
കിഴക്കേക്കോട്ടയ്ക്കു മുകളിലുദിച്ച സൂര്യനാളത്തില്‍ സ്വര്‍ണത്താഴികക്കുടങ്ങള്‍ മിന്നിത്തിളങ്ങി. പദ്മനാഭകീര്‍ത്തനങ്ങളുടെ അകമ്പടിയോടെ കോട്ടയ്ക്കുള്ളിലെ അഗ്രഹാരത്തെരുവുകളും ഉണര്‍ന്നു. പദ്മനാഭനെ തൊഴുതാണ് ഈ ക്ഷേത്രപരിസരം ഉറങ്ങുന്നതും ഉണരുന്നതും. ഭക്തരെ ചുറ്റിപ്പറ്റി പരക്കുന്ന ചന്ദനഗന്ധത്തിനൊപ്പം രുചിപ്രേമികള്‍ക്ക് ആസ്വദിക്കാന്‍ പാകത്തില്‍ ഇഡലിയുടെയും ഫില്‍റ്റര്‍ കോഫിയുടെയും മണമുണ്ട് എങ്ങും. വെറുതേയല്ല തിരുവനന്തപുരത്തിന്റെ രുചിക്കോട്ടയെന്ന് ഈ തെരുവ് വിളിക്കപ്പെടുന്നതും.

ചെറിയ ഗണപതിക്ഷേത്രവും ഹനുമാനും ഗണപതിയും നവഗ്രഹങ്ങളും കുടികൊള്ളുന്ന കോവിലും പിന്നിട്ട് വടക്കേ കോട്ടയില്‍നിന്ന് പടിഞ്ഞാറേ കോട്ടയിലേക്കുള്ള പ്രഭാതനടത്തം മനസ്സിന് കുളിര്‍മ പകരും. പാതയ്ക്കിരുവശവും അഗ്രഹാരങ്ങളുള്ള തെരുവാണിത്. തിരുവനന്തപുരത്തെ തമിഴ് ബ്രാഹ്മണര്‍ താമസിച്ചിരുന്ന അഗ്രഹാരങ്ങള്‍. അരിപ്പൊടിക്കോലമിട്ട മുറ്റവും വെള്ളയും ചുവപ്പും ചായം പൂശിയ വീടുകളും. കട്ടയും തടിയും കൊണ്ട് നിര്‍മിച്ച വീടുകള്‍ക്ക് പൊതുവായ ഭിത്തിയായിരുന്നു. തൂണുകളും മേച്ചിലുകളുമുള്ള ഈ അഗ്രഹാരങ്ങളുടെ തറ, തടിപാകിയതാണ്. തിരുവിതാംകൂര്‍ രാജവംശത്തിന് അടിത്തറയിട്ട അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ മന്ത്രി രാമയ്യന്‍ ദളവയാണ് തമിഴകത്തുനിന്നുള്ള ബ്രാഹ്മണരെ അനന്തപുരിയിലേക്ക് ക്ഷണിച്ചുവരുത്തിയത്. തമിഴകത്തുനിന്നെത്തിയ പരദേശിബ്രാഹ്മണര്‍ക്കുവേണ്ടിയായിരുന്നു അന്ന് അഗ്രഹാരങ്ങള്‍ നിര്‍മിച്ചത്. ബ്രാഹ്മണരെ സത്കരിക്കുന്ന പതിവ് കേരളത്തിലെ രാജാക്കന്മാര്‍ക്കുണ്ടായിരുന്നു. മഹാക്ഷേത്രങ്ങളോടനുബന്ധിച്ച് ഊട്ടുപുരകള്‍ നിര്‍മിച്ചിരുന്നതുകൊണ്ട് ഇവിടെ വന്നുചേരുന്ന ബ്രാഹ്മണര്‍ക്ക് സൗജന്യഭക്ഷണത്തിനും വിശ്രമത്തിനും വിഷമമുണ്ടായിരുന്നില്ലത്രേ.

ഇഡലി, മസാലദോശ, നെയ്‌റോസ്റ്റ്, പൂരി, പൊങ്കല്‍... വിഭവങ്ങള്‍ അടുക്കളയില്‍നിന്ന് ആവിപറത്തിക്കൊണ്ട് തീന്‍മേശകളിലെത്തി. കാരവട കൈയും കണക്കുമില്ലാതെ വിറ്റുപോവുന്നുണ്ട്. അരിമാവും ഉഴുന്നും മുളകുപൊടിയും കറിവേപ്പിലയും വറ്റല്‍മുളകും ചേര്‍ത്തുണ്ടാക്കുന്ന കാരവടയ്ക്കുമുന്നില്‍ ഉഴുന്നുവട എത്രയോ നിസ്സാരന്‍.
മുറ്റത്തെ അരിമാവുകോലങ്ങള്‍ക്കുമീതെ കുഞ്ഞനുറുമ്പുകള്‍ കൂട്ടംകൂടി നില്‍ക്കുന്നു. ജോലിക്കുപോകുന്നവര്‍ മുറ്റത്ത് ഒത്തുകൂടി. ആ ഇടവഴിയിലൂടെ നടന്ന് നേരേ തെക്കേനടയിലേക്ക് കയറി. വീണ്ടുമതാ ഫില്‍റ്റര്‍ കോഫിയുടെ കൊതിപ്പിക്കുന്ന മണം. കാപ്പിക്കുരു വറുത്തുപൊടിക്കുന്ന കടകളും ചില അഗ്രഹാരങ്ങളുമുണ്ടിവിടെ. കാപ്പിക്കുരു വറുത്തുപൊടിച്ച് അതില്‍ ചിക്കറി ചേര്‍ക്കും. കാപ്പിക്ക് കടുപ്പം കൂടാനാണ് ഇത്, സ്വാദും കൂടും. രണ്ടുതട്ടുള്ള ഫില്‍റ്ററില്‍ പൊടിയിട്ട് അതിലേക്ക് ചൂടുവെള്ളമൊഴിക്കും. തലേന്ന് രാത്രി വെച്ചാല്‍ രാവിലേയാവുമ്പോഴേക്കും പാത്രം നിറയുമത്രേ. ഇത് കാപ്പിയില്‍ ചേര്‍ക്കുമ്പോഴാണ് മത്തുപിടിപ്പിക്കുന്ന ആ രുചി ലഭിക്കുന്നത്. ഫില്‍റ്റര്‍ കോഫിയും ചെമ്പാവരി കൊഴുക്കട്ടയും നല്ല കോമ്പിനേഷനാണെന്നുപറഞ്ഞത് മുരുകനാണ്. ചെമ്പാവരി അരച്ച് അത് ഉരുളകളാക്കി ആവിയില്‍ വേവിച്ചെടുക്കുകയാണ്. ഇതുപോലെതന്നെയുള്ള മറ്റൊരു ഐറ്റമാണ് ശര്‍ക്കര കൊഴുക്കട്ട.
ഡയറ്റും മറ്റും ശീലിക്കുന്നവര്‍ക്ക് അടദോശയും അവിയലും ബെസ്റ്റാണ്. ആരോഗ്യകരമായ ഭക്ഷണമെന്നാണ് അടദോശയെ വിശേഷിപ്പിക്കുന്നതുതന്നെ. ചുവന്ന മുളക്, കടലപ്പരിപ്പ്, തുവരപരിപ്പ്, ഡൊപ്പി അരി (വെള്ള അരി), കായം എന്നിവ ചേര്‍ത്ത് അരയ്ക്കുന്നതാണ് കൂട്ട്. അവിയലും ചമ്മന്തിയുമാണ് തൊടുകറികള്‍. റവദോശ, രസവട, ഒക്കാര എന്ന 'പൂര്‍ണം' തുടങ്ങി ഈ കോട്ടയ്ക്കകത്ത് വൈവിധ്യം നിറഞ്ഞ രുചിക്കൂട്ടുകള്‍ ഒളിപ്പിച്ചുവെച്ച കലവറകള്‍ ഏറെയുണ്ട്. ആദ്യ ആര്‍ത്തവസമയത്ത് പെണ്‍കുട്ടിയെ കാണാന്‍ വരുന്നവര്‍ക്ക് കൊടുക്കുന്ന ഭക്ഷണമാണ് ഒക്കാര അഥവ പൂര്‍ണം. തേങ്ങയും ശര്‍ക്കരയും പയറും കൂടിയുള്ള മിക്‌സാണിത്. മറ്റൊന്ന് അരിമാവ് കലക്കി എണ്ണയിലിട്ട് മുക്കിയെടുക്കുന്ന മോദകമാണ്.
കാലങ്ങളായി ഇവിടെ പലതരം രുചിക്കൂട്ടുകള്‍ പടര്‍ന്നുകിടക്കുന്നുണ്ട്. പഴമയൊഴിഞ്ഞുപോകാത്ത ഈ മണ്ണില്‍ വന്ന് അതൊന്ന് നുകര്‍ന്നാലറിയാം, നമ്മുടെ സംസ്‌കാരത്തിലെവിടെയോ മായാതെകിടക്കുന്ന തനത് രുചിയുടെ അടയാളങ്ങള്‍.
Content Highlights: taste, travel, yathra, padmanabhaswami temple, taste streets
Published: 07 Nov 2023, 02:42 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented