ഒന്നാം വയസ്സില്‍ അച്ഛന്‍ ആ പെണ്‍കുട്ടിക്ക് ഒരു കുരങ്ങുപാവയെ വാങ്ങിക്കൊടുത്തു. കണ്ടാല്‍ പേടിതോന്നിക്കുന്ന ഒരു ചിമ്പാന്‍സിപ്പാവയായിരുന്നു അത്. ഈ പാവ കുഞ്ഞിനെ പേടിപ്പിക്കും... എല്ലാവരും പറഞ്ഞു. പക്ഷേ, മറിച്ചാണ് സംഭവിച്ചത്. ജൂബിലി എന്നു പേരിട്ട് കുട്ടി ആ പാവയെ വളര്‍ത്തി. കുട്ടിയുടെ വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും പാവ ഒപ്പമുണ്ടായിരുന്നു. അക്ഷരങ്ങള്‍ പഠിച്ചുതുടങ്ങിയപ്പോള്‍ ഡോക്ടര്‍ ഡുലിറ്റില്‍ കഥകളുടെയും സാഹസികനായ ടാര്‍സന്റെയും ആരാധികകൂടിയായി അവള്‍ മാറി. പാവയും കഥകളും കൂടി ആ കുട്ടിയുടെ മനസ്സില്‍ ഒരു സ്വപ്‌നം ജനിപ്പിച്ചു. ടാര്‍സനെപ്പോലെ ഘോരവനത്തിലെ മൃഗങ്ങളുടെ ചങ്ങാതിയാവുക എന്ന സ്വപ്നം. ജെയിന്‍ ഗുഡാള്‍ എന്ന ആ പെണ്‍കുട്ടി എട്ടാം വയസ്സില്‍ ഉറപ്പിച്ചു. ഞാന്‍ ആഫ്രിക്കന്‍ കാടുകളില്‍ പോകും. മൃഗങ്ങളുടെ ചങ്ങാതിയാവും. ലോകംകണ്ട എക്കാലത്തെയും മികച്ച സുവോളജിസ്റ്റും പ്രിമേറ്റോളജിസ്റ്റും നരവംശ ശാസ്ത്രജ്ഞയുമായ ജെയിന്‍ ഗുഡാളിന്റെ വളര്‍ച്ചയുടെ തുടക്കം ഇങ്ങനെയാണ്.
ചിമ്പാന്‍സികളെ പറ്റി നടത്തിയ നിരവധി ഗവേഷണങ്ങളിലൂടെ പില്‍ക്കാലത്ത് ലോകശ്രദ്ധയിലേക്കെത്തി ജെയിന്‍ ഗുഡാള്‍. ചിമ്പാന്‍സികളുടെ ഉറ്റചങ്ങാതിയായി അവര്‍ മാറി. അപകടകരമായ അവസ്ഥകളില്‍ നിന്നും എണ്ണമില്ലാത്തത്ര ചിമ്പാന്‍സികളെ അവര്‍ രക്ഷിച്ചു. തങ്ങളുടെ രക്ഷകയെ വിട്ട് കാടിന്റെ വന്യതയിലേക്ക് മടങ്ങാനൊരുങ്ങവേ കണ്ണീരണിഞ്ഞ ചിമ്പാന്‍സികളുടെ വീഡിയോകളും ലോകംകണ്ടു. ഒന്നുംരണ്ടുമല്ല നീണ്ട അറുപത് വര്‍ഷങ്ങളാണ് പ്രൈമേറ്റുകളെ പറ്റിയുള്ള പഠനത്തിനായി ജെയിന്‍ നീക്കിവച്ചത്.
ബിസിനസുകാരനായ മോറിസ് ഗുഡാളിന്റെയും നോവലിസ്റ്റായ മാര്‍ഗരറ്റ് മിഫാന്‍വി ജോസഫിന്റെയും മകളായി 1934-ല്‍ ലണ്ടനിലായിരുന്നു ജെയിന്‍ ഗുഡാളിന്റെ ജനനം. ആഫ്രിക്കയിലെ ജന്തുലോകം എപ്പോഴും ജെയിനിന്റെ മനസ്സിലുണ്ടായിരുന്നു. 1957-ല്‍ ജെയിനിനെ കെനിയയിലെത്തിക്കുന്നത് ആ താത്പര്യമാണ്. അവിടെ ഒരു സുഹൃത്തിന്റെ ഫാമിലായിരുന്നു താമസം. കെനിയന്‍ പുരാവസ്തു ശാസ്ത്രജ്ഞനും പാലിയന്റോളജിസ്റ്റുമായ ലൂയിസ് ലീക്കിയെ ജെയിന്‍ പരിചയപ്പെടുന്നത് അവിടെവച്ചാണ്. അങ്ങനെ ജെയിന്‍ ഗുഡാള്‍ ലൂയിസ് ലീക്കിയുടെ സെക്രട്ടറിയായി. ഫോസില്‍ ഗവേഷകരുടെ ഇഷ്ടതാവളമായ ടാന്‍സാനിയയിലെ ഓള്‍ഡുവ താഴ്‌വരയിലേക്ക് ലീക്കി ജെയിനിനെ പറഞ്ഞയച്ചു. പ്രൈമേറ്റുകളെ പറ്റി ജെയിന്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നത് ഇക്കാലത്താണ്.
കൂടുതല്‍ പഠനത്തിനായി ഗോംബെ സ്ട്രീം നാഷണല്‍ പാര്‍ക്കില്‍ പോകണമെന്നത് അവരുടെ ആഗ്രഹരമായിരുന്നു. പക്ഷേ, മനുഷ്യനോടിണങ്ങാത്ത ചിമ്പാന്‍സികളുടെയും മറ്റനേകം ജന്തുജാലങ്ങളുടെയും ഇഷ്ടതാവളമായ ആ കാട്ടില്‍ ഒരു സ്ത്രീയ്ക്ക് തനിച്ചുപോകാന്‍ അധികൃതര്‍ അനുമതി നിഷേധിച്ചു. ഒടുവില്‍ അമ്മയെ ഒപ്പംകൂട്ടാമെന്ന ധാരണയില്‍ ജെയിന്‍ ആ കടമ്പ കടന്നു. അങ്ങനെ അമ്മയ്‌ക്കൊപ്പം ജെയിന്‍ ഘോരവനത്തിന്റെയും വന്യമൃഗങ്ങളുടെ സൈ്വരജീവിതത്തിന്റെയും കാഴ്ചകളിലേക്ക് കടന്നു. ഒരു പേനയും നോട്ട്ബുക്കും ബൈനോക്കുലറും പിന്നൊരു വിസിലും മാത്രം കൈയില്‍ കരുതിയായിരുന്നു ആ കാനനയാത്ര. തുടര്‍പഠനങ്ങളുടെയും നിരന്തര ഗവേഷണങ്ങളുടെയും നാളുകള്‍. വേണ്ടത്ര ഗവേഷണ പരിചയമില്ലാത്ത ജെയിനിന്റെ ഈ സാഹസത്തെ അക്കാദമിക് പണ്ഡിതരില്‍ പലരും പരിഹസിച്ചു. പക്ഷേ, ജെയിന്‍ പിന്മാറിയില്ല.
ഗവേഷണങ്ങളിലൂടെ ജെയിന്‍ തെളിയിച്ചെടുത്ത സിദ്ധാന്തങ്ങളേറെയാണ്. വ്യക്തിത്വം, വികാരങ്ങള്‍, യുക്തി ഇതൊക്കെയും മനുഷ്യരുടെ മാത്രം കുത്തകയല്ലെന്ന് അവര്‍ തെളിയിച്ചു. കെട്ടിപ്പിടിത്തവും ചുംബനവും ഇക്കിളിയാക്കലും പോലുള്ള സ്‌നേഹത്തിന്റെ ചേഷ്ടകള്‍ ചിമ്പാന്‍സികളും പിന്തുടരുന്നുണ്ടെന്ന് അവര്‍ കണ്ടെത്തി. ആയുധങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കാനും മനുഷ്യരേപ്പോലെ ചിമ്പാന്‍സികള്‍ക്കും കഴിയുമെന്നും അവരിലൂടെ ലോകമറിഞ്ഞു. ചിമ്പാന്‍സികള്‍ സസ്യാഹാരികളാണെന്ന മിഥ്യാധാരണയെയും ജെയിന്‍ തിരുത്തി.
ജീവിലോകത്തോടുള്ള ഇഷ്ടത്തെപ്പറ്റി ഒരു അഭിമുഖത്തില്‍ ജെയിന്‍ രസകരമായ ചില വിവരങ്ങള്‍ പങ്കുവച്ചു. 'കുഞ്ഞുന്നാള്‍തൊട്ടേ ജീവികളോടെനിക്ക് ഇഷ്ടമായിരുന്നു. ആ ലോകത്തിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കാനായി അവരുടെ പരിസരങ്ങളെല്ലാം ഒരു ശാസ്ത്രജ്ഞയെപ്പോലെ ചുറ്റിത്തിരിയും. കോഴിയുടെ ശരീരത്തിന്റെ ഏതുഭാഗത്തുനിന്നാണ് മുട്ട ഇറങ്ങിവരുന്നതെന്നതായിരുന്നു നാലാംവയസ്സിലെ എന്റെ ഏറ്റവും വലിയ സംശയം. സംശയത്തിന് ഉത്തരം കണ്ടെത്താനായി ഞാന്‍ വീട്ടിലെ കോഴിക്കൂടിനുള്ളില്‍ കയറിപ്പറ്റി. ആ നേരത്ത് അമ്മ വീടുമുഴുവന്‍ എന്നെ തിരയുകയായിരുന്നു. ഞാന്‍ മുട്ടയുടെ ഉറവിടം നോക്കി കോഴിക്കൂട്ടില്‍ ഇരിപ്പ് തുടരുന്നതിനിടെ അമ്മ എന്നെ കാണാതായ വിവരം പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. പുറത്തെ ബഹളമൊന്നും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. കോഴി മുട്ടയിടുന്നതിന് സാക്ഷിയായി വിജയകരമായി കോഴിക്കൂടില്‍ നിന്ന് പുറത്തിറങ്ങി ഞാന്‍ അമ്മയുടെ മുന്നില്‍ ചെന്നുനിന്നു. പക്ഷേ, അമ്മയെന്നെ വഴക്കുപറഞ്ഞൊന്നുമില്ല. അതെനിക്ക് പ്രോത്സാഹനമായി.'
ചെറുപ്രായത്തില്‍ ജെയിനിന്റെ ഏറ്റവും വലിയ എതിരാളി ടാര്‍സനിലെ ജെയിന്‍ ആയിരുന്നു. 'ആ ജെയിന്‍ ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഞാനായിരുന്നേനേ ടാര്‍സന്റെ പ്രിയപ്പെട്ടവള്‍ എന്നായിരുന്നു എന്റെ ചിന്ത.' പത്തുവയസ്സായപ്പോഴേക്കും ജീവികള്‍ക്കൊപ്പം ജീവിക്കുക എന്നതു മാത്രമായിമാറി ജെയിനിന്റെ സ്വപ്നം. ആ സ്വപ്‌നത്തിനൊപ്പമുള്ള യാത്രയില്‍ പൊതുബോധത്തെയും അവര്‍ തിരുത്തി.
വന്യജീവികള്‍ക്ക് പേരുകളുടെ ആവശ്യമില്ല എന്നാണ് നമ്മള്‍ മനുഷ്യരുടെ ചിന്ത. മനസ്സും വ്യക്തിത്വവും വികാരങ്ങളുമൊക്കെ മനുഷ്യരുടെ മാത്രം പ്രത്യേകതകളാണെന്നും അതൊന്നും മൃഗങ്ങള്‍ക്ക് ബാധകമല്ലെന്നുമുള്ള തോന്നലിന്റെ പുറത്താണ് ഈ മുന്‍വിധി. പക്ഷേ, വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ ഈ യുക്തി മാറ്റിവച്ച് മനുഷ്യര്‍ മലക്കംമറിയും.
നിരവധി പുസ്തകങ്ങളുടെ രചയിതാവായ ജെയിന്‍ ഗുഡാള്‍ സ്വന്തമാക്കിയ പുരസ്‌കാരങ്ങള്‍ക്കും എണ്ണമില്ല. അവരെ പറ്റി നിരവധി സിനിമകളും ഡോക്യുമെന്ററികളും പുറത്തിറങ്ങി. ചിമ്പാന്‍സികളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം മുന്‍നിര്‍ത്കി ജെയിന്‍ ഗുഡാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ആഗോള സംഘടനയും ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Jane Goodall`s inspiring life, from a childhood fascination with animals to becoming a world-renowned primatologist and conservationist. Learn about her groundbreaking research and conservation efforts.
Published: 12 Jul 2025, 10:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented