
എഐ നിർമിത ചിത്രം |AI
ഞാന്‍ ഉറച്ചു വിശ്വസിക്കുന്ന ഒരു സിദ്ധാന്തമുണ്ട്; കുറഞ്ഞ സമയംകൊണ്ട് ഒരു പുതിയ സ്ഥലത്തെ അടുത്തറിയാനുള്ള ഏറ്റവും ലളിതവും എളുപ്പവുമായ മാര്‍ഗം അവിടുത്തെ തനതായ ഭക്ഷണമാണ്. ഭൂപ്രകൃതിയും പ്രധാന വിളകളും അവിടെ ജീവിക്കുന്ന മനുഷ്യരുടെ ദിനചര്യകളും അവിടെ വന്നുപോയ സാമ്രാജ്യങ്ങളും കച്ചവടക്കാരും എല്ലാം ചേര്‍ന്ന് നൂറ്റാണ്ടുകള്‍കൊണ്ട് ഉരുത്തിരിയുന്നതാണ് ഒരു സ്ഥലത്തെ ഭക്ഷണസംസ്‌കാരം.
അതുകൊണ്ട് ഓരോ ഭക്ഷണത്തിനും ഒരുപാടു കഥകള്‍ പറയാനുണ്ടാകും. ഉദാഹരണത്തിന് മറാത്തികളുടെ പാവ് ഭാജി. ഗോവയില്‍ എത്തിയ പോര്‍ച്ചുഗീസുകാര്‍ ബ്രെഡ് ഉണ്ടാക്കുന്ന വിദ്യ ഗോവയിലുള്ളവരെ പഠിപ്പിച്ചു. മാവ് പുളിപ്പിക്കാന്‍ യീസ്റ്റിന് പകരം ഗോവയില്‍ സുലഭമായ നല്ല ശുദ്ധമായ തെങ്ങിന്‍കള്ള് ഉപയോഗിച്ചപ്പോള്‍ 'പാവ്' എന്ന റൊട്ടി പിറവിയെടുത്തു. ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന പാവിന് മഹാരാഷ്ട്രയിലും ധാരാളം ആരാധകരുണ്ടായി. തുച്ഛമായ നിരക്കില്‍ കിട്ടുന്ന ഭക്ഷണമായതുകൊണ്ടുതന്നെ തൊഴിലാളികള്‍ക്കിടയില്‍ ഗംഭീരസ്വീകാര്യതയും ലഭിച്ചു.
1850-കളില്‍ മുംബൈയില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കീഴില്‍ ധാരാളം കോട്ടണ്‍ മില്ലുകള്‍ ഉണ്ടായിരുന്നു. അവിടെ നീണ്ട ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതില്‍ രണ്ട് നിബന്ധനകള്‍ പാലിക്കപ്പെടാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉണ്ടാക്കുന്ന ഭക്ഷണം, തൊഴിലാളികളുടെ വിശപ്പും മാറ്റണം, എന്നാല്‍ വിലയും തുച്ഛമായിരിക്കണം. അങ്ങനെ മിച്ചം വരുന്ന, ആര്‍ക്കും വേണ്ടാത്ത പച്ചക്കറികളെല്ലാം ചെറുതായി നുറുക്കി മസാലകള്‍ ചേര്‍ത്ത് ഒരു കറിയുണ്ടാക്കി. അതാണ് ഭാജി.
കൂടെ ചെറുതീയില്‍ ചൂടാക്കിയ പാവും. കുറുക്കിയ കറിയില്‍ മുക്കി പാവ് കഴിച്ചാല്‍ മണിക്കൂറുകളോളം തൊഴിലാളികള്‍ക്ക് വിശക്കില്ല. അങ്ങനെ പോര്‍ച്ചുഗീസുകാരില്‍ തുടങ്ങി, ബ്രിട്ടീഷുകാര്‍ നിമിത്തം നമ്മള്‍ പാവ് ഭാജി കഴിച്ചു. ഇങ്ങനെ ഓരോ ഭക്ഷണത്തിനും ചെറുതും വലുതുമായ ധാരാളം കഥകള്‍ പറയാനുണ്ടാകും. അതുകൊണ്ടുതന്നെ യാത്രകളില്‍ ചരിത്രസ്മാരകങ്ങള്‍ തേടിയിറങ്ങുന്ന അതേ ആവേശം ഞാന്‍ അവിടുത്തെ ചായക്കടകളും ഭക്ഷണശാലകളും തേടുന്നതിലും കാണിക്കാറുണ്ട്.
'തൂങ്കാനഗരം' എന്ന് വിളിപ്പേരുള്ള നഗരമാണ് മധുര. രാത്രി രണ്ടു മണിക്ക് പുറത്തിറങ്ങിയാലും നല്ല ചൂട് മട്ടണ്‍ പായയും ഇടിയപ്പവും കറിദോസയും കൊത്തുപൊറോട്ടയും കിട്ടും. രാവിലെ നാലുമണിക്ക് ചെമ്പ് പൊട്ടിച്ച, നല്ല സുന്ദരന്‍ മട്ടണ്‍ ബിരിയാണി കിട്ടും. ഒരു മൂന്നുനാലു മാസം കൂടുമ്പോള്‍ മധുരയിലേക്ക് ഒരു പോക്ക് നിര്‍ബന്ധമാണെനിക്ക്. ഭക്ഷണം മാത്രമാണ് അജണ്ട. ലിസ്റ്റിലുള്ള മിക്കതും സ്ഥിരം പോകാറുള്ള സ്ഥലങ്ങള്‍ ആയിരിക്കും.
കൂട്ടത്തില്‍ പ്രധാനിയാണ് കൊണാര്‍ മെസ്സ്. കൊണാര്‍ മെസ്സ് ആണ് 'കറിദോസൈ' എന്ന അദ്ഭുതപ്രതിഭാസത്തിന്റെ സ്രഷ്ടാക്കള്‍! തട്ടുദോശ പോലെ കട്ടിയില്‍ പരത്തിയ ദോശയുടെ പുറത്ത് ഒന്നോ രണ്ടോ മുട്ട പൊട്ടിച്ചൊഴിക്കും. ശേഷം ചട്ടുകം കൊണ്ട് ചെറുതായി ഒന്നിളക്കി മുട്ട വെന്തുവരുമ്പോള്‍ യാതൊരു പിശുക്കുമില്ലാതെ മട്ടണ്‍കറി അങ്ങൊഴിക്കും. വശങ്ങളില്‍ എണ്ണയൊഴിച്ച് ചെറുതീയില്‍ മൂടിവെച്ച് വേവിച്ചിട്ട് തിരിച്ചിടും.
കറിദോസൈയുടെ കൂടെ സാമ്പാര്‍ വിളമ്പി വില കളയില്ല മധുരക്കാര്‍. കറിദോസൈക്ക് കൂട്ട് സാല്‍ന ആണ്. മട്ടന്റെ എല്ലിനോട് ചേര്‍ന്ന കഷണങ്ങള്‍ മണിക്കൂറുകളോളം മസാലയില്‍ വേവിച്ച ശേഷം തേങ്ങയരച്ച് ചേര്‍ത്ത ചാറ് നീട്ടിയ കറിയാണ് സാല്‍ന. ഇടിയപ്പം, അപ്പം, പൊറോട്ട, ബിരിയാണി, ദോശ...അങ്ങനെ സാല്‍ന എല്ലാത്തിന്റെ കൂടെയും പോകും.
അതില്‍ എനിക്കേറ്റവും പഥ്യം സാല്‍നയും ബണ്‍പൊറോട്ടയുമാണ്. എണ്ണയില്‍ പൊരിച്ച നല്ല മൊരിഞ്ഞ ചൂട് ബണ്‍പൊറോട്ട കൈ പൊള്ളാതെ വാഴയിലയില്‍ പിച്ചിയിട്ട് മേലെ സാല്‍ന ഒഴിക്കണം. നിമിഷനേരം കൊണ്ട് പൊറോട്ട സാല്‍നയെ വലിച്ചെടുക്കും. അപ്പൊ വീണ്ടും പിശുക്കാതെ സാല്‍ന ഒഴിക്കണം. മധുരയിലെ എല്ലാ കടയിലും ഡവറക്കണക്കിന് സാല്‍ന ഓരോ മേശപ്പുറത്തും ഇരിക്കുന്നതുതന്നെ ഈ അഭിഷേകത്തിനാണ്.
കൂടെ ആഡംബരത്തിനു നല്ലപോലെ കുരുമുളകിട്ട് വരട്ടിയ ഒരു മട്ടണ്‍ ചുക്ക ഉണ്ടെങ്കില്‍ സെറ്റ്! പലതരത്തിലുള്ള മാംസങ്ങളെ ഒരുമിച്ചു ചേര്‍ത്ത് ഒരു സിംഫണി തീര്‍ക്കാന്‍ മധുരക്കാര്‍ക്ക് ഒരു പ്രത്യേകകഴിവാണ്. ഈ കഴിവിന്റെ ഉത്തമോദാഹരണമാണ് ഞണ്ട് ഓംലെറ്റ്. വേവിച്ച ഞണ്ടിന്റെ മാംസം മാത്രം വേര്‍തിരിച്ചെടുത്ത് യഥേഷ്ടം മുട്ടയില്‍ ചേര്‍ത്ത് ഓംലെറ്റ് ആക്കും. കേള്‍ക്കുമ്പോള്‍ അത്ര വലിയ സ്വാദ് തോന്നണമെന്നില്ല. പക്ഷെ അതൊരൊന്നൊന്നര സംഭവമാണ്!
മധുര പോലെ ബണ്ണുകളെ സ്‌നേഹിച്ച മറ്റൊരു നഗരം ദക്ഷിണേന്ത്യയിലുണ്ടോ എന്ന് സംശയമാണ്. അതിരാവിലെ ചായയും ബണ്ണും കഴിക്കുന്നതില്‍ തുടങ്ങി പാല്‍ ബണ്ണിലും മധുര സ്‌പെഷ്യല്‍ ബട്ടര്‍ ബണ്ണിലും എത്തിനില്‍ക്കുന്നു ആ സ്‌നേഹം. മധുര ടൗണില്‍ ഒരു നവീന്‍ ബേക്കറിയുണ്ട്. പാല്‍ ബണ്ണിന്റെ കാര്യത്തില്‍ അവരെ തോല്‍പ്പിക്കാന്‍ ആരുമില്ല! ക്രീം ബണ്ണിനോട് സമാനമായ പൊരിച്ച ബണ്‍ നല്ലപോലെ മധുരവും ഏലക്കയും ചേര്‍ത്ത് തിളപ്പിച്ച പാലില്‍ മണിക്കൂറുകള്‍ കുതിര്‍ത്തു വെക്കും.
ഈ പാല്‍ ബണ്ണും നല്ല കടുപ്പത്തിലുള്ള സമോവര്‍ ചായയും ഉണ്ടെങ്കില്‍... ഉഫ്! അതൊരു അനുഭവമാണ്! വൈകുന്നേരം 6 മണി കഴിഞ്ഞാല്‍ അഹിംസാപുരം സ്ട്രീറ്റില്‍ ഒരു ലക്ഷ്മി ബട്ടര്‍ ബണ്‍ കടയുണ്ട്. ഇരുമ്പുകല്ലില്‍ നല്ല പോലെ വെണ്ണ ചേര്‍ത്ത് ബണ്‍ പൊരിക്കും. ശേഷം വാഴയിലയിലേക്ക് പകര്‍ന്നു പഞ്ചസാരയും തൂകും. വായിലിട്ടാല്‍ അലിയുന്ന ഈ ബട്ടര്‍ ബണ്ണിനൊപ്പം ഒരു സ്‌ട്രോങ്ങ് കാപ്പി കുടിച്ചാല്‍ എങ്ങനെയിരിക്കും? കാപ്പിയുടെ നേരിയ കൈപ്പും ഈ ബണ്ണിന്റെ മധുരവും കൂടെ! ആഹാ!
ഇതൊക്കെ കഴിച്ച് പണിയെടുത്തു തളര്‍ന്ന വയറിനെ വീണ്ടെടുക്കാനുള്ള സൂത്രവും മധുരയിലുണ്ട്; പരുത്തിപ്പാല്‍. കുതിര്‍ത്ത പരുത്തിക്കുരു അരച്ചാല്‍ തേങ്ങാപ്പാല്‍പോലെ പരുത്തിപ്പാല്‍ കിട്ടും. ഈ പരുത്തിപ്പാലില്‍ കപ്പലണ്ടിയും ശര്‍ക്കരയും തേങ്ങാക്കൊത്തുമൊക്കെ ചേര്‍ത്ത് മണിക്കൂറുകളോളം തിളപ്പിച്ചു കുറുക്കിയെടുത്തിട്ട് ആവശ്യത്തിന് ചുക്കും ചേര്‍ക്കും. അസാധ്യ സ്വാദാണ് ഈ പാനീയത്തിന്. ഇത് കുടിക്കാന്‍ ഞാന്‍ സ്ഥിരമായി പോകാറുള്ളത് സന്താനം താത്തയുടെ കടയിലാണ്. മൂപ്പര് ചുക്ക് ചേര്‍ത്ത ശേഷം താളത്തില്‍ തലയൊക്കെ ആട്ടി പരുത്തിപ്പാല്‍ ഗ്ലാസുകളിലേക്ക് പകര്‍ത്തുന്നത് കാണാന്‍ തന്നെ രസമാണ്.
മധുര പോലെ, ഒരുപക്ഷെ മധുരയ്ക്കും ഒരുപടി മേലെ ഭക്ഷണത്തെ സ്‌നേഹിച്ച നഗരമാണ് കൊല്‍ക്കത്ത. കൊല്‍ക്കത്തയിലെ മിക്ക വീടുകളിലും ഒരു 'ഹജ്മി' ഷെല്‍ഫ് കാണും. ദഹനത്തിന് സഹായിക്കുന്ന നാടന്‍ മരുന്നുകളെയും മിഠായികളെയും ഒരുമിച്ചു വിളിക്കുന്ന പേരാണ് ഹജ്മി. ഹജ്മികള്‍ കഴിച്ച് വയറിൽ കൂടുതല്‍ സ്ഥലമുണ്ടാക്കി കഴിക്കുന്ന ശീലം കൊല്‍ക്കത്തക്കാര്‍ക്കുണ്ട്. ഉച്ചി വരെ നിറഞ്ഞാലും ഒരു രസഗുള നീട്ടിയാല്‍ ബംഗാളികള്‍ക്ക് വേണ്ട എന്നു പറയാന്‍ സാധിക്കില്ല.
അവര്‍ രണ്ട് ഹജ്മി ഗുളിക ഇറക്കിയിട്ട് ആ രസഗുള കഴിച്ചിരിക്കും. ഭക്ഷണവൈവിധ്യങ്ങളുടെ കലവറയാണ് കൊല്‍ക്കത്ത. വന്നവരും നിന്നവരും പോയവരുമെല്ലാം കൊല്‍ക്കത്തയ്ക്ക് തങ്ങളുടെ രുചികള്‍ വിളമ്പി. കൊല്‍ക്കത്ത അത് ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഇന്‍ഡോ-ചൈനീസ് എന്ന ഭക്ഷ്യസംസ്‌കാരം രൂപപ്പെട്ടത് കൊല്‍ക്കത്തയിലാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ഇവിടേക്ക് കുടിയേറിയ ചൈനാക്കാര്‍, ചില്ലി ചിക്കനും മാഞ്ചോ സൂപ്പും ചോപ്‌സിയും കൊല്‍ക്കത്തക്കാര്‍ക്ക് വിളമ്പി.
ചൈനീസ് സോസുകളോടൊപ്പം ഇന്ത്യന്‍ മസാലകളും ചേര്‍ത്ത് പാകം ചെയ്ത ഈ വിഭവങ്ങള്‍ കൊല്‍ക്കത്തയുടെ രുചിമുകുളങ്ങള്‍ കവര്‍ന്നു. അങ്ങനെ ഇന്‍ഡോ-ചൈനീസ് പിറവിയെടുത്തു. ഇന്നും കൊല്‍ക്കത്തയിലെ തിരെത്ത ബസാറില്‍ രാവിലെ അഞ്ചുമണി മുതല്‍ ചൈനീസ് ബ്രേക്ക്ഫാസ്റ്റ് കിട്ടും. ചീനക്കാരികളായ അമ്മൂമ്മമാര്‍ വിളമ്പുന്ന മോമോസും ബാവോ ബണ്ണും സ്പ്രിങ് റോളുകളും കഴിക്കുന്നത് ഒരു അനുഭവം തന്നെയാണ്.
ബംഗാളികള്‍ക്ക് പ്രത്യേകിച്ച് കൊല്‍ക്കത്തക്കാര്‍ക്ക് ഒരു വികാരമാണ് മീന്‍! പൊതുവെ ദക്ഷിണേന്ത്യയില്‍ സസ്യാഹാരികളാണ് ബ്രാഹ്‌മണര്‍. എന്നാല്‍ കൊല്‍ക്കത്തയില്‍ ഇവര്‍ മത്സ്യവും മാംസവുമെല്ലാം കഴിക്കും. മത്സ്യം 'ജലപുഷ്പം ' ആണെന്നാണ് അവരുടെ തിയറി. മത്സ്യവിഭവങ്ങളും മട്ടനും ഊണുമെല്ലാം കുറഞ്ഞ നിരക്കില്‍ കൊടുക്കുന്ന ഹോട്ടലുകളെ ബംഗാളില്‍ വിളിക്കുന്ന പേരാണ് പൈസ് ഹോട്ടല്‍.
തുച്ഛമായ അണപൈസക്ക് ഭക്ഷണം കിട്ടുന്നത് എന്ന അര്‍ത്ഥം വരുന്ന 'പൈസേ ഹോട്ടല്‍ ' ആണ് പിന്നീട് പൈസ് ഹോട്ടല്‍ ആയത്. സുഭാഷ് ചന്ദ്ര ബോസിന്റെ പ്രിയപ്പെട്ട ഹോട്ടലായ സ്വാധീന്‍ ഭാരതാണ് ഇതില്‍ പ്രധാനി. ചോറും ദാലും മാത്രമാണ് ഒരു ഊണില്‍ ഉണ്ടാവുക. ബാക്കിയെല്ലാം പണം മുടക്കി വാങ്ങണം. ഭേട്കി പാട്ടുരി എന്നൊരു വിഭവമുണ്ട് അവിടെ. ഭേട്കി എന്ന മത്സ്യം കടുകരച്ച മസാലയില്‍ നല്ല പോലെ പൊതിഞ്ഞെടുത്ത് വാഴയിലയിലോ മത്തനിലയിലോ വെച്ച് പാകം ചെയ്യും. ഇവിടുത്തെ മീന്‍ പൊള്ളിച്ചതിന്റെ മറ്റൊരു വകഭേദം.
കൊല്‍ക്കത്തയില്‍ ഡാക്കേഴ്‌സ് ലേന്‍ എന്നൊരു വഴിയുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് കൊല്‍ക്കത്തയില്‍ നങ്കൂരമിടുന്ന കപ്പലിലെ നാവികര്‍ നേരെ ഇങ്ങോട്ടേക്കാണ് വന്നിരുന്നത്. ഭക്ഷണം, മദ്യം തുടങ്ങി അവര്‍ക്ക് വേണ്ടതെല്ലാം അവിടെ ലഭ്യമായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഡാക്കേഴ്‌സ് ലേന്‍ ഭക്ഷണം വിളമ്പി. നാവികര്‍ക്കു വേണ്ടിയല്ല, മറിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍ പോകുന്ന ഉദ്യോഗസ്ഥര്‍ക്ക്.
കുറഞ്ഞ ചിലവില്‍ ഭക്ഷണം വിളമ്പുന്ന ധാരാളം കടകളുള്ള ഡാക്കേഴ്‌സ് ലേനില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഇന്നുമുള്ളത് 'ചിത്തോട് ബാബു' എന്ന ആളുടെ കടയ്ക്കാണ്. കനലില്‍ ചുട്ട ബ്രെഡ്ഡും കിഴങ്ങും കാരറ്റുമൊക്കെ ഇട്ട നേര്‍ത്ത സൂപ്പ് പോലുള്ള ചിക്കന്‍ സ്റ്റ്യുവും. ഈ ചാറില്‍ കുതിര്‍ത്ത ആ ബ്രെഡ്ഡും ഒരു കപ്പ് ചായയും... പ്രഭാതഭക്ഷണം കുശാല്‍!
കൊല്‍ക്കത്തക്കാര്‍ക്ക് ഭക്ഷണത്തോളം പ്രിയപ്പെട്ടതാണ് സൊറപറച്ചില്‍. ഇതിനൊരു പേരുമുണ്ട്- അഡ്ഢ. ഓരോ തലമുറയ്ക്കും അഡ്ഢകള്‍ കൂടാന്‍ അവരുടേതായ പ്രിയപ്പെട്ട ഇടങ്ങളുണ്ട്. ചായയും ബ്രെഡ് ടോസ്റ്റും സാന്‍ഡ്‌വിച്ചുമൊക്കെയായി മണിക്കൂറോളം അവരിരിക്കും. കൊല്‍ക്കത്തയിലെ കോളേജ് സ്ട്രീറ്റിലുള്ള ഇന്ത്യന്‍ കോഫി ഹൗസ് ഇത്തരത്തിലുള്ള അഡ്ഢകള്‍ സ്ഥിരമായി നടക്കുന്ന സ്ഥലമാണ്. ചായക്കോപ്പയിലെ ധാരാളം കൊടുങ്കാറ്റുകള്‍ക്ക് ഈ സ്ഥലം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഒരു കൈയ്യില്‍ കത്തിച്ചൊരു സിഗരറ്റും മറുകൈയില്‍ ഒരു കോപ്പ കട്ടന്‍കാപ്പിയുമായി വര്‍ത്താനം പറഞ്ഞിരിക്കുന്ന, അയഞ്ഞ കോട്ടണ്‍ കുര്‍ത്ത ധരിച്ച ക്ഷുഭിതയൗവ്വനങ്ങളെ നോക്കിയിരിക്കാന്‍ നല്ല രസമാണ്. അവിടെ ഞാനിരുന്ന മേശയില്‍ ആരോ കോറിവെച്ചിരുന്നു 'I wish Satyajit Ray was alive today, that I could bear his children' വായിച്ചതും വാ പൊളിച്ചു കുറച്ചു നേരം ഞാന്‍ ഇങ്ങനെ ഇരുന്നു. മുപ്പതു വര്‍ഷം മുന്‍പ് മരിച്ചൊരു മനുഷ്യനില്‍ കുഞ്ഞുങ്ങളുണ്ടായിരുന്നെങ്കില്‍ എന്നൊക്കെ ആഗ്രഹിക്കണമെങ്കില്‍ എന്തായിരിക്കണം ആ വ്യക്തിയോടുള്ള ആരാധന!
'മിഷ്ട്ടീര്‍ ദുക്കാന്‍ മാനെ ബാങ്കാളീര്‍ തീര്‍ത്ഥസ്ഥാന്‍' ( മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന കട എന്നാല്‍ ബംഗാളികള്‍ക്ക് പുണ്യസ്ഥലമാണ്) രസഗുളയ്ക്ക് പേരുകേട്ട കെ സി ദാസ് എന്ന കടയില്‍വെച്ചു പരിചയപ്പെട്ട ദിപു ദാ എന്ന മധ്യവയസ്‌ക്കന്‍ പറഞ്ഞ ബംഗാളി ചൊല്ലാണിത്.
മധുരം അഥവാ മിഷ്ടി ബംഗാളികള്‍ക്ക് ഒരു വികാരമാണ്. രസഗുളയുടെ അവകാശത്തെ ചൊല്ലി ഒഡിഷയുമായി തര്‍ക്കിച്ച ചരിത്രംവരെ കൊല്‍ക്കത്തയ്ക്കുണ്ട്. തങ്ങള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ട രസഗുളയുടെ ഉത്ഭവം ഒഡിഷയില്‍ നിന്നാണെന്ന് പറഞ്ഞാല്‍ കൊല്‍ക്കത്തക്കാര്‍ സഹിക്കുമോ! കേസ് കൊടുത്തു. വിധി വന്നു- കൊല്‍ക്കത്ത രസഗുളയും ഒഡിഷ രസഗുളയും രണ്ടാണ്. രണ്ടു പേരെയും പിണക്കിയില്ല.
കൊല്‍ക്കത്തയിലെ ഭീംസിങ് മൊയിറ എന്ന പാചകക്കാരന്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഒരു മധുരപലഹാരം ഉണ്ടാക്കി. ഗുലാബ് ജാമൂനിന്റെ സ്വാദിനോട് സാമ്യം തോന്നിയ പലഹാരം. എന്നാല്‍ നീളത്തില്‍ മെലിഞ്ഞിരുന്ന ആ പലഹാരം കണ്ടപ്പോള്‍ ഭീംസിങ്ങിന് അന്നത്തെ ഗവര്‍ണര്‍ ജനറലായ ചാനിങ് പ്രഭുവിന്റെ പത്‌നി ഷാര്‍ലറ്റ് ചാനിങ്ങിന്റെ വിരലുകള്‍ ആണ് ഓര്‍മ്മ വന്നത്. അങ്ങനെ ആ പലഹാരത്തിന്റെ പേര് ലേഡി ചാനിങ് എന്നായി. അത് പില്‍ക്കാലത്തു ലേഡിക്കെനി ആയി. ഇന്നും കൊല്‍ക്കത്തയിലെ മധുരപലഹാര ഷെല്‍ഫുകളിലെ നിറസന്നിധ്യം ആണ് ലേഡിക്കെനി!
ഓരോ നാട്ടിലെയും ഓരോ ഭക്ഷണത്തിനും ഇതുപോലെ ഒരായിരം കഥകള്‍ പറയാനുണ്ടാകും. രുചികളിലൂടെ ആ നാടിനോട് ആഴത്തിലുള്ളൊരു ആത്മബന്ധം നമ്മള്‍ പോലുമറിയാതെ ഉടലെടുക്കും. അവിടെയുള്ള അരിയുന്നവരും ഇടിക്കുന്നവരും പൊടിക്കുന്നവരും വെക്കുന്നവരും വിളമ്പുന്നവരും ചേര്‍ന്ന് നമുക്കായി ഒരനുഭവം ഒരുക്കുകയാണ്. അവരെ അടുത്തറിയാന്‍, അവരുടെ നാടിനെ അടുത്തറിയാന്‍, അവരുടെ പൂര്‍വികര്‍ കടന്നുവന്ന വഴികളറിയാന്‍.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the rich culinary heritage of Madurai and Kolkata through street food, traditional dishes, and their fascinating history. From Kari Dosai to Lady Kenny, experience India`s diverse flavors.
Published: 17 Sept 2025, 08:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented