ബ്രിട്ടീഷുകാർക്കെതിരെ പടവാളെടുത്ത ഝാൻസി റാണി ഇന്ത്യൻ ചരിത്രത്തിലെ അഭിമാനസ്തംഭമാണ്. ഒന്നാം സ്വാതന്ത്ര്യസമരമെന്ന് പേരുകേട്ട 1857ലെ പോരാട്ടത്തിൽ റാണി ലക്ഷ്മിഭായി വെള്ളക്കാരെ വിറപ്പിച്ചിരുന്നു. എന്നാൽ ഝാൻസി റാണിയായ മണികർണികയുടെ ജനനത്തിന് മുൻപ് വെള്ളക്കാർക്കെതിരെ പൊരുതി മരിച്ച മറ്റൊരു ഇന്ത്യൻ റാണിയുണ്ട്.- റാണി ശിരോമണി. ബംഗാളിലെ മിഡ്നാപൂർ പ്രദേശത്തെ റാണിയായിരുന്നു അവർ. ഇന്ത്യയിലെ ആദ്യ രാഷ്ട്രീയതടവുകാരി ആയി റാണി അറിയപ്പെടുന്നു.
ഫലഭൂയിഷ്ഠമായിരുന്നു ബംഗാളിലെ പാടങ്ങൾ. നെല്ലും ചണവും കയ്യയഞ്ഞ് വാരിച്ചൊരിഞ്ഞ ഭൂമി. ഗംഗയുടെയും ബ്രഹ്‌മപുത്രയുടെയും എക്കൽ നിക്ഷേപങ്ങളാൽ അനുഗ്രഹീതമായ മണ്ണ്. പക്ഷേ വെള്ളക്കാരുടെ കൊള്ളപ്പലിശ കർഷകരുടെ വയറ്റത്തടിച്ചു. വിളവെത്ര കിട്ടിയാലും നികുതിയൊടുക്കാൻ അവർക്ക് പറ്റാതായി. മഴ കൂടി പുഴകൾ കര കവിഞ്ഞാലും മഴ മാറിനിന്ന് പുഴ മെലിഞ്ഞാലും വിളവെടുപ്പിന് ഏറ്റക്കുറച്ചിൽ വരും. അതൊക്കെയും കനത്ത നികുതികൊണ്ട് വലഞ്ഞ കർഷകരെ കൂടുതൽ ദുരിതത്തിലാക്കി.
ബംഗാളിലെ വരിഞ്ഞുമുറുക്കാൻ നികുതിത്തുക ഉയർത്തിയപ്പോൾ ജംഗൾമഹലിലെ ആദിവാസികളും കർഷകരും വെള്ളക്കാർക്കെതിരായി. ഇന്നത്തെ പശ്ചിമബംഗാളും ജാർഖണ്ഡും സംസ്ഥാനങ്ങളിൽ പെടുന്ന മിഡ്നാപൂർ, ബാങ്കുറ, ധൽഭം, മൻഭം, ബിഷ്ണുപൂർ മേഖലകളിലെ സാധാരണക്കാരാണ് സമരത്തിന് അണിനിരന്നത്. ചുവാർ പ്രക്ഷോഭം എന്നറിയപ്പെടുന്ന ഐതിഹാസികമായ ചെറുത്തുനിൽപ്.
ഭർത്താവായ രാജാ അജിത് സിങ് മരണപ്പെട്ടതിന് ശേഷമാണ് റാണി ശിരോമണിയും റാണി ഭവാനിയും അധികാരത്തിലെത്തുന്നത്. ഗോബർദാൻ സർദാർ നയിച്ച ചുവാർ സംഘവും മിഡ്‌നാപൂർ അധികാരികളായ റാണിമാരും ആദ്യം എതിർപ്പായിരുന്നു. റാണി ഭവാനിയുടെ മരണശേഷം അധികാരം പൂർണമായും റാണി ശിരോമണിയിലേക്ക് ചുരുങ്ങി. സമരക്കാരുമായി സ്വരച്ചേർച്ചയിലെത്തിയ റാണി പ്രക്ഷോഭത്തിന്റെ നേതാവായി. റാണിയുടെ നേതൃത്വത്തിൽ അവർ ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്തു.
കർണഗഡിലെ ഒരു കോട്ട ബ്രിട്ടീഷ് താവളമായിരുന്നു. റാണിയും അണികളും കോട്ടയെ ലക്ഷ്യം വെച്ച് ഗൊറില്ല യുദ്ധം നടത്തി. അമ്പും വില്ലുമായിരുന്നു പ്രക്ഷോഭകാരികളുടെ ആയുധം. പീരങ്കിപ്പടയെ വിറപ്പിക്കാൻ അവർക്ക് അത് മതിയായിരുന്നു. കോട്ടയ്ക്കുള്ളിൽ ബ്രിട്ടീഷ് സൈന്യം അപകടം മണത്തു. അവർ പുറത്തുനിന്നും സഹായം തേടി. അതിവിദഗ്ധമായി അവർ റാണിയെയും സൈന്യത്തെയും നശിപ്പിക്കാൻ കോപ്പുകൂട്ടി.
പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ റാണി ശിരോമണിയെ ബ്രിട്ടീഷ് സൈന്യം പിടികൂടി. റാണിയെ വധിക്കുന്നത് ജനവികാരം തങ്ങൾക്ക് എതിരാക്കുമെന്ന് അവർക്ക് മനസ്സിലായി. തന്ത്രശാലികളായ വെള്ളക്കാർ റാണിക്ക് രണ്ട് മാർഗങ്ങൾ നൽകി. ഒന്നുകിൽ കുറ്റവാളിയായി തടവ് അനുഭവിക്കുക. അല്ലെങ്കിൽ ബ്രിട്ടീഷുകാരുടെ സമാന്തയായി കർണഗഡിൽ റാണിയാകുക. ശത്രുവിന് കൈകൊടുക്കാൻ അഭിമാനിയായ റാണി വിസമ്മതിച്ചു.
ഏകാന്തതടവായിരുന്നു അവർക്ക് വിധിക്കപ്പെട്ടത്. ഹിജ്ലി തടവറയിലായി പിന്നീട് റാണിയുടെ ജീവിതം. ഇന്ന് ഐഐടി ഖരഗ്പൂർ ആയി പ്രവർത്തിക്കുന്ന അതേ കെട്ടിടം. ഒരു വ്യാഴവട്ടക്കാലം റാണി കാരാഗൃഹത്തിൽ കഴിഞ്ഞു. ഒരിക്കൽപ്പോലും ബ്രിട്ടീഷുകാരുമായി സമവായത്തിലെത്താൻ അവർ കൂട്ടാക്കിയില്ല. 1812-ൽ തടവറയിൽ കിടന്ന് അവർ വീരഗതി നേടി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rani Shiromani ruled Midnapore and led the Chuar Rebellion against British taxation and oppression., She is recognized as India's first female political prisoner, preceding Jhansi Rani., She refused to yield to British terms and spent 12 years in solitary confinement at Hijli prison, dying in captivity in 1812.
Published: 15 Aug 2026, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented