അമൃത്സറിനും ലാഹോറിനും ഇടയില്‍ ഗ്രാന്റ് ട്രങ്ക് റോഡിലാണ് വാഗ-അട്ടാരി ബോര്‍ഡര്‍. വിംഗ്കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ നെഞ്ചുവിരിച്ച് ഈ വഴിയിലൂടെ ഇന്ത്യയിലേക്ക് നടന്നുവരുന്ന കാഴ്ച മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു. ഇന്ത്യന്‍ ദേശീയതയുടെ നേര്‍കാഴ്ചയും ഓരോ ഇന്ത്യക്കാരന്റെയും അഭിമാനവുമാണ് വാഗാ ബോര്‍ഡറിലെ ബീറ്റിംങ് ദി റിട്രീറ്റ്. ഏഷ്യയിലെ 'ബര്‍ലിന്‍ മതില്‍' എന്നു വിളിക്കുന്ന വാഗ അതിര്‍ത്തിയില്‍ എല്ലാ ദിവസവും വൈകീട്ട് പതാക താഴ്ത്തല്‍ ചടങ്ങ് നടക്കുന്നു. ഇന്ത്യയുടെ അതിര്‍ത്തിരക്ഷാ സേനയും പാക് റേഞ്ചേഴ്‌സുമാണ് ചടങ്ങില്‍ പങ്കെടുക്കാറുള്ളത്. അതിര്‍ത്തിയില്‍ എവിടെയെങ്കിലും വെടിപൊട്ടുകയോ ഇന്ത്യ-പാക് ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാവുകയോ ചെയ്യുമ്പോള്‍ ചടങ്ങുകള്‍ നിര്‍ത്തിവയ്ക്കാറുമുണ്ട്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിനാളുകളാണ് ഈ അത്യുജ്ജ്വലവും ആവേശഭരിതവുമായ സൈനികപരേഡ് കാണുന്നതിനായി ഇവിടേക്ക് എത്തിച്ചേരാറുള്ളത്. ഒറ്റനോട്ടത്തില്‍ ഈ സൈനികപരേഡ് അക്രമണ സ്വഭാവം പുലര്‍ത്തുന്നതായി കാണികള്‍ക്ക് തോന്നുമെങ്കിലും യഥാര്‍ത്ഥ കാഴ്ചക്കാര്‍ക്ക് ഇത് രാജ്യസ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചകളാണ്. ദൈനംദിന കാര്യങ്ങള്‍ക്കായി ചിലപ്പോള്‍ ഇരുരാജ്യത്തിന്റെയും സൈനിക ഉദ്യോഗസ്ഥര്‍ എതിര്‍ രാജ്യത്തിന്റെ ഓഫീസുകളില്‍ വരാറുണ്ടെത്രെ!

ഉച്ചക്ക് രണ്ടരയോടെയാണ് അമൃത്സറില്‍നിന്നു ഞങ്ങള്‍ വാഗാ അതിര്‍ത്തിയില്‍ എത്തിയത്. ഒരു ചെറിയ ഗ്രാമം. 47-ലെ ഇന്ത്യാ വിഭജനകാലത്ത് വാഗയും വിഭജിക്കപ്പെട്ടു. ഇന്ന്, കിഴക്കന്‍ വാഗ ഇന്ത്യയിലും പടിഞ്ഞാറന്‍ വാഗ പാകിസ്താനിലുമാണ്. വിവാദമായ റാഡിക്ലിഫ് രേഖ ഇതിലെയാണ് കടന്നുപോകുന്നത്. ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ ത്രിവര്‍ണ്ണപതാക ശരീരത്തില്‍ വരച്ചു നല്‍കുന്നവര്‍ ഞങ്ങളെ വളഞ്ഞു. 'പടം വരയ്‌ക്കേണ്ടെന്ന് ഞാനവരോട് പറഞ്ഞു. പൊടുന്നനെ അതിലൊരാള്‍ പറഞ്ഞു 'ബഹന്‍ജീ അവിടെ എന്താണ് നടക്കുന്നതെന്നറിയാമോ മത്സരമാണ്...യഥാര്‍ത്ഥ യുദ്ധം'. അതുകേട്ടപ്പോള്‍ എന്റെ കൈകള്‍ അറിയാതെ നീണ്ടു. ഒരാള്‍ മൂന്നു കളറെടുത്ത് ഓരോ വര. രണ്ടു കൈപ്പത്തിയുടെയും മുകളില്‍ സാമാന്യം തരക്കേടില്ലാത്ത ഓരോ പതാകകള്‍ രൂപം കൊണ്ടു. പിന്നീട് കാണികള്‍ക്കിടയിലേക്ക് അലിഞ്ഞുചേര്‍ന്നപ്പോള്‍ കൈകളില്‍ മാത്രമല്ല മുഖത്തും പതാക വരയ്‌ക്കേണ്ടതായിരുന്നുവെന്ന് തോന്നിപ്പോയി.

അത്രമേല്‍ ആവേശവും രാജ്യസ്‌നേഹവു നിറയുന്നതാണ് ബീറ്റിങ് ദി റിട്രീറ്റ് ചടങ്ങ്. വാഗ അതിര്‍ത്തിയ്ക്ക് രണ്ട് കി.മിന് മുന്‍പായി ബാരിക്കേഡ് വെച്ച് റോഡ് അടച്ചിട്ടുണ്ട്. ഒരു ജനസാഗരം തന്നെ അവിടെയുണ്ടായിരുന്നു. മൂന്നുമണി കഴിഞ്ഞാലെ ആളുകള്‍ക്ക് റോഡിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ആദ്യം എത്തുന്നവര്‍ക്കേ പരേഡ് കാണാന്‍ സ്ഥലം കിട്ടുകയുള്ളൂ, അല്ലാത്തവര്‍ പുറത്ത് സ്ഥാപിച്ച സ്‌ക്രീനിലൂടെ പരേഡ് കാണേണ്ടി വരും. സമരക്കാരെ തടുക്കുന്നതുപോലെ ബാരിക്കേഡുകള്‍ക്കിപ്പുറം തിങ്ങിനിറഞ്ഞ ജനത്തെ തടുത്തുകൊണ്ട് പട്ടാളക്കാര്‍. അതിനടുത്തു തന്നെ സ്ഥാനം പിടിച്ചു. പെട്ടന്നാണ് പോവാനുള്ള അനുവാദം കിട്ടിയത്. കണ്ണും മിഴിച്ച് നോക്കുമ്പോള്‍ എല്ലാവരും ഓടുകയാണ്. ഒരു കിലോമീറ്ററിലധികം നില്‍ക്കാതെ ഹൈവേയിലൂടെ ഓടി. ഉടുവില്‍ സ്ത്രീകളുടെ സുരക്ഷാ പരിശോധന നടക്കുന്ന സ്ഥലത്ത് ആദ്യത്തെ അഞ്ചുപേരില്‍ ഒരാളായി സ്ഥാനം പിടിച്ചു. പരിശോധന കഴിഞ്ഞ് വീണ്ടും വീണ്ടും റോഡിലേക്ക് ഇറങ്ങി. അവിടെ നിന്ന് വീണ്ടും ഒരു കി.മി ഉണ്ട് അതിര്‍ത്തിയിലെത്താന്‍. ഓട്ടം വീണ്ടും ആരംഭിച്ചു. കിതപ്പേറിയതിനാല്‍ ശ്വാസം കിട്ടാതെ ഒന്നുരണ്ട് സ്ഥലത്ത് നില്‍ക്കേണ്ടി വന്നു. ഇതുകണ്ട് ചെറുപ്പക്കാരനായ ബി.എസ്.എഫ് ഓഫീസര്‍ ചിരിച്ചുകൊണ്ട് 'ആരാംസെ ജാവോ' എന്നു വിളിച്ചുപറഞ്ഞു.

ഓട്ടത്തിനിടെയാണ് ദൂരെയായി നമ്മുടെ വലിയ ഒരു ദേശീയപതാക കണ്ടത്. ആകാശം മുട്ടെ ഉയരത്തില്‍ അത് പാറിക്കളിക്കുന്നു. ദേശസ്‌നേഹം കൊണ്ട് രോമാഞ്ചം വന്ന നിമിഷം. ദൂരെ പാകിസ്താനിലെ ലാഹോറില്‍ നിന്നാലും കാണാന്‍ കഴിയുന്നത്ര ഉയരത്തിലാണ് ത്രിവര്‍ണ പതാക പാറിക്കളിക്കുന്നത്. നൂറു മീറ്ററിനുള്ളില്‍ ഇന്ത്യ എന്നെഴുതിയ മനോഹരമായ കവാടത്തിന് മുന്നിലെത്തി. സ്ഥലം പിടിക്കാനുള്ള വ്യഗ്രതയില്‍ ഓടി ഉള്ളിലേക്ക് കടന്നു. പതിനായിരത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ സ്റ്റേഡിയം കണ്ട് എവിടെ കയറി ഇരിക്കണമെന്ന് അറിയാതെ ഒരുനിമിഷം പകച്ചുനിന്നു.

നൂറുമീറ്ററിനപ്പുറം വഴിയിലെ വശങ്ങളില്‍ ഇന്ത്യ എന്നെഴുതിയ ഒരു ഗേറ്റ്. പിന്‍വശത്ത് പാകിസ്താന്റെ ഗേറ്റ്. ഇടതുഭാഗത്തായുള്ള കൊടിമരത്തില്‍ ഇന്ത്യയുടെ ദേശീയപതാകയും മറുവശത്ത് പാക് പതാകയും കാണാം. കമ്പിവേലി കൊണ്ടാണ് രാജ്യങ്ങളെ വേര്‍തിരിച്ചിരിക്കുന്നത്. വിശാലമായ പാടങ്ങളുടെ നടുവിലൂടെ കമ്പിവേലി കടന്നുപോകുന്നു.

 

മനുഷ്യഹൃദയങ്ങളിലേക്കായിരുന്നു ഇംഗ്ലീഷുകാര്‍ ഈ വേലി കെട്ടിയത് എന്നുതോന്നിപ്പോയ നിമിഷങ്ങള്‍. ഒരര്‍ഥത്തില്‍ ശത്രുതയുടെ വേലി. സ്റ്റേഡിയത്തിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. നാലുമണി പിന്നിട്ടപ്പോഴേക്കും സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. പരേഡ് ആരംഭിക്കുന്നതിന് മുന്‍പേ ദേശഭക്തിഗാനങ്ങള്‍ ഉച്ചഭാഷിണിയിലൂടെ മുഴങ്ങിക്കൊണ്ടിരുന്നു. തുടര്‍ന്ന് ഹിന്ദി സിനിമകളിലെ ദേശഭക്തിഗാനങ്ങളുടെ വരവായി. റോഡില്‍ സ്ത്രീകളും കുട്ടികളും അതിനൊപ്പം നൃത്തം ചെയ്യുന്നു. ഹൊ! എത്ര മനോഹരമായ കാഴ്ചയായിരുന്നു അത്. പാകിസ്താന്റെ ഭാഗത്തുനിന്നും ദേശഭക്തിഗാനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍, ആരും റോഡിലേക്ക് ഇറങ്ങിയിരുന്നില്ല. കാണികളുടെ എണ്ണവും അവിടെ കുറവാണ്. പരേഡ് ആരംഭിക്കാന്‍ സമയമായി. സതീഷ്‌കുമാര്‍ എന്ന ഊര്‍ജസ്വലനായ ബി.എസ്.എഫ് ഓഫീസറാണ് അന്നത്തെ പരേഡില്‍ അനൗണ്‍സ്‌മെന്റ് ചെയ്യുന്നത്. മൈക്ക് കയ്യിലെടുത്ത് അദ്ദേഹം വന്ദേമാതരം എന്ന് ആര്‍ത്തുവിളിച്ചു. ഗാലറിയില്‍ നിന്നും ഇടിനാദം പോലെ വന്ദേമാതരം മുഴങ്ങി. ഭാരത് മാതാ കി ജയ്, ഹിന്ദുസ്ഥാന്‍ അമര്‍ രഹേ…

ദേശസ്‌നേഹം ഉണര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ഉച്ചഭാഷിണിയിലൂടെ മുഴങ്ങിക്കൊണ്ടിരുന്നു. തൊണ്ടപൊട്ടുമാറുച്ചത്തില്‍ ഏവരും അതേറ്റുവിളിക്കുന്നു. രണ്ട് വനിതാ ഉദ്യോഗസ്ഥരാണ് ആദ്യം മാര്‍ച്ച് ചെയ്യാനാരംഭിച്ചത്. ചടുലമായ കാല്‍വയ്‌പ്പോടെ മാര്‍ച്ച് ചെയ്ത് വന്ന അവര്‍ ഗേറ്റിനടുത്തെത്തി നിന്നു. കാല്‍ നെറുകയില്‍ തൊടും വിധം ഉയര്‍ത്തി ശക്തമായി തറയിലടിച്ച് മേലാധികാരിയുടെ കൈയില്‍നിന്ന് സല്യൂട്ട് സ്വീകരിച്ച് ഇരുവശങ്ങളിലേക്കും ഒതുങ്ങിനിന്നു. സ്ത്രീകള്‍ക്ക് അഭിമാനം തോന്നുന്ന നിമിഷങ്ങള്‍. ഇതേ ചടങ്ങ് മറുഭാഗത്തും ആവര്‍ത്തിക്കപ്പെട്ടു. സ്ത്രീകള്‍ അല്ല എന്നു മാത്രം. പച്ച നിറത്തിലുള്ള യൂണിഫോമും അതേ നിറത്തിലുള്ള ഞൊറികള്‍ പൊന്തി നില്‍ക്കുന്ന തൊപ്പിയുമാണ് പാക് റേഞ്ചേഴ്‌സിന്റെ വേഷം. കാക്കി യൂണിഫോമിനൊപ്പം ചുവന്ന ഞൊറികളുള്ള തൊപ്പിയാണ് ബി.എസ്.എഫ് ധരിച്ചിരിക്കുന്നത്. ഗേറ്റുകള്‍ തുറക്കപ്പെട്ടു. മതിലുകള്‍ ഇല്ലാത്ത രണ്ട് രാജ്യങ്ങളായി. ജനങ്ങള്‍ സൗഹൃദം പങ്കിടുന്ന പോലെ പരസ്പരം കൈപൊക്കി. രണ്ട് ഭാഗത്തുനിന്നും പ്രധാന ഉദ്യോഗസ്ഥന്മാരാണെന്ന് തോന്നിക്കുന്ന രണ്ടുപേര്‍ മാര്‍ച്ച് ചെയ്ത് ഗേറ്റിന് സമീപത്തെത്തി. നേരത്തേ പറഞ്ഞപോലെ കാല്‍ തലയില്‍ തൊടുന്ന വിധത്തില്‍ ഉയര്‍ത്തി ശക്തിയായി തറയിലടിച്ച് അവര്‍ മുന്നോട്ടുനടന്നു. ഇരു രാജ്യങ്ങളുടെയും സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ പരേഡ് ശൈലിയില്‍ തന്നെ സെക്കന്റുകള്‍ മാത്രമുള്ള ഒരു ഹസ്തദാനം നടത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പിന്നീട് അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളായി രണ്ടുവശത്തുനിന്നും ഓഫീസര്‍മാര്‍ മാര്‍ച്ചു ചെയ്‌തെത്തി. നെറുകവരെ ഉയരുന്ന കാലുകളാണ് ഈ പരേഡിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ദേശഭക്തി ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ച് ജനങ്ങള്‍ ഇളകി മറിയുന്നു. ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം. ഇതാണ് ആ നിമിഷങ്ങള്‍.

ഉച്ചത്തില്‍ വന്ദേമാതരം വിളിച്ചതിനാലാകണം എന്റെ ശബ്ദം അടഞ്ഞുതുടങ്ങിയിരുന്നു. പതാകകള്‍ ഇറക്കാനുള്ള സമയമായി. ബ്യൂഗിള്‍ വാദ്യത്തിന്റെ സ്വരം മുഴങ്ങിത്തുടങ്ങി. ഗാലറികള്‍ പതിയെ നിശ്ശബ്ദമാകുന്നു. ഇരു രാജ്യങ്ങളുടെയും പതാകകള്‍ ഒരേസമയം, താഴ്ത്തിത്തുടങ്ങി. ഇരുവശങ്ങളിലും കവാടം വീണ്ടും അടയുകയായി. മനോഹരവും ആവേശകരവുമായ ഒരു മത്സര ഡ്രില്‍ കണ്ട സന്തോഷത്തില്‍ ജനങ്ങള്‍ പുറത്തേക്ക് ഒഴുകാന്‍ തുടങ്ങി. തിരിച്ചു നടക്കുന്നതിനിടെയാണ് ഓടിയ വഴികളെല്ലാം കാണാന്‍ കഴിഞ്ഞത്. ഒരാള്‍ക്കും സംസാരിക്കാന്‍ പോലുമുള്ള ശബ്ദമില്ലായിരുന്നു. തിരിച്ചു നടത്തത്തിനിടെ അകലെയായി ആകാശം മുട്ടെ ഉയരത്തില്‍ പറക്കുന്ന ഭീമന്‍ ദേശീയ പതാകയെ നോക്കി ഒന്നുകൂടി മനസ്സില്‍ വിളിച്ചു. 'ജയ്ഹിന്ദ്''

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi