അമേരിക്കയിലെ ഹവായ് ദ്വീപസമൂഹത്തെ സഞ്ചാരികളുടെ പറുദീസ എന്ന് വിശേഷിപ്പിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ഹവായ് ദ്വീപസമൂഹത്തിലെ ഏറ്റവും സുന്ദരമായ ദ്വീപുകളിൽ ഒന്നാണ് ക്വവായ്. പ്രശാന്തസുന്ദരമായ അന്തരീക്ഷവും പ്രകൃതിഭംഗിയും വിളിച്ചോതുന്ന ക്വവായ് ദ്വീപ് ഭൂമിയിലെ സ്വർഗംതന്നെയാവുന്നു. സ്പിൽബർഗിന്റെ വിഖ്യാതമായ ജുറാസിക് പാർക്ക് സിനിമയുടെ ലൊക്കേഷൻ എന്ന ഖ്യാതിയും ക്വവായ് ദ്വീപിനുണ്ട്. തെങ്ങും വാഴത്തോപ്പുകളും കാണുമ്പോൾ ഇത് കേരളമാണോ എന്നും ഒരുവേള അദ്ഭുതം കൂറിയേക്കാം.

To advertise here,

ഹിന്ദു മൊണാസ്ട്രി

ക്വവായ് ദ്വീപിലെത്തുന്നവർ കണ്ടിരിക്കേണ്ട ആരാധനാലയമാണ് ക്വവായ് ഹിന്ദു മൊണാസ്ട്രി. പരമ്പരാഗത ദക്ഷിണേന്ത്യൻ മാതൃകയിലാണ് ഈ മൊണാസ്ട്രി പണികഴിപ്പിച്ചിട്ടുള്ളത്. അമേരിക്കയിൽ ശൈവസിദ്ധാന്തത്തിന്റെ ഇരിപ്പിടമായിത്തീർന്നിരിക്കുന്ന ഈ പ്രസ്ഥാനം അമേരിക്കയിലെ 40-ഓളം ക്ഷേത്രങ്ങളും വിദ്യാപീഠങ്ങളും നടത്തിവരുന്നു. ബോധിനാഥ വേലൻ സ്വാമിയാണ് മഠത്തിന്റെ ഇപ്പോഴത്തെ അധിപതി. നിത്യേനയുള്ള സാധനകളും മന്ത്രജപങ്ങളും കഴിഞ്ഞാൽ ഇവിടത്തെ സന്ന്യാസിമാരും ബ്രഹ്‌മചാരികളും ഹൈടെക് സ്വാമിമാരാവും. പ്രിന്റിങ്, ഫോട്ടോകളുടെ ഗുണനിലവാരം എന്നിവയിൽ ഏറെ പ്രസിദ്ധമായ ഹിന്ദുയിസം ടുഡേ മാഗസിനും മറ്റ് അനേകം വേദാന്ത-പുരാണ പുസ്തകങ്ങളും അമേരിക്കയിൽ പ്രസിദ്ധീകരിക്കുന്നത് ഈ മൊണാസ്ട്രിയിൽനിന്നാണ്.

രുദ്രാക്ഷവനം

ക്വവായ് ദ്വീപിലെ 382 ഏക്കറോളം പരന്നുകിടക്കുന്ന വനത്തിനുള്ളിലാണ് മൊണാസ്ട്രിയും കടവുൾ ക്ഷേത്രവും പുതുതായി പണികഴിപ്പിച്ച സനാതന ഇരൈവൻ ശിവക്ഷേത്രവും സ്ഥിതിചെയ്യുന്നത്.

ക്ഷേത്രത്തിന് സമീപത്തായി 108 രുദ്രാക്ഷച്ചെടികൾ നട്ടുവളർത്തി വലുതാക്കിയ രുദ്രാക്ഷവനവുമുണ്ട്. സന്ദർശകർ ഇവിടത്തെ സൗമ്യശാന്തതയിൽ ധ്യാനനിരതരാവുന്നു. രുദ്രാക്ഷവനത്തെ കാത്തുസൂക്ഷിക്കാൻ പവനസുതനായ ഹനുമാന്റെ ഗംഭീരമായ ഒരു പ്രതിമയും ഇവിടെ കാണാം. പലരീതിയിൽ മുഖങ്ങളുള്ള ധാരാളം രുദ്രാക്ഷങ്ങൾ ഇവിടെനിന്ന് ലോകമെമ്പാടേക്കും കയറ്റിയയക്കുന്നു. ഹവായിൽനിന്ന് ജൈവവിത്തുകൾ അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് കൊണ്ടുപോകാൻ വിലക്കുള്ളതുകൊണ്ട് നിലത്തുവീണുകിടക്കുന്ന രുദ്രാക്ഷങ്ങൾ ഞങ്ങൾക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ല. മൊണാസ്ട്രിയിൽ സ്ഥിരതാമസമുള്ള ഇരുപതോളം സന്ന്യാസിമാരെ കൂടാതെ പഠനത്തിനും മറ്റുമായി പലപല രാഷ്ട്രങ്ങളിൽനിന്നുമുള്ളവർ ഇവിടേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഇന്ത്യൻ വംശജരെയും അമേരിക്കക്കാരെയും കൂടാതെ ഇന്ത്യ, മൗറീഷ്യസ്, ഓസ്‌ട്രേലിയ, മലേഷ്യ എന്നിവിടങ്ങളിൽനിന്നുള്ളവരെയും മൊണാസ്ട്രിയിൽ കാണാനാകും. ഇന്ത്യയിലുള്ളതുപോലെ സന്ന്യാസിമാർ ഇവിടെ പ്രഭാഷണങ്ങളിൽ ഏർപ്പെടുന്നില്ല. സന്ദർശകർക്ക് അവരുമായി സംവദിക്കാനുള്ള അവസരവും കുറവാണ്.

നിത്യബ്രഹ്‌മചാരികളായി ധ്യാനത്തിൽ മുഴുകിക്കഴിയുന്ന ഇവർ ശൈവസിദ്ധാന്ത പദ്ധതിയനുസരിച്ചാണ് ഇവിടെ കഴിയുന്നത്.

കടവുൾ ടെമ്പിൾ

സദ്ഗുരു ശിവായ സുബ്രഹ്‌മണ്യൻ സ്വാമികൾ സ്ഥാപിച്ച കടവുൾ ക്ഷേത്രത്തിൽ, തെക്കേ ഇന്ത്യൻ രീതിയിലുള്ള വിഗ്രഹങ്ങളും പൂജകളുമാണ്. വനമധ്യത്തിലൂടെ നടന്നുചെല്ലുമ്പോൾ ഇടതുവശത്തായി വലിയൊരു ആൽമരവും അതിന് മധ്യത്തിലായി ധ്യാനത്തിനുള്ള ഇരിപ്പിടങ്ങളും കാണാം. ക്ഷേത്രത്തിനോട് ചേർന്ന് ഒരു കുളവും ക്ഷേത്രനടയിൽ നന്ദിയുടെ വിഗ്രഹവുമുണ്ട്. ഒരേസമയം, ഇരുപതോളം സന്ദർശകർക്ക് പൂജകളിൽ പങ്കെടുക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സന്മാർഗ ഇരൈവൻ ടെമ്പിൾ

മുപ്പത്തിമൂന്നുകൊല്ലംകൊണ്ട് പണികഴിപ്പിച്ച് 2023-ൽ 22 ശിവാചാര്യന്മാർ ചേർന്ന് വിഗ്രഹസ്ഥാപനം നടത്തിയ അത്യപൂർവമായ ഒരു ശിവക്ഷേത്രമാണിത്. വൈലുവാ നദിയിലെ നാനി ക്വാ (സുന്ദരമായ മഴ) എന്നുപേരുള്ള വെള്ളച്ചാട്ടത്തിന് സമീപമാണ് ഈ ശിവക്ഷേത്രം നിർമിച്ചിരിക്കുന്നത്.

 

ഏറെ പ്രത്യേകതകളുള്ള ഈ ക്ഷേത്രം ഒരു എൻജിനിയറിങ് അദ്ഭുതംകൂടിയാണ്. ക്ഷേത്രനിർമിതിക്കായി ഉപയോഗിച്ച കോൺക്രീറ്റിൽ, തെർമൽ പവർപ്ലാന്റുകളിൽനിന്നുള്ള വെയ്സ്റ്റായ ഫ്‌ലൈ ആഷും സിമന്റിന്റെ കൂടെ ചേർത്തിരിക്കുന്നു. ചോള വാസ്തുവിദ്യാസമ്പ്രദായത്തിൽ രൂപകല്പനചെയ്തിട്ടുള്ള ഈ ക്ഷേത്രത്തിൽ വൈദ്യുതി കണക്ഷനോ വിളക്കുകളോ ഇല്ല. ആയിരംകൊല്ലം നിലനിൽക്കാനായി പ്രത്യേകം ഡിസൈൻചെയ്ത 'ക്രാക് ഫ്രീ' കോൺക്രീറ്റ് ഫൗണ്ടേഷൻ വാർത്തിരിക്കുന്നത് കനമുള്ള ഒറ്റ സ്ലാബായാണ്. മുപ്പതിനായിരം ക്യുബിക് അടി കോൺക്രീറ്റാണ് ഇതിനുവേണ്ടി ഉപയോഗിച്ചിട്ടുള്ളത്. നൂറുകോടിയോളം രൂപ മുടക്കി കരിങ്കല്ലിൽ നിർമിച്ച ഈ കോവിലിലെ കരിങ്കൽകൊത്തുപണികളിൽ ഏറെയും ബെംഗളൂരുവിലാണ് ചെയ്തത്. പിന്നീട് ഓരോ പാളിയായി അവയെല്ലാം കപ്പൽവഴി കൊണ്ടുവരുകയായിരുന്നു. ഇന്ത്യയിൽനിന്നുള്ള സ്ഥപതിമാരും കൽപ്പണിക്കാരുമാണ് അമ്പലത്തിന്റെ പണി ചെയ്തത്. പഞ്ചഭൂതങ്ങളിൽ ആകാശഭൂതത്തെ പ്രതിനിധാനംചെയ്യുന്ന സ്ഫടികലിംഗമാണ് ഇവിടത്തെ പ്രതിഷ്ഠ. ആറ് മുഖങ്ങളുള്ള, 318 കിലോയുള്ള, മണ്ണിൽ പുതഞ്ഞുകിടന്നിരുന്ന ഈ ശിവലിംഗം 1987-ൽ ശിവായ സുബ്രഹ്‌മണ്യസ്വാമി ഇവിടെനിന്ന് കണ്ടെടുക്കുകയായിരുന്നെന്നാണ് പറയപ്പെടുന്നത്. പ്രകൃതിയിൽനിന്ന് കിട്ടിയ ക്രിസ്റ്റൽ അങ്ങനെതന്നെ ഇവിടെ പ്രതിഷ്ഠിച്ചു. കല്ലിൽ കവിത വിരിയിച്ച ശില്പികളെ ആദരിക്കാനായി ക്ഷേത്രസമുച്ചയത്തിൽത്തന്നെ ശില്പികളുടെ പ്രതിമകളും ആദരിച്ചുവരുന്നു. ഇവിടത്തെ പൂജാരിമാരെല്ലാം തമിഴ്‌നാട്ടിൽനിന്നുള്ളവരാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi