ചിത്രാപൗർണമിയിൽ കൂവാഗത്തെ കൂത്താണ്ടവർ കോവിലിലേക്ക് അറവാണിമാരെത്തും. ഇരവാനെ താലികെട്ടി ഒറ്റരാത്രിയിലെ ആനന്ദവും വൈധവ്യവും ഏറ്റുവാങ്ങാൻ. ഐതിഹ്യങ്ങളുടെ കൈപിടിച്ച് കൂത്താണ്ടവർ കോവിലിലേക്ക്

നവവധുവിനരികിലേക്ക് നടക്കുമ്പോൾ ഇരവാന്റെ ചുവടുകൾ ഇടറിയിരുന്നു. പൊടുന്നനെ ഇരവാനെക്കണ്ടപ്പോൾ അവൾ പിടഞ്ഞെണീറ്റു. ''സൂര്യോദയത്തോടെ ഞാനെത്തും; ഈ രാത്രിയിലെ ആഘോഷങ്ങൾ അവസാനിക്കുമ്പോഴേക്കും. അല്പം മുൻപുണ്ടായ അപമാനം മനസ്സിൽ വെക്കരുത്. സഖികളോടൊപ്പം ആട്ടവും പാട്ടുമായി സന്തോഷമായിരിക്കൂ. രാവിലെ ഞാനെത്തുമ്പോൾ അലംകൃതയായി നിന്നെക്കാണണം.''-ഇരവാൻ ശാന്തനായി പറഞ്ഞു. വധുവിന്റെ മുഖം വിടരുന്നതും കണ്ണുകളിൽ സന്തോഷംകൊണ്ട് നീർ തിങ്ങുന്നതും അയാൾ കണ്ടു.
അർജുനനൊപ്പം ഇരവാൻ കടന്നുവന്നപ്പോൾ യജ്ഞശാലയിലെ ദീപങ്ങൾ വിളറി. ''ബലിമൃഗം എവിടെ?'' ഇരവാൻ അന്വേഷിച്ചു. മുഖ്യകർമി രൂക്ഷഗന്ധമുള്ള ചുവന്ന പുഷ്പങ്ങൾകൊണ്ടുള്ള മാല ഇരവാനെ അണിയിച്ചു.
(ആർ. രാജശ്രീയുടെ ആത്രേയകം എന്ന നോവലിൽനിന്ന്)
കുരുക്ഷേത്രയുദ്ധം; കൊന്നും കൊല്ലപ്പെട്ടും ധർമവും അധർമവും ഏതെന്നറിയാതെ പടക്കളത്തിൽ നേർക്കുനേർ നിൽക്കുന്ന സഹോദരങ്ങൾ. യുദ്ധത്തിൽ പാണ്ഡവർ വിജയിക്കണമെങ്കിൽ എല്ലാ പുരുഷലക്ഷണങ്ങളുമൊത്ത ഒരാളെ കാളിക്ക് ബലി കഴിക്കണം. ബലിയാവാൻ അർജുനന് നാഗരാജ്ഞിയായ ഉലൂപിയിലുണ്ടായ പുത്രൻ ഇരവാൻ തയ്യാറായി. എന്നാൽ തനിക്ക് മൂന്ന് വരങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു. അതിലൊന്നാണ് മംഗല്യഭാഗ്യം. പക്ഷേ, ഒരു രാത്രിയിലേക്ക് ആര് വധുവാകും. അങ്ങനെ ഭഗവാൻ മഹാവിഷ്ണു, മോഹിനിരൂപംപൂണ്ട് ഇരവാനെ കല്യാണം കഴിച്ചെന്നും യുദ്ധത്തിൽ ഇരവാൻ ബലിയായെന്നുമാണ് ഐതിഹ്യം.
പാണ്ഡവർ യുദ്ധം വിജയിച്ചു. ഇരവാനെ പിന്നീട് കൂത്താണ്ടവരായി ഭഗവാൻ കൃഷ്ണൻ, തമിഴ്നാട്ടിലെ കൂവാഗത്ത് പ്രതിഷ്ഠിച്ചത്രേ. ഒരുനാൾ യുദ്ധത്തിൽ പങ്കെടുക്കാൻ കഴിയണം, കുരുക്ഷേത്രയുദ്ധം മുഴുവൻ കാണാൻ തന്റെ മുറിച്ചുമാറ്റിയ ശിരസ്സ് ചിരഞ്ജീവിയാവണം എന്നതായിരുന്നു ഇരവാന്റെ മറ്റ് ആഗ്രഹങ്ങൾ. 18 ദിവസം നീണ്ടുനിന്ന യുദ്ധം, വിച്ഛേദിക്കപ്പെട്ട തലയിലെ കണ്ണുകൾവഴി കാണാനുള്ള വരം കൃഷ്ണൻ ഇരവാന് നൽകി. ഇരവാന്റെ ശിരസ്സാണ് കൂവാഗം കൂത്താണ്ടവർ ക്ഷേത്രത്തിലെ പ്രതിഷ്ഠ. 18 ദിവസം നീളുന്ന ഇവിടുത്തെ ചിത്രാപൗർണമി ഉത്സവം പ്രശസ്തമാണ്. കുരുക്ഷേത്രയുദ്ധത്തിന്റെ നിമിഷങ്ങൾ ഇരവാനുവേണ്ടി ഇവിടെ പുനരവതരിപ്പിക്കപ്പെടുന്നു.
വിവാഹവും വൈധവ്യവും ഒരുപോലെ ആഘോഷിക്കപ്പെടുന്ന ഉത്സവമാണിത്. എല്ലാവർഷവും ചിത്തിരൈ മാസത്തിൽ ചിത്രാപൗർണമി ഉത്സവം കൊടിയേറുന്നു. ദക്ഷിണേന്ത്യയിൽനിന്ന് മാത്രമല്ല പുറം രാജ്യങ്ങളിൽനിന്നും ട്രാൻസ്ജെൻഡറുകൾ അറവാനെ (ഇരവാനെ) വിവാഹം കഴിക്കാൻ കൂത്താണ്ടവർ ക്ഷേത്രത്തിലേക്കെത്തുന്നു. അറവാനെ വിവാഹം കഴിക്കാനെത്തുന്നവർ അറവാണികൾ എന്നാണ് അറിയപ്പെടുന്നത്. മോഹിനി, ഒറ്റ രാത്രി വധുവായതുപോലെ ആയിരക്കണക്കിന് മോഹിനിമാർ ഒറ്റരാത്രിയിലേക്ക് താലിയേറ്റുവാങ്ങുന്നു. പിറ്റേന്ന് അറവാൻ മരിക്കും. അറവാണികൾ വിധവകളാവും.
തിരക്കില്ലാത്ത ക്ഷേത്രത്തിന്റെ ചിത്രങ്ങൾ എടുക്കണം എന്ന ആഗ്രഹവുമായാണ് ഉത്സവത്തലേന്ന് രാവിലെ പുറപ്പെട്ടത്. വൈകുന്നേരം കൂവാഗമെത്തുമ്പോൾ പേമാരിയുമെത്തി കൂടെ. മഴയൊന്നു കുറഞ്ഞപ്പോൾ മേഘാവൃതമായ ആകാശത്തിനുമുകളിൽ മഴവില്ലുതെളിഞ്ഞു. കൊയ്‌ത്തൊഴിഞ്ഞ പാടം, ആളനക്കമില്ലാത്ത പാതകൾ, നിശ്ശബ്ദമായൊരു ഗ്രാമം. ഇരുട്ട് പിന്നിട്ട് ക്ഷേത്രത്തിൽ എത്തി. ഉത്സവത്തിന്റെതായ പ്രതീതി ഒന്നുമില്ല. ഒരു കൊച്ചുകോവിൽ. ക്ഷേത്രമുറ്റത്ത് ആകെയുള്ളത് ഒരു ഉന്തുവണ്ടിയും കുറച്ച് വർണലൈറ്റുകളുംമാത്രം. പതിനായിരത്തോളം ആളുകൾ പങ്കെടുക്കുന്ന ഉത്സവമാണ്. ഇവിടെ വെറും പത്തോപതിനഞ്ചോപേർ മാത്രം. ഒറ്റദിവസംകൊണ്ട് ഇത്രയും ജനങ്ങൾ വന്നെത്തുമോ എന്ന് സംശയം തോന്നി.
മഴകൊള്ളാതെ അമ്പലമുറ്റത്തേക്ക് ഓടിക്കയറിയപ്പോൾ അവിടെനിന്നവർ അദ്ഭുതത്തോടെ നോക്കി. നാട്ടുകാരിയെന്ന് തോന്നിച്ച ഒരു സ്ത്രീ അതിവിനയത്തോടുകൂടി ചോദിച്ചു, ''കേരളത്തിൽനിന്നാണോ''? ''അതെ നാളെ നടക്കുന്ന താലിയണിയൽച്ചടങ്ങുകൾ കാണാൻവന്നതാണ്.'' ''അതിനിനിയും പത്തുദിവസമുണ്ടല്ലോ, കുറച്ചുമുൻപേ വേറെയും ആളുകൾ ഉത്സവം നാളെയാണെന്ന് കരുതി വന്ന് തിരിച്ചുപോയിരുന്നു.'' അവരുടെ മറുപടി കേട്ടതോടെ മനസ്സിൽ നിരാശയുടെ പേമാരിപെയ്തുതുടങ്ങി. മേയ് 14-ന് നടക്കുന്ന ചടങ്ങുകൾ മേയ് നാലിന് എന്നുപറഞ്ഞുതന്ന ഗൂഗിളിനെ മനസ്സിൽപഴിച്ച് തിരിച്ചുപോരാനൊരുങ്ങി. മുഖത്തെ നിരാശ കണ്ടിട്ടാവാം പൂജാരിയെന്ന് തോന്നുന്ന ഒരാൾ ഉത്സവത്തിന്റെ നോട്ടീസ് നീട്ടിയത്.
പത്തുദിവസം കഴിഞ്ഞ് വീണ്ടും കൂവാഗത്തേക്ക്. കാഴ്ചകളും കഥകളും മാറിയിരിക്കുന്നു. ഒഴിഞ്ഞ പാടങ്ങളിൽ നിറയെ വണ്ടികൾ. തിരക്കേറിയ പാതകൾ. വാഹനങ്ങളിൽ തിക്കും തിരക്കും. ആദ്യം വന്നപ്പോൾ കണ്ട കോവിലേ അല്ല. ചുറ്റും ഇരുമ്പിന്റെ ഗ്രില്ല്. ഒഴിഞ്ഞ വയലുകളിലെല്ലാം പാർക്കിങ് ബോർഡുകൾ. കുടിലുകൾക്കുമുന്നിൽ ചെറിയ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ. എല്ലായിടത്തും പോലീസുകാർ. ഉത്സവത്തിന്റെ തിരക്കുകൾ തുടങ്ങുന്നതേയുള്ളൂ.
ചിത്രാപൗർണമി ഉത്സവത്തിന്റെ തലേന്നുതന്നെ പ്രദേശവാസികളായ വിശ്വാസികളിൽ പലരും താലികെട്ടുന്നുണ്ട്. അമ്പലത്തിന് അരികിലായി രഥത്തിന്റെ പണികളും നടക്കുന്നു. അമ്പലത്തിൽ പൂജകൾക്കും കർമങ്ങൾക്കും നേതൃത്വം നൽകാൻ നിരവധി പരികർമികളെക്കാണാം. ചിത്രാപൗർണമി ഉത്സവത്തിന്റെ അവസാന മൂന്ന് നാളുകൾ... എത്രയോ ദേശക്കാർ... അവരെയെല്ലാം ഇരുകൈയുംനീട്ടി സ്വീകരിക്കുകയാണ് നാട്ടുകാർ. ഉത്സവകാലത്ത് ഇത് എല്ലാ ദേശക്കാരുടെയുംകൂടി ഊരാണ് എന്ന് നാട്ടുകാർ പറയുന്നു. അതിഥികൾക്കായി അവർ കുടിലുകളിൽ സൗകര്യമൊരുക്കുന്നു. ഭക്ഷണവും പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യവും നൽകുന്നു. തങ്ങളുടെ കൃഷിയിടങ്ങൾ അവർക്ക് തലചായ്ക്കാനായി തുറന്നുനൽകുന്നു.
രണ്ടാംദിനം പകൽ തിരക്കുകുറവായിരുന്നു. ഇന്നാണ് താലികെട്ടുന്ന ദിവസം. പ്രദേശവാസികളും ഒന്നുരണ്ടുപേരും എത്തിത്തുടങ്ങി. വൈകുന്നേരമായതോടെ കഥമാറി. ഓട്ടോയിലും മിനി ബസിലുമായി വന്നിറങ്ങുന്നവർ, ട്രാൻസ്ജെൻഡറുകൾ, നാട്ടുകാർ, കുടുംബങ്ങൾ.. നിന്നുതിരിയാനാവാത്തവിധം തിരക്കിലേക്ക് നാടും ചെറിയ കോവിലും ചെന്നെത്തുകയാണ്. താലി കെട്ടിക്കഴിഞ്ഞ് കർപ്പൂരം കത്തിച്ച് കുമ്മിയടിക്കുന്നവരുടെ കൂട്ടങ്ങൾ. താലികെട്ടാനായി കാത്തുനിൽക്കുന്നവരുടെ വേറെ തിരക്ക്.
മഞ്ഞൾക്കഷണം താലിയാക്കി ചരടിൽ കോർത്തതാണ് മംഗല്യത്താലി. പൂജാരിയാണ് താലി ചാർത്തുക. അറവാണികൾ താലികെട്ടിയശേഷം കർപ്പൂരം കത്തിച്ച് അതിനുചുറ്റും പാട്ടുപാടി കുമ്മിയടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നു. നേർച്ചകൾക്കുവേണ്ടിയുള്ള താലികെട്ടുമുണ്ട്. പുരുഷന്മാരും കുട്ടികളും അങ്ങനെ താലിചാർത്തുന്നു. മൂന്ന് ദിവസം വ്രതമെടുത്താണ് താലിയണിയാൻ ഭക്തർ എത്തുന്നത്. താലിയണിയാൻ എത്തുന്ന പുരുഷന്മാർ മീശയും താടിയും വടിക്കുന്നു. ചിലർ കൈയിൽ കുപ്പിവളകൾ അണിയുന്നു. ആ ദിവസങ്ങളിൽ താലിയും കുപ്പിവളയുമണിഞ്ഞ പുരുഷന്മാരെ കടകളിലും ബസിലുമെല്ലാം കാണാം.
ഇതെല്ലാമണിഞ്ഞ് ജോലിക്കും മറ്റും പോകുന്നവരാണ് ഏറെയും. കൗതുകം ജനിപ്പിക്കുന്ന കാഴ്ചയാണത്. ഒരുരാത്രിമാത്രം ആയുസ്സുള്ള കുപ്പിവളകളും താലിയുമാണ് കടകളിലെല്ലാം. ഇവിടെ ഏറെയും വിൽക്കുന്നതും അവ തന്നെ. താലിയും കുങ്കുമവുമണിഞ്ഞ അറവാണികളിൽ ചിലരുടെയൊക്കെ ചിത്രം പകർത്തി. ചിലർ ചിത്രങ്ങൾ നോക്കി നല്ലവാക്ക് പറഞ്ഞു. മറ്റുചിലർ അനുഗ്രഹിച്ചു. ഈ വർഷത്തെ മിസ് കൂവാഗവും സംഘവും താലികെട്ടാൻ എത്തിയതോടെ അവരെക്കാണാനുള്ളവരുടെ തിരക്കായി. വിഐപി ക്യൂവിൽ അകത്തുകയറി അവർ താലികെട്ടി. അവർക്കൊപ്പം സെൽഫിയെടുക്കാനും മറ്റും ആളുകൾ തിക്കിത്തിരക്കിത്തുടങ്ങി. കൂവാഗം ഉത്സവത്തോടനുബന്ധിച്ചാണ് മിസ് കൂവാഗം എന്ന ട്രാൻസ്ജെൻഡർ സൗന്ദര്യമത്സരം നടത്തുക. എന്നാൽ പ്രദേശവാസികളിൽ പലർക്കും ഇങ്ങനെയൊരു മത്സരം എന്നാണ് നടക്കുന്നതെന്നോ എവിടെയാണ് നടക്കുന്നതെന്നോ ഒരറിവും ഇല്ല.
ഇതിനിടെ അമ്പലമതിൽകെട്ടിന് പുറത്ത് ഒരാൾ താലികെട്ടിക്കൊടുക്കുന്നുണ്ടായിരുന്നു. അതോടെ അകത്തെ തിരക്കിലേക്ക് പോകാൻ മടിച്ചുനിന്നവർ അവിടേക്ക് കുതിച്ചു. ക്ഷേത്രത്തിനുള്ളിൽവെച്ച് കെട്ടുന്നതാണ് ആചാരമെന്ന് മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ടെങ്കിലും ചിലരെല്ലാം അവിടെപ്പോയി താലികെട്ടുകയും ദക്ഷിണനൽകുകയും ചെയ്തുകൊണ്ടിരുന്നു. താലികെട്ടി, നെറ്റിയിൽ മഞ്ഞകുറിയണിയിക്കുന്നുണ്ട്. തിരക്കിനിടയിൽ പോലീസുകാരുടെ രസകരമായ അനൗൺസ്മെന്റുകൾ കേട്ടു. ഉത്സവരാത്രി അമ്പലപ്പറമ്പിലെ മേളം കൂടണോ അതോ പോലീസ്സ്റ്റേഷനിൽ ഉറങ്ങണോ എന്നൊക്കെയാണ് പ്രശ്‌നക്കാരോട് മുന്നറിയിപ്പുപോലെ അവരുടെ ചോദ്യങ്ങൾ.
തിരക്കേറുന്നു. ചില നാട്ടുകാരുടെ കൈയിൽ മല്ലിപ്പൂവിന്റെ മാല അണിഞ്ഞ കോഴിയെ കണ്ടപ്പോൾ കൗതുകം തോന്നി. പ്രദേശവാസിയായ സത്യരാജാണ് അതിനുപിന്നിലെ കഥ പറഞ്ഞത്. കോഴി, ആട് എന്നിവയെയും ആളുകൾ ഇവിടെ സമർപ്പിക്കുമത്രേ. ഉത്സവം കഴിയുമ്പോൾ ഇവയെ പരികർമികൾ വീതിച്ചെടുക്കും. രാത്രി തിരക്ക് കൂടുന്നു. കോവിലിലേക്കുള്ള വഴി മുഴുവൻ വാഹനങ്ങൾ പ്രവഹിച്ചുകൊണ്ടേയിരുന്നു. റാലിപോലെ പോകുന്ന നിരവധി ഓട്ടോകളും ടൂവീലറുകളും. ഇതിനിടെ മുബൈയിൽനിന്ന് എത്തിയ സോയ തോമസ് ലോബോ എന്ന ട്രാൻസ്ജെൻഡർ ഫോട്ടോഗ്രാഫറെ കണ്ടുമുട്ടി. ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ ഫോട്ടോ ജേണലിസ്റ്റ് ആണ് സോയ.
ഇരുട്ടുവീണു. കത്തുന്ന കർപ്പൂരത്തിന്റെ വെളിച്ചത്തിൽ താലികെട്ടും കുമ്മിയടിയും നടക്കുന്നുണ്ട്. ഇതിനിടയിൽ കതിർ എന്ന യുവാവിനെ പരിചയപ്പെട്ടു. നേർച്ചയ്ക്കുവേണ്ടി താലികെട്ടാനെത്തിയ നാട്ടുകാരനാണ്. രാത്രി ഒറ്റയ്ക്ക് വയലിനുള്ളിലേക്ക് പോകരുതെന്ന് ഉപദേശിച്ചു കതിർ. നിലാവെളിച്ചം നിറഞ്ഞുനിൽക്കുന്ന ആ രാവിന് താഴെ വയലിലെ നിഴലുകൾ അപകടകാരികളെന്ന് കതിരിന്റെ വാക്കുകളിലുണ്ടായിരുന്നു. ഉത്സവത്തിനെത്തുന്നവരെല്ലാം തമ്പടിക്കുക വയലിലാണ്. അവിടെ കുട്ടികളും കുടുംബങ്ങളും എല്ലാമുണ്ട്. റോഡിലെ ചെറിയ വെളിച്ചത്തിൽ ഭക്ഷണം പാകംചെയ്യുന്നവർ, പായ വിരിച്ചുറങ്ങുന്നവർ…
ഉള്ളിലേക്ക് പോകുംതോറും വയലിന്റെ സ്വഭാവം മാറുന്നു. പലരും ലൈംഗികത്തൊഴിലിനുള്ള ഇടമായി വയലുകളെ ഉപയോഗിക്കാറുണ്ട്. താലികെട്ടിനുശേഷം ആദ്യരാത്രി ആഘോഷങ്ങൾപോലും ഇരുട്ടിൽ അരങ്ങേറുന്നുണ്ട്. രോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഗവൺമെന്റ് നേരിട്ട് ഗർഭനിരോധന ഉറകൾ പോലുള്ളവ നൽകാറുണ്ടെന്ന് വായിച്ചിരുന്നു. എച്ച്‌ഐവി ബോധവത്കരണ പോസ്റ്ററുകൾ പലയിടത്തും പതിച്ചതും കണ്ടു.
രാത്രി തങ്ങാൻ മുറിയെടുക്കണം. വില്ലുപുരമാണ് കോവിലിനടുത്തുള്ള പട്ടണം. 30 കിലോമീറ്റർ ദൂരമുണ്ട് വില്ലുപുരം ടൗണിലേക്ക്. അത്യാവശ്യം ആഡംബരങ്ങളുള്ള വലിയൊരു പട്ടണം. രാത്രിയിലും ടൗൺനിറയെ അണിഞ്ഞൊരുങ്ങിയ അറവാണികളാണ്. ഇതിനിടയിൽ അവരെ ശല്യപ്പെടുത്തിക്കൊണ്ട് ചെറുപ്പക്കാരുടെ കൂട്ടവും. പോലീസ് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും സാധിക്കുന്നില്ല. ഒപ്പം തകർത്തുപെയ്യുന്ന മഴയും. ഒരു നല്ല ചിത്രത്തിനുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. ഇരുട്ടിൽ ഭംഗിയിൽ അണിഞ്ഞൊരുങ്ങിയ ഒരാൾ എന്റെ അടുത്തുവന്നു, കൈയിലെ കുടയിൽ പിടുത്തമിട്ടു, മഴയാണ്, ഒന്ന് മുറിയിലേക്ക് വിടുമോയെന്ന് ഹിന്ദിയിൽ ചോദിച്ചു. മഴയിൽ റോഡ് മുറിച്ചുകടന്ന് ഹോട്ടലിന് മുന്നിൽ അവരെ കൊണ്ടുപോയി വിട്ടു. റൂമിലേക്കുള്ള ക്ഷണമായി പിന്നെ. നിരസിച്ച് തിരിച്ചുനടന്നു.
മഴ മാറിയതോടെ ചെറുപ്പക്കാരുടെ ചൂളംവിളികളും ഇരുചക്രവാഹനങ്ങളുടെ ബഹളവുമായി വീണ്ടും. ആ തിരക്കിന്റെ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെ ചിലർ എനിക്കുനേരെ തിരിഞ്ഞു. എങ്ങനെയൊക്കെയോ രക്ഷപ്പെട്ട് തിരിച്ച് കാറിലെത്തി. രാത്രി താമസിക്കാനായി വില്ലുപുരത്ത് മുറിയെടുക്കാൻ ശ്രമിച്ചെങ്കിലും ഒന്നിലും ഒഴിവില്ലെന്നായിരുന്നു മറുപടി. തിരിച്ച് വീണ്ടും കൂവാഗത്തേക്ക്.
നേരം പുലർന്നിരിക്കുന്നു. വയലുകളിൽ ആളുകൾ കൂട്ടംകൂട്ടമായി കിടന്നുറങ്ങുന്നുണ്ട്. സൂര്യവെളിച്ചം പടരുമ്പോഴും വാനിന്റെ കോണിൽ പൂർണചന്ദ്രനെ കാണാം. ഇന്നാണ് ഇരവാന്റെ നാടുകാണലും വിധവകളാവുന്ന അറവാണികളുടെ താലിയറുക്കലും. നാട് ചുറ്റാനുള്ള രഥം തയ്യാറായിക്കഴിഞ്ഞു. കൂവാഗത്ത് ഇരവാന്റെ തല മാത്രമാണ് പ്രതിഷ്ഠ. കൈകളും കാലുകളും കിരീടവും ശരീരവുമെല്ലാം ആഘോഷമായി മറ്റ് അഞ്ച് ഊരുകളിൽനിന്ന് എത്തുന്നു.
രഥത്തിന് മുകളിൽ രാവിലെത്തന്നെ പൂജാരികൾ സ്ഥാനംപിടിച്ചിട്ടുണ്ട്. ഇതിനിടയിൽ രഥത്തിൽ നിൽക്കാൻ പരസ്പരമുള്ള കശപിശയും കണ്ടു. കൊട്ടും മേളവും ആളുകളുടെ ആർപ്പുവിളിയും. പിച്ചിപ്പൂക്കൾകൊണ്ടുള്ള മാലകൾ ആളുകൾ രഥത്തിലേക്ക് സമർപ്പിക്കുന്നത് ഇവിടെ പ്രധാന ചടങ്ങാണ്. രഥത്തിലേക്കുള്ള വലിയപൂമാല കെട്ടാനുള്ളവർ തലേന്നുതന്നെ കോവിലിലെത്തും. പലതരം മാലകൾ, പല നാട്ടിൽനിന്ന് വരുന്നവ. ഇപ്പോൾ കാഴ്ചയിൽ രഥം പൂക്കൾകൊണ്ട് നിർമിച്ചപോലെ. ഭക്തർ വാളൻപുളിയും നാണയങ്ങളും രഥത്തിലേക്കെറിയുന്നു. രഥം നഗരപ്രദക്ഷിണത്തിനൊരുങ്ങി. ഭക്തരെ തള്ളിനീക്കി പോലീസ് വഴിതെളിച്ചു.
കൂത്താണ്ടവരുടെ നഗരപ്രദക്ഷിണം ഇരവാന്റെ യുദ്ധപ്പുറപ്പാടാണെന്നാണ് മറ്റൊരു വിശ്വാസം. രഥം നാടുചുറ്റി തിരിച്ച് കോവിലിലെത്തുമ്പോഴാണ് താലിമുറിക്കുന്ന ചടങ്ങ്. എന്നാൽ തിരക്കുമൂലം രാവിലെ മുതൽ ചടങ്ങ് തുടങ്ങിയിരുന്നു. താലി മുറിക്കാനും ചടങ്ങ് കാണാനും ഒരു കിലോമീറ്റർ ദൂരെയുള്ള പന്തൽവാടി എന്ന സ്ഥലത്തേക്ക് ജനങ്ങൾ വയലിലൂടെ പരന്നൊഴുകി. അവിടെയും ചെറു കച്ചവടസ്ഥാപനങ്ങളും ലേലംവിളികളുമായി ഗ്രാമത്തിന്റെ മറ്റൊരു മുഖം കാണാം. കണ്ണെത്താദൂരത്തായ് കിടക്കുന്ന വയലിന്റെ പല ഭാഗങ്ങളിൽ ആട്ടിറച്ചിയും കോഴിയിറച്ചിയും തയ്യാറാക്കുന്നവരുണ്ട്. ഇത് ഇവിടെയെത്തുന്നവർക്ക് പങ്കുവയ്ക്കുകയും ചെയ്യുന്നു. അവർക്ക് ഇത് വിശ്വാസത്തിന്റെ ഭാഗമാണ്. അവിടെ ഒരുപാട് മരങ്ങൾ തണലൊരുക്കുന്നിടത്താണ് താലിമുറിച്ചുമാറ്റൽ ചടങ്ങ് നടക്കുന്നത്.
ദക്ഷിണവാങ്ങി കത്തികൊണ്ട് പൂജാരികൾ താലിയറക്കുന്നു. കൈയിൽ കുപ്പിവളകളുടെ അടിയിൽ ചകിരി വെച്ചശേഷം അവ തട്ടിപ്പൊട്ടിക്കുന്നു, കുങ്കുമം മായ്ക്കുന്നു, തലയിലണിഞ്ഞ പൂക്കൾ പിച്ചിച്ചീന്തുന്നു. ഇനി വിലാപമാണ്. ഇരവാന്റെ വിധവകൾ ആർത്തുകരയുന്നു. അവിടെ നിന്നാൽ കൂട്ടമരണം നടന്നയിടംപോലെ തോന്നും. രാത്രിയിൽ മുല്ലപ്പൂവിന്റെയും കല്യാണവീടിന്റെയും ഗന്ധം നിറഞ്ഞുനിന്നിടമെല്ലാം മരണവീടിന്റെ കരച്ചിലുകളെ പുൽകുന്നു. അടുത്തുള്ള കുളത്തിൽ കുളിച്ച് വെള്ളവസ്ത്രമണിഞ്ഞ് അവർ ഇരവാന്റെ വിധവകളായി സങ്കല്പിക്കുന്നതോടെ ആ വർഷത്തെ ചടങ്ങുകൾ കഴിയുകയാണ്. അടുത്തവർഷത്തേക്കുള്ള കാത്തിരിപ്പാണ് ഇനി. വീണ്ടും താലിയണിയാൻ. അറുത്തുമാറ്റുമെന്ന് ഉറപ്പുണ്ടെങ്കിലും ഒരു ദിവസത്തേക്ക് സുമംഗലിയാവാൻ, ആനന്ദിക്കാൻ...
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Annual Chitra Pournami festival at Koothandavar Temple dedicated to Aravan. Cultural significance of the ritualistic marriage and subsequent widowhood for the transgender community.
Published: 28 Apr 2026, 04:26 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented