
കല്യാണത്തിന് മുന്‍പ് തന്നെ ടിവിയിലും മാസികകളിലും ഒക്കെ വരുന്ന പാചകക്കുറിപ്പുകളൊക്കെ അത്യാവശ്യം പരീക്ഷിച്ചുനോക്കുന്ന എന്റെ ഒരു കൂട്ടുകാരി ('വാത്തി മീന്‍' സംഭവത്തിലെ കൊല്ലംകാരി തന്നെ). അവള്‍ക്ക് വീട്ടുകാരുടെ ഇടയില്‍ വന്‍ സ്വീകാര്യതയായിരുന്നു, 'നല്ല പാചകക്കാരിയാണല്ലോ, അപ്പോള്‍ കല്യാണം ആലോചിക്കുമ്പോള്‍ സൗകര്യമാണ്, 'ഭര്‍ത്താവിന്റെ ഹൃദയത്തിലേക്ക് നേരിട്ടങ്ങു കേറി കൊടുത്താല്‍ പോരെ'. 'ആണിന്റെ ഹൃദയത്തിലേക്കുള്ള വാതില്‍ അയാളുടെ ആമാശയത്തിലൂടെയാണ് മോളെ,' എന്നായിരുന്നു അവളുടെ ചിറ്റയുടെ കണ്ടെത്തല്‍, എന്തൊരു വൃത്തികേടാണത് എന്നവള്‍ക്കു തോന്നി, ആഹാരം കഴിച്ചതും വെള്ളവും ഒക്കെ കൂടി കുഴഞ്ഞുമറിഞ്ഞ് ചെറുകുടലിലൂടെയും വന്‍കുടലിലൂടെയും യാത്രചെയ്തു വേണോ ആ മനോഹരസ്ഥലത്ത് എത്തിച്ചേരാന്‍. അവള്‍ക്കു മടുപ്പുതോന്നി.
എന്തായാലും വീട്ടുകാര്‍ സെര്‍ട്ടിഫൈ ചെയ്ത പാചകവിദഗ്ധയായ അവള്‍ അതേ അംഗീകാരം കല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും കിട്ടും എന്ന പ്രതീക്ഷയോടെയാണ് ഭര്‍തൃഗൃഹത്തിലേക്കു കടന്നു ചെല്ലുന്നത്. അവിടെ അടുക്കള ഒരു പരീക്ഷണശാലയായിരുന്നു, അദ്ദേഹത്തിന്റെ അമ്മ പ്രധാന ശാസ്ത്രജ്ഞയും, അവള്‍ക്കു ബ്യുറെറ്റും പിപ്പെറ്റും എടുത്തുകൊടുത്താല്‍ മതിയായിരുന്നു. അതായത് പച്ചക്കറികള്‍ കഴുകുക, അരിയുക, മീന്‍ വെട്ടി വൃത്തിയാക്കുക അങ്ങനെയുള്ള പണികള്‍ മാത്രം. പലപ്പോഴും ആഹാരം പാകം ചെയ്യുന്ന പരിപാടികളൊക്കെ അവളല്‍പ്പം ഭയത്തോടു കൂടിയാണ് ചെയ്തിരുന്നതും.
Also Read
അങ്ങനെയിരിക്കെ അച്ഛനുമമ്മയും കൂടെ ഒരു യാത്ര പോയി. വീട്ടില്‍ അവളും ഭര്‍ത്താവും മാത്രം. ഭര്‍ത്താവിനാകട്ടെ കടുത്ത പനിയും. 'ഇന്ന് ഞാന്‍ ഒറ്റയ്ക്ക് ചേട്ടനെ അങ്ങ് ശുശ്രൂഷിക്കും, ശുശ്രൂഷിച്ചു കൊല്ലും' എന്ന് വിചാരിച്ചു അവള്‍ പെട്ടെന്ന് കഞ്ഞി തയ്യാറാക്കി, കൂടെ കൂട്ടാന്‍ ചെറുപയര്‍ തോരനും. പ്രിയതമനെ കഴിക്കുവാനായി വിളിച്ചു, ഏതോ മാറാരോഗം ബാധിച്ചത് പോലെ അയാള്‍ ഭക്ഷണം കഴിക്കുവാനായി എഴുന്നേറ്റു വന്നു, മനസ്സില്ലാമനസ്സോടെ കഞ്ഞി കോരി വായില്‍ വെച്ചു. 'അല്‍പ്പം പയറും കൂടെ എടുത്തു കഴിക്കൂ ചേട്ടാ,' അവള്‍ പ്രോത്സാഹിപ്പിച്ചു. 'എങ്ങനെയുണ്ട്?' 'ഇതെന്താ ജീരകത്തിനു ഇപ്പം വിലക്കുറവാണോ?,' അയാളുടെ ചോദ്യം. ഒരു നിമിഷം അവള്‍ ശങ്കിച്ചു, എന്താണ് ഈ മഹാന്‍ വിചാരിക്കുന്നത്, ജീരകമിനി കൂടിപ്പോയോ? ശരിയാണ് അല്‍പ്പം ജീരകം കൂടിപ്പോയി. വായ്ക്ക് സ്വാദൊന്നും ഇല്ല എന്ന് പറഞ്ഞ മനുഷ്യന് ജീരകത്തിന്റെ സ്വാദ് ശരിക്കും കിട്ടി, എന്തനീതിയാണ് ദൈവമേ ഇത് അവള്‍ പരിതപിച്ചു.
കഞ്ഞി കുടിച്ചു പൂര്‍ത്തിയാക്കാതെ അയാള്‍ പോയി കിടന്നു, 'എന്താ ചേട്ടാ കഞ്ഞി കുടിക്കാത്തത്' അവള്‍ സങ്കടം അഭിനയിച്ചു, 'എന്റപ്പൂപ്പന്‍ പറയുന്നത് പനി വന്നാല്‍ ബിരിയാണി കഴിക്കണമെന്നാണ്, എന്നാലെ വായ്ക്കു രുചി തിരിച്ചു കിട്ടൂ,' 'ഈശ്വരന്മാരേ പനി പണി തരുമോ,' അവളോര്‍ത്തു. ഈ മനുഷ്യന്റെ ഹൃദയത്തിലേക്ക് വയറിലൂടെ വഴി വെട്ടാന്‍ പറ്റില്ല എന്ന് അന്നവള്‍ക്കു മനസ്സിലായി, അതോടെ അവള്‍ പാചകരമ ആകാനുള്ള ആഗ്രഹമുപേക്ഷിച്ചു.
അവള്‍ പറഞ്ഞ മറ്റൊരു അടുക്കളക്കഥ ഇങ്ങനെയാണ്. മകള്‍ ഗര്‍ഭിണിയായി എന്നറിഞ്ഞപ്പോള്‍ അവളെ കാണുവാനായി സന്തോഷപൂര്‍വ്വം ഓടി വരുന്ന അച്ഛനുമമ്മയും, സന്തോഷം മൂത്തതിനാല്‍ കുറച്ചു കേക്കും വാങ്ങിയാണ് അവര്‍ വന്നത്, വീടിനടുത്തുള്ള തോമാച്ചേട്ടന്റെ കടയില്‍ നിന്നും വാങ്ങിയ മൂന്നു കിലോ കേക്ക്. അല്‍പ്പനേരം കുശലപ്രശ്‌നങ്ങളൊക്കെ നടത്തി അവര്‍ തിരിച്ചു പോയി.
ബ്രാന്‍ഡഡ് കടകളിലെ ബ്രാന്‍ഡഡ് പലഹാരങ്ങള്‍ മാത്രം കഴിച്ചു ശീലിച്ച അവര്‍ക്ക്, മരുമകളുടെ വീട്ടില്‍നിന്നും കൊണ്ടുവന്ന കേക്ക് കണ്ടപ്പോഴേ കലി വന്നു. 'വെറുതെ സ്ഥലം മിനക്കെടുത്താന്‍, ഇതിപ്പോ ഇവിടാരാ കഴിച്ചു തീര്‍ക്കുന്നത്, ആര്‍ക്കെങ്കിലുമൊക്കെ വെട്ടി കൊടുക്കാം,' അമ്മായിയമ്മയുടെ ആത്മഗതം കേട്ടപ്പോള്‍ അവള്‍ അമ്പരന്നു. 'വെട്ടാനിത് ഇറച്ചിക്കഷ്ണമോ തടിക്കഷ്ണമോ വല്ലതുമാണോ, കേക്ക് കഷ്ണമാക്കുകയല്ലിയോ ചെയ്യേണ്ടത്.' ബ്രാന്‍ഡഡ് സാധനമല്ലാത്തതു കൊണ്ടാകാം. അവള്‍ക്ക് അച്ഛനോടും അമ്മയോടും ചെറിയ ദേഷ്യം തോന്നി, വെറുതെ അവര്‍ കയ്യിലിരുന്ന കാശും കളഞ്ഞു, മാനോം പോയി. സങ്കടം കാരണം അവള്‍ പോയി കിടന്നു.
കുറച്ചുകഴിഞ്ഞ് ഭര്‍ത്താവിന്റെ ഒച്ച കേട്ടാണ് അവള്‍ എണീറ്റത്, 'എന്ത് പറ്റി ചേട്ടാ?' 'എന്ത് പറ്റാന്‍, നിന്റെ വീട്ടില്‍ നിന്നും കൊണ്ട് വന്നത് കേക്കോ, പിണ്ണാക്കോ, നീ ഇവിടെ കിടന്നു ഉറങ്ങിക്കോ, പാവം എന്റെ അമ്മ ആ കേക്കത്രേം വെട്ടി ക്ഷീണിച്ചു, അതിനകത്താണെങ്കില്‍ മുട്ടത്തോടും കിടക്കുന്നു.' 'അയ്യോ ഞാനിതു ഇത്ര പാടുള്ള ജോലിയാണെന്ന് അറിഞ്ഞില്ല'. തന്നെ കളിയാക്കുകയാണെന്നോർത്ത് അയാള്‍ കുറച്ചു കൂടെ ക്ഷുഭിതനായി, 'അവര്‍ക്കു കുറച്ചു കൂടെ മാന്യമായി പെരുമാറിക്കൂടെ, അല്‍പ്പംകൂടി കാശ് കൊടുത്തു നല്ല ബേക്കറിയില്‍ നിന്നും സാധനം വാങ്ങിയാലെന്താ, എന്റപ്പനും അമ്മയും ഞങ്ങള്‍ക്ക് ഇതു പോലത്തെ കടയില്‍ നിന്നൊന്നും സാധനങ്ങള്‍ വാങ്ങിത്തന്നിട്ടില്ല.' ഈശ്വരാ ഒരു കേക്ക് വരുത്തിയ വിനയെ. കേക്കില്‍ മുട്ടത്തോടിന്റെ ഒരു കുഞ്ഞികഷ്ണം കിടന്നു എന്നുള്ളത് നേര് തന്നെ. പക്ഷെ അച്ഛനുമമ്മയും അതെങ്ങനെ മനസ്സിലാക്കും, എല്ലാ കേക്കും എടുത്തു പൊടിച്ചുനോക്കണോ. അവള്‍ ആകെ നിര്‍ന്നിമേഷയായി ഇരുന്നു. അന്നുമുതല്‍ അവളുടെ വീട്ടില്‍ അവള്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചു, എന്നെ കാണാന്‍ വരുമ്പോള്‍ അച്ഛനുമമ്മയും ഒരുതരത്തിലുള്ള ആഹാരസാധനങ്ങളും വാങ്ങിവരരുത്.
ഭക്ഷണസാധനങ്ങള്‍ പരസ്പരം കൊടുക്കുമ്പോള്‍ കൈമാറ്റം ചെയ്യപ്പെടുന്ന സ്‌നേഹത്തിന്റെയും ഊഷ്മളതയുടെയും മുഹൂര്‍ത്തങ്ങള്‍ നഷ്ടപ്പെടുന്നതും പകരം വെറുപ്പും ദേഷ്യവും ഉടലെടുക്കുന്നതും അവള്‍ ആ വീട്ടിലും അവിടുത്തെ ഊണുമുറികളിലും, അടുക്കളയിലും കണ്ടു. അതുകൊണ്ടുതന്നെ അവളെ ആ വീട് വല്ലാതെ വീര്‍പ്പുമുട്ടിച്ചു. അവിടുള്ളവര്‍ ആഹാരം കഴിക്കുന്നു, ശരീരം പുഷ്ടിപ്പെടുന്നു, ചിലപ്പോള്‍ അസുഖം വരുന്നു, മരുന്നും ആഹാരം പോലെ കഴിക്കുന്നു, പക്ഷേ ആഹാരത്തിനോട് തോന്നേണ്ടുന്ന ഒരു സ്‌നേഹം, അതില്ല അവിടുള്ളവര്‍ക്കെന്ന് അവള്‍ എപ്പോഴും പരിഭവം പറയും. ആളുകളുടെ സ്വാര്‍ത്ഥതയുടെ പ്രതിഫലനമാണ് ആ വീട്ടില്‍ ഭക്ഷണം. അവിടെ അതൊരു ബന്ധനമാണ് എന്ന് പറയാറുണ്ട്. അഗതികള്‍ക്ക് ഭക്ഷണം കൊടുക്കാത്ത വീട്, ഭക്ഷണം ദാനം ചെയ്യുന്നത് പോലും ആളും തരവും നോക്കി മാത്രം. അങ്ങനെയുള്ള ഒരു വീട്ടില്‍ സന്തോഷമില്ല, സാധനങ്ങളുടെ ധാരാളിത്തം മാത്രമാണുള്ളത്.
Content Highlights: dr.gigi j alex share her memories about a friend and her in-laws family food culture
Published: 07 Jun 2024, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented