
രാവിലെ, ഒരു ആറു മണിയോടെ കൊൽക്കത്തയിലെ തിരെത്ത ബസാറിൽ ഒന്ന് പോകണം. ഒരു വശത്ത് പോർക്ക് ബണ്ണും റൈസ് കേക്കും ഫിഷ് ഡംപ്ലിങ്ങുകളുമെല്ലാം ചൂടോടെ വിളമ്പുന്ന സ്റ്റാളുകൾ നിരന്നു നിൽക്കും. ഓരോ സ്റ്റാളിന്റെ മുന്നിലും ചുമന്ന നിറത്തിലെ പ്ലാസ്റ്റിക് സ്റ്റൂളുകൾ, മാണ്ടറിൻ ഭാഷയിൽ എഴുതിയ നിറം മങ്ങിയ ബോർഡുകൾ, ആവിയിൽ പുഴുങ്ങിയെടുത്ത പലഹാരങ്ങൾ വിൽക്കുന്ന ചൈനക്കാരികളായ അമ്മമാർ. കുറച്ചു മാറി ചൈനീസ് അരിയും പലചരക്ക് സാധനങ്ങളും വിൽക്കുന്ന ചെറുപ്പക്കാർ. അപ്പുറത്ത് ഒന്നാന്തരം ചൂടു ചായ വിൽക്കുന്ന ബംഗാളികളെയും കാണാൻ സാധിക്കും. അക്ഷരാർഥത്തിൽ ഒരു 'Cultural Amalgamation'.
എവിടുന്ന് എന്തൊക്കെ കഴിക്കണം എന്നത് കൃത്യമായി ഒരു പേപ്പറിൽ എഴുതി അയച്ചിട്ടുണ്ട് കൂട്ടുകാരി സൂർമ. കൊൽക്കത്തക്കാരിയായ അവൾ, നിർബന്ധമായും രാവിലെ എഴുന്നേറ്റ് ഇവിടെയെത്തി ഭക്ഷണം കഴിച്ചിരിക്കണമെന്ന് പലവട്ടം ഫോണിൽ പറഞ്ഞതാണ്! കാരണം, അഞ്ചരയ്ക്ക് തുടങ്ങുന്ന ഈ പ്രാതൽ പരിപാടി ഏകദേശം ഏഴു മണിയോടെ സമാപിക്കും. ഏഴര കഴിഞ്ഞാൽ അവിടെ ആ പരിപാടി നടന്നിരുന്നു എന്ന് കണ്ടാൽപോലും മനസ്സിലാവില്ല, എല്ലാവരും സ്ഥലം വിട്ടിരിക്കും! അവളുടെ ലിസ്റ്റ് പ്രകാരം ആദ്യം കഴിക്കേണ്ടത് 'പൗ ഹിങ്' എന്ന ചൈനീസ് ഭക്ഷണശാലയുടെ മുന്നിൽ ഇരിക്കുന്ന അമ്മ വിളമ്പുന്ന 'ചിക്കൻ സ്റ്റിക്കി റൈസ്' ആണ്. പേര് സൂചിപ്പിക്കുന്ന പോലെ ഒട്ടിപ്പിടിക്കുന്ന കുഴഞ്ഞ പരുവത്തിലെ ചോറും വേവിച്ച ചിക്കനും രംഭയില എന്ന് നാം വിളിക്കുന്ന 'പാണ്ടൻ ലീഫി'ന്റെ മുകളിൽ വിളമ്പും. ശേഷം ഇല ചുരുട്ടി മുറുക്കി കെട്ടി, ആവിയിൽ പുഴുങ്ങും. മറ്റനേകം സ്റ്റാളുകൾ ഉണ്ടെങ്കിലും ഈ അമ്മ മാത്രമേ സ്റ്റിക്കി റൈസ് വിളമ്പാറുള്ളൂ. ചുക്കിച്ചുളിഞ്ഞ കൈകൾകൊണ്ട് ഒരു പ്ലേറ്റ് സ്റ്റിക്കി റൈസ് എന്റെ നേർക്ക് നീട്ടി. നല്ല ചൂടുണ്ട്. അത് വകവെക്കാതെ ഞാൻ ആവേശത്തിൽ പൊതിയഴിച്ചു. പുറമെ ഒരു പുട്ടുകുറ്റി പോലെയിരിക്കും കാണാൻ. ചോറിന്റെ ഉള്ളിൽ കുരുമുളകിലും സോയസോസിലും കലർന്നു കിടക്കുന്ന ചിക്കൻ. ഞാൻ രുചിക്കുന്നതും നോക്കി അവർ ആകാംക്ഷയോടെ നിന്നു. ആദ്യത്തെ വായ ഇറക്കിയതും അവര് ചോദിച്ചു; 'കൈസാ ലഗ?' എന്റെ നാവറിഞ്ഞ ആ രുചിയുടെ നിർവൃതിയിൽ താളത്തിൽ തലയാട്ടി ഞാൻ പറഞ്ഞു; 'ഏക് ദം ഫസ്റ്റ് ക്ലാസ്സ്!'
അവർ കണ്ണിറുക്കി ചിരിച്ചു. എനിക്ക് ആ കടയും അമ്മയെയും അത്രക്ക് ഇഷ്ടപ്പെട്ടതുകൊണ്ട് ഞാൻ ലിസ്റ്റിലെ പുതിയ മേച്ചിൽപുറങ്ങൾ തേടി പോയില്ല. അവരുടെ കൈയ്യിൽ ഉണ്ടായിരുന്ന തായ്‌പോ എന്ന പോർക്ക് ചേർത്ത ബണ്ണും, ഡംപ്ലിങ്ങുകളുമെല്ലാം കഴിച്ചു. ഇടദിവസം ആയതുകൊണ്ട് അധികം തിരക്കില്ലാത്തതുകൊണ്ട് അവരും വാചാലയായിരുന്നു. അവരുടെ പേര് മേരി. ബ്രിട്ടീഷ് ഭരണകാലത്ത് കൊൽക്കത്തയിൽ വന്നതാണ് മേരിയുടെ പൂർവികർ. മേരിയുടെ പൂർവികരും മറ്റു ചൈനീസ് വംശജരും കൊൽക്കത്തയിൽ എത്താൻ കാരണം ഒരൊറ്റ മനുഷ്യൻ ആണ്- ടോങ് ആച്യു!
ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പ്രധാനപ്പെട്ട കച്ചവടനഗരം ആയിരുന്നു കൊൽക്കത്ത. അതുകൊണ്ട് നഗരത്തിൽ പല ഭാഗങ്ങളിലായി ചെറുകിടവ്യവസായങ്ങൾ തുടങ്ങാൻ ഏഷ്യയുടെ പലഭാഗത്തു നിന്നു വരുന്നവർക്കും ഈസ്റ്റ് ഇന്ത്യ കമ്പനി എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുത്തു. കരിമ്പ് ഉത്പാദനവും ശർക്കരനിർമാണവുമൊക്കെ വൻ തോതിൽ കാലങ്ങളായി കൊൽക്കത്തയിൽ ഉണ്ടായിരുന്നെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ പഞ്ചസാര നിർമാണം കൊൽക്കത്തയിൽ എന്നല്ല ഇന്ത്യയിൽ എങ്ങും തന്നെയില്ലായിരുന്നു. ഈ സമയത്താണ് ടോങ്ങിന്റെ കടന്നുവരവ്. ഇന്ത്യയിലെ ആദ്യത്തെ പഞ്ചസാര പ്ലാന്റേഷൻ കൊൽക്കത്തയിൽ തുടങ്ങാൻ ടോങ് ആഗ്രഹിച്ചു. ഇതിന് എല്ലാവിധ പിന്തുണയും നൽകിയ ബ്രിട്ടീഷ് സർക്കാർ ടോങ്ങിന് 1778-ൽ ഹൂഗ്ലി നദിക്കരയിൽ നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ മാറി സ്ഥലം അനുവദിച്ചു കൊടുത്തു. അവിടെ ആച്യു ഒരു പഞ്ചസാര മില്ല് തുടങ്ങി. അവിടെ ജോലി ചെയ്യാൻ ചൈനയിൽ നിന്ന് ജോലിക്കാരെ കൊൽക്കത്തയിലേക്ക് കൊണ്ടുവന്നു. ഇന്ത്യയിൽ വന്ന് കുറച്ച് വർഷങ്ങക്കുള്ളിൽ ആച്യു മരിച്ചെങ്കിലും ആച്യു കൊണ്ടു വന്ന തൊഴിലാളികൾ ഇന്ത്യയിൽ തന്നെ കൂടി. അവരുടെ മക്കളും കൊച്ചുമക്കളുമൊക്കെയാണ് ഇന്ന് കൊൽക്കത്തയിൽ താമസിക്കുന്ന ബംഗാളി സംസാരിക്കുന്ന ചൈനക്കാർ! അവർ പിന്നീട് പ്രധാനമായും തിരെത്ത ബസാറിലും ടാംഗ്രയിലുമായിട്ടാണ് താമസിച്ചത്. പലഭാഗങ്ങളിലായി ലെതർ സംസ്‌കരണശാലകളും, തടി മില്ലുകളും മറ്റും തുടങ്ങി അവർ കൊൽക്കത്തയുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായി! ഈ തൊഴിലാളികൾക്ക് കഴിക്കാനായി ചൈനീസ് ഭക്ഷണം വിളമ്പുന്ന ധാരാളം കുഞ്ഞു കടകൾ തിരെത്തായിലും ടാംഗ്രയിലും തുടങ്ങി. എന്നാൽ ചൈനക്കാരെക്കാൾ ആ ഭക്ഷണം തേടി വന്നത് കൊൽക്കത്തക്കാരാണ്! ആ വരവ് ഒരു പുതിയ ഭക്ഷണശാഖയ്ക്ക് തന്നെ പിറവി നൽകി - ഇൻഡോ ചൈനീസ്! ഇന്ന് ഇന്ത്യയിൽ തന്നെ ഏറ്റവും പ്രചാരത്തിലുള്ള പാചകരീതി ആണ് ഇൻഡോ ചൈനീസ്! ടാംഗ്രയിൽ ഹക്ക നൂഡിൽസും ഫ്രൈഡ് റൈസും എല്ലാം പ്രസാദമായി കൊടുക്കുന്ന ഒരു കാളീക്ഷേത്രം വരെയുണ്ട്! ചുരുക്കി പറഞ്ഞാൽ നാം കഴിക്കുന്ന ചില്ലി ചിക്കനും, ചിക്കൻ മഞ്ചൂരിയനുമൊക്കെ നാം കടപ്പെട്ടിരിക്കേണ്ടത് ആച്യുവിനോടാണ്!
പ്രാതൽ കഴിഞ്ഞ ഉടനെ ഞാൻ പുറപ്പെട്ടത് ആച്ചിപ്പൂരിലേക്കാണ്. നേരത്തെ പറഞ്ഞ ആച്യു പഞ്ചസാര മില്ല് സ്ഥാപിച്ച സ്ഥലമില്ലേ? അത് പിൽക്കാലത്ത് ആച്ചിപ്പൂർ എന്നാണ് അറിയപ്പെട്ടത്. കൊൽക്കത്തയുടെ തിരക്കുകൾ ഒന്നുമേ തൊട്ടു തീണ്ടാത്ത ശാന്ത സുന്ദരമായ ഗ്രാമമാണ് ആച്ചിപ്പൂർ. മരണശേഷം ആച്യുവിനെ അവിടെയാണ് അടക്കിയത്. ആച്യുവിന്റെ മരണത്തോടെ കൊൽക്കത്തയിലേക്ക് ചൈനീസ് വംശജർക്ക് ചേക്കേറേണ്ടി വന്നതുകൊണ്ട് ഇന്ന് ആച്ചിപ്പൂരിൽ ചൈനക്കാർ അധികമില്ല.
ആച്ചിപ്പൂരിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ടെലെഗ്രാഫ് ഓഫീസ് സ്ഥാപിച്ചത് ആച്ചിപ്പൂരിൽ ആണ്. ടെലിഫോണുകൾക്കും മുമ്പ് കൊൽക്കത്ത തുറമുഖവും ഖേജുരി തുറമുഖവും തമ്മിൽ കപ്പലുകളുടെ ഗതിയും കാലാവസ്ഥയുമൊക്കെ പരസ്പരം അറിയിച്ചിരുന്നത് ടെലിഗ്രാഫ് വഴിയാണ്. ഫോണിന്റെ വരവോടെ പ്രതാപം മെല്ലെ നഷ്ടപ്പെട്ട ടെലിഗ്രാഫ് ഓഫീസുകൾ താമസിക്കാതെ പൂട്ടേണ്ടി വന്നു. അങ്ങനെ ഒരു കാലത്ത് ഒരു വമ്പൻ നാഴികക്കല്ലായി മനുഷ്യർ കണ്ട കെട്ടിടം പയ്യെ പ്രകൃതിക്ക് കീഴടങ്ങി. ഇന്നുമവിടെ കാലം കരുണ കാട്ടാത്ത ആ കെട്ടിടം നിൽക്കുന്നുണ്ട്. ഭിത്തികളിൽ ഇന്നും അങ്ങിങ്ങായി മഞ്ഞ പെയിന്റ് കാണാം. ഏതു നിമിഷവും എല്ലാം കൂടെ തല്ലിപ്പൊളിഞ്ഞു നിലത്തു വീഴുന്ന അവസ്ഥയാണ്. എങ്കിലും അകത്തൊന്ന് കയറിനോക്കണം എന്ന് വല്ലാത്ത ആഗ്രഹം. എല്ലാം ഒന്ന് കറങ്ങി കണ്ട് വേഗത്തിൽ തിരിചിറങ്ങി.
ശേഷം പോയത് ആച്യു നിത്യനിദ്ര കൊള്ളുന്ന സ്ഥലത്തേക്കാണ്. ആച്യുവിന്റെ കല്ലറയ്ക്ക് കുതിര ലാടത്തിന്റെ ആകൃതിയാണ്. ചൈനീസ് വിശ്വാസപ്പ്രകാരം കുതിരലാടം നല്ലത്തിനെ സൂചിപ്പിക്കുന്നു. അല്പം മാറി ചുമന്ന ചായമടിച്ച ഒരു കുഞ്ഞു ചൈനീസ് ക്ഷേത്രവുമുണ്ട്. അങ്ങോട്ടേക്ക് നടന്നു അകത്തു കയറിയപ്പോൾ ഒരു ചെറുപ്പക്കാരൻ ഇരുന്ന് പ്രാർഥിക്കുന്നുണ്ട്. ചൈനീസ് വംശജൻ ആണ്. അയാൾ പ്രാർഥന കഴിഞ്ഞ് എഴുന്നേൽക്കുന്നതും കാത്ത് ഞാൻ അവിടെ നിന്നു. എഴുന്നേറ്റത്തും ഞാൻ ചോദിച്ചു; 'വിരോധം തോന്നരുത്. ഞാനിവിടുത്തുകാരിയല്ല. ആച്യുവിന്റെ ബന്ധുക്കൾ?'
'അവരൊക്കെ കൊൽക്കത്തയുടെ പല ഭാഗങ്ങളിലുണ്ട്. എല്ലാ ചൈനീസ് പുതുവർഷ സമയത്തും ഞങ്ങളെല്ലാവരും ഇവിടെ വരും. അന്ന് ഇവിടെ വലിയ വിശേഷമാണ്. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്തിക്കും, വിരുന്നൊരുക്കും.' അദ്ദേഹം പറഞ്ഞു.
'നിങ്ങളുടെ നാട്ടിൽ പോകാറുണ്ടോ? അവിടെ ബന്ധുക്കൾ? ' ഞാൻ ചോദിച്ചു.
'ഏത് നാട്? ഞാൻ ജനിച്ചതുമുതലേ കൊൽക്കത്തക്കാരൻ ആണ്. അതിനപ്പുറം എനിക്കൊന്നുമില്ല.' അയാൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞ് അവിടുന്നിറങ്ങി. ഞാൻ പിന്നെയും അവിടെത്തന്നെ ഇരുന്നു. സത്യത്തിൽ ബട്ടർഫ്ളൈ എഫക്ട് പോലൊരു പ്രതിഭാസമല്ലേ ഇവിടെ നടന്നത്? ചൈനക്കാരൻ ആയ ആച്യു ഇരുന്നൂറ് വർഷങ്ങൾക്ക് മൂൻപ് ഒരു കച്ചവടസാധ്യത മാത്രം മുന്നിൽ കണ്ടാണ് ഇന്ത്യയിലേക്ക് ചേക്കേറിയത്! ഇന്ത്യയിൽ പഞ്ചസാര സംസ്‌കരിക്കാൻ അറിയാവുന്നവർ ഇല്ലാത്തതുകൊണ്ടാണ് അദ്ദേഹത്തിന് ചൈനയിൽ നിന്ന് തൊഴിലാളികളെ കൊണ്ടു വരേണ്ടി വന്നത്. കപ്പലിൽ കയറി ഇന്ത്യയിൽ എത്തിയ ആ മനുഷ്യൻ ചിന്തിച്ചിട്ടുണ്ടാകുമോ താൻ അന്ത്യം വരെ ഇവിടെ തന്നെ നിൽക്കുമെന്ന്? തന്റെ ശരീരം ഈ മണ്ണിന്റെ ഭാഗമാകുമെന്ന്? താൻ കൊണ്ടു വന്ന തൊഴിലാളികൾ ഇന്ന് നാലായിരത്തിലധികം മനുഷ്യർ അടങ്ങുന്ന ഒരു സമൂഹം ആകുമെന്ന്? എന്തിനേറെ പറയുന്നു, ഇന്ത്യയുടെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള സകലമനുഷ്യരും സന്തോഷത്തോടെ ഭക്ഷിക്കുന്ന ഇൻഡോ ചൈനീസ് വിഭവങ്ങൾ പിറക്കുമെന്ന് ആ മനുഷ്യന് വല്ല ധാരണയും ഉണ്ടായിരുന്നോ? ജീവിതം! അത് നിഗൂഡം തന്നെ!
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 16 May 2026, 05:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented