ഇന്ത്യൻ അടുക്കളകളിലും വഴിയോര ഭക്ഷണശാലകളിലും ഒരുപോലെ പരിചിതമായ രണ്ട് മുട്ടവിഭവങ്ങൾക്ക് ആഗോള അംഗീകാരം. ലോകത്തെ മികച്ച 50 മുട്ടവിഭവങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വിഭവങ്ങളായ മസാല ഓംലെറ്റും അണ്ടാ ബുർജിയും ഇടംപിടിച്ചു. ആഗോള ഭക്ഷണവിഭവ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് 2026 നവംബറിൽ പുറത്തുവിട്ട റാങ്കിങ്ങിലാണ് ഈ നേട്ടം.
പട്ടികയിൽ മസാല ഓംലെറ്റ് ഇരുപതാം സ്ഥാനവും അണ്ടാ ബുർജി 34-ാം സ്ഥാനവും നേടി. അഞ്ചിൽ 4.1 ആണ് മസാല ഓംലെറ്റിന് ലഭിച്ച റേറ്റിങ്. മുട്ടയ്ക്കൊപ്പം ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, തക്കാളി, മല്ലിയില, വിവിധ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. ബ്രെഡ്, ടോസ്റ്റ്, പൊറോട്ട എന്നിവയ്ക്കൊപ്പം കഴിക്കുന്ന മസാല ഓംലെറ്റ് ഇന്ത്യൻ വീടുകളിലെയും തട്ടുകടകളിലെയും പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ്.
Also Read
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്ക്രാംബിൾഡ് എഗ്സ് വിഭവമായ അണ്ടാ ബുർജിക്ക് 3.9 റേറ്റിങ്ങാണ് ലഭിച്ചത്. സവാള, തക്കാളി, പച്ചമുളക്, മസാലകൾ എന്നിവ ചേർത്ത് മുട്ട ഉടച്ചുവറുത്താണ് ഇത് തയ്യാറാക്കുന്നത്. വഴിയോര ഭക്ഷണശാലകളിലും ചെറിയ ഹോട്ടലുകളിലും വീടുകളിലും ഒരുപോലെ ഈ വിഭവം ലഭ്യമാണ്. വെണ്ണ പുരട്ടിയ പാവ്, റൊട്ടി, പൊറോട്ട എന്നിവയ്ക്കൊപ്പം വിളമ്പുന്ന അണ്ടാ ബുർജി പ്രഭാതഭക്ഷണമായും ലഘുഭക്ഷണമായും ഒരുപോലെ ആസ്വദിക്കപ്പെടുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50 മുട്ടവിഭവങ്ങളാണ് ടേസ്റ്റ് അറ്റ്ലസിന്റെ നവംബർ പട്ടികയിൽ ഇടംനേടിയത്. ജപ്പാന്റെ അജിത്സുകെ തമാഗോയാണ് (Ajitsuke Tamago) 4.4 റേറ്റിങ്ങോടെ ഒന്നാം സ്ഥാനത്ത്. ഇതേ റേറ്റിങ്ങോടെ ഗ്രീസിന്റെ സ്ട്രാപറ്റ്സാഡ (Strapatsada) രണ്ടാം സ്ഥാനത്തെത്തി. 4.3 റേറ്റിങ്ങുള്ള സ്പെയിനിന്റെ ടോർട്ടില്ല ഡി ബെറ്റാൻസോസ് (Tortilla de Betanzos) മൂന്നാം സ്ഥാനവും ഫിലിപ്പീൻസിന്റെ ടോർട്ടാങ് താലോങ് (Tortang Talong) നാലാം സ്ഥാനവും നേടി.
ടുണീഷ്യയുടെ ഷക്ഷൂക്ക(Shakshouka) അഞ്ചാം സ്ഥാനത്തുണ്ട്. അമേരിക്കയുടെ എഗ്സ് ബെനഡിക്ട് (Eggs Benedict) 13-ാം സ്ഥാനവും തുർക്കിയുടെ മെനെമെൻ(Menemen) 14-ാം സ്ഥാനവും സ്പെയിനിന്റെ ടോർട്ടില്ല ഡി പാറ്റാറ്റ (Tortilla de Patata) 16-ാം സ്ഥാനവും നേടി.
നിത്യജീവിതത്തിന്റെ ഭാഗമായ സാധാരണ വിഭവങ്ങൾക്കും ലോകത്തിന്റെ രുചിപ്പട്ടികയിൽ തിളങ്ങാനാകുമെന്ന് തെളിയിക്കുകയാണ് മസാല ഓംലെറ്റിന്റെയും അണ്ടാ ബുർജിയുടെയും ഈ നേട്ടം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 17 Nov 2026, 05:00 pm IST
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented