
മലകളാല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ് ഇംഫാല്‍. സിലിഗുഡിയില്‍നിന്ന് കുന്നുകള്‍ നിരന്തരം കയറി 12 മണിക്കൂറോളം സഞ്ചരിച്ചാലേ മണിപ്പുരിന്റെ തലസ്ഥാനമായ ഈ നഗരത്തിലെത്താനാകൂ. സിലിഗുഡിയില്‍നിന്ന് തലേന്നു വൈകിയാണ് ഇംഫാലിലേക്കെത്തിയത്, ഒറ്റയ്ക്ക്. കാഴ്ചകളേറെയുണ്ടിവിടെ. പ്രാധാന്യം നോക്കി ഓരോന്നായി കാണാമെന്നുകരുതി. അതിരാവിലേ യാത്രതുടങ്ങി. ലോക്ടക് തടാകമാണ് ആദ്യലക്ഷ്യം. ഇംഫാല്‍ പട്ടണത്തിലെ പോണ ബസാറില്‍നിന്നാണ് 45 കിലോമീറ്റര്‍ ദൂരെയുള്ള മോയിറാങ് ജങ്ഷനിലേക്ക് ഷെയറിങ് വാന്‍ പുറപ്പെടുന്നത്. അവിടെയാണ് തടാകം. മാരുതിയുടെ ഓംനി വാനുകളാണ് ഈ റൂട്ടില്‍ ഓടുന്നത്. രണ്ടുമണിക്കൂറോളം വേണ്ടിവരും ഷെയര്‍ ടാക്‌സികള്‍ക്ക് ഈ ദൂരം പിന്നിടാന്‍.
വിശാലമായ താഴ്വരയിലാണ് ഇംഫാല്‍ പട്ടണം. നിരപ്പായ റോഡ് പട്ടണഭാഗത്ത് നീണ്ടുനിവര്‍ന്നുകിടക്കുന്നു. ഇംഫാല്‍ വിമാനത്താവളം പിന്നിട്ട് വാന്‍ മുന്നോട്ടുപോയി. വലതുവശത്ത് റോഡിന് സമാന്തരമായി ഉയരമില്ലാത്ത മലനിരകള്‍. അതിനുതാഴെ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടങ്ങള്‍. ആകാശത്ത് മെല്ലെനീങ്ങുന്ന മഴമേഘങ്ങള്‍. ചിലയിടങ്ങളില്‍ അവയുടെ നിഴല്‍ താഴ്വരയില്‍ വീണുറങ്ങുന്നു.
ബിഷ്ണുപുര്‍ ടൗണിലെത്തിയപ്പോള്‍ എട്ടരമണിയായി. പട്ടണം തിരക്കിലേക്ക് എത്തുന്നേയുള്ളൂ. പഴം-പച്ചക്കറി മാര്‍ക്കറ്റില്‍ അധികവും സ്ത്രീകളാണ്. ബര്‍മീസ് മുഖമുള്ളവര്‍. കടുംവര്‍ണത്തിലുള്ള ലുങ്കിയാണ് അവരെല്ലാം അണിഞ്ഞിരിക്കുന്നത്. ടീഷര്‍ട്ടുപോലുള്ള അയഞ്ഞ മേല്‍ക്കുപ്പായം. അവയ്ക്കുമുകളില്‍ ചുമലിലൂടെ പിറകിലേക്കു തൂങ്ങിനില്‍ക്കുന്ന ഷാള്‍. ചെറുപ്പക്കാരികളുടെ കുപ്പായങ്ങളില്‍ മനോഹരമായ ചിത്രപ്പണികള്‍. ഒന്‍പതായപ്പോഴേക്കും വാന്‍ മോയിറാങ്ങിലെത്തി.
മോയിറാങ് പട്ടണത്തിന്റെ പ്രധാനഭാഗം ചന്തയാണ്. സമീപത്തെ കവലയില്‍നിന്നാണ് ലോക്ടക് തടാകത്തിലേക്കു പോകേണ്ടത്. ആറുകിലോമീറ്റര്‍ ദൂരെയാണിത്. ഓട്ടോകള്‍ നിരനിരയായി നിര്‍ത്തിയിരിക്കുന്നു. വലിയ ഗുഡ്സ് ഓട്ടോകള്‍ രൂപമാറ്റം വരുത്തിയാണ് യാത്രാവണ്ടികളാക്കിയിരിക്കുന്നത്. 10 രൂപയാണ് യാത്രാനിരക്ക്. പത്തുപേര്‍ക്കുവരെ കയറാം. മുന്നില്‍ ഡ്രൈവര്‍. പിന്നില്‍ അഭിമുഖമായി സ്ഥാപിച്ച നീളമുള്ള സീറ്റ്. അതില്‍ നാലുപേര്‍ക്കുവീതം ഇരിക്കാം. പുറപ്പെട്ട് അല്പം കഴിഞ്ഞപ്പോഴേക്കും തടാകത്തിനുമുകളിലൂടെയുള്ള ദൈര്‍ഘ്യമേറിയ ഒരു പാലം കടന്നു. അതോടെ ലോക്ടക് തടാകത്തിനകത്തെ വലിയ ദ്വീപായ തങ്കയിലേക്ക് ഞങ്ങളെത്തി. നൂറുമീറ്ററോളം നീളമുള്ള ഈ പാലമാണ് തങ്കയെ കരയുമായി ബന്ധിപ്പിക്കുന്നത്.

റോഡ് അത്ര മെച്ചമല്ല. കുഴികളില്‍ ചാടി ആടിയുലഞ്ഞാണ് യാത്ര. ഒരുവശത്ത് അല്പം ഉയര്‍ന്ന കുന്ന്. അതിനുതാഴെ ചെറുവീടുകള്‍, വേലിക്കെട്ടുകള്‍. മറുവശത്ത് റോഡിനോടുചേര്‍ന്ന് തടാകം. കുറച്ചുദൂരം പോയതോടെ തടാകം കാണാമറയത്തേക്ക് പിന്‍വാങ്ങി. ഇരുപത് മിനിറ്റോളമെടുത്തു ആ ഓട്ടോയിലെ യാത്ര. കുന്നിന്‍ചരിവില്‍നിന്ന് കുത്തനെ വെട്ടിത്താഴ്ത്തിയപോലെയാണ് തടാകത്തിന്റെ കിടപ്പ്. വഴുക്കുന്ന ചളിക്കട്ടകളിലൂടെ ശ്രദ്ധയോടെ ഇറങ്ങിവേണം രണ്ടുമൂന്നു മീറ്റര്‍ താഴ്ചയിലുള്ള കടത്തുബോട്ടിലേക്ക് കയറിപ്പറ്റാന്‍. പത്തുമിനിറ്റിലധികമെടുത്തു തങ്കയില്‍നിന്ന് രണ്ടാമത്തെ വലിയ ദ്വീപായ കരാങ്ങിലെത്താന്‍.
ആളുകള്‍ കൂട്ടമായി നീങ്ങുന്ന വഴിയിലൂടെ എങ്ങോട്ടെന്നറിയാതെ നടന്നു. മൂന്നുനാലു മീറ്റര്‍ താഴ്ചയില്‍ തകിടുഷീറ്റിട്ട വീടുകള്‍. അവയ്ക്കുപിന്നിലായി ലോക്ടക് തടാകത്തിന്റെ അനന്തമായ ജലപ്പരപ്പ്. തടാകത്തിലേക്ക് മുങ്ങിയെന്നപോലെ കിടക്കുന്ന വീടുകളും വള്ളങ്ങളും ചാരുതയാര്‍ന്ന കാഴ്ചയൊരുക്കി. വീടുകള്‍ക്കുപിന്നില്‍ കെട്ടിനിര്‍ത്തിയ തോണികള്‍. ഉപജീവനത്തിനുള്ള മാര്‍ഗത്തിനൊപ്പം ആ ജനതയെ ചലിപ്പിക്കുന്നതും അതുതന്നെ. തങ്കയില്‍ മുന്നൂറോളം വീടുകളാണുള്ളത്. ജനങ്ങളുടെ മുഖ്യവരുമാനമാര്‍ഗം തടാകത്തില്‍നിന്ന് ലഭിക്കുന്ന മത്സ്യങ്ങളാണ്. കരാങ്ങിലൂടെ ചുറ്റിനടന്ന് തിരിച്ചുപോകാന്‍ ബോട്ടില്‍ കയറിയ നിമിഷമായിരുന്നു ഫുംഡി അഥവാ ഒഴുകുന്ന ദ്വീപിലേക്ക് പോകാനായി തീരുമാനിച്ചത്. രണ്ടുകിലോമീറ്ററോളം മാറിയാണ് ഏറ്റവുമടുത്ത ഫുംഡി. അവിടെ സഞ്ചരിക്കുന്ന റസ്റ്ററന്റിന്റെ പണി നടക്കുന്നുണ്ടെന്ന് ബോട്ടുകാര്‍ പറഞ്ഞു.
റസ്റ്ററന്റിന്റെ മേല്‍നോട്ടക്കാരന്‍ വന്ന് രണ്ടുമൂന്നു മരപ്പലകകള്‍ ബോട്ടിനോടുചേര്‍ത്തിട്ടു. ഫുംഡിയെ പൊതിഞ്ഞുനില്‍ക്കുന്ന പുല്‍പ്പടര്‍പ്പിലേക്കിറങ്ങവേ സ്പ്രിങ് മാട്രസില്‍ ചവിട്ടുന്നപോലെ പലക ആഴത്തിലേക്കമരുന്നു. വെള്ളത്തില്‍ വിരിച്ച ചളിക്കുമുകളിലുള്ള പുല്ലിന്റെ കട്ടികൂടിയ പായയെന്ന് ഇതിനെ ലളിതമായി പരിചയപ്പെടുത്താം.
ഒഴുകിനടക്കുന്ന ദ്വീപുകളാണ് ലോക്ടക് തടാകത്തെ ആഗോളപ്രശസ്തിയിലേക്ക് എത്തിച്ചത്. മണിപ്പുരിഭാഷയില്‍ ഫുംഡി എന്നാണ് ഇവ അറിയപ്പെടുന്നത്. പുല്ലും ജലസസ്യങ്ങളും ചളിയുമെല്ലാം അടിഞ്ഞുകൂടി വേരുകള്‍ തമ്മില്‍ കെട്ടുപിണഞ്ഞാണ് അനേകം വര്‍ഷങ്ങളുടെ പരിണാമപ്രക്രിയകള്‍ പൂര്‍ത്തിയാക്കി ഫുംഡി ജന്‍മമെടുക്കുന്നത്. കാറ്റിന്റെ ഗതിക്കനുസരിച്ച് ദ്വീപുകള്‍ തെക്കുവടക്കായി സഞ്ചരിക്കുമെന്നതാണ് ഇവയുടെ സവിശേഷത.

മാനുകളുടെ ഉദ്യാനം
ഇനി യാത്ര കെയ്ബുല്‍ ലാംജോ ദേശീയോദ്യാനത്തിലേക്കാണ്. ബിഷ്ണുപുര്‍ ജില്ലയിലാണിത്. നാല്‍പ്പത് ചതുരശ്രകിലോമീറ്റര്‍ ചുറ്റളവുള്ള ഈ ഉദ്യാനം ലോകത്തിലെ ഒഴുകുന്ന ഏക ഉദ്യാനം എന്ന ബഹുമതിക്ക് അര്‍ഹമാണ്. 1966-ല്‍ വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചു. 1977-ല്‍ ദേശീയോദ്യാനപദവിയും സ്വന്തമായി. വംശനാശഭീഷണി നേരിടുന്ന സാങ്കായി മാനുകളുടെ (Elds Deer) സംരക്ഷണമുറപ്പാക്കുന്നതാണ് ഈ ഉദ്യാനം.
ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായ ലെഫ്. പെര്‍സി എല്‍ഡാണ് 1844-ല്‍ പിരിയന്‍കൊമ്പുള്ള നൃത്തക്കാരായ സാങ്കായിമാനുകളെക്കുറിച്ച് പുറംലോകത്തോടു പറയുന്നത്. ഉദ്യാനം കാണാന്‍ ബസ്സിലായിരുന്നു പുറപ്പെട്ടത്. 30 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇംഫാലില്‍നിന്ന് നേരിട്ടുവരികയാണെങ്കില്‍ 43 കിലോമീറ്ററാണ് ദൂരം. അന്‍പത് മിനിറ്റുമതി ഇവിടേക്കെത്താന്‍. ഇംഫാലില്‍നിന്ന് മോയിറാങ്ങിലേക്ക് 45 കിലോമീറ്ററാണ് ദൂരം. മോയിറാങ്ങില്‍നിന്ന് കേവലം മൂന്നുകിലോമീറ്റര്‍ മാത്രമാണ് കെയിബുല്‍ ലാംജോയിലേക്ക് വേണ്ടതെങ്കിലും തടാകവും ചതുപ്പും നിറഞ്ഞ പ്രദേശങ്ങളായതിനാല്‍ ചുറ്റിവളഞ്ഞുവേണം എത്തിച്ചേരാന്‍.
റോഡില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരെയാണ് സാങ്കായിമാനുകളെ കാണാന്‍ സഹായിക്കുന്ന വാച്ച്ടവറുള്ളത്. കൗണ്ടറില്‍നിന്ന് ടിക്കറ്റ് വാങ്ങി നിശ്ശബ്ദമായ, ടാറിടാത്ത വഴിയിലൂടെ നടന്നു. ഇടതുവശത്ത് കെയ്ബുല്‍ ലാംജോയുടെ അനന്തമായ കാഴ്ച. അത് പുല്‍ക്കാടും ചതുപ്പും വെള്ളക്കെട്ടുമായി പരന്നുകിടക്കുന്നു. പക്ഷികളുടെ സംഘഗാനം മുഴങ്ങിക്കൊണ്ടിരുന്നു. ഉദ്യാനം ഒരു പക്ഷിസങ്കേതംകൂടിയാണെന്ന് അത് ഓര്‍മിപ്പിക്കുന്നു. അത്തിപ്പഴം നിറഞ്ഞ മരങ്ങള്‍, പാട്ട് ആസ്വദിക്കുന്നതുപോലെ. മാനുകള്‍ ഉച്ചവിശ്രമത്തിലാണെന്നും വെയില്‍ ചായാന്‍ തുടങ്ങിയാല്‍, നാലുമണിയോടെ അവ തീറ്റതേടാനിറങ്ങുമെന്നും വാച്ചര്‍മാര്‍ അറിയിച്ചു. ലോകാദ്ഭുതങ്ങളിലൊന്നായി എണ്ണാവുന്ന നാല്‍പ്പതുകിലോമീറ്റര്‍ വിസ്തൃതിയുള്ള ചലിക്കുന്ന ഒരു ദ്വീപ്, അതിലാണ് ആരെയും ഭയപ്പെടാതെ സാങ്കായി മാനുകള്‍ മതിമറന്ന് മേയുന്നത്.
ഉദ്യാനത്തിന്റെ സിംഹഭാഗവും കൈയടക്കി രണ്ടാള്‍ ഉയരത്തില്‍ വളര്‍ന്നുമുറ്റിനില്‍ക്കുന്ന പുല്‍ക്കാട്. ഇടയില്‍ കൊയ്യാറായ ഗോതമ്പുപാടത്തിന്റെ വിദൂരദൃശ്യംപോലെ ഉണങ്ങിയ കടുംമഞ്ഞ പുല്‍ക്കുറ്റികള്‍ ഇടതിങ്ങിയ ഫയര്‍ട്രാക്ക്. അതിലൂടെ മറുഭാഗത്തെ പൂല്‍ക്കാട്ടിലേക്ക് മാനുകള്‍ പോകുകയോ ആ വശങ്ങളില്‍ തീറ്റതേടുകയോ ചെയ്യുമ്പോഴാണ് അവ സന്ദര്‍ശകരുടെ കാഴ്ചയില്‍ പതിയുക.

മാനിന്റെ വരവും നോക്കിയിരിക്കാന്‍തുടങ്ങിയിട്ട് നേരം ഏറെയായി. നാലുമണിയായതോടെ വാച്ച്ടവറില്‍ ആളുകളുടെ തിരക്കായി. വളരെ ദൂരെയായി ഒരെണ്ണത്തിനെ കണ്ടെന്ന് ചിലര്‍ പറഞ്ഞു. വാച്ച്ടവറിന് തൊട്ടുതാഴെയുള്ള ഫയര്‍ലൈനില്‍ അല്പം ദൂരെയായി മാനിനെ കണ്ടതായി കുറച്ചുപേര്‍. തിക്കിത്തിരക്കി നോക്കിയെങ്കിലും ഒരു മാന്‍കുഞ്ഞിന്റെ തലയേ കണ്ടുള്ളൂ. 4.30 ആവാറായപ്പോള്‍ മാനിനെ കാണാന്‍ കൊതിച്ചെത്തിയവരെല്ലാം യാത്രപറഞ്ഞു. വൃക്ഷങ്ങളുടെ തണല്‍ പരന്ന വഴി. മൂടിക്കെട്ടിയ വാനം. പക്ഷികള്‍ മരങ്ങളിലേക്ക് ഒച്ചവെച്ച് പറന്നണയുന്നു. അത്തിമരത്തിന് ചുവട്ടില്‍ ചുവന്നുതുടുത്ത ധാരാളം പഴങ്ങള്‍ വീണുടഞ്ഞുകിടക്കുന്നു. ഇന്ന്, ഇനി പക്ഷികളൊന്നും അവ തേടി വരില്ല.
ഈ നാടുകളിലെല്ലാം വൈകുന്നേരമാവുന്നതോടെ പൊതുഗതാഗതം അവസാനിക്കുമെന്നുള്ളതിനാല്‍ ഗേറ്റിലേക്ക് ആഞ്ഞുനടന്നു. പരിസരങ്ങളിലെല്ലാം വിജനത ചേക്കേറുകയാണ്. ആളനക്കം അവസാനിക്കാന്‍ ഇനി അധികമില്ല. അവസാനത്തെ മനുഷ്യഗന്ധവും അകലുന്നതോടെ ഉദ്യാനത്തിലെ ഫയര്‍ ട്രാക്കുകളില്‍ സാങ്കായി മാനുകളുടെ ഉല്ലാസപ്രകടനങ്ങള്‍ പരകോടിയിലെത്തുമെന്ന് തീര്‍ച്ച.
Content Highlights: floating islands in manipur
Published: 01 Feb 2024, 01:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented