കേരളത്തിലെ ഹോട്ടലുകളിലെ പ്രധാന വിഭവങ്ങളിൽ നിന്നും ചെട്ടിനാട് ചിക്കൻ കറി എന്ന പേരിലൂടെ ഈ സ്ഥലപേര് എപ്പോഴോ മനസ്സിൽ കയറി കൂടിയിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രം ഒതുക്കി നിർത്താൻ പറ്റാത്ത ഒരിടമല്ല ചെട്ടിനാട്.
ക്ഷേത്രങ്ങൾ കൊണ്ടും കൊത്തുപണികളോടുകൂടിയ കൊട്ടാരം പോലെയുള്ള ആഡംബര വീടുകൾ കൊണ്ടും കൈ കൊണ്ട് ഉണ്ടാക്കുന്ന കലാ വാസ്തുവിദ്യകൾ കൊണ്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടും തമിഴ്‌നാട്ടിന്റ മധ്യഭാഗത്തായി കിടക്കുന്ന പുതുക്കോട്ടയ് ശിവഗംഗ ജില്ലയുടെ ഭാഗമായ ഈ സ്ഥലം എന്നും ഒരുപടി മുന്നിൽ തന്നെയാണ്. നീണ്ട രണ്ടരമണിക്കൂർ സമയം പിന്നിട്ടു കാരയ്ക്കുടിലേക്ക് എത്തിച്ചേർന്നു. അവിടെനിന്നും ഒരു ഓട്ടോയിൽ കയറി ചെട്ടിനാടിന്റെ ഉൾ ഗ്രാമങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചു.
1000 ജനൽ വീട്
മാളികയുടെ പേര് പോലെ തന്നെ ഈ വീടിന് 1000 ജാലകങ്ങൾ ഉണ്ട്. കാരയ്ക്കുടിയിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്നതും ഈ വീട് തന്നെയാണ്. ഈ വീട് അറിയാത്ത ഒരു ഗ്രാമീണൻ പോലും കാരയ്ക്കുടിയിലോ അയൽ ഗ്രാമങ്ങളിലോ ഇല്ല. 1941-ൽ പ്രസിദ്ധനായ നാട്ടുകോട്ടചെട്ടിയാർ നിർമിച്ച ഈ വീട്.
ചെട്ടിയാന്മാരുടെ വാസ്തുവിദ്യാ വൈഭവത്തിന്റെയും കലയോടുള്ള ചായിവിന്റെയും മികച്ച ഉദാഹരണമാണ്. ഈ വീടിന് 25 മുറികളും അഞ്ചു വലിയ ഹാളുകളും ഉണ്ട്. ആത്താംകുടി ടൈൽസ് കൊണ്ട് പാകിയ മനോഹരമായ ഹാളുകൾ ജനാലയിലൂടെ നോക്കി കാണുവാൻ മാത്രമേ സാധിക്കുകയുള്ളൂ. കാരണം ഇതിന്റെ ഉടമസ്ഥനും മറ്റെങ്ങോ കുടിയേറി പാർത്തു. താഴിട്ട് പൂട്ടിയ വാതിലുകളും കൊട്ടി അടക്കപ്പെട്ട നിലവറകളെയും കൊണ്ട് നിശബ്ദതയെ പുൽകി ഉറങ്ങുകയാണ്.
ആത്താൻഗുഡി ടൈൽസ്
ചെട്ടിനാടിന്റെ ഒരു കുടിൽ വ്യവസായം എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. 200 വർഷം മുന്നേ പണിത വീടുകളിലും ഇപ്പൊ പുതുതായി നിർമിക്കുന്ന വീടുകളിലും ആത്താൻഗുഡി ടൈൽസ് കാണാവുന്നതാണ്. ഈ ഗ്രാമത്തിലെ 60 വീടുകളിൽ ടൈൽസ് ഉണ്ടാക്കുന്നുണ്ട്. അതിൽ ഒരു വീടായ കാളിയമ്മയുടെ ഉടമസ്ഥതയിലുള്ള സാമി ടൈൽസിലേക്കാണ് പോയത്. ഇതിനെ ഫാക്ടറി എന്നൊന്നും പറയാൻ പറ്റില്ല.
വീടിന്റെ സൈഡിൽ ഒരു ചെറിയ ഷെഡ്ഡിലാണ് കൈകൊണ്ട് ടൈൽസ് ഉണ്ടാക്കുന്നത്. കാളിയമ്മയ്ക്ക് വയസ്സ് 88. ഇപ്പൊ ഇതിന്റെ ചുമതല ചെറുമകൻ വള്ളിയപ്പനാണ്. വള്ളിയപ്പനു സഹായത്തിനായി മറ്റൊരു തൊഴിലാളിയുമുണ്ട്. കാളിയമ്മ തൊട്ടടുത്ത് ഇരുന്ന് നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഒരു ചെറിയ അച്ചിൽ അടിവശത്തായി ഒരു ഗ്ലാസ് പാളി നിരത്തി അതിൽ കൈകൊണ്ട് ചിത്രങ്ങൾ വരയ്ക്കും.
ആ ചിത്രങ്ങൾക്ക് ഭംഗിയേറാൻ അതിനുമുകളിലായി റെഡ് ഓക്‌സൈഡും ഗ്രീൻ ഓക്‌സൈഡും ചേർത്ത് അതിൽ ആത്താൻഗുഡിയിലെ മണലുംവെള്ളവും ചേർത്ത് സിമെന്റുമിശ്രിതം അച്ചിനുള്ളിൽ നിറച്ചു കൈകൊണ്ട് തേയ്ച്ചു നിരപ്പാക്കി മിനുസപ്പെടുത്തി 15 ദിവസം അധികം വെയിൽ തട്ടാതെ തണലിൽ വെച്ച് ഉണക്കിയെടുത്താണ് ഈ ടൈൽസിന്റെ നിർമിതി. ഇങ്ങനെ ഉണക്കിയെടുക്കുന്ന ഒരു ടൈൽസിന്റെ വില 50 രൂപയാണ്. ഒരുമിച്ചൊരു ലോഡ് ആയിട്ട് എടുക്കുമ്പോൾ 35 രൂപയ്ക്ക് കൊടുക്കുന്നുണ്ട്.
കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളത് എന്നാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ പ്രത്യേകത ആത്താൻഗുഡിയിലെ മണലും പ്രത്യേകതരം മണ്ണും ആയത്‌കൊണ്ട് വേനൽക്കാലത്തു അധികം ചൂട് പിടിക്കാതെ എപ്പോഴും തണുപ്പ് പ്രദാനം ചെയ്യുമെന്നാണ് പറയുന്നത്. മാത്രമല്ല ഉപയോഗിക്കുംതോറും തിളക്കം വർദ്ധിച്ചു വരുന്നുണ്ടെന്ന് പറയപ്പെടുന്നു. ബാത്‌റൂമിൽ മാത്രം ഇത് ഉപയോഗിക്കാൻ പാടില്ല എന്ന മുന്നറിയിപ്പും നൽകി.
ചെട്ടിനാട് എന്ന് കേട്ടാൽ ആദ്യം മനസ്സിൽ വരുന്ന ഭക്ഷണത്തെ തേടിയായിരുന്നു പിന്നീടുള്ള യാത്രകൾ. കാരയ്ക്കുടിലെ ഏറ്റവും നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലിന്റെ മുന്നിൽ കൊണ്ടുവിട്ടിട്ടു ഡ്രൈവർ യാത്രയായി. ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുന്നത് കൂടുതലും സ്ത്രീകളാണ്. ചെട്ടിനാട് ചിക്കൻ കറിയും മട്ടൻ കറിയും ആണ് ഏറ്റവും പ്രധാനപ്പെട്ടത്. ഈ കറികൾക്ക് പലതരം മസാലകളും ഏലയ്ക്ക പോലുള്ള സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിക്കുന്നുണ്ട്.
ചെട്ടിയന്മാർ പരമ്പരാഗതമായി സസ്യാഹാരികൾ ആയിരുന്നു. ജീവിതശൈലികളിലും ആചാരപരമായ ചടങ്ങുകളിലും സസ്യഹാരം വിളമ്പിയിരുന്ന അവർ വ്യാപാരത്തിനായി കേരളത്തിലെ വടക്കൻ മലബാർമേഖലയിൽ ചെന്നെത്തിയപ്പോൾ അവിടെയുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണം അവരെ സ്വാധീനിക്കുകയും കാലക്രമേണ ഏഷ്യൻ രാജ്യങ്ങളുടെ വ്യാപാരം വർധിച്ചപ്പോൾ ഏകദേശം 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ചെട്ടിയന്മാരുടെ ഭക്ഷണത്തിൽ മാംസാഹാരം ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒരു വിഭവമായി തീർന്നു.
കൂടാതെ ബർമയുമായുള്ള വ്യാപാര ബന്ധത്തിലൂടെ ചുവന്ന അരി കൊണ്ട് ഉണ്ടാക്കുന്ന ഒരു തരം പുഡിങ്ങും അവരുടെ തീൻ മേശകളിലിടംപിടിച്ചു. ചെട്ടിനാട് ഗ്രാമത്തിലെ മിക്കവാറും ആളുകൾ പാചകത്തിൽ അതിവിദഗ്ധരാണ്. വെയിലിൽ ഉണക്കിയെടുക്കുന്ന മാംസാഹാരവും ഉപ്പിട്ട പച്ചക്കറികളും ഒക്കെ അവരുടെ തനതായ പാചകരീതികളാണ്.
ചെട്ടിനാടിനെ കുറിച്ച് പറയാൻ ഇനിയും കഥകളുണ്ട്. കാണാൻ ഇനിയും കാഴ്ചകളുണ്ട്. പരുത്തിത്തുണിയിൽ തീർക്കുന്ന മനോഹരമായ സാരി നെയ്ത്തു ശാലകൾ കാണാനും ദ്രാവിഡ വാസ്തുശൈലിയിൽ നിർമിച്ച നിരവധി ക്ഷേത്രങ്ങൾ കാണാനും വീണ്ടുമൊരിക്കൽ ഈ നാട്ടിലേക്ക് തന്നെ വരണം...
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Athangudi tiles handcrafted in Chettinad using local sand and soil. Provides natural cooling effects during summer.
Published: 03 Jul 2026, 05:45 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented