
വെജ് കോഫ്താ മസാല/ Photo: Shutterstock
കോഫ്ത കറിയുടെ ഉത്ഭവം അങ്ങ് പേര്‍ഷ്യയില്‍നിന്നാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. അരച്ചെടുത്തത് എന്നാണത്രേ കോഫ്ത എന്ന വാക്കിന്റെ അര്‍ത്ഥം. അധികംവൈകാതെ തന്നെ കാതങ്ങള്‍ സഞ്ചരിച്ച് കോഫ്ത നമ്മുടെ നാട്ടിലുമെത്തുകയായിരുന്നു. മുഗള്‍ ഭരണ കാലത്താണ് ഇവിടെ കോഫ്ത കറി പ്രശസ്തി നേടിയത്. മട്ടണ്‍, ചിക്കന്‍, കടല, പനീര്‍, ഉരുളക്കിഴങ്ങ്, ചുരയ്ക്ക എന്നിവ കൊണ്ടെല്ലാം കോഫ്ത തയ്യാറാക്കാം. ആദ്യം ഇവ അരച്ച് ചെറിയ ഉരുളകളാക്കി വറുത്തെടുത്ത് മൃദുവായ കോഫ്ത തയ്യാറാക്കുക. പിന്നീട് അവ മസാലയിലേക്കിട്ട് തിളപ്പിച്ചെടുത്താല്‍ രുചികരമായ കോഫ്ത കറി റെഡി. ചപ്പാത്തി, നാന്‍, പൊറോട്ട, പുലാവ് എന്നിവയോടൊപ്പം വിളമ്പാന്‍ പറ്റിയ കറിയാണിത്. മിന്‍സ്ഡ് മട്ടണ്‍ കൊണ്ട് പുഴുങ്ങിയ മുട്ട പൊതിഞ്ഞെടുത്ത് ഫ്രൈ ചെയ്തുണ്ടാക്കുന്ന നര്‍ഗീസി കോഫ്ത വളരെ പ്രശസ്തമാണ്. തമിഴ് നാട്ടില്‍ പ്രശസ്തമായ കടലപ്പരിപ്പ് അരച്ച് ഉരുളകളാക്കി ഉണ്ടാക്കുന്ന പരിപ്പുരുണ്ട കുഴമ്പും ഈ കോഫ്തയുടെ തന്നെ ഒരു വകഭേദമാണ്. എന്നാല്‍പ്പിന്നെ ഇപ്രാവശ്യം രുചികരമായ രണ്ട് കോഫ്ത കറികള്‍ പരീക്ഷിച്ചാലോ?
വെജ് കോഫ്താ മസാല
ചേരുവകള്‍:
ഉരുളക്കിഴങ്ങ് - രണ്ടെണ്ണം
കാരറ്റ് - രണ്ടെണ്ണം
പനീര്‍ - 100 ഗ്രാം
ബ്രെഡ് ക്രമ്പ്‌സ് - ഒരു കപ്പ്
സവാള - മൂന്നെണ്ണം
തക്കാളി - രണ്ടെണ്ണം
ഇഞ്ചി - ഒരിഞ്ച് നീളത്തില്‍
വെളുത്തുള്ളി - ഒന്ന്
ചുവന്ന മുളക് - അഞ്ച്
പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം - രണ്ട് വീതം
പെരും ജീരകം- ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - മൂന്ന് ടേബിള്‍ സ്പൂണ്‍
ഗരംമസാലപ്പൊടി - ഒരു ടീസ്പൂണ്‍
തേങ്ങ ചിരകിയത് - ഒരു കപ്പ്
കശുവണ്ടി - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്, എണ്ണ, മല്ലിയില, കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ വേവിച്ച് ഉടച്ചതിലേക്ക് പനീര്‍ ഗ്രേറ്റ് ചെയ്ത് ചേര്‍ക്കുക. ഇതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞത്, അര സ്പൂണ്‍ മുളകുപൊടി, ഗരംമസാലപ്പൊടി, ബ്രെഡ് ക്രമ്പ്‌സ്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കട്‌ലെറ്റിനുള്ള കൂട്ട് പോലെ യോജിപ്പിച്ച്, നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകളാക്കി എണ്ണയില്‍ ഫ്രൈ ചെയ്‌തെടുക്കണം. അതേ പാനില്‍ തന്നെ ഫ്രൈ ചെയ്ത എണ്ണയില്‍ നിന്ന് കുറച്ചു മാറ്റിയതിനു ശേഷം പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം, പെരുംജീരകം, ചുവന്ന മുളക് എന്നിവ ചേര്‍ക്കുക. രണ്ടു സവാള അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി വലിയ ക്യൂബ് ആയി അരിഞ്ഞത് ചേര്‍ക്കുക. എല്ലാം ഒന്ന് വഴന്നു വരുമ്പോള്‍ മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക. രണ്ടു മിനിറ്റിനു ശേഷം തേങ്ങയും ചേര്‍ത്ത് ഒന്ന് വഴറ്റി തീ അണയ്ക്കാം. ഇതിലേക്ക് കശുവണ്ടിയും മല്ലിയിലയും ചേര്‍ത്ത് ആറുമ്പോള്‍ ഈ കൂട്ട് നന്നായി അരച്ചെടുക്കുക. പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി അരച്ച കൂട്ട് ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ക്കുക. തിളച്ച് കുറുകുമ്പോള്‍ ഫ്രൈ ചെയ്തു വെച്ച കോഫ്ത ചേര്‍ത്ത് കറിവേപ്പിലയും മല്ലിയിലയും തൂവുക. അപ്പം, ഇടിയപ്പം, ചപ്പാത്തി, ദോശ എന്നിവയോടൊപ്പം വിളമ്പാം.
മട്ടണ്‍ കോഫ്ത കറി
ചേരുവകള്‍:
മിന്‍സ്ഡ് മട്ടണ്‍ - 250 ഗ്രാം
ബ്രെഡ് - മൂന്ന് സ്ലൈസ്
സവാള - മൂന്നെണ്ണം
ഇഞ്ചി-വെളുത്തുള്ളി ചതച്ചത് - രണ്ട് ടേബിള്‍ സ്പൂണ്‍
ചുവന്നമുളക് - മൂന്നെണ്ണം
കശുവണ്ടി - ഒരു ടേബിള്‍ സ്പൂണ്‍
ബദാം - ഒരു ടേബിള്‍ സ്പൂണ്‍
പുളിയില്ലാത്ത തൈര് - അരക്കപ്പ്
ഫ്രഷ് ക്രീം - അരക്കപ്പ്
ഗരം മസാലപ്പൊടി - രണ്ട് ടീസ്പൂണ്‍
മല്ലിപ്പൊടി - രണ്ട് ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
കസൂരിമേത്തി - അര ടീസ്പൂണ്‍
ബട്ടര്‍ - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്, എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ഒരു സവാള, ഇഞ്ചി, വെളുത്തുള്ളി, ചുവന്ന മുളക്, ബ്രെഡ് എന്നിവ മിക്‌സിജാറില്‍ ക്രഷ് ചെയ്തുവയ്ക്കുക. ഈ കൂട്ട് മട്ടണിലേക്ക് ചേര്‍ത്ത് ഉപ്പിട്ടശേഷം നന്നായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി വയ്ക്കുക. എണ്ണ ചൂടാക്കി, കോഫ്ത ഇളം ബ്രൗണ്‍ നിറം ആവുന്നതുവരെ വറുത്തുകോരുക. അതേ പാനില്‍ എണ്ണ മാറ്റിയതിനു ശേഷം ബാക്കി സവാള അരിഞ്ഞത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി- വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. ശേഷം കശുവണ്ടിയും ബദാമും ചേര്‍ക്കുക. എല്ലാം വഴന്നുവരുമ്പോള്‍ അടുപ്പില്‍നിന്ന് മാറ്റി ആറാന്‍ വയ്ക്കുക. ശേഷം നന്നായി അരച്ചെടുക്കുക. പാനില്‍ ബട്ടര്‍ ചേര്‍ത്ത് ചൂടാവുമ്പോള്‍ അരച്ച കൂട്ട് ചേര്‍ക്കുക. ഇതിലേക്ക് എല്ലാ പൊടികളും ചേര്‍ത്ത് വഴറ്റുക. പിന്നീട് തൈര് ചേര്‍ത്തിളക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ക്കാം. എണ്ണ തെളിഞ്ഞു വരുമ്പോള്‍ ഫ്രൈ ചെയ്തു വെച്ച കോഫ്ത ചേര്‍ത്ത് ചെറുതീയില്‍ പത്തു മിനിറ്റ് മൂടിവെക്കുക. ഗ്രേവി കുറുകി എണ്ണ തെളിഞ്ഞു വരുമ്പോള്‍ ഫ്രഷ് ക്രീമും കസൂരി മേത്തിയും ചേര്‍ത്ത് യോജിപ്പിച്ച് വിളമ്പാവുന്നതാണ്.
NB: ബ്രെഡ് പൊടിച്ചതിനു പകരം രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവ് ചേര്‍ത്താലും മതി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Soft koftas, rich gravy-comfort in every spoon
Published: 21 Nov 2025, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented