രുദ്രപ്രയാഗ് പരിചിതമായ പട്ടണമാണ്. കഴിഞ്ഞ 13 വര്‍ഷങ്ങള്‍ക്കിടയില്‍ 15-ലേറെ തവണ ഉത്തരാഖണ്ഡ് സന്ദര്‍ശിക്കുകയുണ്ടായി. ബദരീനാഥിലേക്കും ചോപ്തയിലേക്കും പൂക്കളുടെ താഴ്‌വരയിലേക്കുമെല്ലാമുള്ള നീണ്ട യാത്രയുടെ വിരസത ഒഴിവാക്കാനായി പലപ്പോഴും രുദ്രപ്രയാഗില്‍ രാത്രി തങ്ങാറുണ്ട്. അവിടെത്തെ തെരുവുകളും സ്ഥിരമായി പോവാറുള്ള ചായക്കടയും താമസിക്കാറുള്ള ഹോട്ടലും നദീതീരത്തെ മൗനസായാഹ്നങ്ങളും എല്ലാം പരിചിതം. 

പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പ് അളകനന്ദയുടെ തീരത്തെ നിറംമങ്ങിയ ചായക്കടയില്‍വെച്ചാണ് കാര്‍ത്തിക് സ്വാമി ക്ഷേത്രത്തെക്കുറിച്ച് ആദ്യമായി കേട്ടത്. പുലര്‍ച്ചെ വഴിയോരത്തെ ചായക്കടയില്‍ ഇരിക്കുമ്പോള്‍ കമ്പിളി പുതച്ച് പുകയൂതി വിട്ടിരുന്ന വൃദ്ധന്‍ എന്നോട് യാത്രകളെക്കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു. കേരളത്തില്‍നിന്നാണ് എന്നറിഞ്ഞപ്പോള്‍ എന്തുകൊണ്ട് കാര്‍ത്തിക് സ്വാമി ക്ഷേത്രം സന്ദര്‍ശിക്കുന്നില്ലെന്ന ചോദ്യമെറിഞ്ഞു. 

രുദ്രപ്രയാഗില്‍നിന്ന് 40 കി.മി അകലെയാണ് കാര്‍ത്തിക് സ്വാമി ക്ഷേത്രം. ഉത്തരാഖണ്ഡിലെ ഒരേയൊരു മുരുകക്ഷേത്രമാണിത്. അടുത്ത യാത്രയിലാവാം എന്ന് മനസ്സില്‍ തീര്‍ച്ചപ്പെടുത്തി. പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ഉത്തരാഖണ്ഡിലേക്ക് ഒരുപാട് യാത്രകള്‍ ചെയ്‌തെങ്കിലും അവിടെമാത്രം പോകാനായില്ല. ഒടുവില്‍ ബദരീനാഥിലേക്കുള്ള യാത്രയില്‍, ഇടിഞ്ഞുവീണ പാറക്കൂട്ടങ്ങള്‍ മുന്നോട്ടുള്ള യാത്രയെ അസാധ്യമാക്കിത്തീര്‍ത്തപ്പോള്‍, വീണ്ടും രുദ്രപ്രയാഗില്‍ തങ്ങേണ്ടി വന്നു. 

അളകനന്ദയുടെ തീരത്തെ ചായക്കടയിലേക്ക് ഒരിക്കല്‍ക്കൂടി എത്തിയപ്പോഴാണ് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതേ കടയിലിരുന്ന് ആ വൃദ്ധന്‍ എന്നിലുണര്‍ത്തിയ വിസ്മയം ഓര്‍ത്തെടുത്തത്. പിറ്റേന്ന് രാവിലെത്തന്നെ കനകചൗരി ഗ്രാമത്തിലേക്കുള്ള ബസ്സില്‍ കയറി. രുദ്രപ്രയാഗില്‍നിന്ന് 40 കി.മി അകലെയുള്ള ഈ ഗ്രാമത്തിലെ ക്രോഞ്ച് പര്‍വതത്തിലാണ് ക്ഷേത്രം. പതിനായിരത്തിലേറെ അടി ഉയരത്തില്‍. വനനിബിഡമായ മലയില്‍ നേര്‍ത്ത അരഞ്ഞാണംപോലെ ചുറ്റിക്കിടക്കുന്ന പാതയിലൂടെയുള്ള ബസ് യാത്ര മനോഹരമായിരുന്നു. 

placeholder
കാര്‍ത്തിക് സ്വാമി ക്ഷേത്രം

കാടിനുള്ളിലെ ക്ഷേത്രത്തില്‍
ചെറിയൊരു കവലയിലാണ് ബസ് ഇറങ്ങിയത്. തട്ട്തട്ടായ കൃഷിയിടങ്ങള്‍ നിറഞ്ഞ മനോഹര ഗ്രാമം. വനത്തിലൂടെ നാല് കി.മി ട്രെക്കിങ് നടത്തണം ക്ഷേത്രത്തിലെത്താന്‍. ഭക്ഷണം കഴിച്ചിട്ട് സമയം ഒട്ടും പാഴാക്കാതെ മലകയറി. രാത്രിയില്‍ ഓണ്‍ലൈന്‍ ആയിട്ടാണ് എനിക്ക് ജോലി ചെയ്യേണ്ടത്. നെറ്റ്വര്‍ക്ക് കവറേജ് ഉള്ള സ്ഥലത്തുവേണം മുറിയെടുക്കാന്‍. ക്ഷേത്രം കണ്ട് തിരികെ എത്തിയശേഷം മുറിയെടുക്കാം എന്ന് തീരുമാനിച്ച്, ബാഗും ലാപ്ടോപ്പും എല്ലാം ഭക്ഷണശാലയില്‍ ഏല്‍പ്പിച്ച്, ക്യാമറ മാത്രമെടുത്ത് മലകയറാന്‍ തുടങ്ങി. 

ഒറ്റയ്ക്കാണ് യാത്ര തുടങ്ങിയതെങ്കിലും വൈകാതെ ഒരു സഹയാത്രികനെ കിട്ടി. കറുത്ത, മിനുസമാര്‍ന്ന രോമങ്ങളുള്ള വലിയൊരു നായ. ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് കൊടുത്തതിന്റെ കൂറാണ് അവന്. വലിയ വനമാണ്. കുറെ ദൂരം ചെന്നപ്പോള്‍ വനത്തിനുള്ളില്‍നിന്ന് മരം വെട്ടുന്ന ശബ്ദം കേട്ടു. ഞാന്‍ കാടിനുള്ളിലേക്ക് കയറിയതോടെ എന്റെ കൂടെ നടക്കുന്നത് അത്ര പന്തിയല്ല എന്ന് തോന്നിയിട്ടായിരിക്കാം അവന്‍ തിരികെ മലയിറങ്ങാന്‍ തുടങ്ങി. 

ഉള്‍ക്കാട്ടിലെത്തിയപ്പോള്‍ വിറക് കെട്ടും ചുമന്നുകൊണ്ട് വരുന്ന സ്ത്രീയെ കണ്ടു. ''നിങ്ങള്‍ക്ക് വഴി തെറ്റി, ക്ഷേത്രത്തിലേക്കുള്ള വഴി താഴെക്കൂടിയാണ്'' - അവര്‍ പറഞ്ഞു. വഴിതെറ്റിയതല്ലെന്നും അവരെ കാണാന്‍ വന്നതാണെന്നും പറഞ്ഞത്തോടെ മുഖത്തെ പരിഭ്രമം പുഞ്ചിരിക്ക് വഴിമാറി. അവര്‍ രണ്ടുപേരുണ്ട്. സഹോദരിമാരാണ്. താഴെ ഗ്രാമത്തില്‍ താമസിക്കുന്ന അവര്‍ മഞ്ഞുകാലത്തേക്കുള്ള വിറക് ശേഖരിക്കാന്‍ എത്തിയതാണ്. കുറച്ചുസമയം സംസാരിച്ചിരുന്നു. ബാക്കി ഉണ്ടായിരുന്ന ബിസ്‌കറ്റും ഉണക്കപ്പഴങ്ങളും അവര്‍ക്ക് നല്‍കി മലകയറ്റം തുടര്‍ന്നു. 

എന്റെ ഓരോ യാത്രയിലും ചില അപ്രതീക്ഷിത വഴിത്തിരിവുകള്‍ ഉണ്ടാവാറുണ്ട്. ഈ യാത്രയിലും അതുപോലൊന്ന് ഉണ്ടായി. ക്ഷേത്രത്തോട് അടുക്കവേ വനത്തിനരികില്‍വെച്ചാണ് മഞ്ജു ദീദിയെ കാണുന്നത്. കാട്ടില്‍നിന്നും വിറക് ശേഖരിക്കുകയായിരുന്നു അവര്‍. മലമുകളില്‍ ചെറിയൊരു ഭക്ഷണശാലയും ലോഡ്ജും നടത്തുന്നുണ്ട്. ഒരുദിവസം മലമുകളില്‍ താമസിക്കാമെന്നും ഉദയാസ്തമയങ്ങള്‍ കാണാമെന്നും അവര്‍ പറഞ്ഞു. യാത്രകളില്‍ കണ്ടുമുട്ടാറുള്ള, താമസ സൗകര്യം വാഗ്ദാനം ചെയ്യുന്ന അനേകം ആളുകളില്‍ ഒന്ന്, എന്നതില്‍ക്കവിഞ്ഞ് ഒന്നും തോന്നിയില്ല. എന്നാല്‍, മുന്‍വിധിയെ അസാധ്യമാക്കുംവിധത്തിലുള്ള കാഴ്ചകളാണ് മലമുകളില്‍ കാത്തിരുന്നത്. 
 

placeholder
ക്ഷേത്രത്തിലേക്കുള്ള കവാടം

ക്ഷേത്രത്തിലേക്കുള്ള അവസാന അരകിലോമീറ്റര്‍ പടവുകളാണ്. കല്ലുപാകിയ പടവുകള്‍ കയറിയെത്തുന്നത് ഹിമാലയന്‍ കാഴ്ചകളിലേക്കാണ്. മഞ്ജു ദീദി പറഞ്ഞത് ശരിയാണെന്ന് മനസ്സിലായി. സാന്ധ്യശോഭകളത്രയും മനോഹരമായി അനുഭവിക്കാന്‍ ഇതിലും മികച്ച സ്ഥലമില്ലതന്നെ. രാത്രിയില്‍ ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കിത്തരാമെന്നും, വൈഫൈ സൗകര്യം തരാമെന്നും മഞ്ജു ദീദി പറഞ്ഞു. 500 രൂപയാണ് മുറിവാടക. 

അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ളതാണ് മുറികള്‍. എനിക്ക് അതൊക്കെത്തന്നെ ധാരാളം. പക്ഷേ, ലാപ്ടോപ്പും ബാഗുമെല്ലാം താഴെ കടയിലാണ്. അതെടുത്ത് തിരിച്ച് മലമുകളിലെത്തിയ എന്നെ കണ്ട ദീദി അവിശ്വസനീയതയോടെ പൊട്ടിച്ചിരിച്ചു. ദീദിയുടെ വീട് മലയുടെ എതിര്‍വശത്തുള്ള ഗ്രാമത്തിലാണ്. അവരും അച്ഛനും ചേര്‍ന്നാണ് ലോഡ്ജ് നോക്കിനടത്തുന്നത്. ഭര്‍ത്താവ് താഴെ ഗ്രാമത്തില്‍ കൃഷിപ്പണി ചെയ്യുന്നു. ഏഴാംക്ലാസില്‍ പഠിക്കുന്ന മകള്‍ സിഖയും ദീദിയെ സഹായിക്കാനുണ്ട്. പോക്കുവെയില്‍ ചാഞ്ഞുതുടങ്ങിയതോടെ ക്യാമറയും എടുത്ത് ക്ഷേത്രത്തിലേക്കുള്ള പടികള്‍ കയറി. 

ക്രോഞ്ച് പര്‍വതത്തിന്റെ മുകളില്‍ ഏറ്റവും അറ്റത്തായി ഒറ്റപ്പെട്ടാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രവും പരിസരവും വിജനമായിരുന്നു. വലുതും ചെറുതുമായി ഒരുപാട് മണികള്‍ ചുറ്റും തൂക്കിയിട്ടുണ്ട്. ഞാന്‍ പടികള്‍ കയറിച്ചെന്ന് വലിയൊരു മണി മുഴക്കി. ശാന്തമായ അന്തരീക്ഷത്തിലേക്ക് മുഴക്കത്തോടെ അത് പ്രതിധ്വനിച്ചു. ചുറ്റുപാടും ഹിമാലയനിരകള്‍. മലയിടുക്കുകളും താഴ്വാരങ്ങളും കൂര്‍ത്ത പര്‍വതമുനകളും ചേര്‍ന്ന് വിസ്മയാതീതമായ കാഴ്ചകള്‍. 

അസ്തമയസൂര്യന്റെ സ്വര്‍ണരശ്മികള്‍ മൗനത്തിലാണ്ടുകിടക്കുന്ന ഹിമാലയ നിരകള്‍ക്കുമേല്‍ പടര്‍ന്നുകയറുന്ന മനോഹര കാഴ്ച. കണ്ണടച്ചിരുന്നു. കാല്‍പ്പെരുമാറ്റം കേട്ട് കണ്ണ് തുറന്നു. ക്ഷേത്രത്തിലെ പൂജാരിയാണ്, പേര് ഹരിഓം. മഞ്ജുദീദിയുടെ ലോഡ്ജിനോടുചേര്‍ന്നുള്ള മുറിയിലാണ് താമസം. ഞങ്ങള്‍ ഒരുമിച്ച് പടികളിറങ്ങി. 

അത്താഴത്തിന് ചോറിനൊപ്പം ചീരക്കറിയും പനീറും ആയിരുന്നു. രാത്രി, ജോലിയുടെ ഇടവേളയില്‍ പുറത്തിറങ്ങിയപ്പോള്‍ ദീദിയും അച്ഛനും പുറത്തിരുന്ന് തീക്കായുന്നതുകണ്ടു. അവരോടൊപ്പം കൂടി. മലനിരകള്‍ക്കുമേല്‍ ഇരുണ്ട ആകാശം കമിഴ്ന്ന    ുവീണിരിക്കുന്നു. തലയ്ക്കുമുകളില്‍ അസംഖ്യം നക്ഷത്രങ്ങളും പാഞ്ഞുപോവുന്ന ഉല്‍ക്കകളും. അദ്ദേഹം ഓരോ അനുഭവകഥകള്‍ പറയാന്‍ തുടങ്ങവേ, പുകയൂതിവിട്ടുകൊണ്ട് പൂജാരിയും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. നിലാവും നക്ഷത്രങ്ങളും വനഭംഗിയും നിറഞ്ഞ രാത്രിയില്‍, പിതൃസദൃശമായ വാത്സല്യത്തോടെ ആ വൃദ്ധന്‍ പറഞ്ഞ അനുഭവങ്ങള്‍ ഓര്‍മകളില്‍ ഇപ്പോഴുമുണ്ട്.

അതിരാവിലെ സൂര്യോദയം കാണാന്‍ ക്യാമറയുമായി ക്ഷേത്രത്തിലേക്കുള്ള പടികള്‍ കയറി. സൗമ്യമേഘങ്ങള്‍ സ്വച്ഛമായി ഒഴുകുന്ന ആകാശം. നിമിഷനേരംകൊണ്ട് മൂടല്‍മഞ്ഞ് എന്നെ വലയം ചെയ്തു. പെട്ടെന്ന് എവിടെനിന്നോ വന്ന കാറ്റ് മൂടല്‍മഞ്ഞിനെ വാരിയെടുത്ത് കൊണ്ടുപോയി. സൂര്യന്‍ ഉദിച്ചുകഴിഞ്ഞിരിക്കുന്നു. തൊട്ടുമുന്നില്‍ ഉദയസൂര്യന്റെ കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്ന ഹിമാലയ നിരകള്‍. പടികളിറങ്ങിച്ചെല്ലുമ്പോള്‍ ദീദിയുടെ മകള്‍ സിഖ, ഒരു തെറ്റാലിയുമായി വാനരപ്പടയെ നേരിടുകയായിരുന്നു. അവളുടെ സ്‌കൂള്‍ കനകചൗരി ഗ്രാമത്തിലാണ്. സ്‌കൂളില്‍ പോയിവരാന്‍ എന്നും എട്ടുകിലോമീറ്റര്‍ മല കയറിയിറങ്ങണം. വീട്ടുമുറ്റത്തുനിന്ന് വാഹനത്തില്‍ പോയിവരുന്ന പുതുതലമുറയിലെ കുട്ടികളെക്കുറിച്ച് വെറുതേ മനസ്സിലോര്‍ത്തു. 

കനകചൗരി ഗ്രാമം ക്രോഞ്ചു പര്‍വതത്തിന്റെ മുന്‍വശത്താണ്. പര്‍വതത്തിന്റെ പിന്നിലുള്ള ദീദിയുടെ ഖാലിയോ'ഗ്രാമത്തിലേക്ക് ക്ഷണിച്ചെങ്കിലും സമയപരിമിതിമൂലം അവരോട് യാത്രപറഞ്ഞിറങ്ങി. ഓരോരുത്തരോടും വിടപറയവേ ഉള്ളില്‍ വേദനയായിരുന്നു. കേവലം ഒരു ദിനംകൊണ്ട് അവരോരുത്തരും ഏറെ പരിചിതരായിത്തീര്‍ന്നിരിക്കുന്നു. ഏകാന്തതയാല്‍ തിങ്ങിനിറഞ്ഞു മലയിറക്കം. പൊഖ്രിയിലേക്കുള്ള ബസ്, ചുരം പാതയിലൂടെ നിരങ്ങിനീങ്ങുന്നു. പിറകില്‍ വെയിലും നിഴലും നിറഞ്ഞ് മൗനത്തിലാണ്ടുകിടക്കുന്ന ഹിമാലയനിരകളുടെ തുടര്‍ച്ചകള്‍.