ശ്രീലങ്കയുടെ ആത്മാവില് ആഴത്തിലുള്ള സ്വാധീനം ബുദ്ധമതത്തിനുണ്ട്. നൂറ്റാണ്ടുകള്ക്ക് മുന്പേ വേരോടിയ ബുദ്ധിസത്തിന്റെ അവശേഷിപ്പുകള് കാണാം. ഒപ്പം സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചകളും അറിയാം...

അശോക ചക്രവർത്തിയുടെ കാലം മുതൽക്കേ ശ്രീലങ്കയിൽ ബുദ്ധമതം ആഴത്തിൽ വേരോടിയിരുന്നു. കാൻഡി നഗരത്തിൽ ശ്രീബുദ്ധന്റെ പല്ല് സൂക്ഷിച്ചിട്ടുള്ള ക്ഷേത്രം പോലെ തന്നെ ദംബുള്ള (Dambulla) ഗുഹയും അതിലെ ബുദ്ധചിത്രങ്ങളും ശ്രീലങ്കയിലെത്തുന്ന സഞ്ചാരികളെ ഭ്രമിപ്പിക്കുന്നു. 1981 ലെ സന്ദർശനത്തിനിടെ എലിസബത്ത് രാജ്ഞി രണ്ട് മണിക്കൂറോളം ഈ ഗുഹാചിത്രങ്ങൾ വീക്ഷിച്ചിട്ടുണ്ടത്രെ. ''നൂറ്റാണ്ടുകളുടെ ചരിത്രപഥത്തിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞതിൽ ആത്മസാഫല്യം പകർന്നു നിൽകിയ സന്ദർശനമായിരുന്നു അതെന്ന്'' രാജ്ഞി പിന്നീട് എഴുതി. ദംബുള്ള ഗുഹ യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഞ്ച് ഗുഹാക്ഷേത്രങ്ങളും ആശ്രമങ്ങളുമുള്ള ദംബുള്ള ശ്രീലങ്കയിൽ ഏറ്റവും മികവാർന്ന രീതിയിൽ പരിരക്ഷിക്കപ്പെടുന്ന സാംസ്‌കാരിക കേന്ദ്രമാണ്. ഇവിടുത്തെ ചുവർ ചിത്രങ്ങൾക്ക് രണ്ടായിരം വർഷത്തോളം പഴക്കമുണ്ട്. നൂറ്റി അൻപതിൽ അധികം ബുദ്ധവിഗ്രഹങ്ങളും ഇവിടെ കാണാം. ബുദ്ധന്റെ പാദങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത് വിദഗ്ധമായ കലാസൃഷ്ടിയായി ലോകമെങ്ങും അംഗീകരിക്കപ്പെടുന്നു. ശ്രീലങ്ക ഭരിച്ചിരുന്ന രാജാക്കന്മാർ ഈ ഗുഹകളും ചിത്രങ്ങളും അമൂല്യ സാംസ്‌കാരിക സമ്പത്തായി കരുതി സംരക്ഷിച്ചുപോന്നിരുന്നു. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽനിന്ന് 170 കിലോമീറ്റർ അകലെ ഹരിതഭംഗിയാർന്ന വനപ്രദേശങ്ങൾ പിന്നിട്ടു വേണം ദംബുളയിൽ എത്താൻ. 80-ഓളം കരിങ്കൽ ഗുഹകൾ ഇവിടെയുണ്ട്. ബുദ്ധദർശനങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതാണ് ഈ ചുവർചിത്രങ്ങൾ. 23,000 ചതുരശ്ര അടിയിൽ അവ വ്യാപിച്ചുകിടക്കുന്നു. ബുദ്ധമതം ശ്രീലങ്കയിൽ പ്രചരിക്കുന്നതിന് മുമ്പ് പ്രാചീന മനുഷ്യർ ഈ ഗുഹകളിൽ താമസിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിൽക്കാലത്ത് നടത്തിയ ഗവേഷണങ്ങൾക്കിടെ നിരവധി അസ്ഥികൂടങ്ങൾ ഇവിടെ നിന്നും ലഭിക്കുകയുണ്ടായി.
Also Read
ദേവരാജ ഗുഹയാണ് ആദ്യത്തേത്. ബുദ്ധവിഹാരങ്ങൾ സ്ഥാപിച്ചതിന്റെ വിവരണങ്ങൾ ബ്രാഹ്‌മി ലിപിയിൽ ഗുഹാകവാടത്തിൽ കൊത്തിവച്ചിട്ടുണ്ട്. നാൽപ്പത്തിയഞ്ച് അടി നീളമുള്ള ശയനബുദ്ധന്റെ പ്രതിമയാണ് ഈ ഗുഹയിലെ സവിശേഷമായ ദൃശ്യം. ബുദ്ധപാദങ്ങൾക്ക് സമീപം പ്രിയശിഷ്യനായിരുന്ന ആനന്ദന്റെ പ്രതിമയുമുണ്ട്. ബുദ്ധന്റെ ശിരസിനോടനുബന്ധിച്ച് വിഷ്ണുവിന്റെ ശിൽപ്പവും കാണാം. ബൗദ്ധ-ഹൈന്ദവ മതങ്ങളുടെ ഐക്യം വിളിച്ചോതുന്ന കലാസൃഷ്ടിയാണിത്. മറ്റുള്ള ഗുഹകളിൽ നിൽക്കുകയും ഇരിക്കുകയും ചെയ്യുന്ന കൂറ്റൻ ബുദ്ധപ്രതിമകളും കാണാം.
സിഗിരിയ കോട്ട
പത്ത് ലക്ഷത്തിലധികം സഞ്ചാരികൾ വർഷംതൊറും സിഗിരിയ കോട്ട കാണാനായെത്തുന്നു. ദംബുള്ളയിൽനിന്നും അകലെ മതലെ ജില്ലിയിലാണ് സിഗിരിയ കോട്ട സ്ഥിതിചെയ്യുന്നത്. ഒരു കൂറ്റൻ പാറയ്ക്ക് മുകളിൽ നാലേക്കറോളം വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന ഈ ചരിത്ര സ്മാരകത്തിൽ രാജകൊട്ടാരത്തിന്റെയും ബുദ്ധവിവാഹരത്തിന്റെയും അവശേഷിപ്പുകൾ കാണാം. കശ്യപരാജാവാണ് പാറയ്ക്ക് മുകളിൽ ഈ കോട്ടയുടെ പണിതുയർത്തിയതെന്നാണ് പറയപ്പെടുന്നത്. 600 അടിയോളം ഉയരമുള്ള സിഗിരിയ കോട്ട സഞ്ചാരികളെ എന്നും വിസ്മയിപ്പിക്കുന്നു.
ചെങ്കല്ലിലെ മുസ്ലീം പള്ളി
ശിൽപസൗന്ദര്യത്തിന്റെ കാവ്യഭാവം എന്നാണ് കൊളംബോയിലെ ചെങ്കല്ലിൽ പണിതീർത്തിട്ടുള്ള മുസ്ലീം പള്ളിയെ വിശേഷിപ്പിക്കുന്നത്. വ്യത്യസ്തമായ വാസ്തുവിദ്യയിലാണ് പള്ളി നിർമിച്ചിരിക്കുന്നത്. കൊളംബോയിൽ പേട്ട ജില്ലയിലുള്ള ഈ ദേവാലയം സഞ്ചാരികളെ എന്നും ആകർഷിക്കുന്നു. കൊളംബോയിലെ ഏറ്റവും പഴക്കമുള്ള പള്ളികൂടിയാണിത്. പള്ളിയുടെ താഴികക്കുടങ്ങൾ വളരെ അകലെ നിന്ന് തന്നെ ദൃശ്യമാണ്. ഇന്ത്യയിലെ താജ്മഹൽ പോലെ, മനസ്സിൽ അവാച്യമായ സൗന്ദര്യബോധം സൃഷ്ടിക്കുന്ന ഒന്നാണിതെന്ന് വിദേശികളായ കലാനിരൂപകർ രേഖപ്പെടുത്തിയിട്ടുണ്ട്. കൊളംബോയിൽ എത്തുന്ന കപ്പിത്താന്മാർക്ക് ഒരു ദീപസ്തംഭം പോലെയാണ് പള്ളി. 1900ൽ പണി ആരംഭിച്ച പള്ളി, ഒൻപത് വർഷങ്ങൾക്ക് ശേഷം പൂർത്തിയായി. മുസ്ലീം പള്ളികളിലെ കാണപ്പെടുന്ന താഴികക്കുടങ്ങളിൽനിന്ന് വ്യത്യസ്തമായാണ് ഇവ രൂപകൽപന ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തിൽ 1500 പേർക്ക് പ്രാർഥനയർപ്പിക്കാൻ മാത്രമെ സൗകര്യമുണ്ടായിരുന്നുവെങ്കിലും പിന്നീട് പുതുക്കിപ്പണിയുകയായിരുന്നു. ഇപ്പോൾ 10,000 പേർക്ക് ഈ ദേവാലയത്തിൽ സമ്മേളിക്കാൻ കഴിയും. ജാതിയും മതവും തടസ്സമല്ല. എല്ലാ മതവിഭാഗങ്ങൾക്കും ഇവിടെ ഹാർദവമായ സ്വാഗതം അരുളുന്നു.

പ്രാചീനകാലത്ത് സുഗന്ധദ്രവ്യങ്ങൾ തേടിയും വ്യാപാരത്തിനുമായി യൂറോപ്യന്മാരും അറബികളും ഇന്ത്യയിൽ എത്തിയത് പോലെ കൊളംബോ തുറമുഖത്തും നങ്കൂരമിടുകയുണ്ടായി. ശ്രീലങ്കയിൽ കറുവപ്പട്ടയായിരുന്നു അറബികളെ ഏറെ ആകർഷിച്ചത്. ശ്രീലങ്കയിലേക്കുള്ള മുസ്ലീങ്ങളുടെ പ്രവേശനം അങ്ങനെയായിരുന്നു. പിൽക്കാലത്ത് ഇന്ത്യയിൽ നിന്നും മുസ്ലീങ്ങൾ ശ്രീലങ്കയിൽ എത്തിച്ചേരുകയുണ്ടായി. റബ്ബർ-തേയില തോട്ടങ്ങളിൽ പണിയെടുക്കാൻ ഇന്ത്യാക്കാരെ ബ്രിട്ടീഷുകാർ ശ്രീലങ്കയിൽ എത്തിച്ചപ്പോൾ മുസ്ലീം മതവിഭാഗങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു. ശ്രീലങ്കയുടെ ജനസംഖ്യയിൽ ഏതാണ്ട് 10 ശതമാനത്തോളം മുസ്ലീങ്ങളുണ്ട്. സിംഹള ഭാഷ സംസാരിക്കുന്ന മുസ്ലീങ്ങൾ ഉണ്ടെങ്കിലും ഭൂരിഭാഗവും തമിഴാണ് കൂടുതലായും സംസാരിക്കുക. ദക്ഷിണേന്ത്യയിൽ നിന്നുള്ള മുസ്ലീങ്ങളാണ് ശ്രീലങ്കയിൽ കൂടുതലുള്ളത്.
ശ്രീലങ്കയിലെ കൊച്ചിക്കട
കൊളംബോ നഗരത്തിന്റെ പ്രവേശനകവാടമായ കൊച്ചിക്കട (Kochikada) നമ്മുടെ കൊച്ചിയെ ഓർമിപ്പിക്കുന്നതാണ്. നൂറുവർഷങ്ങൾക്ക് മുൻപ് കൊച്ചിയിൽനിന്ന് ഒരു ക്രിസ്തീയ വൈദികൻ മതപ്രചാരണത്തിനായി കൊളംബോയിൽ എത്തുകയുണ്ടായത്രെ. വൈകാതെ അദ്ദേഹത്തിന് അനുയായികൾ ഉണ്ടായി. അവർ ഈ പരിസരത്ത് ചെറിയ കടകൾ സ്ഥാപിച്ചു. ക്രമേണ അവ കൊച്ചിക്കടയായി അറിയപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് ആധികാരിക രേഖകൾ ഇല്ല. കൊച്ചിക്കടയിലുള്ള സെന്റ് ആന്റണീസ് ദേവാലയം ഏറെ പ്രശസ്തമാണ്. മലയാളികളായ സന്ദർശകർ കൊളംബോയിൽ എത്തുമ്പോൾ കൊച്ചിക്കട സന്ദർശിക്കാറുണ്ട്.
ഡച്ചുകാർ ശ്രീലങ്ക ഭരിക്കുന്ന കാലത്ത് കത്തോലിക്ക വിശ്വാസികൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, കത്തോലിക്ക പുരോഹിതന്മാർ ഒളിവിലിരുന്ന് മതപ്രചാരണം നടത്തുകയുണ്ടായി. എന്നാൽ, ഒരു മുക്കുവനായി വേഷം മാറി ഫാ. ആന്റണി വിശ്വാസികളെ രഹസ്യമായി സന്ദർശിച്ചു മതപ്രചാരണം നടത്തിയത്രെ!. മനുഷ്യസ്നേഹിയായ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഡച്ച് അധികൃതർ പിന്നീട് തടസ്സപ്പെടുത്തിയില്ല. ഒരു ചെറിയ കുരിശ് പള്ളി പണിയാൻ അദ്ദേഹത്തിന് ഡച്ചുകാർ അനുമതി നൽകി. പിന്നീട് കുരിശുപള്ളി നവീകരിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത്, 19േ40ൽ സെന്റ് ആന്റണീസ് പള്ളിയായി ഉയർന്നു. 2019 ഏപ്രിൽ 21ന് പള്ളിക്ക് നേരെ ആക്രമണമുണ്ടായി. ചാവേർ ആക്രമണത്തിൽ 93 പേരാണ് അന്ന് കൊല്ലപ്പെട്ടത്. പിന്നീട് പള്ളി പുതുക്കിപ്പണിയുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ജൂണിൽ തന്റെ ശ്രീലങ്ക സന്ദർശനത്തിനിടയിൽ പള്ളിയിലെത്തുകയും ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ഉണ്ടായി.
രാജ്ഞിയും ബുദ്ധമതവും
യുവതിയായിരുന്ന എലിസബത്ത് രാജ്ഞി നഗ്‌നപാദയായി ബുദ്ധക്ഷേത്രത്തിന്റെ കൽപ്പടവുകൾ കയറുമ്പോൾ അന്തരീക്ഷത്തിൽ മന്ത്രധ്വനികൾ ഉയരുന്നുണ്ടായിരുന്നു. ബക്കിങ്ഹാം കൊട്ടാരത്തിലെ ഉദ്യാനത്തിൽ നിന്നുള്ള വർണപൂക്കളുടെ ഒരു പൂച്ചെണ്ട് മുഖ്യപൂജാരിക്ക് അവർ നൽകി. കൂടാതെ ലണ്ടനിലെ വിംബിൾടണിൽ സ്വർണത്തിൽ പണികഴിപ്പിച്ചിട്ടുള്ള ബുദ്ധക്ഷേത്രത്തിന്റെ ഒരു മാതൃകയും രാജ്ഞി നൽകി. നൂറ്റാണ്ടുകൾക്ക് മുൻപേ തന്നെ ബുദ്ധമതക്കാർ ബ്രിട്ടനിൽ എത്തിയിരുന്നു.
1954-നാണ് രാജ്ഞിയുടെ ശ്രീലങ്കയിലേക്കുള്ള ഔദ്യോഗിക സന്ദർശനം. കിരീടധാരണത്തിന് ശേഷം അഞ്ച് മാസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു ഇത്. രാജ്ഞിക്ക് അന്ന് വയസ്സ് 26. നാട്ടുകാരായ സിംഹളരും ഇന്ത്യൻ വംശജരും ചേർന്ന് ചരിത്രപ്രസിദ്ധമായ വരവേൽപ്പ് കൊളംബോയിൽ നൽകുകയുണ്ടായി. ബുദ്ധക്ഷേത്രങ്ങളും ബുദ്ധദർശനവും രാജ്ഞിയെ ആഴത്തിൽ സ്വാധീനിച്ചു. സന്ദർശനത്തിന് വളരെ മുമ്പു തന്നെ ശ്രീലങ്കയുടെ സംസ്‌കാരവും ചരിത്രവും രാജ്ഞി വായിച്ചു. ഓക്സ്ഫഡ് സർവകലാശാലയിലെ പ്രൊഫ. ഡഗ്ലസ് ഇംഗ്ലീഷ് കവി എഡ്വിൻ അർനോൾഡിന്റെ 'ലൈറ്റ് ഓഫ് ഏഷ്യ' എന്ന മഹത്തായ കവിത രാജ്ഞിക്ക് വ്യാഖ്യാനം ചെയ്ത് നൽകിയിരുന്നു. സിദ്ധാർത്ഥ രാജകുമാരൻ ബുദ്ധനായി പരിണമിച്ച കഥ രാജ്ഞിയെ വിസ്മയിപ്പിച്ചു.
1981ലാണ് ശ്രീലങ്ക സന്ദർശിക്കാൻ അവർ വീണ്ടുമെത്തുന്നത്. ബുദ്ധദർശനങ്ങൾ പാശ്ചാത്യലോകത്തെ സ്വാധീനിച്ചത് 'ലൈറ്റ് ഓഫ് ഏഷ്യ'യിലൂടെയാണെങ്കിൽ രാജ്ഞിയുടെ രണ്ട് ശ്രീലങ്കൻ സന്ദർശനങ്ങൾ ബ്രിട്ടണിൽ ബുദ്ധദർശനങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ വഴിയൊരുക്കി. ശ്രീലങ്കയുടെ ഹരിതഭംഗി കൂടി രാജ്ഞിയുടെ മനസ്സിനെ സ്വാധീനിച്ചു. അതേക്കുറിച്ച് ഡേവിഡ് ആറ്റൻബറോ നിർമിച്ച ക്വീൻസ് ഗ്രീൻ പ്ലാനറ്റ് എന്ന ഡോക്യുമെന്ററി ലോക പ്രശസ്തമാകുകയും ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Comprehensive guide to UNESCO sites like Dambulla and Sigiriya., Cultural insights into the architectural beauty of Colombo's historic mosques., Historical connection between Kerala and Kochikada, Colombo., Reflective journey through Queen Elizabeth's historical visits to Sri Lanka., Curated list of must-visit 2026 tourist destinations in Sri Lanka.
Published: 13 May 2026, 05:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented