കരീന കപൂറും ഷാഹിദ് കപൂറും ഒരുകാലത്ത് ബോളിവുഡിലെ പേരെടുത്ത പ്രണയജോടികളായിരുന്നു. ഏകദേശം നാലുവർഷത്തോളം ഇരുവരും പ്രണയിച്ചു. 2007-ലെ 'ജബ് വീ മെറ്റ്' എന്ന ചിത്രത്തിലെ ഷാഹിദിന്റെയും കരീനയുടേയും കെമിസ്ട്രി ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. പിന്നീട് വേർപിരിഞ്ഞശേഷം ഇരുവരും തങ്ങളുടെ പങ്കാളികളെ കണ്ടെത്തി സന്തോഷകരമായ കുടുംബജീവിതം നയിച്ചുവരുന്നു. ഇപ്പോഴിതാ ഷാഹിദ് കപൂറിന്റെ ഭാര്യ മിര രജ്പുത്തിനെ തന്റെ ടോക്ക് ഷോയിലേക്ക് അതിഥിയായി ക്ഷണിച്ചിരിക്കുകയാണ് കരീന കപൂർ. മിരയെ 'സ്നേഹമുള്ളവളും പ്രിയപ്പെട്ടവളും' എന്ന് കരീന വിശേഷിപ്പിക്കുന്നുമുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മിരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കരീന ഇന്റർനെറ്റിനെ ഞെട്ടിച്ചു. കരീനയുടെ റേഡിയോ ഷോയായ 'വാട്ട് വുമൺ വാട്ട്'-ന്റെ പുതിയ സീസണിലാണ് മിര അതിഥിയായെത്തുക. ആരാധകർ ഇരുവരെയും ഒന്നിച്ച് കാണുന്നത് ഇതാദ്യമായതുകൊണ്ട് ഈ കൂട്ടുകെട്ടിന് ഏറെ പ്രത്യേകതയുണ്ട്. കരീന-ഷാഹിദ് പ്രണയത്തെപ്പറ്റി ഒട്ടേറെ ചോദ്യങ്ങൾ മിര പരസ്യമായി നേരിടേണ്ടി വന്നതിനാൽ, അവർക്ക് പറയാനുള്ളത് എന്താണെന്നറിയാനും ആളുകൾക്ക് കൗതുകമുണ്ട്.

അതേസമയം, മിര കരീനയ്ക്കായും ഒരു കുറിപ്പ് പങ്കുവെച്ചു- "സ്ത്രീകൾ ആഗ്രഹിക്കുന്നത് അവരായിരിക്കുക എന്നതാണ്. എന്നെ ക്ഷണിച്ചതിനും നിങ്ങൾ നിങ്ങളായിരിക്കുന്നതിനും നന്ദി @kareenakapoorkhan." എന്നായിരുന്നു അത്.

ഇരുവരെയും ഒന്നിച്ച് കാണുന്നതിലുള്ള ആവേശം പങ്കുവെച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ കമന്റുമായെത്തി. കുടുംബങ്ങൾ തമ്മിലുള്ള ബന്ധവും ബോളിവുഡ് ചരിത്രവും കണക്കിലെടുക്കുമ്പോൾ, ഇത്തരമൊരു ഒത്തുകൂടൽ ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പലരും സമ്മതിച്ചു. ക്രീം നിറത്തിലുള്ള കോർസെറ്റ് ടോപ്പും കറുത്ത ലെതർ സ്കർട്ടും ധരിച്ചാണ് മീര എത്തിയത്. കരീന ചുവന്ന ടോപ്പും ബ്രൗൺ ലെതർ സ്കർട്ടും ധരിച്ചു.

കരീനയും ഷാഹിദും 2004-2007 കാലഘട്ടത്തിലാണ് പ്രണയത്തിലായിരുന്നത്. 2012-ൽ കരീന സൈഫ് അലി ഖാനെയും 2015-ൽ ഷാഹിദ് മിരയെയും വിവാഹം കഴിച്ചു. കരീനയ്ക്കും സൈഫിനും തൈമൂർ, ജഹാംഗീർ എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്. ഷാഹിദിനും മിരയ്ക്കും ഒരു മകളും മകനുമാണ്. മിഷയും സൈനും. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi