മിന്നലടിച്ച് വർഷം തോറും കരിഞ്ഞുപോകുന്നത് ആയിരക്കണക്കിന് മരങ്ങളാണ്. അതിൽ ഉഷ്ണമേഖലാ വനങ്ങളിലെ മരങ്ങളുടെ നാശത്തിന്റെ പ്രധാന കാരണവും ഇടിമിന്നലാണ്. എന്നാൽ, പനാമയിലെ മഴക്കാടുകളിൽ കാണപ്പെടുന്ന, 130 അടി ഉയരമുള്ളതും നൂറുകണക്കിന് വർഷം ജീവിക്കുകയും ചെയ്യുന്ന ടോങ്ക ബീൻ മരത്തിൻ്റെ  കാര്യത്തിൽ ഇത്  വിപരീതമാണ്. മിന്നലേറ്റാലും ഒരു പോറൽ പോലുമേൽക്കാതെ ടോങ്ക ബീൻ അതിനെ അതിജീവിക്കുന്നു. അതേസമയം അതിൽ പറ്റിപ്പിടിച്ച് വളരുന്ന പരാദസസ്യങ്ങളും ചുറ്റുമുള്ള എതിരാളികളായ മരങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. സസ്യലോകത്തെ അദ്ഭുതപ്പെടുത്തുകയാണ് ഈ മരം.

ഡിപ്റ്റെറിക്സ് ഒലിഫെറ എന്നാണ്  ടോങ്ക ബീൻ മരത്തിന്റെ ശാസ്ത്രീയ നാമം. ന്യൂ ഫൈറ്റോളജിസ്റ്റ് എന്ന ജേണലിലെ പുതിയ പഠനമനുസരിച്ച്, മിന്നലേൽക്കുന്നതിനെ അതിജീവിക്കാൻ മാത്രമല്ല, മിന്നലിൽ നിന്നുള്ള വൈദ്യുതിയെ അതിൽ പറ്റിപ്പിടിച്ച് വളരുന്ന പരാദസസ്യങ്ങളായ വള്ളികളിലേക്ക് മാറ്റാനുമുള്ള കഴിവും ഈ മരത്തിനുണ്ട്.

പത്തുവർഷം മുമ്പ് ഒരു ഗവേഷകസംഘം നടത്തിയ പഠനത്തിൽ മിന്നൽ നിരവധി ചെറുതും വലുതുമായ മരങ്ങളെ നശിപ്പിക്കുന്നുണ്ടെന്നും, എന്നാൽ ഡിപ്റ്റെറിക്സ് ഒലിഫെറയ്ക്ക് യാതൊരു കേടുപാടും സംഭവിച്ചില്ലെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.

പനാമയിലെ ബാരോ കൊളറാഡോ നേച്ചർ മോണ്യുമെൻ്റിൽ തുടർച്ചയായി നടന്ന മിന്നലുകൾ നിരീക്ഷിക്കുന്നതിനായി ഇലക്ട്രിക് ഫീൽഡ് സെൻസറുകളും ക്യാമറകളും അടങ്ങിയ ഒരു പ്രത്യേക സംവിധാനം വഴി ഗവേഷകർ വിശകലനം നടത്തി. അവിടെയുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങളെക്കുറിച്ചും അവർ പഠിച്ചു. വൈദ്യുത പ്രവാഹത്തിൽ നിന്നുള്ള റേഡിയോ തരംഗങ്ങളെ തിരിച്ചറിയുന്നതിനായി സെൻട്രൽ പനാമയിലുടനീളം ആന്റിന സ്ഥാപിച്ചുകൊണ്ട് ശാസ്ത്രജ്ഞർ ഉയർന്ന റെസല്യൂഷനുള്ള ഒരു ഡിറ്റക്ഷൻ സിസ്റ്റവും വികസിപ്പിച്ചു.

രേഖപ്പെടുത്തിയ എനർജി പാറ്റേണുകളും നേരിട്ടുള്ള സർവേകളും ഡ്രോൺ ചിത്രങ്ങളും, മിന്നലേറ്റ സ്ഥലങ്ങൾ കൃത്യമായി കണ്ടെത്താനും മരങ്ങളുടെ അവസ്ഥ നിരീക്ഷിക്കാനും ഗവേഷകർക്ക് സഹായകമായി. മിന്നലേറ്റതിന് ശേഷം സ്ഥിരമായി കാര്യമായ കേടുപാടുകളൊന്നും കാണിക്കാത്തത് ടോങ്ക ബീൻ മരമാണെന്ന് ഗവേഷകരുടെ കണ്ടെത്തി.

ടോങ്ക ബീൻ മരങ്ങൾക്ക് നൂറ്റാണ്ടുകളോളം ജീവിക്കാൻ കഴിയുന്നതിനാൽ, അവയുടെ ജീവിതകാലത്ത് ശരാശരി അഞ്ച് തവണയെങ്കിലും ഇടിമിന്നലേൽക്കാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകർ കണക്കാക്കുന്നു. എന്നലിതുകൊണ്ട് ടോങ്ക ബീൻ മരങ്ങളുടെ പ്രത്യുൽപ്പാദനക്ഷമത പതിനാലിരട്ടി വർധിച്ചുവെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.  വിസ്താരമുള്ള ശിഖരങ്ങളുള്ള ടോങ്ക ബീൻ മരത്തിന് മറ്റുമരങ്ങളെ അപേക്ഷിച്ച് ഇടിമിന്നലേൽക്കാനുള്ള സാധ്യത 68 ശതമാനം കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.

എന്നാൽ ടോങ്ക ബീൻ മരങ്ങളിലെ പരാദസസ്യങ്ങളായ ലിയാനകൾ എന്ന വള്ളിച്ചെടികൾ ഇടിമിന്നലിൽ പൂർണ്ണമായും അപ്രത്യക്ഷമായി. ഓരോ ഇടിമിന്നലിലും സമീപത്തുള്ള മരങ്ങളുടെ രണ്ട് മെട്രിക് ടണ്ണിലധികം ജൈവാംശവും നശിപ്പിക്കപ്പെട്ടു. അതുകൊണ്ടുതന്നെ ഡിപ്റ്റെറിക്സ് ഒലിഫെറയുടെ അടുത്തുള്ള മരങ്ങൾ പെട്ടെന്ന് നശിച്ചുപോകാനുള്ള സാധ്യതയുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi