
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഡാമായ ഹീരാകുഡിനെ കുറിച്ച് യു പി ക്ലാസ്സിലെ പാഠപുസ്തകത്തില്‍ വായിച്ച ഓര്‍മയായിരുന്നു ആ യാത്രക്ക് പ്രേരണ. ഒറീസയിലെ സംബാല്‍പൂര്‍ ജില്ലയിലാണ് ഹീരാകുഡ് ഡാമും അതിനോട് ചേര്‍ന്നു കിടക്കുന്ന ദബ്രിഗഡ് വന്യജീവി സങ്കേതവും. ഭുവനേശ്വറില്‍ നിന്ന് പകല്‍ വണ്ടിയിലായിരുന്നു സംബാല്‍പൂരിലേക്കുള്ള യാത്ര. രാവിലെ എട്ടു മണിക്ക് പുറപ്പെട്ട പുരി-ബിക്കാനിര്‍ എക്‌സ്പ്രസ്സ് നാലര മണിക്കൂര്‍ കൊണ്ട് സംബാല്‍പൂരിലെത്തി. അവിടെ നിന്ന് ഉച്ച ഭക്ഷണം കഴിച്ച് കാറില്‍ ഹിരാകുഡ് ഡാമിലേക്ക്. കഷ്ടി 17 കിലോമീറ്ററാണ് ഡാം സൈറ്റിലേക്ക്. വൈകുന്നേരമാവുമ്പേഴേക്കും അവിടെയെത്തി. ഡാമിന്റെ സവിശേഷതകളേയും അതുകൊണ്ട് ഈ പ്രദേശത്തിനുണ്ടായ പുരോഗതികളെ കുറിച്ചും വാതോരാതെ സംസാരിച്ചു കൊണ്ട് കാറിന്റെ ഡ്രൈവര്‍ മുന്ന മുന്നില്‍ നടന്നു. ഡാം കാണാനെത്തുന്നവര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പടവുകള്‍ കയറി മുകളിലേക്ക് ചെന്നു. ഇവിടെ നിന്ന് ഡാമിന്റെ നീളം വ്യക്തമാവുന്ന വിഹഗവീക്ഷണം സാധ്യമാണ്.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി തൊട്ടടുത്ത വര്‍ഷം 1948-ല്‍ പണിയാരംഭിച്ച് ഡാം 1957-ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. അന്നത്തെ സാങ്കേതിക വിദ്യയുടെ പരിമിതികള്‍ കൂടി പരിഗണിക്കുമ്പോള്‍ ഹീരാകുഡ് ഒരു വിസ്മയം തന്നെയാണ്. അറ്റം കാണാനാവാത്ത രീതിയില്‍ ചക്രവാളത്തിലേക്ക് നീളുന്ന ഡാം. 25.79 കിലോമീറ്ററാണ് മൊത്തം നീളം. ഇതിനേക്കാള്‍ നീളമുള്ള ഡാമുകള്‍ ലോകത്ത് തന്നെ മൂന്നെണ്ണമേയുള്ളൂ. ഡാമിന്റെ റിസര്‍വോയര്‍ തിരയില്ലാത്ത കടലിന്റെ പ്രതീതിയുണ്ടാക്കുന്നു.
ഒഡീഷയിലെ വലിയ നദിയായ മഹാനദിക്ക് കുറുകെയാണ് ഈ ഡാം പണിതിരിക്കുന്നത്. മണ്‍സൂണ്‍ കാലത്ത് നദിയിലെ വെള്ളം കയറുകയും തദ്ദേശീയര്‍ക്ക് ദുരിതമാവുകയും ചെയ്തിരുന്നു. വലിയൊരു പ്രദേശത്തെ ആളുകളെ വെള്ളപ്പൊക്കത്തിന്റെ കെടുതികളില്‍ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി കൂടിയാണ് ഈ ഡാം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഡാം വന്നപ്പോള്‍ ഒട്ടേറെ ഗ്രാമങ്ങളും ആയിരകണക്കിന് ഹെക്ടര്‍ കാടും വെള്ളത്തിനടിയിലായെന്നത് വേറെക്കാര്യം. ഡാമിന്റെ നിര്‍മാണം ഏറെ അപകടകരമായ ജോലിയായിരുന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഡാമിന്റെ ജോലിക്കെത്തിയിരുന്നു. അവരില്‍ നൂറ് കണക്കിന് പേര്‍ക്ക് ജീവന്‍ തന്നെ നഷ്ടമാവുകയും ചെയ്തു. ഡാമിനു വേണ്ടി ജീവനര്‍പ്പിച്ചവരുടെ ഓര്‍മക്കായി നിര്‍മിച്ച സ്തൂപം ഡാമിന്റെ ഓഫീസിനരികിലുണ്ട്. രക്തസാക്ഷികളായ തൊഴിലാളികളുടെ പേരുകള്‍ അതില്‍ എഴുതിവെച്ചിരിക്കുന്നു.
കാടിന്റെ മടിത്തട്ടില്‍
രണ്ടു മണിക്കൂര്‍ നേരം ഡാമിന്റെ കാഴ്ച്ചകള്‍ കണ്ടു നടന്നു കാണും. ഇനി റിസര്‍വോയര്‍ ക്രോസ്‌ചെയ്ത് വേണം വന്യജീവി സങ്കേതത്തിലേക്ക് പോവാന്‍. റിസര്‍വോയറിന്റെ വശത്തിലൂടെ നിര്‍മിച്ചിരിക്കുന്ന റോഡിലൂടെ വനം വകുപ്പിന്റെ വാഹനത്തിലാണ് യാത്ര. ഇരുവശത്തും തടാകം പോലെ വെള്ളം. എതിര്‍വശത്തുനിന്ന് ചില ബൈക്കുകള്‍ വരുന്നതൊഴിച്ചാല്‍ ഗതാഗതമില്ല. ഞങ്ങള്‍ കയറിയ എസ് യു വി കുതിച്ചുപാഞ്ഞു. റിസര്‍വോയറിലൂടെ ചെറിയ തോണികള്‍ പോവുന്നുണ്ട്. പക്ഷികള്‍ കൂട്ടത്തോടെ പറന്നു നടക്കുന്നു. സമയം സന്ധ്യയോടടുത്തതിനാല്‍ ഭംഗിയുള്ള ആകാശം. രസകരമായ യാത്ര. അരമണിക്കൂര്‍ കൊണ്ട് കാടിനരികിലേക്കെത്തി.

പുലര്‍ച്ചെ അഞ്ചു മണിക്ക് ചായയും ബിസ്‌ക്കറ്റുമായെത്തിയ റൂം ബോയിയാണ് വിളിച്ചുണര്‍ത്തിയത്. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കായി തയ്യാറാക്കിയ ഷെഡ്യൂള്‍ പ്രകാരം അതിരാവിലെ തന്നെ സഫാരി ആരംഭിക്കണം. എങ്കിലേ വന്യമൃഗങ്ങളെ കൂടുതലായി കാണാനാവൂ. യുവാവായ റെയ്ഞ്ചര്‍ ഞങ്ങള്‍ക്കൊപ്പം വന്നു. സഫാരി ജീപ്പിന്റെ ഡ്രൈവര്‍ പരിചയ സമ്പന്നനാണ്. കാട്ടിലെ ഏത് സ്ഥലത്ത് ഏതെല്ലാം മൃഗങ്ങളെ കാണാമെന്ന് കൃത്യമായി അറിയാം. കാട്ടിനു നടുവിലൂടെ വെട്ടിയ മണ്‍പാതയിലൂടെ മാരുതി ജിപ്‌സിയുടെ ചക്രമുരുളുന്നു. കുതിരയെപോലെ കുലുങ്ങിയും ചാടിയുമാണ് ശകടം ഓടുന്നത്. 35 കിലോമീറ്റര്‍ വരുന്ന റോഡാണ് വിശാലമായ കാടിനകത്തുള്ളത്.
റിസര്‍വോയറിന്റെ സാമീപ്യം കാരണം വെള്ളത്തിന് ക്ഷാമമില്ലാത്തതു കൊണ്ടാവണം. മരങ്ങള്‍ തഴച്ചു വളരുന്ന നിബിഡ വനമാണ്. പുള്ളിപുലി, കാട്ടുപോത്ത്, വ്യത്യസ്തവര്‍ഗ്ഗത്തില്‍ പെട്ട പലതരം മാനുകള്‍, അപൂര്‍വയിനം പക്ഷികള്‍ എല്ലാം ഈ കാട്ടിലുണ്ട്. സംബാര്‍ ഇനത്തില്‍ പെട്ട മാനുകളെ ധാരാളമായി കാണുന്നു. ഭംഗിയുള്ള കൊമ്പുകളുള്ള വലിയ മാനുകളാണിവ. ഇരപിടിയന്‍മാരെ കണ്ടാല്‍ വേഗത്തിലോടും. പക്ഷെ അല്‍പദൂരം ഓടിയ ശേഷം നിന്ന് തിരിഞ്ഞു നോക്കും. സഹജമായ ഈ മണ്ടത്തരം കൊണ്ടുതന്നെ ഇവ എളുപ്പത്തില്‍ കൊല്ലപ്പെടും. ഈ കാട്ടില്‍ പുള്ളിപുലികള്‍ ചേക്കേറിയിരിക്കുന്നത് സംബാറുകള്‍ ധാരാളമായി ഉള്ളതുകൊണ്ടാണെന്ന് റെയ്ഞ്ചര്‍ പറഞ്ഞു.കാട്ടു പോത്തിന്റെ കൂട്ടത്തേയും മയിലുകളുടെ സംഘത്തേയും കണ്ട് മുന്നോട്ടു നീങ്ങിയപ്പോള്‍ ഞങ്ങളുടെ പാതയെ മുറിച്ചോഴുകുന്ന ഒരു നീരൊഴുക്ക്. മലമുകളില്‍ നിന്ന് ഒഴുകിയെത്തുന്ന കാട്ടാറ്. നല്ല തെളിഞ്ഞ വെള്ളം. ആ വെള്ളത്തില്‍ കാലുകളാഴ്ത്തിയപ്പോള്‍ തണുപ്പ് ഇരച്ചുകയറുന്നു. മനുഷ്യനാല്‍ അധികം ആക്രമിക്കപ്പെടാത്ത പ്രകൃതിയുമായി വിനിമയം നടക്കുമ്പോള്‍ കിട്ടുന്ന ആനന്ദം! കാട്ടുപന്നി, പുള്ളിമാന്‍ തുടങ്ങിയ മൃഗങ്ങളേയും പലതരം പക്ഷികളേയും പിന്നെയും കണ്ടു. പക്ഷെ ആ കാഴ്ച്ചകളേക്കാളൊക്കെ വിലയേറിയ അനുഭവമാണ് ഈ കാട്.
കാട്ടുപാത അവസാനിച്ചു. വലിയ കല്ലുകളില്‍ കയറി ജീപ്പ് തുള്ളിച്ചാടുന്നു. തെറിച്ചുപോവാതിരിക്കാന്‍ മുറുകെ പിടിച്ചിരുന്നു. കാടിന് നടുവില്‍ ചെറിയ വെളിപ്രദേശം. ശക്തിയായി കാറ്റടിക്കുന്നു. മൃഗങ്ങളെ പോലെ കൂകിയാര്‍ത്ത് ഓടാന്‍ തോന്നിപോവുന്നു. അത് പറഞ്ഞപ്പോള്‍ ഞങ്ങളുടെ സഹയാത്രികനായ റെയ്ഞ്ചര്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. ' സന്ദര്‍ശകര്‍ക്കുള്ള സഫാരി ഇവിടെ അവസാനിക്കുകയാണ്. പക്ഷെ ഇതിനപ്പുറം വെള്ളച്ചാട്ടമുണ്ട്. അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ പോവാം.' വണ്ടിയുടെ ഡ്രൈവര്‍ കാട്ടിലെ ചെടികള്‍ ഒടിച്ച് ഊന്നുവടികള്‍ ഉണ്ടാക്കി തന്നു. ഇനി മുന്നോട്ടുള്ള പ്രയാണം ഉരുളന്‍ കല്ലുകളും പാറകളും നിറഞ്ഞ, മുള്ളും പടര്‍പ്പും ഇടതൂര്‍ന്നു നില്‍ക്കുന്ന കാട്ടിനകത്തു കൂടെയാണ്. ഇറക്കങ്ങള്‍ നിരങ്ങി നീങ്ങി, കയറ്റങ്ങള്‍ കല്ലില്‍ പിടിച്ചു കയറി. അങ്ങനെ നാലഞ്ച് കിലോ മീറ്റര്‍ നടന്നപ്പോള്‍ വെള്ളം പാറയില്‍ ഇടിച്ചു ചിതറുന്ന ശബ്ദം കേള്‍ക്കുന്നു. ഒഴുകിയെത്തിയ കാട്ടാറിന്റെ അടിഭാഗമാണ്. ഈ ഒഴുക്കിന് എതിരായ ദിശയില്‍ മുകളിലോട്ടു പോവണം. പാറകള്‍ കയറി മറിഞ്ഞും ഇടയ്ക്ക് വെള്ളത്തിലിറഞ്ഞിയും മുന്നോട്ടു നീങ്ങി. വെള്ളത്തിലെ വഴുക്കുന്ന കല്ലിലൂടെ ബാലന്‍സ് ചെയ്ത് നടക്കുക എളുപ്പമല്ലെന്ന് ഒരുതവണ പുറമിടിച്ച് വീണപ്പോള്‍ മനസ്സിലായി. പിന്നെ കാലിലെ വേദനയും വെച്ചാണ് മുന്നോട്ടു കയറിയത്. ശക്തിയോടെ കുത്തെിയൊഴുകുന്ന വെള്ളത്തിന് ഇരുവശത്തുമുള്ള പാറകള്‍ പൊട്ടിയടര്‍ന്ന് മാറി വഴികൊടുത്തിരിക്കുകയാണ്. ആ പാറകളില്‍ കാണുന്ന അടരുകള്‍ അതി മനോഹരമായ കലാസൃഷ്ടികള്‍ പോലെ തോന്നിക്കുന്നു. പാറയുടെ താഴേട്ട്, താഴോട്ട് കാണുന്ന പല നിറത്തിലും കനത്തിലുമുള്ള അടരുകള്‍ ലക്ഷ കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ടതാണ്. ഭൗമശാസ്ത്രജ്ഞര്‍ ഇത്തരം അടരുകള്‍ നോക്കിയാണ് ഓരോന്നും രൂപം കൊണ്ട കാലഘട്ടത്തേയും ഭൂമിയില്‍ സംഭവിച്ച മാറ്റങ്ങളേയും കുറിച്ച് പഠിക്കുന്നത്.
ഒന്നര മണിക്കൂര്‍ നീണ്ട അത്യധ്വാനം കൊണ്ട് വെള്ളച്ചാട്ടത്തിന് മുകളിലെത്തി. ഇടയ്ക്ക് ഒന്ന് വെള്ളത്തിലിറങ്ങി കുളിച്ചു ക്ഷീണവും വേദനയും ഇല്ലാതാക്കുന്ന കണ്ണീര്‍ തെളിമയുള്ള വെള്ളമാണ്. പരിസരത്തുള്ള ആദിവാസികള്‍ ഒഴിച്ച് ആരും വന്നെത്താത്ത ഇടമാണിതെന്നും സന്ദര്‍ശകര്‍ക്ക് ഇങ്ങോട്ട് ട്രക്കിങ് പ്രോഗ്രാം ഒരുക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും റെയ്ഞ്ചര്‍ പറഞ്ഞു. വെള്ളച്ചാട്ടത്തിന് മുകളില്‍ കയറി പറ്റിയപ്പോള്‍ ഞങ്ങളുടെ വണ്ടി അരികില്‍ നിര്‍ത്തിയിട്ടിയിരിക്കുന്നു. പിന്നെ അതില്‍ മടക്കയാത്ര. വഴിയെന്ന് പറയാനാവാത്ത കാട്ടിനകത്തു കൂടി തന്നെ. കുറച്ചു പോയപ്പോള്‍ നേരത്തെ വന്ന റോഡിലേക്ക് എത്തി. കുറച്ചു മുന്നോട്ടു പോയപ്പോള്‍ വനം വകുപ്പിന്റെ ക്യാമ്പ് . അവിടെ ഞങ്ങള്‍ക്കുള്ള പ്രാതലുമായി ആളെത്തിയിട്ടുണ്ട്.റൊട്ടിയും സബ്ജിയും ഉപ്പുമാവും ആവി പറക്കുന്ന ചായയും. വിശപ്പും ക്ഷീണവും വലുതായിരുന്നതു കൊണ്ട് വാരിവലിച്ചു തിന്നു. മടക്കയാത്രയിലും കാട്ടുപോത്തിനേയും മാനുകളേയും മയിലിനേയും കണ്ടു. അവസാന ഘട്ടത്തിലാണ് അവന്‍ ദര്‍ശനം തന്നത് കുറച്ചകലെയായി ഒരു പുള്ളിപുലി മുള്‍പടര്‍പ്പിനുള്ളിലൂടെ മിന്നിമറഞ്ഞു.
തടാകയാത്ര
ബോട്ടില്‍ റിസര്‍വോയറിലൂടെ ഒരു യാത്രയാവാമെന്ന് നിര്‍ദേശിച്ചത് സബാംല്‍പൂര്‍ ജില്ലയുടെ ചുമതലയുള്ള മലയാളിയായ ഡി എഫ് ഒ ശാന്തകുമാറാണ്. വനംവകുപ്പിന്റെ ബോട്ടില്‍ അദ്ദേഹത്തൊടൊപ്പം തന്നെ പുറപ്പെട്ടു. കടല്‍ പോലെ അറ്റം കാണാത്ത തടാകം. മീന്‍ പിടിക്കാനിറങ്ങിയ തദ്ദേശീയരുടെ തോണികള്‍ നിറയെയുണ്ട്. സ്ത്രീകളാണ് തോണി തുഴയുന്നത്. പുരുഷന്‍മാര്‍ വല വീശുന്നു. തദ്ദേശിയരായ ആദിവാസികളാണ് അവര്‍. ഭാര്യ ഭര്‍ത്താക്കന്‍മാര്‍ ചെറുതോണിയില്‍ മല്‍സ്യ ബന്ധനത്തിന് ഇറങ്ങും. മീന്‍ വിറ്റു കിട്ടുന്ന പണം കൊണ്ടാണ് ഉപജീവനം. പരിചയ സമ്പന്നനായ വനം വകുപ്പ് ഉദ്യോഗസ്ഥനാണ് ഞങ്ങളുടെ ബോട്ട് ഓടിക്കുന്നത്. ഏത് വഴിക്ക് പോവണമെന്ന കൃത്യമായ ധാരണ ഇല്ലെങ്കില്‍ വെള്ളത്തിനുള്ളിലുള്ള മരംകുറ്റികളില്‍ ഇടിച്ച് ബോട്ട് മറിയും. ഈ റിസര്‍വോയര്‍ ഉള്ള സ്ഥലത്തും വലിയ കാടായിരുന്നു. അണകെട്ടിയപ്പോള്‍ വെള്ളത്തിനടിയിലായതാണ്. കാട്ടിലെ മരങ്ങള്‍ പലതും വെള്ളത്തിനുള്ളില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. വെള്ളം താഴുമ്പോള്‍ അത് കാണാനാവും. റിസര്‍വോയറില്‍ കൊച്ചു കൊച്ചു ദ്വീപുകള്‍ കാണുന്നു. അപൂര്‍വ ഇനം പക്ഷികളുടെ ആവാസ കേന്ദ്രങ്ങളാണവ. അത്തരത്തിലുള്ള ഒരു ദ്വീപിനരികിലൂടെ ഞങ്ങളുടെ ബോട്ട് നീങ്ങി. നിറയെ മരങ്ങളുള്ള ഭംഗിയുള്ള കൊച്ചു ദ്വീപ്.
അധികം മുന്നോട്ട് പോവുന്നത് അപകടമാണ്. റിസര്‍വോയറിന്റെ ആഴവും അപകട സാധ്യതയും കൂടും. അങ്ങ് ദൂരെ പശുക്കള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന ഒരു ദ്വീപുണ്ടെന്ന് ശാന്തകുമാര്‍ പറഞ്ഞു. അണകെട്ടി വെള്ളം കയറിയപ്പോള്‍ മനുഷ്യര്‍ ഒഴിഞ്ഞു പോയ ഉയര്‍ന്ന സ്ഥലമാണ് ഇത്. അന്ന് അവിടെ ഉപേക്ഷിക്കപ്പെട്ട കന്നുകാലികള്‍ പെറ്റുപെരുകി. നിറയെ വന്യവാസനകളുള്ള കന്നുകാലികളാണ് ഇപ്പോള്‍ അവിടെ. കാറ്റില്‍ ഐലന്റ് എന്നറിയപ്പെടുന്ന അങ്ങോട്ട് ആരു കടന്നു ചെന്നാലും ആക്രമിക്കും. ഏറെ അകലെയുള്ള ആ ദ്വീപില്‍ എത്തിപ്പെടുകയും ഏറെ പ്രയാസകരമാണ്.
Content Highlights: travel, hirakud dam visit, travelogue
Published: 22 May 2023, 06:39 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented