല്ലിയില ചേര്‍ത്തു. വീണ്ടും പാത്രം മുകളിലേക്കെറിഞ്ഞു. താഴെയെത്തുംമുന്‍പ് കൈകൊണ്ട് പിടിച്ചു. അതിലേക്കല്പംകൂടി തൈരൊഴിച്ച് മുകളില്‍ പ്രത്യേകമായ മസാല ചേര്‍ത്ത് ആവശ്യക്കാര്‍ക്ക് നല്‍കുകയാണ്. ഇങ്ങനെ എറിഞ്ഞുപിടിക്കുന്നതിനിടയില്‍ കസ്റ്റമറോട് സംസാരിക്കുകയും മറ്റ് പാചകക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുന്നുണ്ട്. പാചകം ഒരു കലകൂടിയാണെന്ന് ജോഷിയുടെ വടക്കടയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ തിരിച്ചറിയും. അവിടെനിന്ന് ഗരഡു വില്‍ക്കുന്ന കടയിലേക്ക് നീങ്ങി.

placeholder
ഗരഡു

ഡല്‍ഹിക്കാര്‍ക്ക് ആലു കീ ചാട്ട് എങ്ങനെയാണോ അതുപോലെയാണ് ഇന്ദോറുകാര്‍ക്ക് ഗരഡു. ചേമ്പ്‌പോലുള്ള ചെറുകിഴങ്ങ് മുറിച്ച് തവിട്ടുനിറമാകുന്നതുവരെ വേവിക്കുന്നു. തുടര്‍ന്ന് മസാലപുരട്ടി തിളച്ച എണ്ണയില്‍ വറുത്തെടുക്കും. അല്പം ചട്ണിയില്‍ മുക്കി വായിലിട്ടാല്‍ ഗംഭീരമായ രുചിയാണ്. ഒരുപ്ലേറ്റ് ഗരുഡു കഴിച്ചപ്പോഴേക്കും വയറുനിറഞ്ഞു.ഇന്ദോറിന്റെ തെരുവുകളില്‍ ഇനിയും രുചികള്‍ ബാക്കികിടക്കുന്നു. അവയെല്ലാം പരീക്ഷിക്കാന്‍ ഇനിയും ഇതുവഴി വരേണ്ടിവരും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi