ഗ്വാളിയോർ; പ്രൗഢമാർന്ന ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലുകളുമായി തലയുയർത്തി നിൽക്കുന്ന മനോഹരനഗരം. മിത്തും പുരാണവും ചരിത്രവും ഇഴചേരുന്ന സാംസ്‌കാരിക ഭൂമിക. കോട്ടകളുടെയും കൊട്ടാരങ്ങളുടെയും പേരിൽ പ്രശസ്തമായ ദേശം. തലസ്ഥാന നഗരമായ ജയ്പുരിൽനിന്നും 200 മൈൽ തെക്ക് മാറിയാണ് ഗ്വാളിയോർ സ്ഥിതിചെയ്യുന്നത്. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സുരാജ് സെൻ എന്ന രാജകുമാരന്റെ അസുഖം ചികിത്സിച്ചു മാറ്റിയ ഗ്വാലിപൻ എന്ന സന്യാസിയുടെ സ്മരണയ്ക്കായാണത്രെ ഈ നാടിന് ഗ്വാളിയോർ എന്ന് പേരുനൽകിയത്. ആറാം നൂറ്റാണ്ടിലെ നന്ദ രാജവംശം മുതൽ 18-ാം നൂറ്റാണ്ടിലെ സിന്ധ്യ രാജവംശം വരെ ഗ്വാളിയോറിന്റെ ഭരണം കൈയാളി. ഈ സുന്ദരനഗരത്തിലെത്തുന്ന സഞ്ചാരികൾ തീർച്ചയായും കണ്ടിരിക്കേണ്ട അനവധി നിർമ്മിതികളുണ്ട്.

1. ഗ്വാളിയോർ കോട്ട
ഗ്വാളിയോറിലെ കാഴ്ചകളിൽ തലയെടുപ്പോടെ മുന്നിൽ നിൽകുന്നത് ഗ്വാളിയോർ കോട്ട തന്നെയാണ്. നഗരത്തിന്റെ ഏതുഭാഗത്തുനിന്നും കാണാവുന്ന രീതിയിൽ ഉയരത്തിലുള്ള ഒരു പാറപ്പുറത്താണ് കോട്ട പണിതുയർത്തിയിരിക്കുന്നത്. മൂന്നു ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന കോട്ട, രാജ്യത്തെ തന്നെ വലിപ്പമേറിയ കോട്ടകളിൽ ഒന്നാണ്. ആറാം നൂറ്റാണ്ടിലാണ് ഈ കോട്ട നിർമ്മിച്ചതെന്നാണ് ചരിത്രകാരന്മാരുടെ അനുമാനം. രണ്ടു മൈൽ നീളത്തിലും 35 അടി ഉയരത്തിലുമായി നിൽക്കുന്ന ചുറ്റുമതിലാണ് ശത്രുക്കളുടെ ആക്രമണത്തിൽനിന്ന് കോട്ടയെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. കുത്തനെയുള്ള കയറ്റം കയറി വേണം ഗ്വാളിയോർ കോട്ടയ്ക്കു മുകളിലെത്താൻ. പാതകൾക്ക് ഇരുവശത്തുമായും ജൈന സന്യാസിമാരുടെ പ്രതിമകൾ കൊത്തിവെച്ചിരിക്കുന്നത് കാണാം. കുന്നു കയറി മുകളിലെത്തിയാൽ സഞ്ചാരികളെ സ്വീകരിക്കുന്നത് മനോഹരമായ കൊട്ടാരവും ക്ഷേത്രങ്ങളുമാണ്.

2. മൻ മന്ദിർ പാലസ്
ഗ്വാളിയോർ കോട്ടയ്ക്കുള്ളിലെ പ്രധാന കൊട്ടാരങ്ങളിൽ ഒന്നാണ് മൻ മന്ദിർ പാലസ്. തോമർ രാജവംശത്തിലെ മൻ സിംഗ് തോമർ, AD 1486-1508 കാലഘട്ടത്തിൽ പണി കഴിപ്പിച്ച ഈ കൊട്ടാരം ഹൈന്ദവവാസ്തുവിദ്യാ ശൈലിയുടെ മകുടോദാഹരണമാണ്. രണ്ടു ഭൂഗർഭ നിലകൾ ഉൾപ്പെടെ നാലു നിലകളാണ് ഈ കൊട്ടരത്തിനുള്ളത്. കാലം കേടുപാടുകൾ വരുത്തിയെങ്കിലും പ്രതാപകാലത്തിന്റെ അവശേഷിപ്പുകൾ ഇന്നും നമുക്കിവിടെ കാണാൻ കഴിയും. ശിഥിലമായ സംഗീത ശാലകൾക്കു ചുറ്റുമുള്ള കൊത്തുപണികളും മനോഹരമായ പെയിന്റിങ്ങുകളാലും വർണ്ണ ടൈലുകളാലും അലങ്കരിച്ച മുറികൾ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. തൂണുകളിലും ഭിത്തികളിലും കൊത്തിവെച്ചിട്ടുള്ള മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങളും മുകൾ ഭരണകാലത്ത് തടവറകളായി ഉപയോഗിച്ച ഭൂഗർഭ അറകളും മറക്കാനാവാത്ത കാഴ്ചകളാണ്.

3. ഗുജരി മഹൽ
രാജാ മൻസിംഗ് തന്റെ പത്‌നി മൃഗ്‌നായനിക്കുവേണ്ടി പ്രത്യേകം പണി കഴിപ്പിച്ച കൊട്ടരമാണിത്. കോട്ടയിലെ ഏറ്റവും മനോഹരമായി സംക്ഷിക്ക പ്പെട്ടിട്ടുള്ള ഈ കൊട്ടാരം ഇന്ന് ആർക്കിയോളജിക്കൽ മ്യൂസിയമായി മാറ്റിയിരിക്കുന്നു. പുരാവസ്തുക്കൾ, ഹൈന്ദവ-ജൈന പ്രതിമകൾ, BC ഒന്ന്-രണ്ട് നൂറ്റാണ്ടുകളിലെ കളിമൺ നിർമിതികൾ മുതലായവ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.

4. സാസ് ബഹു ടെമ്പിൾ
ഗ്വാളിയോർ കോട്ടയുടെ കിഴക്കുഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 1092-ൽ മഹിപാല രാജാവാണ് ക്ഷേത്രം പണികഴിപ്പിച്ചത്. മൂന്നു വാതിലുകളുള്ള ഈ ക്ഷേത്രത്തിൽ ബ്രഹ്‌മാവ്, വിഷ്ണു, ശിവ പ്രതിഷ്ടകളാണുള്ളത്. 'സാസ്-ബഹു' എന്ന ഹിന്ദി വാക്കിനർത്ഥം 'അമ്മായിയമ്മ -മരുമകൾ' എന്നാണ്. മഹിപാല രാജാവിന്റെ ഭാര്യ വിഷ്ണുഭക്ത ആയിരുന്നത്രെ! അവർ ഈ ക്ഷേത്രത്തിൽ വിഷ്ണു പൂജ നടത്തിയിരുന്നെന്നും എന്നാൽ, ശിവഭക്തയായ മകന്റെ ഭാര്യ വിഷ്ണുക്ഷേത്രത്തോട് ചേർന്ന് ശിവ പ്രതിഷ്ഠ നടത്തി ശിവനെ പൂജിച്ചിരുന്നുവെന്നും പറയപ്പെടുന്നു. അങ്ങനെ ഇരുവരുടെയും ക്ഷേത്രങ്ങൾ ചേർന്നാണ് സാസ് ബഹു ടെമ്പിൾ എന്ന് പേരുവന്നതെന്നാണ് കരുതപ്പെടുന്നത്. അത്യപൂർവമായ കൊത്തുപണികൾ നിറഞ്ഞ ഈ ക്ഷേത്രം ഗ്വാളിയർ കോട്ടയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്.

5. സീറോ ടെമ്പിൾ
ഗ്വാളിയോർ കോട്ടയിലേക്കുള്ള വഴിയിലെ ഒരു ചെറിയ ക്ഷേത്രമാണിത്. ഏകദേശം 1500 വർഷം പഴക്കമുള്ള ഒരു ശിലാലിഖിതം ഇവിടെയെത്തുന്ന സഞ്ചാരികളെ അദ്ഭുതപ്പെടുത്തും. ഭാരതത്തിലെ ഏറ്റവും പുരാതനമായ 'പൂജ്യം' രേഖപ്പെടുത്തിയിരിക്കുന്നത് ഈ ക്ഷേത്രത്തിലാണ്. ക്ഷേത്രത്തിനോട് ചേർന്ന്

കരൻമഹൽ, വിക്രം മഹൽ മുതലായ അനേകം ചെറു കൊട്ടാരങ്ങളും ജോലിക്കാരുടെയും പരിചാരകരുടെയും താമസ സ്ഥലങ്ങളും നിരവധി ഹൈന്ദവ-ജൈന ക്ഷേത്രങ്ങളും ഒരു ഗുരുദ്വാരയും ഇവിടെ കാണാം. സായാഹ്നങ്ങളിൽ സന്ദർശകർക്കായി ലൈറ്റ് & സൗണ്ട് ഷോയും ഒരുക്കിയിട്ടുണ്ട്.

മിയാൻ താൻസന്റെ നാട്
വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനുമായിരുന്ന താൻസെൻ 1506-ൽ ഗ്വാളിയോറിന് സമീപമുള്ള ബേഹത് എന്ന ഗ്രാമത്തിലാണ് ജനിച്ചതെന്ന് കരുതപ്പെടുന്നു. രാജാ മാൻസിങ് തൊമർ സ്ഥാപിച്ച ഗ്വാളിയർ സ്‌കൂൾ ഒഫ് മ്യൂസിക്കിലായിരുന്നു താൻസൻ ആദ്യകാലത്ത് സംഗീതപഠനം നടത്തിയിരുന്നത്. പിന്നീട് വൃന്ദാവനത്തിലെ യതിവര്യനും സംഗീതാചാര്യനുമായ സ്വാമി ഹരിദാസിന്റെ ശിഷ്യത്വം സ്വീകരിച്ചു. ആലാപനത്തിലെന്നപോലെ സംഗീതരചനയിലും താൻസൻ ഒരിതിഹാസപുരുഷനായിരുന്നു. അദ്ദേഹം രചിച്ച ധ്രുപദ് കൃതികളിലൂടെയാണ് ധ്രുപദസംഗീതവും ഹിന്ദുസ്ഥാനി സംഗീതമാകെത്തന്നെയും നവോത്ഥാന ശോഭയാർജിച്ചത്. താൻസെൻ രചിച്ച സംഗീതശാസ്ത്രസംബന്ധിയായ ഗ്രന്ഥങ്ങളാണ് സംഗീതസാരവും രാഗമാലയും. ധ്രുപദസംഗീതത്തിനെന്ന പോലെ ദീപക് എന്ന സംഗീതശാഖയ്ക്കും താൻസൻ വിലപ്പെട്ട സംഭാവനകൾ നൽകുകയുണ്ടായി. 'സേനിയ ഘരാന'യുടെ പ്രാരംഭകൻ എന്ന നിലയിൽ ഇദ്ദേഹം ഹിന്ദുസ്ഥാനി സംഗീതത്തിനു നൽകിയ സേവനം ആദരണീയമാണ്.

1562-ൽ താൻസന്റെ പ്രശസ്തി മുഗൾചക്രവർത്തിയായ അക്ബറുടെ ചെവിയിലുമെത്തി. അക്ബർ, താൻസനെ തന്റെ ആസ്ഥാന സംഗീതജ്ഞരിൽ ഒരാളാക്കി. അപ്പോൾ അക്ബറുടെ സദസ്സിൽ പ്രസിദ്ധരായ മുപ്പത്തിയഞ്ചോളം സംഗീതജ്ഞർ ഉണ്ടായിരുന്നുവത്രെ! 27 വർഷക്കാലം അക്ബറുടെ സദസ്സിനെ അലങ്കരിച്ച താൻസൻ രാജകൊട്ടാരത്തിലെ 'നവരത്‌ന'ങ്ങളിൽ ഒരാളായും അറിയപ്പെട്ടു. താൻസനെ, അക്ബർ ആസ്ഥാനഗായകനാക്കുന്നതിനു കാരണമായി പ്രചാരം നേടിയിട്ടുള്ള ഐതിഹ്യങ്ങൾ പലതും അതിശയോക്തി കലർന്നവയാണ്. താൻസൻ പാട്ടുപാടി മഴപെയ്യിച്ചതായും പാട്ടുപാടി വിളക്കു കത്തിച്ചതായും ഉള്ള കഥകളുണ്ട്. 1589 ഏപ്രിലിൽ താൻസൻ ദിവംഗതനായി. അവസാനനിമിഷത്തിൽ അക്ബറും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ലാഹോറിൽ വെച്ചായിരുന്നു അന്ത്യം. ലാഹോറിൽ രാജകീയ ബഹുമതികളോടെയായിരുന്നു താൻസന്റെ അന്ത്യകർമങ്ങൾ നടന്നത്. കുറേക്കാലം കഴിഞ്ഞ് താൻസന്റെ ഭൗതികശരീരം ലാഹോറിൽ നിന്ന് ഗ്വാളിയോറിലേക്കു കൊണ്ടുവന്ന് അടക്കം ചെയ്തു. സൂഫി ഗുരുവായ മുഹമ്മദ് ഗൗസിന്റെ ശവകൂടീരത്തിനോട് ചേർന്നാണ് താൻസന്റെ കബറിടം നിർമിച്ചിരിക്കുന്നത്. ആകർഷകമായ ഈ കബറിടം ഇന്ന് ഗ്വാളിയോറിലെത്തുന്ന സംഗീതാസ്വാദകരുടെ പുണ്യകേന്ദ്രമാണ്.

ജയ് വിലാസ് പാലസ് മ്യുസിയം
ഗ്വാളിയോറിലെത്തുന്ന സഞ്ചാരികൾ കണ്ടിരിക്കേണ്ട ഒന്നാണ് 'ജയ് വിലാസ് പാലസ് മ്യൂസിയം'. സിന്ധ്യ രാജവംശത്തിലെ ജയാജി റാവു സിന്ധ്യ മഹാരാജാവ് 1874-ൽ യൂറോപ്യൻ വസ്തുശൈലിയിൽ പണികഴിപ്പിച്ച സുന്ദരമായ ഈ കൊട്ടരം സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്നു. കൊട്ടാരത്തിന്റെ ഒരു ഭാഗം മ്യൂസിയമായി മാറ്റിയിരിക്കുന്നു. ബാക്കിയുള്ള ഭാഗത്ത് ഇപ്പോഴും സിന്ധ്യ രാജകുടുംബം താമസിക്കുന്നുണ്ട്. സിന്ധ്യ കുടുംബത്തിന്റെ സമ്പത്തിന്റെയും ആഡംബരത്തിന്റെയും നേർക്കാഴ്ചയാണ് ജയ് വിലാസ് പാലസ്. ഇരുനിലകളുള്ള ഈ മ്യൂസിയത്തിന് നാലു ഭാഗങ്ങളുണ്ട്.

ഏഴ് ഗ്യാലറികളുള്ള ഒന്നാം നിലയിൽ സിന്ധ്യ രാജകുടുംബത്തിന്റെ ചരിത്രവും വംശപാരമ്പര്യവും വിശദീകരിക്കുന്ന ചിത്രങ്ങളും രാജാക്കന്മാർ ഉപയോഗിച്ചിരുന്ന തുണിത്തരങ്ങളും രഥങ്ങളും പല്ലക്കുകളും മറ്റും പ്രദർശിപ്പിച്ചിരിക്കുന്നു. ഇവ കൂടാതെ ഒരു ഇൻഡോർ സ്വിമ്മിംഗ് പൂളും ഒന്നാം നിലയിലുണ്ട്. രണ്ടാം നിലയിൽ പത്തോളം മുറികൾ രാജഭരണകാലത്തെ അതേ പ്രൗഢിയോടെ നിലനിർത്തിയിരിക്കുന്നു. രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും കിടപ്പുമുറികളും തീൻമുറികളും പഴയ പ്രൗഢിയോടെ സഞ്ചാരികളെ അതിശയിപ്പിക്കുന്നു.

മ്യൂസിയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ദർബാർ ഹാൾ കോംപ്ലക്‌സ്. കണ്ണഞ്ചിപ്പിക്കുന്ന വിസ്മയലോകമാണ് ദർബാർ ഹാളിൽ സന്ദർശകരെ കാത്തിരിക്കുന്നത്. സ്വർണം പൂശിയ തൂണുകളും മേൽക്കൂരയും മാത്രമല്ല, സ്വർണ്ണനൂലിൽ നെയ്ത സുന്ദര പരവതാനികളും ഭീമാകാരമായ തൂക്കു വിളക്കുകളും സ്വർണം പൂശിയ ഫർണിച്ചറുകളുമെല്ലാം കാണാം. നമ്മെ ഭരിച്ചിരുന്ന രാജാക്കന്മാരുടെ ആഡംഭര ജീവിതം എത്രത്തോളമായിരുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ കൊട്ടാരം. സമ്പന്നമായ ഭൂതകാല കാഴ്ചകളിലേക്ക് തിരിച്ചുപോകാൻ കൊതിക്കുന്ന ഏതൊരു സഞ്ചാരിക്കും ചരിത്രാന്വേഷികൾക്കും ഗ്വാളിയോർ മായക്കാഴ്ചകൾ ഒരുക്കി കാത്തിരിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi