
നമുക്ക് അത്ര പരിചിതമല്ലാത്തതും എന്നാൽ ചെന്നൈയിൽ ഏറെ പ്രചാരത്തിലുള്ളതുമായ കുറച്ച് സ്ട്രീറ്റ് ഫുഡ് ഉണ്ട്. ഭേജോ, അത്തോ, ഖൗ സ്വേയ് തുടങ്ങിയവ. എന്നാൽ ഇവയൊന്നും യഥാർഥത്തിൽ തമിഴ്‌നാട്ടുകാരല്ല. ഈ രുചിവിഭവങ്ങളുടെ ഉത്ഭവം അങ്ങ് ബർമയിൽ നിന്നാണ്. തമിഴ്‌നാട്ടിൽനിന്ന് ജോലിക്കും വ്യാപാരത്തിനുമായി ബർമയിലേക്കുപോയ ആളുകൾ മടങ്ങിവന്നപ്പോൾ കൂടെ കൊണ്ടുവന്ന രുചികളാണ് ഇവ. അവർ ഈ വിഭവങ്ങൾ ഫുഡ് സ്റ്റാളുകൾവഴി വിൽക്കുകയും പതിയെ ഇത് ചെന്നൈക്കാരുടെ പ്രിയ വിഭവങ്ങളായി മാറുകയുമായിരുന്നു. ഈ അവധിക്കാലത്ത് നമുക്കും തയ്യാറാക്കിയാലോ ചില ബർമീസ് രുചികൾ.
ചിക്കൻ ഖൗ സ്വേയ്
ചേരുവകൾ:
നൂഡിൽസ് - 250 ഗ്രാം
ചിക്കൻ - 150 ഗ്രാം
സവാള - ഒന്ന്
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി - ഒന്ന്
പച്ചമുളക് - മൂന്നെണ്ണം
മല്ലിയില തണ്ടോടുകൂടി അരിഞ്ഞത് - അരക്കപ്പ്
മഞ്ഞൾപൊടി - അര ടീസ്പൂൺ
മുളകുപൊടി- ഒരു ടീസ്പൂൺ
മല്ലിപ്പൊടി - ഒരു ടീസ്പൂൺ
ചിക്കൻ മസാല- ഒരു ടീസ്പൂൺ
കടലമാവ് - ഒരു ടേബിൾ സ്പൂൺ
തേങ്ങാപ്പാൽ - ഒരു കപ്പ്
ചെറുനാരങ്ങ - ഒന്ന്
ഉപ്പ്, എണ്ണ - ആവശ്യത്തിന്
ടോപ്പിങ്ങിന്
ചേരുവകൾ:
മുട്ട പുഴുങ്ങിയത് - ഒന്ന്
ചില്ലി ഓയിൽ - ഒരു ടേബിൾ സ്പൂൺ
ഫ്രൈഡ് ഗാർലിക്- ഒരു ടീസ്പൂൺ
ഫ്രൈഡ് ഒനിയൻ - രണ്ട് ടേബിൾ സ്പൂൺ
ഫ്രൈഡ് നൂഡിൽസ് - കാൽ കപ്പ്
നിലക്കടല - ഒരു ടേബിൾ സ്പൂൺ
മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: നൂഡിൽസ് വേവിച്ച് വെള്ളം വാർത്തുകളഞ്ഞ് മാറ്റിവയ്ക്കുക. സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തണ്ടോടുകൂടിയ മല്ലിയില എന്നിവ നന്നായി അരച്ച് ഗ്രീൻ പേസ്റ്റ് തയ്യാറാക്കുക. പാനിൽ എണ്ണ ചൂടാക്കി ഈ പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. പച്ചമണം മാറുമ്പോൾ എല്ലാ പൊടികളും ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കാം. ഇതിലേക്ക് ചെറിയ ക്യൂബ് ആക്കിയ ചിക്കൻ ചേർത്ത് ഒന്ന് വഴറ്റി, ഒരു കപ്പ് വെള്ളവും ചേർത്ത് തിളയ്ക്കുമ്പോൾ ചെറുതീയിൽ മൂടിവെച്ച് വേവിക്കുക. ചിക്കൻ വെന്തതിനുശേഷം തേങ്ങാപ്പാലിൽ കടലമാവ് ചേർത്ത് കലക്കി യോജിപ്പിച്ച് ചിക്കനിലേക്ക് ചേർക്കുക. നന്നായി യോജിപ്പിച്ച് ചെറുതീയിൽ വെച്ച് തിളച്ച് കുറുകിവരുമ്പോൾ നാരങ്ങാനീരും ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് തീയിൽ നിന്നും മാറ്റാം. ഇനി ഒരു വലിയ ബൗളിൽ വേവിച്ച നൂഡിൽസ് എടുത്ത് അതിനുമുകളിലേക്ക് ഈ ചിക്കൻ സോസ് ഒഴിക്കുക. അതിനു മുകളിൽ ടോപ്പിങ്ങിനുള്ള എല്ലാ ചേരുവകളും തൂവി ചൂടോടെ വിളമ്പാം.
എഗ്ഗ് ഭേജോ
ചേരുവകൾ:
മുട്ട പുഴുങ്ങിയത്- എട്ടെണ്ണം
സവാള - രണ്ടെണ്ണം
വെളുത്തുള്ളി - ഒന്ന്
ചില്ലി ഫ്‌ളേക്‌സ് - മൂന്ന് ടേബിൾസ്പൂൺ
വാളൻപുളി - ഒരു നെല്ലിക്കാ വലിപ്പത്തിൽ
ചെറുനാരങ്ങ - ഒന്ന്
ഉപ്പ്, എണ്ണ, മല്ലിയില-ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: സവാളയും വെളുത്തുള്ളിയും തൊലി കളഞ്ഞ് നേരിയതായി നീളത്തിൽ അരിഞ്ഞുവയ്ക്കുക. വാളൻപുളി വെള്ളത്തിലിട്ട് കുതിർത്ത്, അധികം വെള്ളം ചേർക്കാതെ പുളി പിഴിഞ്ഞെടുത്തു വെക്കുക. നാരങ്ങാനീര് ഒരു പാത്രത്തിൽ ഒഴിച്ചുവെക്കുക. കാൽ കപ്പ് വെള്ളത്തിൽ ഉപ്പ് ചേർത്ത് അലിയിച്ച് ഉപ്പുവെള്ളവും തയ്യാറാക്കി വെക്കുക. ഇനി പാനിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞത് ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റി മൊരിയിച്ച് കോരുക. അതേ എണ്ണയിൽ വെളുത്തുള്ളിയും ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ മൊരിയിച്ച് കോരി വെക്കണം. രണ്ട് ടേബിൾ സ്പൂൺ സവാളയും വെളുത്തുള്ളിയും വറുത്തെടുത്ത എണ്ണ, ചില്ലി ഫ്‌ളേക്‌സിൽ ചേർത്ത് ചില്ലി ഓയിൽ തയ്യാറാക്കി വയ്ക്കുക. ഇനി വറുത്തെടുത്ത സവാളയും വെളുത്തുള്ളിയും കൂടി കൈകൊണ്ട് നന്നായി ഞെരടി യോജിപ്പിക്കുക. മുട്ട ഓരോന്നായി ഒരു വശം മാത്രം നെടുകെ വരഞ്ഞ്, ഓരോ മുട്ടയുടെ അകത്തും സവാള-വെളുത്തുള്ളി കൂട്ട് ഒരു ടേബിൾസ്പൂൺ വീതം നിറയ്ക്കുക. അതിനു മുകളിൽ ചില്ലി ഓയിൽ, അല്പം പുളിവെള്ളം, അല്പം നാരങ്ങാനീര്, അല്പം ഉപ്പുവെള്ളം എന്നിവ ഒഴിക്കുക. മുകളിൽ മല്ലിയിലയും വെച്ച് വിളമ്പാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Burmese taste on Chennai streets
Published: 10 Apr 2026, 12:35 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented