രാമായണത്തില്‍ സീതയുടെ നാടാണ് മിഥില. മൈഥിലിയുടെ ജാനകി അയോധ്യയിലെ രാജകുമാരനെ വിവാഹം കഴിച്ചപ്പോള്‍ അച്ഛനായ ജനകന്‍ ആ വിവാഹമുഹൂര്‍ത്തം ചിത്രങ്ങളില്‍ പകര്‍ത്താന്‍ ഉത്തരവ് നല്‍കിയത്രെ. അങ്ങനെ മിഥിലയില്‍ പുതിയൊരു ചിത്രവിദ്യ വളര്‍ന്നുപോലും. മിഥില ചിത്രങ്ങള്‍ അല്ലെങ്കില്‍ മധുബനി ചിത്രങ്ങള്‍ എന്നാണ് അവ അറിയപ്പെടുന്നത്. നേപ്പാളിലും ഇന്ത്യയിലുമായി പരന്നുകിടക്കുന്ന മിഥില ഭൂമികളുടെ കലാവിസ്മയമാണ് മധുബനി. ബിഹാറിലെ മധുബനി ജില്ലയില്‍ നിന്നുമാണ് ഈ പേര് വന്നത്. സ്ത്രീകളുടെ കലയാണിത്. കളിമണ്ണില്‍ നിന്നും വിളക്കുകരിയില്‍ നിന്നും അരിയില്‍ നിന്നും മഞ്ഞള്‍, നീലം, സിന്ദൂരം, കൂവളത്തിന്റെ ഇല, പ്ലാശിന്‍ പൂവ് എന്നിവയില്‍ നിന്നും നിറക്കൂട്ടുകളൊരുക്കിയാണ് മധുബനി ചിത്രങ്ങളൊരുക്കുന്നത്. ജനനം മുതല്‍ ഒരു മനുഷ്യായുസ്സിലെ എല്ലാ ചടങ്ങുകളിലും ആചാരങ്ങളിലും മധുബനി ചിത്രപ്പണി ആഘോഷിക്കപ്പെടുന്നുണ്ട്.
കൈകള്‍ കൊണ്ടോ മരച്ചില്ലകള്‍, മുളച്ചീളുകള്‍, പേനകള്‍, തീപ്പെട്ടിക്കൊള്ളികള്‍ എന്നിങ്ങനെ പല മാര്‍ഗങ്ങളിലൂടെയാണ് ചിത്രങ്ങള്‍ തയ്യാറാക്കുന്നത്. നിറക്കൂട്ടുകള്‍ ആട്ടിന്‍ പാലിലോ പശയിലോ കലര്‍ത്തിയാണ് ചിത്രത്തിന് ഉപയോഗിക്കുന്നത്. അത്യാകര്‍ഷകമായ ജ്യാമിതീയ രൂപങ്ങള്‍ മധുബനിയുടെ സവിശേഷതയാണ്. പുരാണകഥകള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, പ്രകൃതി, സാമൂഹികജീവിതം തുടങ്ങിയവയാണ് വിഷയങ്ങള്‍. സൂര്യന്‍, ചന്ദ്രന്‍, മത്സ്യം, ആന, താമരപ്പൂക്കള്‍, തുളസി തുടങ്ങിയ ചിഹ്നങ്ങള്‍ മധുബനിയില്‍ ആവര്‍ത്തിക്കപ്പെടാറുണ്ട്.
മധുബനിയില്‍ ഭരണി, കച്ച്‌നി, താന്ത്രിക്, ഗോദ്‌ന, കോഹ്ബര്‍ എന്നിങ്ങനെ അഞ്ച് പ്രധാന ശൈലികളുണ്ട്. ഭരണി, താന്ത്രിക് ശൈലികള്‍ ഒരു കാലത്ത് ബ്രാഹ്‌മണ സ്ത്രീകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നവയാണ്. ദേവീദേവന്മാരെ ചിത്രീകരിക്കുന്നവയായിരുന്നു അവ. ഗോദ്‌ന ശൈലി പച്ചകുത്തുന്നത് പോലുള്ള പാറ്റേണുകള്‍ക്കാണ് പ്രശസ്തം. കച്ച്‌നിയാകട്ടെ ചുരുങ്ങിയ നിറങ്ങളുപയോഗിച്ചുള്ള സൂക്ഷ്മമായ രേഖകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. കോഹ്ബര്‍ ശൈലിയില്‍, കറുപ്പിലും ചുവപ്പിലും വരച്ച വൃത്താകൃതിയിലുള്ള രൂപങ്ങള്‍, സ്ത്രീരൂപങ്ങള്‍, പാറ്റേണുകള്‍ എന്നിവ കാണാം.
ഈ കലാരൂപത്തിന് ഭൗമസൂചികാ പദവി (GI) ലഭിച്ചിട്ടുണ്ട്. അതിന്റെ തനിമയും പ്രാദേശിക സ്വത്വവും സംരക്ഷിക്കാന്‍ ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ മധുബനിക്കിന്ന് ആഗോളശ്രദ്ധ ലഭിച്ചിട്ടുണ്ട്. മധുബനി പെയിന്റിങ്ങുകളും വാള്‍പേപ്പറുകളും സാരികളും കുര്‍ത്തകളും വിപണി കീഴടക്കുകയാണ്. ഇന്ന് ജാതിവരമ്പുകള്‍ ഭേദിച്ചുകൊണ്ട് മധുബനി എല്ലാവരിലേക്കുമെത്തിയിരിക്കുന്നു. എല്ലാ ശൈലികളിലും കലാകാരന്മാര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മിഥില പ്രദേശത്തിന്റെ കലാപൈതൃകത്തിന്റെ ഉജ്ജ്വലമായ സാക്ഷ്യമായി മധുബനി നിലകൊള്ളുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the rich history and unique artistry of Madhubani paintings, also known as Mithila art. Learn about its origins, techniques, and diverse styles. Click to explore this cultural treasure!
Published: 21 Nov 2025, 11:02 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented