വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ ചില്ലുകൂട്ടില്‍ ഇഴഞ്ഞുനീങ്ങുന്ന പാമ്പും പഴുതാരയും പല്ലിയും ചീങ്കണ്ണിയും, ചിലന്തിയും...പെറ്റ് ടേസ്റ്റുകള്‍ മാറി. ഉപദ്രവിക്കുമെന്ന തോന്നലില്‍ വന്യമൃഗങ്ങളില്‍നിന്നും പേടിച്ചോടിയിരുന്ന കാലത്തുനിന്നും അവയെ അരുമമൃഗങ്ങളായി കൊഞ്ചിച്ചും താലോലിച്ചും ഉമ്മവെച്ചും വളര്‍ത്തുന്ന എക്‌സോട്ടിക് പെറ്റ് പാരന്റ്‌സിലേക്ക് ആളുകള്‍ മാറിയത് ഏതാനും വര്‍ഷങ്ങള്‍കൊണ്ടാണ്. സ്നേഹിച്ചും ലാളിച്ചും വളര്‍ത്തുന്ന അരുമ മൃഗങ്ങളെ വീട്ടിലെ ഒരു അംഗത്തെപ്പോലെത്തന്നെ കാണുന്നവരാണ് ഇന്ന് പലരും. മൃഗത്തിന്റെ ആരോഗ്യം, ശുചിത്വം, സൗന്ദര്യം എന്നിവയെക്കുറിച്ചെല്ലാം ഈ പെറ്റ് പാരന്റ്സ് വളരെയധികം ബോധവാന്മാരാണ്. ഇന്ത്യയില്‍ വളര്‍ത്തുമൃഗങ്ങളാക്കാന്‍ സാധിക്കുന്നതും അല്ലാത്തവയുമുണ്ട്. എക്‌സോട്ടിക് മൃഗങ്ങളെ വളര്‍ത്തുന്നതിന് നിയമ പിന്തുണയും അവയ്ക്ക് പ്രത്യേക പരിചരണവും ആവശ്യമാണ്. ചില എക്‌സോട്ടിക് പെറ്റുകളെക്കുറിച്ചറിയാം.

To advertise here,

പൈത്തണ്‍, കോബ്ര പോലുള്ള പാമ്പുകള്‍, മോണിറ്റര്‍ ലിസാര്‍ഡുകള്‍, നിറംമാറുന്ന കമീലിയന്‍, ആമകള്‍ തുടങ്ങിയ ഉരഗങ്ങളെ വളര്‍ത്തുമൃഗങ്ങളാക്കുന്നവരുണ്ട്. ഇവയെ വളര്‍ത്താന്‍ പ്രത്യേകം വാസസ്ഥലവും പ്രത്യേകം ഭക്ഷണവും ആവശ്യമാണ്. ചില പ്രത്യേക പരിസ്ഥിതിയില്‍ മാത്രം ജീവിക്കാനാവുന്ന മൃഗങ്ങളുമുണ്ട്.

ഇണങ്ങാന്‍ മടിക്കുന്ന ഇഗ്വാനകള്‍
എക്‌സോട്ടിക് പെറ്റുകളില്‍ കൂടുതല്‍ കണ്ടുവരുന്നവയാണ് പെറ്റ് ലിസാര്‍ഡ് ആയ ഇഗ്വാനകള്‍. ഇഗ്വാനകളുടെ ജന്മദേശം ഇന്ത്യയല്ലെങ്കിലും ഇവയെ ഇന്ത്യയില്‍ വളര്‍ത്താനാവും. അതിനായി പ്രത്യേകം എക്‌സോട്ടിക് പെറ്റ് ഓണര്‍ഷിപ്പ് ലൈസന്‍സ് ആവശ്യമാണ്. അതിയായ ശക്തിയും വളരെ വലിയ രൂപവുമുള്ള ഇഗ്വാനകള്‍ക്ക് വലിയ തോതില്‍ ഭക്ഷണവും താമസ സൗകര്യവും ആവശ്യമാണ്. ശരിയായ വിധത്തില്‍ പരിചരിച്ചില്ലെങ്കില്‍ ഇവയെ മെരുക്കി, ഇണക്കാന്‍ ബുദ്ധിമുട്ടായേക്കാം. ഇവയുടെ ആരോഗ്യകാര്യത്തിലും ഭക്ഷണത്തിലും എല്ലാം അതീവ ശ്രദ്ധവേണം.

ക്യൂട്ട് ആണോ പൈത്തണുകള്‍?
പല രാജ്യങ്ങളിലും പാമ്പുകളും വളര്‍ത്തുമൃഗങ്ങളാണ്. എന്നാല്‍ ഇന്ത്യയില്‍ പാമ്പുകളെ വളര്‍ത്താനാവില്ല. ഇവയില്‍ ബാള്‍ പൈത്തണുകളാണ് സാധാരണമായി വളര്‍ത്തുമൃഗമായി കണ്ടുവരാറുള്ളത്. പാമ്പുകള്‍ക്ക് മനുഷ്യരെ തിരിച്ചറിയാനാവും. സസ്തനികളെപ്പോലെ ഉടമയുമായി വൈകാരികബന്ധമുണ്ടാകാറില്ലെങ്കിലും അവ മനുഷ്യരുമായി ഇണങ്ങാറുണ്ട്.

ഷുഗര്‍ ഗ്ലൈഡേഴ്‌സിനും ഏകാന്തതയോ?
ഷുഗര്‍ ഗ്ലൈഡേഴ്‌സിനെയും ഇന്ത്യയില്‍ പെറ്റ് ആയി വളര്‍ത്താനാവും. എന്നാല്‍ ഇവയ്ക്ക് പ്രത്യേകം പരിചരണം വേണം. അവയ്ക്ക് ജീവിക്കാന്‍ അനുയോജ്യമായ പരിസ്ഥിതിയും യോജിച്ച ഭക്ഷണക്രമവും ആവശ്യമാണ്. ഷുഗര്‍ ഗ്ലൈഡേഴ്‌സ് കൂട്ടമായാണ് ജീവിക്കുക. അതിനാല്‍ ഇവയെ ഒറ്റയായി വളര്‍ത്തുന്നത് അവയില്‍ ഏകാന്തതയ്ക്കും ഉത്കണ്ഠയ്ക്കും കാരണമാകുന്നു. കൂടാതെ വളരെ ആക്ടീവായ ഇവയ്ക്ക് ചാടിമറിയാനും ഓടിനടക്കാനും ആവശ്യമായ സജ്ജീകരണങ്ങളും കളിപ്പാട്ടങ്ങളും ഒരുക്കണം.

മുള്ളുള്ള ഹെഡ്ജ്‌ഹോഗ്
കൂര്‍ത്തമുള്ളുകളുള്ള ക്യൂട്ട് ആയ കുഞ്ഞന്‍ ഹെഡ്ജ്‌ഹോഗിനെയും വളര്‍ത്തുന്നവരുണ്ട്. അതില്‍ ആഫ്രിക്കന്‍ പിഗ്മി ഹെഡ്ജ്‌ഹോഗിനെ ഇന്ത്യയിലും വളര്‍ത്താനാവും. വൃത്തിയുള്ള സുരക്ഷിതമായ പരിസ്ഥിതി ഇവയ്ക്ക് ആവശ്യമാണ്. കൂടാതെ ഉടമയില്‍നിന്നും സ്‌നേഹവും കരുതലും ഇവയ്ക്ക് ദിവസവും വേണം.

ഷഡ്പദപ്രിയർ
വണ്ടുകള്‍, പ്രാണികള്‍, ചിലന്തികള്‍... എന്നിങ്ങനെ ഷഡ്പദങ്ങളോട് പ്രിയമുള്ള ആളുകളും പെറ്റ് പാരന്റ്‌സിന്റെ ഇടയിലുണ്ട്. അത്തരത്തിലൊന്നാണ് ടരാന്റുല എന്ന എട്ടുകാലി. ഇവയെ വളര്‍ത്തുന്നതിനു മുന്‍പ് അവയുടെ ജീവിതരീതികളും ഭക്ഷണക്രമങ്ങളും അറിഞ്ഞിരിക്കണം. വളര്‍ത്താന്‍ വലിയ ബുദ്ധിമുട്ടില്ലെങ്കിലും ഇവ ഇണങ്ങുന്നവയല്ല. ഒട്ടുമിക്ക ചിലന്തികള്‍ക്കും അവയെ തൊടുന്നതും ഇഷ്ടമാവാറില്ല.

ഫെനിക് ഫോക്‌സ് സൂപ്പറാ
കുറുക്കന്മാരുടെ വര്‍ഗത്തിലെ ഏറ്റവും ചെറുതാണ് ഫെനിക് ഫോക്‌സുകള്‍. ശരീരത്തിനേക്കാള്‍ വലിപ്പമുള്ള ചെവിയാണ് ഇവയുടെ പ്രത്യേകത. രാത്രികാല സഞ്ചാരികളായ ഫെനിക് ഫോക്‌സിന്റെ ജന്മനാട് സഹാറ മരുഭൂമിയാണ്. യു.എസ്സില്‍ പലയിടങ്ങളിലും ഇവയെ പ്രത്യേകം ലൈസന്‍സോടുകൂടി വളര്‍ത്താനാവും.

ഫെരറ്റ്‌സ് ഇഷ്ടം
യൂറോപ്യന്‍ പോള്‍ക്യാറ്റിന്റെ വളര്‍ത്തുരൂപമാണ് ഫെരറ്റുകള്‍. ഇവയെ കാലങ്ങളായി വളര്‍ത്തുമൃഗമായി പരിപാലിക്കുന്നു. ഉടമയില്‍നിന്നുള്ള സ്‌നേഹവും ലാളനയും ഫെരറ്റുകള്‍ക്ക് അത്യാവശ്യമാണ്. ഇന്ത്യയിലും ഫെരറ്റുകളെ വളര്‍ത്താനാവും. കുഞ്ഞന്‍ രൂപത്തിലുള്ള ഫെരറ്റുകള്‍ ചെറിയ സ്ഥലങ്ങളിലൂടെയും നുഴഞ്ഞ് പോകുന്നതിനാല്‍ അവയ്ക്ക് അടച്ചുറപ്പുള്ള കൂട് ആവശ്യമാണ്. ഇവയുടെ ഭക്ഷണം, വാസസ്ഥലം, ശാരീരിക-മാനസിക ആരോഗ്യം തുടങ്ങിയവയെക്കുറിച്ചെല്ലാം ഉടമ ബോധവാനായിരിക്കണം.

ഡെയ്ഞ്ചെറസ് സെര്‍വല്‍ ക്യാറ്റ് 
സെര്‍വല്‍ ക്യാറ്റുകള്‍ ഒരുതരം ആഫ്രിക്കന്‍ കാട്ടുപൂച്ചകളാണ്. വന്യജീവിയായതിനാല്‍ ജൈവികസങ്കീര്‍ണതകളും അക്രമസ്വഭാവവും ഉണ്ടെങ്കിലും ഇവയെ വളര്‍ത്തുന്നവരുണ്ട്. ഇവയ്ക്ക് സ്വതന്ത്രമായി വിഹരിക്കാനും വളരാനും വലിയ വാസസ്ഥലം ആവശ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇവയെ വളര്‍ത്തുന്നതിന് നിയമപരിരക്ഷ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്.

അമ്പടാ... അക്‌സോലോട്ടല്‍
ചൈന, ജപ്പാന്‍, യു.എസ്സിലെ ചിലയിടങ്ങള്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ പോപ്പുലറായ എക്‌സോട്ടിക് പെറ്റ് ആണ് അക്‌സോലോട്ടല്‍സ്. വെള്ളത്തിലും കരയിലും ജീവിക്കാനാവുന്ന അക്‌സോലോട്ടല്‍സിന് പ്രത്യേക താപനിലയില്‍ വെള്ളം നിറച്ച വലിയ ടാങ്കിലാണ് വാസസ്ഥലമൊരുക്കേണ്ടത്. ശുദ്ധജലവും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും ഇവയ്ക്ക് ആവശ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇവയെ വളര്‍ത്താറില്ല.

സ്നേഹിക്കും ക്യാപ്പിബാറ
നന്നായി ഇണങ്ങുന്ന, ഉടമകളുമായി സൗഹൃദത്തിലാവുന്ന പെറ്റ് ആണ് ക്യാപ്പിബാറകള്‍. നീന്തലും മറ്റുള്ളവരുമായി ഒത്തുചേര്‍ന്നിരിക്കുകയുമാണ് ഇവയുടെ പ്രധാന ഹോബികള്‍. ഇവയെ വളര്‍ത്താന്‍ വലിയ സ്ഥലവും ചെറിയ കുളവും ആവശ്യമാണ്. മറ്റൊരു ക്യാപ്പിബാറയെക്കൂടെ ഒപ്പം വളര്‍ത്തുന്നത് ഇവയെ സന്തോഷിപ്പിക്കുന്നു. എന്നാല്‍ അവയുടെ പ്രത്യേകമുള്ള ജൈവിക ആവശ്യങ്ങളും അവയെ പരിപാലിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും കാരണം വളര്‍ത്തുന്നതില്‍നിന്നും പിന്മാറുന്നവരുമുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi