എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിങ്ങിന് തയ്യാറെടുപ്പ് തുടങ്ങിയപ്പോള്‍മുതല്‍ കേള്‍ക്കുന്ന പേരാണ് ലുക്ക്ല'എയര്‍പോര്‍ട്ട്. ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ വിമാനത്താവളങ്ങളിലൊന്ന്. അതിലൂടെയാണ് ഞങ്ങള്‍ ബേസ് ക്യാമ്പിലേക്ക് എത്തുന്നത്. യാത്രയ്ക്കിടെ ലുക്ക്ലയെപ്പോലെതന്നെ അതിശയിപ്പിച്ചത് നാംചെ ബസാര്‍ എന്ന കൊച്ചുപട്ടണമായിരുന്നു. 3,440 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന നാംചെ ബസാര്‍, ട്രെക്കിങ്ങിനായി എത്തുന്നവരുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. നേപ്പാളിലെ എവറസ്റ്റ് മേഖലയുടെ ഭാഗമായ സാഗര്‍മാത ദേശീയോദ്യാനത്തിലാണ് നാംചെ ബസാര്‍ സ്ഥിതിചെയ്യുന്നത്. ട്രെക്കിങ്ങിനായുള്ള സാമഗ്രികള്‍ കാഠ്മണ്ഡുവില്‍നിന്ന് വാങ്ങിക്കുന്നതാണ് ഉചിതമെന്ന് ഗൈഡ് മുന്‍കൂട്ടി ഓര്‍മിപ്പിച്ചിരുന്നു. കാഠ്മണ്ഡു പിന്നിട്ടാല്‍ കണക്റ്റിവിറ്റി കിട്ടാനും ബുദ്ധിമുട്ടാണ്. ട്രെക്കിങ്ങിന്റെ രണ്ടാംദിനമാണ് നാംചെ എന്ന അദ്ഭുതനഗരത്തില്‍ എത്തിച്ചേര്‍ന്നത്.
ബേസ് ക്യാമ്പിലേക്ക് പോകുന്നതിന് മുന്‍പ് നാംചെയില്‍ രണ്ടുദിവസം താമസിക്കണം. ഇവിടെ പ്രശ്‌നങ്ങളൊന്നും അനുഭവപ്പെട്ടില്ലെങ്കില്‍ ബേസ് ക്യാമ്പിലേക്കുള്ള യാത്ര തുടരാം. ഇത്രയും ഉയരത്തിലുള്ള ഭൂപ്രദേശത്തോട് നമുക്ക് പൊരുത്തപ്പെടാനാകുമോയെന്ന് അറിയാനാണ് നാംചെയില്‍ രണ്ടുദിവസം തങ്ങുന്നത്. സമുദ്രനിരപ്പില്‍നിന്ന് വളരെയധികം ഉയരത്തിലുള്ള ഈ കൊച്ചുനഗരത്തിലെത്തിയപ്പോഴാണ് എവറസ്റ്റിന്റെ ആദ്യ കാഴ്ച ദൃശ്യമായത്.

മഞ്ഞുമൂടിക്കിടക്കുന്ന എവറസ്റ്റിനെ കണ്‍കുളിര്‍ക്കെ നോക്കിനിന്നു. ആ മലമുകളിലെവിടെയോ ഉള്ള ബേസ് ക്യാമ്പ് വരെ പോയി തിരികെയെത്താനാകുമോയെന്ന ഭയം മനസ്സില്‍ നിറഞ്ഞു. നാംചെയില്‍നിന്ന് നോക്കിയാല്‍ അമാ ദബ്ലാം, ദംസേര്‍ക്കു, കാങ്ടേഗ, എന്നീ പര്‍വതനിരകളുടെ സുന്ദരദൃശ്യങ്ങള്‍ കാണാം. ലോകശ്രദ്ധയാകര്‍ഷിച്ച ഒരു ട്രെക്കിങ്ങിന് പോകുമ്പോള്‍ ലഭിക്കേണ്ട എല്ലാ സൗകര്യങ്ങളും ഈ കൊച്ചുനഗരത്തിലുണ്ട്. നാംചെയിലേക്കുള്ള വഴികളില്‍ ചെറുവീടുകളും ഗസ്റ്റ് ഹൗസുകളും മാത്രമേ കാണാനാകൂ.
നഗരത്തിലെത്തിയാല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ആദ്യമായി എവറസ്റ്റ് കീഴടക്കിയവരില്‍ ഒരാളായ ടെന്‍സിങ്ങിന്റെ പേരിലുള്ള മ്യൂസിയമാണ്. കൊടുമുടി കയറാനായി അദ്ദേഹം ഉപയോഗിച്ച സാധനസാമഗ്രികളെല്ലാം മ്യൂസിയത്തില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മ്യൂസിയത്തില്‍ ടെന്‍സിങ്ങിന്റെ വലിയൊരു പ്രതിമയും കാണാം. ഒറ്റനോട്ടത്തില്‍ നാംചെ ചെറുപട്ടണമാണെങ്കിലും ജീവിതച്ചെലവ് കൂടുതലാണ് ഇവിടെ അധിവസിക്കാന്‍. ബജറ്റ് ട്രിപ്പ് ആയതുകൊണ്ട് ചെലവ് എങ്ങനെ കുറയ്ക്കാമെന്നതായിരുന്നു ചിന്ത. ആയിരം രൂപയ്ക്ക് മുറിയും കട്ടിലും പുതപ്പുമെല്ലാം കിട്ടുന്ന സ്ഥലങ്ങളുണ്ടല്ലോ. എന്നാല്‍, നാംചെയിലാകട്ടെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യണമെങ്കില്‍ കാശുകൊടുക്കണം.
ചൂടുവെള്ളം വേണമെങ്കില്‍ അതിന് വേറെയും വേണം പണം. കൊടുംതണുപ്പായതിനാല്‍ ചൂടുവെള്ളമില്ലാതെ പറ്റുകയുമില്ല. ചെലവുകുറഞ്ഞ രീതിയില്‍ ചായ കിട്ടുന്ന ഇടമുണ്ടോയെന്ന് അന്വേഷിച്ചിറങ്ങിയപ്പോഴാണ് ചെറിയൊരു വീടിന്റെ അടുക്കളയില്‍ ഒരു പ്രായംചെന്ന സ്ത്രീ ഭക്ഷണമുണ്ടാക്കി നല്‍കുമെന്ന് അറിയുന്നത്. അങ്ങനെ അവിടെനിന്ന് ചായ കുടിച്ചു. ഞങ്ങളുടെ ഭാഷ അവര്‍ക്കറിയാത്തതിനാല്‍ പുഞ്ചിരിയിലൂടെയും ആംഗ്യത്തിലൂടെയുമാണ് അവരുമായി സംസാരിച്ചത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ ഈ നഗരത്തിലേക്ക് എത്താറുണ്ട്. ബേസ് ക്യാമ്പ് ലക്ഷ്യംവയ്ക്കാത്തവര്‍ ഇവിടെ രണ്ടുദിവസം താമസിച്ച് ഹിമാലയത്തിന്റെ ദൂരക്കാഴ്ച ആസ്വദിച്ച് മടങ്ങുന്നു. ഓരോരുത്തരുടെയും യാത്രാലക്ഷ്യങ്ങള്‍ പലതാണല്ലോ! യൂറോപ്യന്‍യാത്രികരാകട്ടെ ഒരു സ്ഥലത്തുതന്നെ കൂടുതല്‍ ദിവസം ചെലവഴിക്കുകയും അവിടെയിരുന്നുതന്നെ ജോലിചെയ്യുകയും ചെയ്യുന്നവരാണ്.

നാംചെയിലെ സൗകര്യങ്ങള്‍
നാംചെയില്‍ എ.ടി.എം. ഉണ്ട്. എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിങ്ങിനിടെ കാഷ് എടുക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇവിടെനിന്ന് എടുക്കാം. നേപ്പാള്‍ സിംകാര്‍ഡും ഇവിടെനിന്ന് ലഭിക്കും. നേപ്പാളിനെക്കുറിച്ച് അറിയേണ്ടതെല്ലാം വിവരിക്കുന്ന പുസ്തകങ്ങളും നാംചെയില്‍നിന്ന് വാങ്ങാം. ടൂറിസം സ്പോട്ടുകളും ഭൂമിശാസ്ത്രവും മനസ്സിലാക്കാന്‍ ഈ പുസ്തകങ്ങള്‍ ഉപകാരപ്പെടും. ട്രെക്കിങ്ങിനായി എത്തുന്നവര്‍ക്ക് മികച്ച ഷോപ്പിങ് സെന്ററുകളും ഈ പട്ടണം സമ്മാനിക്കും. പക്ഷേ, എല്ലാത്തിനും പൊള്ളുന്ന വിലയാണെന്ന് മാത്രം. നാംചെ നഗരം ചുറ്റിക്കാണുന്നതിനിടെയാണ് ഒരു ഐറിഷ് പബ്ബ് ശ്രദ്ധയില്‍പ്പെട്ടത്. മലമുകളിലുള്ള ഈ ചെറുപട്ടണത്തിലും പബ്ബ് ഉണ്ടോയെന്ന് ഞങ്ങള്‍ അതിശയിച്ചു. ഞങ്ങള്‍ പബ്ബിനുള്ളില്‍ പ്രവേശിച്ചു.
ട്രെക്കിങ്ങിന് പോയി തിരികെയെത്തിയവരാണ് അധികവും. എവറസ്റ്റ് കീഴടക്കി തിരികെയെത്തിയവര്‍ അവരുടെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ടുള്ള കുറിപ്പുകള്‍ ചുവരില്‍ എഴുതിവെച്ചിരിക്കുന്നത് കാണാം. അവരുടെ സന്തോഷം, തങ്ങളുടെ ഗ്രൂപ്പിന്റെ പേര്, യാത്രയ്ക്കിടെ എടുത്ത ചിത്രങ്ങള്‍ എന്നിവയെല്ലാം പബ്ബിന്റെ കുഞ്ഞുമുറിയില്‍ കാണാം. നാംചെയില്‍ ഒരു മസാജ്‌സെന്റര്‍കൂടിയുണ്ട്. ട്രെക്കിങ്ങിന് പോകുന്നവരും യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്നവരുമെല്ലാം ഇവിടെയെത്തുന്നു. നാംചെയിലൂടെ ചുറ്റിക്കറങ്ങുന്നതിനിടെ അതിശയിപ്പിച്ചത് പല നേപ്പാളുകാര്‍ക്കും ജാപ്പനീസ് ഭാഷ അറിയാമെന്നുള്ളതായിരുന്നു. കുക്ക് ആയും കെയര്‍ടേക്കറായുമൊക്കെ പലരും ഇവിടെനിന്ന് ജപ്പാനിലേക്ക് പോകുന്നു. നാംചെയോട് വിടപറയാന്‍ സമയമായിരിക്കുന്നു. ഹിമാലയത്തിലേക്ക് കടക്കാനൊരുങ്ങുന്ന ഏതൊരു സഞ്ചാരിക്കും നാംചെ ബസാര്‍ ഒരു കവാടമാണ്. അതിലുപരി ഏതൊരു സഞ്ചാരിയെയും വശീകരിക്കുന്ന ആകര്‍ഷണവും ഈ കൊച്ചുപട്ടണത്തിനുണ്ട്.
Content Highlights: namche village in nepal travelogue
Published: 14 Oct 2024, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented