1987 ജനുവരി മുതല്‍ 1988 ജൂലൈ വരെ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത രാമാനന്ദ് സാഗറിന്റെ ഇതിഹാസപരമ്പര രാമായണം ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ വലിയൊരു ഏടാണ്. ജനപ്രീതി അത്രയേറെ ആയിരുന്നതുകൊണ്ട് ഈ പരമ്പര പലതവണ പുനസംപ്രേക്ഷണം ചെയ്തിരുന്നു. പ്രധാനതാരങ്ങളായ അരുണ്‍ ഗോവില്‍, ദീപിക ചിഖ്‌ലിയ, സുനില്‍ ലാഹിരി, അരവിന്ദ് ത്രിവേദി എന്നിവര്‍ പിന്നീട് വലിയ താരങ്ങളായി മാറുകയും ചെയ്തു. രാമായണത്തില്‍ രാവണന്റെ സഹോദരി ശൂര്‍പ്പണഖയായി അഭിനയിച്ച രേണു ധരിവാളിനെ ഓര്‍ക്കുന്നുണ്ടോ? 78 എപ്പിസോഡുകളില്‍ നാലെണ്ണത്തില്‍ മാത്രം പ്രത്യക്ഷപ്പെട്ട രേണുവും ഈ പരമ്പരയോടെ പ്രസിദ്ധയായി.

2018-ല്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍, രാമാനന്ദ് സാഗര്‍ ശൂര്‍പ്പണഖയുടെ വേഷം തനിക്ക് തന്നതിനെപ്പറ്റി അവര്‍ മനസ്സു തുറന്നിരുന്നു. ''ഞാന്‍ യാഥാസ്ഥിതിക പഞ്ചാബി കുടുംബത്തില്‍ നിന്നുള്ളയാളാണ്. പെണ്‍മക്കളെ സിനിമാ രംഗത്തേക്കയക്കാന്‍ കുടുംബം തയ്യാറായിരുന്നില്ല. പക്ഷേ, എനിക്കൊരു നടിയാകാന്‍ ആഗ്രഹമുണ്ടായിരുന്നു, അമ്മ ബംഗാളിയാണ്, അമ്മയെന്റെ ആഗ്രഹത്തിനൊപ്പം നിന്നു. അങ്ങനെ ബോംബെയിലേക്ക് മാറിത്താമസിച്ചു. യഥാര്‍ഥകാരണം അച്ഛനോട് പറയാതെ, ഞാന്‍ ഇവിടെ വന്ന് അഭിനയ ക്ലാസുകളില്‍ ചേര്‍ന്നു, ക്ലാസില്‍ ഗോവിന്ദ എന്റെ സഹപാഠിയായിരുന്നു. അതിനുശേഷം, ഞാന്‍ നാടകങ്ങളില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. അവിടെ വെച്ചാണ് രാമാനന്ദ് എന്നെ കണ്ടത്.''

'പുരുഷ് എന്ന നാടകത്തില്‍ അമ്മവേഷം ചെയ്യുന്നത് അദ്ദേഹം കണ്ടിരുന്നു. ഞാനൊരു യുവതിയാണെന്നറിഞ്ഞപ്പോള്‍ ശൂര്‍പ്പണഖയുടെ റോളിനായി ഓഡിഷനില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. രാവണന്റെ സഹോദരിയാണ് ശൂര്‍പ്പണഖ, രാജകുമാരിയും രൂപം മാറാന്‍ കഴിവുള്ളവളും. ആ അവസരം വേണ്ടെന്ന് വെക്കാന്‍ എനിക്ക് ഒരു കാരണവുമുണ്ടായിരുന്നില്ല. രാമായണത്തിനുശേഷം കൂടുതല്‍ അവസരങ്ങള്‍ വന്നു.' മുമ്പ് ഒരു നാടക നടിയായിരുന്നെങ്കിലും ശൂര്‍പ്പണഖയായി ദേശീയ ടെലിവിഷനിലെത്തിയതോടെ രേണുവിനെ പോകുന്നിടത്തെല്ലാം ആളുകള്‍ തിരിച്ചറിഞ്ഞു.

ശൂര്‍പ്പണഖയായി ഉമര്‍ഗാവില്‍ രണ്ട് മാസത്തോളമായിരുന്നു ചിത്രീകരണം. അതിന് 30,000 രൂപയാണ് പ്രതിഫലമായി ലഭിച്ചത്. ബി.ആര്‍. ചോപ്രയുടെ ടെലിസീരിയല്‍, സുരീന്ദര്‍ സിങ്ങിന്റെ ദേശീയ അവാര്‍ഡ് നേടിയ പഞ്ചാബി ചിത്രം 'മര്‍ഹി ദ ദീവ', ഹേമ മാലിനിയുടെ സംവിധാന അരങ്ങേറ്റ ചിത്രമായ 'ദില്‍ ആശ്നാ ഹേ' തുടങ്ങി ഒട്ടേറെ അവസരങ്ങള്‍ വൈകാതെ അവരെത്തേടിയെത്തി. ശേഷം രാഷ്ട്രീയത്തിലും സജീവമായി.

1992-ല്‍ പുറത്തിറങ്ങിയ ദില്‍ ആശ്നാ ഹേ എന്ന ചിത്രത്തില്‍ രേണു ഷാരൂഖ് ഖാന്റെ സഹോദരിയായി അഭിനയിച്ചിരുന്നു. ദിവ്യ ഭാരതി, ജിതേന്ദ്ര, മിഥുന്‍ ചക്രവര്‍ത്തി, ഡിംപിള്‍ കപാഡിയ, അമൃത സിങ്, കബീര്‍ ബേദി, സോനു വാലിയ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

വിവാഹശേഷം രേണു ഖാനോള്‍ക്കര്‍ എന്ന് പേര് മാറ്റിയ രേണു ധരിവാള്‍ മുംബൈ പ്രദേശ് മഹിളാ കോണ്‍ഗ്രസിന്റെ മുന്‍ ഉപാധ്യക്ഷയായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, അവര്‍ രാഷ്ട്രീയത്തില്‍ നിന്നും അകന്നു, ഇപ്പോള്‍ ഭര്‍ത്താവിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ സഹായിക്കുന്നു, കൂടാതെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന രണ്ട് എന്‍.ജി.ഒ-കളും നടത്തുന്നുണ്ട്.