നികേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണം' പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് രൺബീർ കപൂറിന്റെ ശ്രീരാമ വേഷത്തിനായാണ്. കഥാപാത്രത്തിന്റെ ആദ്യ ചിത്രങ്ങൾ  പുറത്തുവന്നപ്പോൾ തന്നെ രൺബീറിന്റെ ലുക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

To advertise here,

എന്നാൽ, ഇത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ഏറ്റെടുക്കുമ്പോൾ തന്റെ മനസ്സിൽ വലിയ ഭയവും സംശയങ്ങളുമുണ്ടായിരുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. സാൻ ഡീഗോ കോമിക് കോൺ (San Diego Comic Con) വേദിയിൽ സംസാരിക്കുകയായിരുന്നു രൺബീർ.

‘ആ ഭയം പിന്നീട് വലിയൊരു അനുഗ്രഹമായി മാറി’

ശ്രീരാമനെപ്പോലെ കോടിക്കണക്കിന് ആളുകൾ ആരാധിക്കുന്ന ഒരു ഐക്കോണിക് കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് രൺബീറിന്റെ മറുപടി ഇങ്ങനെയായിരുന്നു: "ഈ സിനിമ എന്നിലേക്ക് എത്തിയപ്പോൾ വലിയ ഭയവും സംശയങ്ങളുമായിരുന്നു മനസ്സിൽ. 'എനിക്ക് ഇത് ചെയ്യാൻ സാധിക്കുമോ, ഞാൻ അതിന് പ്രാപ്തനാണോ?' എന്നൊക്കെ ഞാൻ ചിന്തിച്ചു. എന്നാൽ വളരെ പെട്ടെന്ന് തന്നെ ആ സംശയങ്ങളെല്ലാം നന്ദിയുള്ള ഒരു മനസ്സാക്കി മാറ്റാൻ എനിക്ക് സാധിച്ചു. ഇതൊരു വലിയ അനുഗ്രഹവും ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരവുമാണ്.

രാമായണം നമ്മുടെ ഉപബോധമനസ്സിൽ അലിഞ്ഞുചേർന്ന ഒന്നാണ്. അയ്യായിരത്തിലധികം വർഷങ്ങളായി ദശലക്ഷക്കണക്കിന് ആളുകളുടെ ധാർമ്മിക വെളിച്ചമാണ് ശ്രീരാമൻ. പ്രതിസന്ധികളിൽ മനുഷ്യന്റെ ആത്മവീര്യത്തിന്റെ വിജയമാണ് അദ്ദേഹം. ധൈര്യം, കരുണ, ക്ഷമ, ധർമ്മം എന്നിവയുടെ പ്രതീകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് വലിയൊരു ഉത്തരവാദിത്തമാണ്."

കഥാപാത്രത്തോട് പരമാവധി നീതി പുലർത്താൻ വലിയ വിശ്വാസവും സത്യസന്ധതയുമാണ് ആവശ്യമെന്ന് താൻ തിരിച്ചറിഞ്ഞെന്നും, സിനിമയുടെ അണിയറപ്രവർത്തകർ മുഴുവൻ ആ ഒരു ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

പിന്തുണയുമായി യാഷ്

ചിത്രത്തിൽ രാവണനായി വേഷമിടുന്ന കന്നഡ സൂപ്പർതാരം യാഷും രൺബീറിനെ പ്രശംസിച്ച് വേദിയിൽ സംസാരിച്ചു. "ഈ ലോകത്ത് ആർക്കും വന്ന് 'എനിക്ക് ശ്രീരാമനാകാനുള്ള എല്ലാ യോഗ്യതയുമുണ്ട്' എന്ന് പറയാൻ സാധിക്കില്ല. രൺബീർ അത്രയും വിനയത്തോടെ അത് സമ്മതിച്ചു എന്നത് തന്നെ അദ്ദേഹത്തിന്റെ വലിയ ഗുണമാണ്. രാമനായി അഭിനയിക്കുക എന്നത് എളുപ്പമല്ല. അതിനായി അദ്ദേഹം നടത്തുന്ന കഠിനാധ്വാനത്തിന് എന്റെ വലിയ ആദരവുണ്ട്," യാഷ് പറഞ്ഞു.

കോമിക് കോൺ വേദിയിൽ വെച്ച് ചിത്രത്തിന്റെ ട്രെയിലർ ആഗോളതലത്തിൽ പുറത്തുവിടുമെന്നാണ് മുൻപ് അറിയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം ട്രെയിലർ റിലീസ് നീട്ടിവെക്കുകയായിരുന്നു. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യ ഭാഗം ഈ വർഷം നവംബറിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. സീതയായി സായ് പല്ലവിയാണ് എത്തുക. സണ്ണി ഡിയോൾ, രവി ദുബെ, രാകുൽ പ്രീത് സിംഗ്, ലാറ ദത്ത, അരുൺ ഗോവിൽ, വിവേക് ഒബ്‌റോയ്, എന്നിവരും വേഷമിടും. ഇന്ത്യൻ സിനിമാ ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ദൃശ്യവിരുന്നായിരിക്കും ഈ സിനിമ എന്ന പ്രതീക്ഷയിലാണ് ആരാധകർ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi