ഓസ്കാർ ജേതാവായ സംഗീതസംവിധായകൻ എആർ റഹ്‌മാൻ തനിക്ക് അവസരങ്ങൾ കുറഞ്ഞതിനെപ്പറ്റി ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിനു നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. സാമുദായിക വിഷയവും കാരണമായിട്ടുണ്ടാവാമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ഇപ്പോഴിതാ ഗായകൻ അനുപ് ജലോട്ട റഹ്മാനെതിരേ രംഗത്തെത്തിയിരിക്കുകയാണ്. മതത്തിന്റെ പേരിൽ ജോലി ലഭിക്കുന്നില്ലെന്ന് തോന്നുന്നുണ്ടെങ്കിൽ, അദ്ദേഹം ആ മതമുപേക്ഷിച്ച്, ഹിന്ദുമതം സ്വീകരിക്കുന്നത് പരിഗണിക്കണമെന്നാണ് അനുപ് ജലോട്ട പറഞ്ഞത്.

To advertise here,

അനുപ് സംസാരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിൽ റഹ്‌മാന്റെ നിലപാടുകളോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം പറയുന്നു. "സംഗീത സംവിധായകൻ എആർ റഹ്‌മാൻ ആദ്യം ഹിന്ദുവായിരുന്നു. അതിനുശേഷം അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു, ധാരാളം ജോലികൾ ചെയ്തു, വളരെയധികം പേരും പ്രശസ്തിയും നേടി, ആളുകളുടെ ഹൃദയത്തിൽ നല്ല സ്ഥാനമുണ്ടാക്കി. എന്നാൽ, സമുദായത്തിന്റെ പേരിൽ തനിക്ക് സംഗീതം ചെയ്യാൻ അവസരം ലഭിക്കുന്നില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെങ്കിൽ,  എന്റെ ഉപദേശം, അദ്ദേഹം വീണ്ടും ഹിന്ദുവായി മാറണമെന്നും, എന്നിട്ട് അവസരങ്ങൾ ലഭിക്കുമോ എന്ന് നോക്കണമെന്നുമാണ്" അനുപ് പറഞ്ഞു. 

ഒരു തമിഴ് സംഗീത സംവിധായകൻ എന്ന നിലയിൽ ബോളിവുഡിൽ വിവേചനം നേരിട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് റഹ്‌മാൻ ഇതിനാസ്പദമായ അഭിപ്രായം രേഖപ്പെടുത്തിയത്. "ഒരുപക്ഷേ എനിക്കത് അറിയാൻ കഴിഞ്ഞിരുന്നില്ല, അങ്ങനെ അനുഭവപ്പെട്ടിട്ടുമില്ല" -എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം, കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ, ബോളിവുഡിൽ സംഭവിച്ച അധികാര കൈമാറ്റം തനിക്ക് അവസരങ്ങൾ കുറയാൻ കാരണമായിരിക്കാമെന്നും റഹ്മാൻ പറഞ്ഞു. സർഗ്ഗാത്മകതയില്ലാത്ത ആളുകൾക്ക് ഇപ്പോൾ അധികാരമുണ്ട്. സാമുദായികമായ വിഷയവുമാവാം എന്നും അദ്ദേഹം പറയുകയായിരുന്നു. 'ഛാവ' എന്ന സിനിമയെയും അദ്ദേഹം വിമർശിച്ചിരുന്നു.

പ്രസ്താവന വിവാദമായതോടെ, എആർ റഹ്മാൻ മാപ്പു ചോദിച്ചു. ഇപ്പോൾ, നിതേഷ് തിവാരിയുടെ ‘രാമായണം’ സിനിമയുടെ തിരക്കുകളിലാണ് അദ്ദേഹം. ഗ്രാമി പുരസ്കാര ജേതാവായ ഹാൻസ് സിമ്മറിനൊപ്പമാണ് ചിത്രത്തിൽ അദ്ദേഹം പ്രവർത്തിക്കുന്നത്. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi