ഷാരൂഖ് ഖാൻ, റാണി മുഖർജി, അഭിഷേക് ബച്ചൻ, പ്രീതി സിന്റ എന്നിവർ പ്രധാന വേഷങ്ങളിലെത്തി, 2006-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'കഭി അൽവിദ നാ കെഹനാ' (Kabhi Alvida Na Kehna). വിവാഹേതര ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം അക്കാലത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ 20-ാം വാർഷികത്തിൽ, അന്ന് തിയേറ്ററുകളിൽ നിന്ന് നേരിടേണ്ടി വന്ന അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ കരൺ ജോഹർ.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കരൺ ഓർമ്മകൾ പങ്കുവെച്ചത്. ചിത്രം ഒരിക്കലും വിവാഹേതര ബന്ധങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, അന്നത്തെ ചില സംഭവങ്ങളും ഓർത്തെടുത്തു.
Also Read
‘സ്വപ്നമല്ലെന്ന് മനസ്സിലായപ്പോൾ അവർ എഴുന്നേറ്റു പോയി’
ചിത്രത്തിന്റെ പ്രിവ്യൂ കാണാൻ തിയേറ്ററിലെത്തിയപ്പോൾ ഉണ്ടായ അനുഭവം കരൺ വിവരിക്കുന്നത് ഇങ്ങനെയാണ്: "പരമ്പരാഗത വസ്ത്രം ധരിച്ച മധ്യവയസ്കരായ ഒരു ദമ്പതികളുടെ പുറകിലാണ് ഞാൻ അന്ന് ഇരുന്നിരുന്നത്. സിനിമയിൽ ഷാരൂഖ് ഖാന്റെയും റാണി മുഖർജിയുടെയും കഥാപാത്രങ്ങൾ തമ്മിൽ അടുക്കുന്ന രംഗം വന്നപ്പോൾ അവർ ഞെട്ടിപ്പോയി. അത് ഒരു സ്വപ്നരംഗമല്ലെന്ന് മനസ്സിലായതോടെ, ആ ഭർത്താവ് ഭാര്യയെ നോക്കി ദേഷ്യപ്പെടുകയും ഉടൻ തന്നെ തിയേറ്ററിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോവുകയും ചെയ്തു. അത് കണ്ടപ്പോൾ എന്റെ നെഞ്ച് തകർന്നുപോയി."
മകളുമൊത്ത് ചിത്രം കാണാനെത്തിയ ഒരു സ്ത്രീ തിയേറ്ററിൽ വെച്ച് തന്നോട് നേരിട്ട് കയർത്തു സംസാരിച്ച അനുഭവവും കരൺ പങ്കുവെച്ചു. "മകൾക്ക് വിവാഹമോചനം ലഭിച്ച ദിവസമാണ് നല്ല പാട്ടുകളും കുടുംബമൂല്യങ്ങളുമുള്ള ഒരു ചിത്രം കാണിക്കാനായി ഞാൻ അവളെ കൂട്ടിക്കൊണ്ടുവന്നത്. നിങ്ങളുടെ ചിത്രമായതുകൊണ്ടാണ് ധൈര്യമായി വന്നത്. എന്നാൽ കണ്ടതോ ഇതും! നിങ്ങളെ ഓർത്ത് എനിക്ക് നാണം തോന്നുന്നു," എന്ന് ആ സ്ത്രീ ദേഷ്യത്തോടെ പറഞ്ഞു. അവർ തന്നെ തല്ലുമോ എന്ന് ഭയന്ന് അവിടെനിന്ന് പെട്ടെന്ന് മാറിയെന്നും കരൺ ഓർത്തെടുക്കുന്നു.
ചിത്രത്തിന് അന്ന് വളരെ വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് കരൺ സമ്മതിക്കുന്നു. ധീരമായ ശ്രമം എന്ന് ചിലർ പ്രശംസിച്ചപ്പോൾ, ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമാണെന്ന് ആരോപിച്ച് വലിയൊരു വിഭാഗം വിമർശിച്ചു.
ചിത്രത്തിൽ ചില വീഴ്ചകൾ ഉണ്ടായിരുന്നു എന്ന് കരൺ തുറന്നുസമ്മതിക്കുന്നു. "സിനിമ അൽപ്പം ദൈർഘ്യമേറിയതായിരുന്നു, അനാവശ്യമായ ഗാനരംഗങ്ങളും ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്റെ ലക്ഷ്യം ശരിയായിരുന്നു. ഒരിക്കലും വിവാഹേതര ബന്ധങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടില്ല (അത് എന്റെ ലക്ഷ്യമേ ആയിരുന്നില്ല). പ്രണയമോ ആഗ്രഹമോ തേടി ദാമ്പത്യജീവിതത്തിന്റെ അതിരുകൾ ലംഘിക്കുന്നത് നിങ്ങളുടെ കുടുംബത്തെയും ജീവിതത്തിന്റെ അടിത്തറയെയും എങ്ങനെ തകർക്കുമെന്നാണ് ചിത്രം കാണിച്ചുതന്നത്," കരൺ വ്യക്തമാക്കി.
20 വർഷങ്ങൾക്കിപ്പുറം
'കുച്ച് കുച്ച് ഹോതാ ഹേ' (1998), 'കഭി ഖുഷി കഭി ഗം' (2001) എന്നീ വൻ വിജയങ്ങൾക്ക് ശേഷം കരൺ ജോഹർ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായിരുന്നു 'കഭി അൽവിദ നാ കെഹനാ'. റിലീസ് ചെയ്ത സമയത്ത് രൂക്ഷമായ വിമർശനങ്ങൾ നേരിട്ടെങ്കിലും, വർഷങ്ങൾക്കിപ്പുറം ഈ ചിത്രം ബോളിവുഡിലെ ശ്രദ്ധേയമായ ക്ലാസിക് ചിത്രങ്ങളിലൊന്നായി മാറി. 20 വർഷങ്ങൾക്ക് ശേഷവും ചിത്രത്തെക്കുറിച്ച് ആളുകൾ സംസാരിക്കുന്നുണ്ടെന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ കരൺ, ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും നന്ദി അറിയിച്ചാണ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Karan Johar marks 20 years of Kabhi Alvida Na Kehna (KANK) in 2026., He recalled audience walking out of theatres due to the theme of infidelity., Clarified that the film never promoted extramarital affairs, but showed how crossing boundaries destroys families.
Published: 11 Aug 2026, 11:48 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented