ഇന്ത്യ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പതിറ്റാണ്ടുകൾക്കിപ്പുറവും അധിനിവേശത്തിനെതിരെ രാജ്യം നടത്തിയ സമാനതകളില്ലാത്ത പോരാട്ടങ്ങളുടെ ഓർമ്മകളിലേക്ക് തിരിഞ്ഞുനോക്കുകയാണ് രാജ്യം. കേവലം പ്രസംഗങ്ങൾക്കും ആഘോഷങ്ങൾക്കുമപ്പുറം, ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രക്ഷോഭങ്ങൾക്കും ത്യാഗങ്ങൾക്കും കണ്ണീരിനും സാക്ഷ്യം വഹിച്ച മണ്ണാണ് നമ്മുടേത്. ഒരു കൊളോണിയൽ രാജ്യത്തിൽ നിന്ന് സ്വതന്ത്ര റിപ്പബ്ലിക്കിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന് സാക്ഷ്യം വഹിച്ച ചില ചരിത്ര സ്മാരകങ്ങളിലൂടെ.

ചെങ്കോട്ട, ഡൽഹി

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സവിശേഷമായ സ്ഥാനമുണ്ട്. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ പ്രതീകാത്മക നേതാവായി ബഹാദൂർ ഷാ സഫർ ഉയർന്നുവന്നത് ഇവിടെവെച്ചായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം, 1947 ഓഗസ്റ്റ് 15-ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ആദ്യമായി ത്രിവർണ്ണ പതാക ഉയർത്തിയതും ഈ ചെങ്കോട്ടയിലാണ്. വർഷംതോറും സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചടങ്ങിലൂടെ ഈ ചരിത്ര നിമിഷം ഇന്നും പുനർജനിക്കുന്നു.

ലഖ്‌നൗ റെസിഡൻസി, ഉത്തർപ്രദേശ്

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പോരാട്ടങ്ങളുടെ ഓർമ്മകളാണ് ലഖ്നൗ റെസിഡൻസിയിലെ അവശിഷ്ടങ്ങൾ കാത്തുസൂക്ഷിക്കുന്നത്. ബ്രിട്ടീഷ് സേനയെ മാസങ്ങളോളം ഇന്ത്യൻ വിപ്ലവകാരികൾ ഉപരോധിച്ച പ്രദേശം കൂടിയാണിത്. ചുവരുകളിലെ വെടിയുണ്ടകളുടെ പാടുകളും പീരങ്കി അടയാളങ്ങളും അന്നത്തെ ശക്തമായ പ്രക്ഷോഭത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായ ആദ്യകാല സംഘടിത ചെറുത്തുനിൽപ്പിന്റെ പ്രധാന തെളിവായി റെസിഡൻസി നിലകൊള്ളുന്നു.

ഝാൻസി കോട്ട, ഉത്തർപ്രദേശ്
ഝാൻസി നഗരത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഝാൻസി കോട്ട, റാണി ലക്ഷ്മിഭായിയുടെ വീരഗാഥകളുമായി വേർപിരിയാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. 1857-ലെ പ്രക്ഷോഭത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ഏറ്റവും ശക്തമായ പ്രതിരോധമാണ് അവർ തീർത്തത്. കോട്ടയെ സംരക്ഷിക്കുന്നതിൽ അവർ കാണിച്ച ധൈര്യം പിന്നീട് സ്വാതന്ത്ര്യസമരത്തിന്റെ തന്നെ ആവേശമായി മാറി. ദേശസ്നേഹത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകമായാണ് ഈ കോട്ട ഇന്നും അറിയപ്പെടുന്നത്.

ജാലിയൻവാലാബാഗ്, അമൃത്സർ
1919 ഏപ്രിൽ 13-ന് നടന്ന ദാരുണമായ കൂട്ടക്കൊലയായിരുന്നു ജാലിയൻവാലാബാഗ്. കൊളോണിയൽ ഭരണത്തിന്റെ ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണമായി ഇത് ചരിത്രത്തിലിടം നേടി. ജനറൽ റെജിനാൾഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന, നാലുപാടും മതിലുകളാൽ ചുറ്റപ്പെട്ട മൈതാനത്ത് തടിച്ചുകൂടിയ നിരായുധരായ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ട ഈ സംഭവം സ്വാതന്ത്ര്യസമരത്തിന്റെ ഗതിതന്നെ മാറ്റിമറിക്കുകയും പ്രസ്ഥാനത്തിന് പുതിയ ഊർജ്ജം നൽകുകയും ചെയ്തു.

സബർമതി ആശ്രമം, ഗുജറാത്ത്
മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ-ധാർമ്മിക മുന്നേറ്റങ്ങളുടെ കേന്ദ്രമായിരുന്നു സബർമതി ആശ്രമം. സബർമതി നദിക്കരയിലുള്ള ഈ ആശ്രമത്തിൽ നിന്നാണ് അഹിംസാത്മകമായ സമരമാർഗ്ഗങ്ങൾ ഗാന്ധിജി രൂപപ്പെടുത്തിയത്. 1930-ലെ ചരിത്രപ്രസിദ്ധമായ ദണ്ഡി യാത്രയ്ക്ക് (ഉപ്പുസത്യാഗ്രഹം) തുടക്കമിട്ടത് ഇവിടെനിന്നായിരുന്നു. ലാളിത്യത്തിന്റെയും അഹിംസയുടെയും പ്രതീകമായി ഈ ആശ്രമം നിലകൊണ്ടു.

ആഗാ ഖാൻ പാലസ്, പുണെ
1942-ലെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് പിന്നാലെ ഗാന്ധിജിയെ ബ്രിട്ടീഷുകാർ തടങ്കലിൽ പാർപ്പിച്ചത് ഇവിടെയായിരുന്നു. ഈ തടവുകാലത്താണ് അദ്ദേഹത്തിന്റെ ഭാര്യ കസ്തൂർബാ ഗാന്ധിയും സെക്രട്ടറി മഹാദേവ് ദേശായിയും ഇവിടെവെച്ച് മരണപ്പെടുന്നത്. രാഷ്ട്രീയ പോരാട്ടങ്ങൾക്കൊപ്പം ത്യാഗങ്ങളുടെ സ്മാരകം കൂടിയാണ് ഈ കൊട്ടാരം.

സെല്ലുലാർ ജയിൽ, ആന്റമാൻ നിക്കോബാർ 
'കാലാപാനി' എന്നറിയപ്പെട്ടിരുന്ന സെല്ലുലാർ ജയിൽ ബ്രിട്ടീഷ് മർദ്ദനമുറകളുടെ കറുത്ത അധ്യായമാണ്. വിപ്ലവകാരികളെ കടൽ കടത്തിക്കൊണ്ടുവന്ന് ഏകാന്തതടവിനും കഠിനതടവിനും വിധിച്ചിരുന്നത് ഇവിടെയായിരുന്നു. വീർ സവർക്കർ, ബടുകേശ്വർ ദത്ത് തുടങ്ങിയ പ്രമുഖ സ്വാതന്ത്ര്യസമര സേനാനികൾ ഇവിടെ ക്രൂരമായ പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഇവിടുത്തെ ഇടുങ്ങിയ മുറികൾ ധീരപോരാളികളുടെ ആത്മവീര്യത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മപ്പെടുത്തലാണ്.

ഗേറ്റ്‌വേ ഓഫ് ഇന്ത്യ, മുംബൈ
ബ്രിട്ടീഷ് ഭരണാധികാരിയുടെ സന്ദർശന ഓർമ്മയ്ക്കായി നിർമ്മിച്ചതാണെങ്കിലും, കൊളോണിയൽ ഭരണത്തിന്റെ അവസാനത്തെ പ്രതീനിധാനം ചെയ്താണ് മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യ ചരിത്രത്തിൽ ഇടംനേടിയത്. 1948-ൽ ബ്രിട്ടീഷ് സേനയുടെ അവസാന സംഘം ഇന്ത്യ വിട്ടുപോയത് ഈ കവാടത്തിലൂടെയായിരുന്നു. സാമ്രാജ്യത്വ ശക്തിയുടെ പ്രതീകമായി ഉയർന്നുനിന്ന ഈ സ്മാരകം അങ്ങനെ സ്വതന്ത്ര ഭാരതത്തിന്റെ പിറവിയുടെ സാക്ഷിയായി മാറി.

ഇന്ത്യാ ഗേറ്റ്, ഡൽഹി
ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ ഓർമ്മയ്ക്കായി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് ഡൽഹിയിലെ ഇന്ത്യാ ഗേറ്റ്. എന്നാൽ സ്വാതന്ത്ര്യാനന്തരം ഇതിന്റെ പ്രാധാന്യം വർദ്ധിച്ചു. ഇന്ന് രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ധീരസൈനികരുടെ ത്യാഗത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi