കൊടുംതണുപ്പും കടുത്ത വെയിലും പൊടിക്കാറ്റും മഴയുമേറ്റും കാലത്തെയാകെ കണ്ട് ഇടുങ്ങിച്ചുരുങ്ങി നില്‍ക്കുന്നു വഴിയോരത്തെ ചെറിയ കെട്ടിടങ്ങള്‍. മനോഹരമായി കൊത്തിമിനുക്കിയ കല്ലുകൊണ്ട് പണിതീര്‍ത്ത ഡല്‍ഹി ഗേറ്റ് ദരിയഗഞ്ചിലേക്ക് സ്വാഗതമരുളുന്നു. ഏതോകാലത്തിനുള്ളില്‍നിന്ന്  പുളഞ്ഞൊഴുകിവന്നപോലൊരു പേര്, 'ദരിയഗഞ്ച്'. മുഗള്‍ രാജാക്കന്മാരുടെ കാലത്തെ ദില്ലി, ഇപ്പോഴത്തെ പഴയ ഡല്‍ഹി ഇവിടെത്തുടങ്ങുന്നു. നടപ്പാത നീണ്ടുനീണ്ട് ജമാമസ്ജിദും റെഡ് ഫോര്‍ട്ടും കടന്ന് ദൂരേക്ക് നീളുന്നു. ദരിയഗഞ്ചിനെ പുസ്തകപ്പുരയെന്ന് വിളിക്കാം. കഥയും കവിതയും നോവലുകളും ചരിത്രവും ശാസ്ത്രവുമെല്ലാം അനേകമനേകം പുസ്തകങ്ങളായി തെരുവോരത്ത് വായനക്കാരെ കാത്തുകിടക്കുന്നു. പലവഴികളിലെ മനുഷ്യര്‍ പുസ്തകത്തിനായി ദരിയഗഞ്ചിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു. 'കിലോ 300' എന്ന ബോര്‍ഡ് കണ്ടു. അതെ, പുസ്തകം തൂക്കിവില്‍ക്കും ഇവിടെ. ആവശ്യമുള്ളത്ര കനം നോക്കി ത്രാസിലേക്കിടാം. അറിവ് തൂക്കിവാങ്ങി കൊണ്ടുപോകാം!

ഈ നടത്തം പക്ഷേ, പുസ്തകങ്ങള്‍ തേടിയല്ല. പഴയദില്ലിയിലെ പുതുമ നഷ്ടപ്പെട്ടിട്ടില്ലാത്ത രുചികള്‍ക്ക് പിറകെയാണ്. പുസ്തകം തേടിയെത്തുമ്പോള്‍ ചെറു ഹോട്ടലുകളില്‍നിന്നുള്ള രുചിമണം ദരിയഗഞ്ചിലാകെ നിറയും. ഡല്‍ഹി ഗേറ്റില്‍നിന്ന് അല്പം മുന്നോട്ടുനടന്ന് ഇടത്തോട്ട് തിരിഞ്ഞു. പ്രശസ്തമാണ് ഈ വഴി. പാകിസ്താന്റെ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫ് ജനിച്ചുവളര്‍ന്ന വീട് തൊട്ടടുത്തുണ്ട്. ഇപ്പോഴത് പല ഉടമകളുടെ കീഴിലാണെങ്കിലും ഉടനെ ഇടിഞ്ഞ് വീണേക്കാമെന്നുതോന്നിച്ച് അവസാനശ്വാസം വലിച്ചുകൊണ്ടേയിരിക്കുന്നു. ഇടവഴികളില്‍നിന്ന് ഇടവഴികളിലേക്ക്. നീളന്‍ കുപ്പായമിട്ട ആണുങ്ങളും പെണ്ണുങ്ങളും. പുസ്തകസഞ്ചിയുമായി ചിരിച്ചുല്ലസിച്ച് നീങ്ങുന്ന കുട്ടികള്‍, തിരക്കിനിടയിലും ചെറുവഴികളുണ്ടാക്കി നൂണ്ട് കയറിപ്പോകുന്ന റിക്ഷാക്കാര്‍. നോമ്പ് തുറക്കാനുള്ള സമയമാകാന്‍ രണ്ടുമണിക്കൂറിനടുത്ത് മാത്രമേ ബാക്കിയുള്ളൂ. കച്ചവടക്കാരൊഴികെ ബാക്കിയെല്ലാവരും വീട്ടിലെത്താന്‍ ധൃതിപ്പെടുംപോലെ. മിക്കവരുടെയും കൈയില്‍ പ്ലാസ്റ്റിക് സഞ്ചികളുണ്ട്, അതില്‍ പലതരം പലഹാരങ്ങളും.

സര്‍ സയ്യിദ് അഹമ്മദ് റോഡിലെ മുന്നാഭായിയുടെ കടയ്ക്ക് മുകളില്‍ 'മുന്നാഭായ്' എന്ന ബോര്‍ഡ് കണ്ടു. അദ്ദേഹം തൂക്കിയതാണത്. വിലകൂടിയ ഒരുതരം പേരയ്ക്ക മുറിച്ച് കഷണങ്ങളാക്കി പ്രത്യേകം മസാലകളിലും ഉപ്പിലും മുക്കി രണ്ടെണ്ണം ഞങ്ങള്‍ക്കുനേരേ നീട്ടി. ''കഴിച്ച് നോക്ക്''. സംഗതി സ്‌പെഷ്യല്‍തന്നെ, രുചിയുണ്ട്. കുഞ്ഞുകടയിലെ സാധനങ്ങളോരോന്നായി അദ്ദേഹം രുചിക്കാന്‍ തന്നു. പച്ചമാങ്ങകൊണ്ടുണ്ടാക്കിയ ചെറിയ ഹല്‍വാക്കഷണം പോലൊരു സാധനം. അതേ രൂപത്തില്‍ പഴുത്ത മാങ്ങകൊണ്ടുണ്ടാക്കിയ മറ്റൊന്ന്. രണ്ടും മസാലയില്‍ മുക്കി നീട്ടി. പഴയ അന്‍പത് പൈസാ പാക്കറ്റിലെ പുളിയില്ലേ? അതേ പുളി, മുന്നാഭായ് അല്പം വലുപ്പമുള്ളൊരു പ്ലാസ്റ്റിക് സഞ്ചിയിലാക്കിവെച്ചിട്ടുണ്ട്. ചിരിയോടെ, സന്തോഷത്തോടെ അയാള്‍ ഓരോന്നും നീട്ടുന്നു.

''എത്ര രൂപയാ?''

''1000, വീഡിയോ എടുത്തില്ലേ? ആയിരം വേണം'' - മുന്നാഭായ് ചിരിച്ചു. എന്നിട്ട് പറഞ്ഞു, ''ഒന്നും വേണ്ട, സന്തോഷം.''

കേരളത്തില്‍നിന്ന് വന്ന രണ്ട് യുവാക്കള്‍ 'മുന്നാഭായ് കട' നാളെ മലയാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ പോകുന്നെന്ന സന്തോഷമാണെന്ന് തോന്നുന്നു അദ്ദേഹത്തിന്. സലാം പറഞ്ഞ് മുന്നോട്ടുനടന്നു. സര്‍ സയ്യിദ് അഹമ്മദ് റോഡ് പിന്നെയും നീണ്ടുനീണ്ട് പോകുന്നു. പഴകിയ കെട്ടിടങ്ങളെ പരസ്പരം കെട്ടിയിട്ടപോലെ അനേകമനേകം കറുത്ത കേബിളുകള്‍ റോഡിന് മുകളിലും വശത്തുമെല്ലാം നിറഞ്ഞുനില്‍ക്കുന്നു. സൈക്കിള്‍ റിക്ഷകള്‍, പക്കോട വില്‍പ്പനക്കാര്‍, പഴക്കടകള്‍. കൈതച്ചക്ക മാത്രം വില്‍ക്കുന്ന ഒരു ഉന്തുവണ്ടി കണ്ടു. ഉപ്പയും മകനുമാണെന്ന് തോന്നുന്നു, രണ്ടാളും പണിത്തിരക്കിലാണ്. തോല്‍ ചെത്തി വൃത്തിയാക്കിയ കൈതച്ചക്ക സുന്ദരമായി മുറിച്ചെടുത്ത് കവറിലാക്കി വില്‍ക്കുന്നു. മുറിക്കുന്തോറും അവ വേഗത്തില്‍ വിറ്റുപോകുന്നു. നോമ്പുതുറയ്ക്ക് കുറച്ചുസമയം മാത്രമാണല്ലോ ബാക്കി. ഇടവഴി വലത്തോട്ട് തിരിഞ്ഞു. ജമാല്‍ ചില്ലി പോയിന്റില്‍ ചിക്കന്റെയും മത്സ്യത്തിന്റെയും പലതരം വിഭവങ്ങള്‍. ചിലത് മസാല പുരട്ടിവെച്ചതാണ്, ചിക്കന്റെ കൂടുതല്‍ ഇറച്ചിയുള്ള ഭാഗം മാത്രം വെട്ടിയെടുത്ത് പ്രത്യേകം പൊരിച്ചുവെച്ചിരിക്കുന്നു. അടുക്കിയടുക്കിയുള്ള ആ ഒരുക്കല്‍തന്നെ കാണാന്‍ ഭംഗിയാണ്. ചിക്കന്‍ ലോലിപ്പോപ്പ്, ഡ്രൈഫ്രൈ, സ്‌പെഷ്യല്‍ ചിക്കന്‍ കറി എന്നിവയെല്ലാമാണ് സ്‌പെഷ്യല്‍ എന്ന് നടത്തിപ്പുകാരന്‍ ഷഹീല്‍. നല്ല എരിവോടെ പൊരിച്ചുവെച്ച ചിക്കന്‍. നോമ്പുതുറ കഴിഞ്ഞുള്ള തിരക്ക് കാത്തിരിക്കുകയാണ് ഷഹീലും സംഘവും. പക്ഷേ, ചില്ലി പോയിന്റിന് മുന്നിലുള്ള കടയില്‍ നില്‍ക്കാനിടമില്ല. പാര്‍സല്‍ സൗകര്യം മാത്രമുള്ള ആര്‍.കെ ഫുഡ്‌സ്. തിരക്കുകൊണ്ട് സാധനം സമാധാനത്തോടെ വില്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥ. സമീപത്തായി പലതരം പക്കോടകള്‍. ഇപ്പുറത്ത് വേവിച്ച കോഴിയും മീനും തൂക്കിവില്‍ക്കുന്നു. രണ്ട് കൗണ്ടറിന് മുന്നിലും തിരക്കാണ്.

'''മീനിനെത്രയാ?

കിലോ 300.

ചിക്കനോ?

കിലോ 250.''

രുചിക്ക് പേരുകേട്ട ആര്‍.കെ. ഫുഡ്‌സില്‍ തിരക്കൊഴിയുന്നേയില്ല.

വഴിയിലെ തിരക്ക് കൂടിക്കൂടിവരുകയാണ്. ആള്‍ക്കൂട്ടത്തിന്റെ വേഗവും അതിനനുസരിച്ച് ശബ്ദവും കൂടുന്നുണ്ട്. ഖുറേഷി ഫാസ്റ്റ്ഫുഡിന് ഇടത്തേ വശത്തുള്ള ചെറിയ ഇടവഴിയിലേക്ക് തിരിഞ്ഞതേയുള്ളൂ. ആര്‍.കെ. ഫുഡ്‌സില്‍ കണ്ടപോലെ വലിയ തിരക്കുള്ള മറ്റൊരു കട കണ്ടു. പ്രത്യേകിച്ച് പേരൊന്നുമില്ല. കടയുടെ ഇടത്തേമൂലയില്‍ ഒരു യുവാവ് ജിലേബി പൊരിച്ചെടുക്കുന്നു. ചൂടാറിയ ജിലേബി അപ്പപ്പോള്‍ തന്നെ വാങ്ങി ആളുകള്‍ പോകുന്നു. ഇറച്ചിയും മീനും പക്കോഡയും മധുരവുമെല്ലാം ഈ തെരുവില്‍ ഒരേപോലെ വേഗത്തില്‍ വിറ്റുപോകുന്നുണ്ട്.

ജിലേബി മധുരം നുണഞ്ഞ് മുന്നോട്ടുനടക്കുമ്പോള്‍ കാത്തിരിക്കുന്നത് കബാബാണ്. പ്രശസ്തമായ ബഡേക്കി ബീഫ് കബാബ്. ഏതാണ്ട് ലഡു കുഴച്ചുരുട്ടി എടുക്കുംപോലെ തോന്നും. അവ പൊരിച്ചെടുത്ത് കൂട്ടിയിട്ടത് കാണുമ്പോഴേ വായില്‍ വെള്ളമൂറും. 50 രൂപ കൊടുത്താല്‍ നസീമുദ്ദീന്‍ 150 ഗ്രാം കബാബ് തരും. 360 രൂപയ്ക്ക് ഒരു കിലോ കബാബ് കിട്ടും. ''ഒരുപാട് മലയാളികള്‍ ഞങ്ങളുടെ അടുത്തുനിന്ന് കബാബ് വാങ്ങാറുണ്ട്'' -കേരളത്തില്‍നിന്നാണെന്ന് പറഞ്ഞപ്പോള്‍ നസീമുദ്ദീന്‍ അടുപ്പം വിവരിച്ചു. വെളിച്ചംകുറഞ്ഞ തെരുവുകളിലെ ഓരോ കടയിലും വ്യത്യസ്ത രുചികള്‍ നിറയുന്നു. സ്‌പെഷ്യല്‍ കച്ചൂരി വില്‍ക്കുന്ന കട, കുല്‍ച്ചെ റൊട്ടിയും കമീരി റൊട്ടിയും ചുട്ടെടുക്കുന്ന സക്കീലിന്റെ കട. ഉള്ളിയുടെ, ഉരുളക്കിഴങ്ങിന്റെ, കോഴിയുടെ, മീനിന്റെ, പനീറിന്റെ പക്കോഡ വില്‍ക്കുന്ന ഷെറീഫ് റസ്റ്ററന്റ്. അതിനോടുചേര്‍ന്ന് ബിരിയാണിക്കടകള്‍. മുഗള്‍കാലത്തിന്റെ പിന്തുടര്‍ച്ച പേറുന്ന പഴയ ഡല്‍ഹിയിലെ ഇടവഴികള്‍ എത്രയെത്ര രുചി നമുക്കായി കാത്തുവെച്ചിരിക്കുന്നു.

ഡല്‍ഹിയില്‍ മൂന്നുവര്‍ഷത്തിലധികമായെങ്കിലും ഈ രുചിവഴിയിലൂടെ ആദ്യമാണ്. ഇടവഴി കയറിയെത്തിയത് ജുമാമസ്ജിദിന് മുന്നില്‍. ബാങ്ക് വിളി ഉയരുന്നു, ആളുകള്‍ തിക്കിത്തിരക്കി പടികള്‍ കയറി മസ്ജിദിനകത്തേക്ക് പ്രവേശിക്കുന്നു. മസ്ജിദിന് മുന്നിലെ ഉന്തുവണ്ടികളില്‍ 'മൊഹബത്ത് കി സര്‍ബത്തിന്റെ' സ്‌നേഹമധുരം നുണഞ്ഞു. യാത്ര ഇവിടെ അവസാനിക്കുന്നു. ദരിയഗഞ്ചില്‍ ഇനിയും രുചിക്കാത്ത അനേകം വിഭവങ്ങളുണ്ട്. അത് പിന്നീടൊരിക്കലാകാം.