2021 ജൂണ്‍ 12, വൈകുന്നേരം. കോപ്പന്‍ഹേഗനിലെ പാര്‍ക്കന്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയം. ആ മൈതാനത്തായിരുന്നു 2021 യൂറോ കപ്പ് ഫുട്‌ബോളില്‍ ഡെന്‍മാര്‍ക്ക ഫിന്‍ലന്‍ഡിനെ നേരിട്ടത്. കളി തുടങ്ങി 43-ാം മിനിറ്റ്. ഒരു ത്രോ ഇന്‍ സ്വീകരിച്ച ശേഷം ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ തളര്‍ന്നുവീഴുന്നു. പിന്നാലെ പാര്‍ക്കന്‍ സ്റ്റേഡിയം ഒരു പ്രാര്‍ഥനാമുറിയായി. റോളിഗന്‍ എന്ന് വിളിപ്പേരുള്ള ഡെന്‍മാര്‍ക്ക് ആരാധകര്‍ എറിക്‌സണിന്റെ തിരിച്ചുവരവിനായി ആര്‍പ്പുവിളിച്ചു. അധികം വൈകാതെ ആശുപത്രി കിടക്കയില്‍ നിന്ന് എറിക്‌സണ്‍ ജീവിതത്തിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ചു.

To advertise here,

ആ രാത്രിയില്‍ ലോകം ആലോചിച്ചത് എറിക്‌സണെക്കുറിച്ചും ഡെന്‍മാര്‍ക്കിനെപ്പറ്റിയുമായിരുന്നു. ഗൂഗിളിലും തിരച്ചിലുകള്‍ സജീവമായി. അങ്ങനെ ഒരു തിരച്ചില്‍ ചെന്നെത്തിയത് ഇന്ത്യയിലെ ഡെന്‍മാര്‍ക്കിലേക്കായിരുന്നു. ഇന്ത്യയില്‍ ഡെന്‍മാര്‍ക്കോ..! എന്ന ചോദ്യം, തിരച്ചിലിന്റെ ശക്തി വര്‍ധിപ്പിച്ചു. സംഭവം ശരിയാണ്. ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ബ്രിട്ടനും മാത്രമല്ല, ഡെന്‍മാര്‍ക്കിനുമുണ്ടായിരുന്നു ഇന്ത്യയില്‍ കോളനി. അതും നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍. കഴിക്കന്‍ ജില്ലയായ മയിലാടുതുറൈയിലെ തംരഗമ്പാടി എന്ന പ്രദേശം ഒരു കാലത്ത് അടക്കിവാണത് ഡെന്‍മാര്‍ക്കുകാരായിരുന്നു. അവിടെ ഒരു കൊച്ചു സമ്രാജ്യം സ്ഥാപിച്ചു. അതിന്റെ ഓര്‍മകളും അവശേഷിപ്പുകളും ഇന്നും അവിടെ നിലനില്‍ക്കുന്നു. എങ്കില്‍ തരംഗമ്പാടി കാണാമെന്ന് മനസ്സിലുറപ്പിച്ചു. പോകാനുള്ള റൂട്ടുകള്‍ മനസ്സിലാക്കി. തൃശ്ശൂരില്‍ നിന്ന് ട്രെയിനും ബുക്ക് ചെയ്തു.

placeholder
Tharangambadi beach in Tamilnadu
തരംഗമ്പാടിയിലേക്കുള്ള ഗേറ്റ്: ഫോട്ടോ: സിദ്ദീക്കുൽ അക്ബർ

എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസ്. വേളാങ്കണ്ണിയിലേക്കും നാഗൂരിലേക്കും കേരളത്തിലെ തീര്‍ഥാടകര്‍ ആശ്രയിക്കുന്ന തീവണ്ടി. ഈ രണ്ട് തീര്‍ഥാടനകേന്ദ്രത്തിലേക്കുമുള്ള ആളുകള്‍ ഇറങ്ങിയതോടെ നാഗപട്ടണം മുതല്‍ ട്രെയിന്‍ കാലി. അതിനുശേഷമുള്ള രണ്ടാമത്തെ സ്റ്റേഷനാണ് പോണ്ടിച്ചേരിയില്‍ സ്ഥിതിചെയ്യുന്ന കാരയ്ക്കല്‍. അവിടെനിന്ന് തരംഗമ്പാടിയിലേക്ക് ബസ്സോ ഓട്ടോയോ കിട്ടും. കാരയ്ക്കലില്‍ രണ്ടു തരം കാലാവസ്ഥയാണ്. ഉഷ്ണകാലം, മറ്റൊന്ന് അമിതോഷ്ണകാലം. ട്രെയിന്‍ ഇറങ്ങിയതു മുതല്‍ ചൂടിന്റെ ശക്തിയറിഞ്ഞുതുടങ്ങി. അവസാന സ്റ്റേഷനായിട്ടുപോലും കാരയ്ക്കലില്‍ പുറത്തിറങ്ങിയത് വിരലിലെണ്ണാവുന്ന യാത്രക്കാര്‍ മാത്രം. അവരെ കാത്ത് രണ്ടോ മൂന്നോ ഓട്ടോറിക്ഷകളും. ഞങ്ങള്‍ സ്റ്റാന്‍ഡിലെത്തുമ്പോഴേക്കും ഓട്ടോകളെല്ലാം പോയിക്കഴിഞ്ഞിരുന്നു. 


''ഇവിടെനിന്ന് ഇനി ഓട്ടോ കിട്ടില്ല. അടുത്ത ട്രെയിന്‍ വരണം, കുറച്ചൂടെ മുന്നോട്ടുപോയാല്‍ കിട്ടിയേക്കും''-ഓട്ടോസ്റ്റാന്‍ഡിന് അരികില്‍ ഇരുന്ന ഒരാള്‍ ഞങ്ങളോട് പറഞ്ഞു. വലിയ ബാഗുകളും പേറി സ്റ്റേഷന്റെ പുറത്തെത്തി. വെയിലിന്റെ തീവ്രത കൂടിവന്നു. അര കിലോമീറ്ററോളം നടന്ന് റോഡെത്തി. അവിടെ നിന്നൊരു ഓട്ടോ പിടിച്ച് നേരെ ഹോട്ടലിലേക്ക്. ഏകദേശം മൂന്നുകിലോമീറ്ററുണ്ടായിരുന്നു ഹോട്ടലിലേക്ക്. ചെറിയ കോവിലുകള്‍, ഉച്ചയ്ക്കും സജീവമായ ചായക്കടകള്‍, പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്ന സ്ത്രീകള്‍, ഇടയ്ക്കിടെ വരുന്ന ചെറുപാലങ്ങള്‍... കാരയ്ക്കലിലെ പുറംകാഴ്ചകള്‍ ഇങ്ങനെയായിരുന്നു. ഹോട്ടലില്‍ ഞങ്ങളെ വരവേറ്റത് വായാടിയായ റിസപ്ഷനിസ്റ്റായിരുന്നു. ഒരു സെക്കന്‍ഡ്‌പോലും ഇടവേളയില്ലാതെ. കാരയ്ക്കലിനെക്കുറിച്ചും തരംഗമ്പാടിയെക്കുറിച്ചും അദ്ദേഹം വാചാലനായി. തരംഗമ്പാടിയിലേക്ക് പോകാന്‍ ഓട്ടോറിക്ഷയും പുള്ളിക്കാരന്‍ റെഡിയാക്കിത്തന്നു.

ഡാനിഷ് തീരങ്ങളില്‍

ഹോട്ടലില്‍നിന്ന് ഇറങ്ങിയപ്പോള്‍ ഞങ്ങളെ കാത്ത് ഒരാള്‍ നില്‍ക്കുന്നുണ്ടായിരുന്നു. കൊമ്പന്‍മീശ വെച്ച് കാക്കിയുടുപ്പിട്ട ഡ്രൈവര്‍. പേര് ശരവണന്‍. പതിനഞ്ചുവര്‍ഷമായി കാരയ്ക്കലില്‍ ഓട്ടോയോടിക്കുന്നുണ്ട്. യാത്രയ്ക്കിടെ അദ്ദേഹം തരംഗമ്പാടിയെക്കുറിച്ച് പറഞ്ഞു. ''സാറിന് സുനാമി ഓര്‍മയില്ലേ..? അന്ന് തരംഗമ്പാടിയിലായിരുന്നു ഏറ്റവും നഷ്ടമുണ്ടായത്. മുന്നൂറോളം ആളുകള്‍ മരിച്ചു, ഇപ്പോള്‍ തരംഗമ്പാടി ടൂറിസ്റ്റ്‌കേന്ദ്രമായി തിരിച്ചുവന്നു. ഒരുപാടുപേര്‍ ഇപ്പോഴും ഇങ്ങോട്ടേക്കെത്തുന്നുണ്ട്.'' ഓട്ടോറിക്ഷ പുതുച്ചേരി അതിര്‍ത്തി വിട്ട് തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു. മാഹിയില്‍നിന്ന് തലശ്ശേരിയിലേക്ക് കടക്കുന്നതുപോലെ തോന്നി. വലിയ ചെക്‌പോസ്റ്റുകളോ പോലീസ് പരിശോധനകളോ ഇല്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ ഒരു ജങ്ഷനില്‍ ഓട്ടോ നിര്‍ത്തി.''ഇതാണ് തരംഗമ്പാടി. ഇവിടെനിന്ന് വലത്തോട്ട് നടന്നാല്‍ ബീച്ചിലെത്താം.''

placeholder
Tharangambadi beach in Tamilnadu
തരംഗമ്പാടിയിലെ ഡാനിഷ് ഫോർട്ട്

ഓട്ടോയില്‍നിന്ന് ഇറങ്ങിയപ്പോള്‍തന്നെ ഉണക്കമീനിന്റെ ഗന്ധമുയര്‍ന്നു. പിന്നില്‍ നിരനിരയായി ഉണക്കമീന്‍കടകള്‍. അങ്ങിങ്ങായി പച്ചമത്സ്യം വില്‍ക്കുന്ന കടകളുമുണ്ട്. വില്‍പ്പനയ്ക്കിരിക്കുന്നവരില്‍ കൂടുതലും സ്ത്രീകളാണ്. കടലില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന ആളുകളെയും കാണാം. അവിടവിടായി ചെറിയ കടകള്‍. കടലിനെ ആശ്രയിച്ചാണ് ഇവിടത്തെ ജനജീവിതം. മറ്റൊരു പ്രധാന വരുമാനമാര്‍ഗം ടൂറിസമാണ്.
പതിനാലാംനൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ഇന്ത്യയെ ലക്ഷ്യമിട്ട് യൂറോപ്യന്‍മാര്‍ യാത്ര തുടങ്ങിയത്. പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഇന്ത്യയിലെത്തി. പതിനാറാംനൂറ്റാണ്ടില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം ലക്ഷ്യമിട്ട് ഡെന്‍മാര്‍ക്കില്‍നിന്നൊരു കപ്പല്‍ പുറപ്പെട്ടു. ഒവെ ജെഡ്ഡെയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യമെത്തിയത് ശ്രീലങ്കയിലായിരുന്നു. എന്നാല്‍, അവിടത്തെ തദ്ദേശീയര്‍ ഡാനിഷ് സംഘത്തെ അടുപ്പിച്ചില്ല. ജെഡ്ഡെയും സംഘവും അങ്ങനെ ഇന്ത്യയിലെത്തി. അവര്‍ ആദ്യം കണ്ട കര തരംഗമ്പാടിയായിരുന്നു. തരംഗമ്പാടിയില്‍ കച്ചവടത്തിനുള്ള സാധ്യതകള്‍ തേടി അവര്‍ അന്നത്തെ തഞ്ചാവൂര്‍ രാജാവായ രഘുനാഥ് നായകുമായി ചര്‍ച്ച നടത്തി. ഒടുവില്‍ രഘുനാഥ് നായക് ചെറിയ തുകയ്ക്ക് തരംഗമ്പാടിയെ കച്ചവടത്തിനായി വാടകയ്ക്ക് വിട്ടുനല്‍കി. പിന്നീട് രണ്ട് നൂറ്റാണ്ടോളം തംരഗമ്പാടിയുടെ കടിഞ്ഞാണ്‍ ഡെന്‍മാര്‍ക്കിനായിരുന്നു. ട്രാങ്ക്ബാര്‍ എന്നാണ് ഡാനിഷുകാര്‍ തരംഗമ്പാടിയെ വിളിച്ചത്. തരംഗമ്പാടി എന്നാല്‍, പാടുന്ന തിരമാലകളുടെ തീരം എന്നാണ് തമിഴില്‍ അര്‍ഥം. 

placeholder
Tharangambadi beach in Tamilnadu
തരംഗമ്പാടി ബീച്ചിൽ ഇരിക്കുന്ന ജനങ്ങൾ

തരംഗമ്പാടി ജങ്ഷനില്‍നിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ രാജ സ്ട്രീറ്റ് എന്ന തെരുവ് കാണാം. ചെറിയ ഹോട്ടലുകളും ചായക്കടകളും കടന്ന് ഇടത്തോട്ട് തിരിഞ്ഞാല്‍ അല്പം ദൂരെയായി വലിയ ഗേറ്റ് കാണാം. ഡാനിഷ് സാമ്രാജ്യത്തിലേക്കുള്ള പ്രവേശനകവാടം, ദ ടൗണ്‍ ഗേറ്റ്. ആര്‍ച്ച് രൂപത്തിലുള്ള ഗേറ്റിന് മുകളിലായി ഡെന്‍മാര്‍ക്കിന്റെ ദേശീയചിഹ്നമു്. 16-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ടൗണ്‍ ഗേറ്റ് 1792-ല്‍ തരംഗമ്പാടിയുടെ ഡാനിഷ് ഗവര്‍ണറായിരുന്ന പീറ്റര്‍ പുതുക്കിപ്പണിതു. ഗേറ്റിന്റെ ചുമരില്‍ നിറയെ തമിഴ് പോസ്റ്ററുകള്‍ നിറഞ്ഞിട്ടുണ്ട.് കെട്ടും മട്ടും കണ്ടിട്ട് ഏതോ രാഷ്ട്രീയപാര്‍ട്ടിയുടെ പോസ്റ്റര്‍പോലുണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു സ്മാരകത്തോട് കാട്ടുന്ന അനാദരവായി തോന്നും അവ. 

ടൗണ്‍ ഗേറ്റ് കടന്നതോടെ തരംഗമ്പാടിയുടെ കോലം മാറി. റോഡിന് ഇരുവശങ്ങളിലുമുള്ള നിര്‍മിതികള്‍ക്കെല്ലാം ഒരു യൂറോപ്യന്‍ ടച്ച്. സമീപത്തെ വിദ്യാലയത്തിനും ക്രിസ്ത്യന്‍ ദേവാലയത്തിനുമെല്ലാം ഡാനിഷ് ശൈലി തെളിഞ്ഞു കാണാം. അല്പംകൂടി നടന്നു. വലതുഭാഗത്തായി മനോഹരമായ ക്രിസ്ത്യന്‍പള്ളി. ന്യൂ ജെറുസലേം ചര്‍ച്ച് എന്നാണ് പേര്. 1718-ലാണ് ഇതിന്റെ നിര്‍മാണം. മുറ്റത്തോട് ചേര്‍ന്ന് കല്ലറകളും സ്തൂപങ്ങളുമുണ്ട്. അകത്തേക്ക് പ്രവേശിക്കാനാകുമോയെന്ന ചിന്തയില്‍ ഗേറ്റിന് പുറത്ത് കുറച്ചുനേരം നിന്നു. അതുവഴി വന്ന ഒരാളോട് കാര്യം തിരക്കിയെങ്കിലും ഒന്നും പറയാതെ അയാള്‍ നടന്നകന്നു. 
ആ മൗനം ഞങ്ങള്‍ സമ്മതമായി കണക്കാക്കി. ചാരിയ ഗേറ്റ് ശബ്ദമില്ലാതെ തുറന്നു. ഡെന്‍മാര്‍ക്കില്‍നിന്ന് തരംഗമ്പാടിയിലെത്തിയ ക്രിസ്ത്യന്‍ മിഷിനറിമാരെയും മറ്റ് പ്രധാനികളെയും അടക്കംചെയ്ത കല്ലറകളാണ് മുറ്റത്ത്. പള്ളിക്കകത്തേക്ക് കടന്നു. ശാന്തമായ അന്തരീക്ഷം. ദേവാലയത്തിനുള്ളില്‍ ആരെയും കില്ല. അള്‍ത്താരയ്ക്ക് മുന്നിലായി കുറെ ബെഞ്ചുകള്‍ ഇട്ടിരിക്കുന്നു. ചുമരുകളില്‍ കറുത്ത ശിലാഫലകങ്ങള്‍. ഫ്രെയിംചെയ്ത ഒരു ഫോട്ടോയിലേക്ക് കണ്ണ് പോയി. ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ മൊണാലിസ പോലെ തോന്നിപ്പിക്കുന്ന ചിത്രം. ചിത്രത്തിന്റെ താഴെ പേര് എഴുതിവെച്ചിട്ടുണ്ട്. ബര്‍ത്തോലോമോസ് സീഗന്‍ബല്‍ഗ്. ഡാനിഷ് രാജാവ് കിങ് ഫ്രെഡറിക് നാലാമന്‍ ഇന്ത്യയിലേക്കയച്ച ആദ്യത്തെ പ്രൊട്ടെസ്റ്റന്റ് മിഷണറിയായിരുന്നു അദ്ദേഹം. 1707-ലാണ് സീഗന്‍ബല്‍ഗ് തരംഗമ്പാടിയിലെത്തുന്നത്. തമിഴ്ഭാഷ സ്വായത്തമാക്കിയ അദ്ദേഹം പിന്നീട് ക്രിസ്ത്യന്‍ മതപ്രചാരണത്തില്‍ ഏര്‍പ്പെട്ടു. ബര്‍ത്തലോമോസാണ് ഈ ദേവാലയം നിര്‍മിച്ചത്. 2004-ലെ സുനാമിയില്‍ ദേവാലയത്തിന്റെ പല ഭാഗങ്ങളും തകര്‍ന്നു. 2006-ല്‍ പുനര്‍നിര്‍മിച്ച പള്ളിയാണ് ഇപ്പോഴുള്ളത്.

തരംഗമ്പാടിയുടെ സാമ്പത്തിക-വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളില്‍ സീഗന്‍ബല്‍ഗിന്റെ സേവനം നിസ്തുലമാണ്. അദ്ദേഹത്തിന്റെ പേരിലാണ് പല സ്ഥാപനങ്ങളും ബില്‍ഡിങ്ങുകളും അറിയപ്പെടുന്നത്. പള്ളിയില്‍നിന്നിറങ്ങി അല്പം നടന്നാല്‍ ഒരു ചെറിയ ജങ്ഷനിലെത്തും. അവിടെയാണ് സീഗന്‍ബല്‍ഗിന്റെ സ്വര്‍ണനിറമുള്ള പ്രതിമ. പ്രതിമയുടെ പിന്നിലും വശങ്ങളിലുമുള്ള. ശിലാഫലകങ്ങളില്‍ സീഗന്‍ബല്‍ഗിന്റെ നേട്ടങ്ങളും സംഭാവനകളും ആലേഖനംചെയ്തിരിക്കുന്നു. ഇന്ത്യയില്‍ പ്രിന്റിങ് പ്രസ് അവതരിപ്പിച്ചതും തമിഴിലേക്ക് ബൈബിള്‍ തര്‍ജമചെയ്തതും അദ്ദേഹമാണ്. 
ഇവിടെനിന്ന് അല്പം മാറിയാണ് അദ്ദേഹത്തിന്റെ പേരിലുള്ള മ്യൂസിയം സ്ഥിതിചെയ്യുന്നത്. സീഗന്‍ബല്‍ഗ് താമസിച്ച വീട് മ്യൂസിയമാക്കി സംരക്ഷിച്ചുപോരുന്നു. സീഗന്‍ബല്‍ഗ് ഹൗസ് എന്നാണതിന്റെ പേര്. ചെന്നെത്തിയത് ഒരു സ്‌കൂള്‍ ഗേറ്റിന് മുന്നിലായിരുന്നു. സമീപത്തുണ്ടായിരുന്ന വിദ്യാര്‍ഥിയോട് മ്യൂസിയത്തെക്കുറിച്ച് ആരാഞ്ഞു.അവന്‍ പറഞ്ഞതനുസരിച്ച് സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ കടന്നു. ഇവിടെയാണ് മ്യൂസിയമുള്ളത്. അദ്ദേഹംതന്നെ സ്ഥാപിച്ച സ്‌കൂളാണ് സമീപത്തുള്ളത്. 20 രൂപയാണ് മ്യൂസിയം കാണാനുള്ള ഫീസ്. വേറെ സന്ദര്‍ശകരാരുമില്ല. ചെറിയ രണ്ട് ഹാളുകളില്‍ പുരാവസ്തുക്കളും രേഖകളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കേരളത്തില്‍നിന്നുള്ളവരാണെന്ന് പറഞ്ഞതോടെ മ്യൂസിയത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ഡയാന ഓരോ കാര്യങ്ങളും വിശദീകരിച്ചു. തരംഗമ്പാടിയിലേക്കുള്ള ഡെന്‍മാര്‍ക്കുകാരുടെ കടന്നുവരവും മിഷനറി പ്രവര്‍ത്തനങ്ങളുടെ ചരിത്രവും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒപ്പം സീഗന്‍ബല്‍ഗ് ഉപയോഗിച്ച ബൈബിളുകള്‍, ആദ്യത്തെ പ്രിന്റിങ് പ്രസിന്റെ മോഡലുകള്‍... അങ്ങനെ പലതും. അക്കാലത്തെ മാമോദീസത്തൊട്ടിയും കാണാം. ഇറങ്ങാന്‍ നേരം ഡയാനയുടെ പേരിനെക്കുറിച്ച് ചോദിച്ചു. രാജകുമാരിയുടെ പേരാണല്ലോ എന്ന് പറഞ്ഞപ്പോള്‍ അവരുടെ മുഖത്ത് സന്തോഷം. ''തരംഗമ്പാടിയിലെ എല്ലാ പേരുകള്‍ക്കും യൂറോപ്യന്‍ സ്‌റ്റൈലുണ്ട്, പ്രത്യേകിച്ച് ഡാനിഷ്,''ഡയാന ചിരിച്ചുകൊണ്ട് പറഞ്ഞു. അത് ശരിയായിരുന്നു, പരിചയപ്പെട്ടവര്‍ക്കെല്ലാം യൂറോപ്യന്‍ പേരുകളായിരുന്നു. റോബര്‍ട്ട്, നോഹ, വില്യംസ്... അങ്ങനെ നീളുന്നു.
''ഇനിയെങ്ങോട്ടാ?,'' ഇറങ്ങാന്‍ നേരം ഡയാന ചോദിച്ചു.''ഫോര്‍ട്ടിലേക്ക്,'' ഞങ്ങള്‍ മറുപടി കൊടുത്തു.''ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ മാത്രമല്ല, ചരിത്രപ്രാധാന്യമുള്ള ക്ഷേത്രവുമുണ്ട് ഇവിടെ. മാസിലമണിനാഥാര്‍ ക്ഷേത്രം. അവിടേക്ക് നേരേ പോയാല്‍ മതി.'' ഡയാന കാണിച്ച വഴിയിലൂടെ ഞങ്ങള്‍ നടന്നു.

കടലിനോട് ചേര്‍ന്നാണ് മാസിലമണിനാഥാര്‍ ക്ഷേത്രം. പ്രവേശനകവാടം താഴിട്ട് പൂട്ടിയിട്ടുണ്ട്. ഏതെങ്കിലും വാതില്‍ തുറന്നിട്ടുണ്ടോ എന്നറിയാന്‍ ക്ഷേത്രത്തിന് ചുറ്റും നടന്നു. ഇല്ല, ഒന്നും തുറന്നിട്ടില്ല. അന്നേദിവസം ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ ഒരുഭാഗം കടല്‍ത്തീരത്താണ്. അവിടെ എപ്പോള്‍ വേണമെങ്കിലും ചെല്ലാം. ഞങ്ങള്‍ അങ്ങോട്ട് നടന്നു. കടലിനോട് മുഖം നോക്കിയാണ് കോവില്‍. മുന്നിലായി നന്ദി വിഗ്രഹം. ശിവനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. 13-ാം നൂറ്റാണ്ടിലാണ് മാസിലമണിനാഥാര്‍ ക്ഷേത്രത്തിന്റെ നിര്‍മാണം. പാണ്ഡ്യവംശത്തിലെ രാജാവായ കുലശേഖര പാണ്ഡ്യന്‍ ഒന്നാമനാണ് ക്ഷേത്രനിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. തമിഴ്-ചൈനീസ് വാസ്തുവിദ്യാ വൈഭവം ഇടകലര്‍ത്തിയാണ് ക്ഷേത്രനിര്‍മാണം. അക്കാലത്തെ ചൈനീസ് കച്ചവടക്കാരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍വേണ്ടിയാണ് ഈ രൂപത്തില്‍ ക്ഷേത്രം നിര്‍മിച്ചത്. 

placeholder
Tharangambadi beach in Tamilnadu
മാസിലമണിനാഥ‌ാർ ക്ഷേത്രം

കരിങ്കല്ലുകള്‍കൊണ്ട് ക്ഷേത്രത്തിന് മുന്നിലായി കടല്‍ഭിത്തി പണിതുയര്‍ത്തിയിട്ടുണ്ട്. കടല്‍ക്കാറ്റേറ്റിരിക്കുമ്പോഴാണ് മറ്റൊരു കാഴ്ച കണ്ണിലുടക്കിയത്. തരംഗമ്പാടിയുടെ ഹൃദയമായ ഡാനിഷ് ഫോര്‍ട്ട്. ഞങ്ങളിരിക്കുന്നിടത്തുനിന്ന് 300 മീറ്റര്‍മാത്രം അകലെയാണ് കോട്ട. കോട്ട ലക്ഷ്യമാക്കി ഞങ്ങള്‍ കടല്‍ത്തീരത്തുകൂടി നടന്നു. സന്ദര്‍ശകരും കച്ചവടക്കാരു മെല്ലാമായി കോട്ടയ്ക്ക് മുന്നില്‍ നല്ല തിരക്കുണ്ട്.  പ്രവേശനകവാടത്തില്‍ത്തന്നെയാണ് ടിക്കറ്റ് കൗണ്ടര്‍. കടലിന് സമാന്തരമായാണ് കോട്ട സ്ഥിതിചെയ്യുന്നത്. കടല്‍ത്തിരകളില്‍നിന്ന് രക്ഷനേടാനായി നിര്‍മിച്ച കട്ടിയേറിയ മതിലിന് മുകളില്‍ അല്പനേരമിരുന്നു. തീരത്ത് കോട്ടയുടെ പഴയ ചുറ്റുമതിലിന്റെ അവശേഷിപ്പുകള്‍ കാണാം. വിഷമചതുര്‍ഭുജാകൃതിയിലാണ് കോട്ട. 1620-ല്‍ ഡാനിഷ് റോയല്‍ നേവി കമാന്‍ഡര്‍, ഒവെ ജെഡ്ഡെയാണ് ഈ കോട്ട നിര്‍മിച്ചത്. 1977 മുതല്‍ തമിഴ്നാട് പുരാവസ്തുവകുപ്പിനാണ് കോട്ടയുടെ സംരക്ഷണച്ചുമതല. കോട്ടയ്ക്കുള്ളില്‍ മൂന്ന് മുറികളാണുള്ളത്. തരംഗമ്പാടിയിലെ ഡാനിഷ് ഗവര്‍ണറും ഉന്നത ഉദ്യോഗസ്ഥരും ഉപയോഗിച്ചിരുന്ന മുറികളാണിവ. ഇപ്പോഴത് മ്യൂസിയമാക്കി മാറ്റിയിട്ടുണ്ട്. ഇന്ത്യ-ഡാനിഷ് ബന്ധത്തിന്റെ ചരിത്രം അടയാളപ്പെടുന്ന ഇടംകൂടിയാണ് ഈ മ്യൂസിയം. 
കോട്ടയുടെ താഴെ ഇടതുഭാഗത്തായി സൈനികരുടെ മുറികള്‍, മദ്യശാലകള്‍, അടുക്കള എന്നിവയാണ്. വിശാലമായ മുറികളാണെങ്കിലും വാതില്‍ താരതമ്യേന ചെറുതാണ്. കോട്ടയ്ക്കകം ചുറ്റിക്കറങ്ങി മുന്‍വശത്തെത്തി. കടല്‍ത്തീരത്ത് സഞ്ചാരികളുടെ തിരക്ക് കൂടിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന്റെ സൗന്ദര്യമാസ്വദിച്ച് ഞങ്ങളിരുന്നു. അസ്തമിച്ചുപോയ ഒരു സാമ്രാജ്യത്തിന്റെ ഓര്‍മ്മകള്‍ക്ക് മേല്‍ പടിഞ്ഞാറ് സൂര്യന്‍ മാഞ്ഞു തുടങ്ങിയിരുന്നു.