സേലത്തു വെച്ച് നടക്കുന്ന ഒരു ദേശീയ സെമിനാറിന് ക്ഷണം കിട്ടി, അവര്‍ തന്നെ ഹോട്ടല്‍ ബുക്ക് ചെയ്തു തന്നു, ടിക്കറ്റും എടുത്തു തന്നു, യാത്രയൊക്കെ നല്ലതായിരുന്നു. വെളുപ്പാന്‍കാലത്ത് സ്റ്റേഷനില്‍ എത്തി, അവിടെ പഠിപ്പിക്കുന്ന അധ്യാപകന്‍ കൂട്ടികൊണ്ടു പോകാന്‍ വന്നിരുന്നു, പക്ഷെ താമസിക്കാനായി എടുത്തു തന്ന ഹോട്ടല്‍ കണ്ടപ്പോള്‍ പേടിയായി, ചെന്ന പാടെ ബാഗും കെട്ടിപ്പിടിച്ച് മുറിയില്‍ തന്നെ ഇരുന്നു. മറ്റൊരു കോളേജില്‍ നിന്നും മറ്റൊരു അധ്യാപകനും അതെ അവസ്ഥയില്‍ മറ്റൊരു റൂമില്‍ ഉണ്ടായിരുന്നു.

 നേരം വെളുത്തപ്പോള്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ആള്‍ വന്നു. അത് വരെ നിയന്ത്രിച്ചു വെച്ചിരുന്ന ദേഷ്യമെല്ലാം പ്രകടിപ്പിച്ച് അപ്പോള്‍ തന്നെ നിലപാട് വ്യക്തമാക്കി. യാതൊരു കാരണവശാലും ഇങ്ങനെയുള്ള സ്ഥലത്ത് താമസിക്കുവാന്‍ സാധിക്കില്ല, കോളേജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഒരു റൂം അറേഞ്ച് ചെയ്യണം എന്ന് പറഞ്ഞു, അവര്‍ അത് ചെയ്തു തന്നു. തിരികെയുള്ള ട്രെയിന്‍ രാത്രി പത്തു മണിക്കാണ്. നാലുമണിക്ക് സെമിനാര്‍ തീര്‍ന്നപ്പോഴേ എന്നെ ക്ഷണിച്ച അധ്യാപികയോട് ഞാന്‍ പറഞ്ഞു, 'എനിക്ക് നിങ്ങള്‍ ബുക്ക് ചെയ്തു തന്ന ഹോട്ടലില്‍ പോയി വെയിറ്റ് ചെയ്യാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്, എന്നെ സ്റ്റേഷനില്‍ ഒന്ന് ഡ്രോപ്പ് ചെയ്യണം,' 'അയ്യോ മാം അത്രയും നേരം സ്റ്റേഷനില്‍ ഒറ്റയ്ക്ക്,' 'സാരമില്ല ഹോട്ടലിനെക്കാളും സുരക്ഷ അവിടെ ഉണ്ടാവും' ' അയ്യോ ക്ഷമിക്കണം, എന്റെ കൂടെ വീട്ടില്‍ വരൂ മാം രാത്രിയില്‍ ഞാന്‍ സ്റ്റേഷനില്‍ ആക്കം,' അങ്ങനെ അവരുടെ കൂടെ ഞാന്‍ വൈകിട്ട് അവരുടെ വീട്ടിലേക്കു പോകുന്നു, തീര്‍ത്തും ദുര്‍ഘടമായ ഒരു യാത്ര.

വീട്ടിലെത്തിയപ്പോള്‍ നന്നേ മെലിഞ്ഞ സാരിയുടുത്തു നില്‍ക്കുന്ന ഒരമ്മ സ്വാഗതം പറഞ്ഞു ഞങ്ങളെ അകത്തേക്കാനയിച്ചു. ആ അമ്മയെ കണ്ടപ്പോള്‍ മരിച്ചു പോയ എന്റെ കടമ്പനാട്ടമ്മച്ചിയെ ഓര്‍മ്മ വന്നു, രണ്ടു പേരും തമ്മില്‍ അത്രയ്ക്കു സാമ്യമുണ്ട്. അമ്മച്ചി ചട്ടയും മുണ്ടുമാണ് ഉടുത്തിരുന്നത്, ഈ അമ്മ സാരി ഉടുത്തിരിക്കുന്നു, അത്ര മാത്രം. ആ അധ്യാപികയുടെ കൂടെ അവരുടെ വീട്ടിലേക്കു പോയെങ്കിലും ഒട്ടും സുരക്ഷിതമല്ലാത്ത ഒരു താമസസൗകര്യം ശരിപ്പെടുത്തി തന്നതിന്റെ കലിപ്പ് എന്റെ മനസ്സില്‍ ഉരുണ്ടുകൂടി ഇരിക്കുകയായിരുന്നു. അതിനാല്‍ ഞാന്‍ അത്രയൊന്നും സംസാരിക്കാതെ വെറുതെ അവിടെയിരുന്നു. അപ്പോള്‍ 'അമ്മ പെട്ടെന്ന് ചായ ഇട്ടു തന്നു, ചൂട് ചായ കുടിച്ചു കൊണ്ട് ഞാന്‍ ഈ യാത്രയ്ക്ക് വരണ്ടായിരുന്നു എന്നോര്‍ത്തപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു, എന്റെ കണ്ണ് നിറയുന്നത് കണ്ടപ്പോള്‍ ആ അധ്യാപികയ്ക്ക് വല്ലാതായി, അവര്‍ കുറെ തവണ ക്ഷമ പറഞ്ഞു, അപ്പോള്‍ എനിക്കും എന്തോ പോലെ തോന്നി.

ഈ സമയമെല്ലാം ആ 'അമ്മ അടുക്കളയില്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ നല്ല ചൂട് നെയ്‌ദോശയും വെള്ള കട്ടച്ചമ്മന്തി, സാമ്പാര്‍, തക്കാളി ചമ്മന്തി, അതുവരെയും കഴിച്ചിട്ടില്ലാത്ത നല്ല ചുകചുകാന്നുള്ള ഗാര്‍ലിക് ചമ്മന്തി, ഇത്രയും അനുതാരികളുമായി എന്നെ കഴിക്കുവാന്‍ ക്ഷണിച്ചു. ശരീരവും മനസ്സും ഒരു പോലെ ക്ഷീണിച്ചിരിക്കയായിരുന്നു, ഇത്രയും വിഭവങ്ങള്‍ കണ്ടപ്പോള്‍ തന്നെ വയറു നിറഞ്ഞു. ദോശ ചൂടും മൃദുലവും എന്നാല്‍ ക്രിസ്പിയും ആയിരുന്നു. തേങ്ങാച്ചമ്മന്തി ആകട്ടെ വെണ്ണ പോലെ മയമുള്ളതും, തക്കാളി ചമ്മന്തിയുടെ പുളിയും, ആ കുറുകിയ സാമ്പാറും, ഗാര്‍ലിക് ചമ്മന്തിയുടെ എരിവും എന്റെ ദേഷ്യത്തെയും സങ്കടത്തെയും എടുത്തു ദൂരെക്കളഞ്ഞു.

ആ 'അമ്മ അടുത്തിരുന്നു, ഞാന്‍ കഴിക്കുന്നത് നോക്കി ഇടയ്ക്കിടയ്ക്ക് കറികള്‍ ഇഷ്ടം പോലെ എന്റെ പാത്രത്തിലേക്ക് വിളമ്പി തന്നു. വല്ലാതെ ഒരു കണക്ഷന്‍ അവരുമായി ഉണ്ടായി, ആ അധ്യാപികയോട് എനിക്ക് അത്രയും ബന്ധമോ അടുപ്പമോ തോന്നിയില്ല, പക്ഷെ അടുത്തിരുന്നു എന്നെ ഊട്ടിയ അവരുടെ അമ്മയെ എനിക്ക് മറക്കാന്‍ സാധിക്കില്ല. സേലത്തേക്കുള്ള യാത്രയും താമസവും ഒരു പേടിസ്വപ്നം ആയി അവശേഷിച്ചു എങ്കിലും ഒരു പക്ഷെ അത് കാരണമാണല്ലോ ഞാന്‍ ഇങ്ങനെയൊരു അമ്മയെ പരിചയപ്പെടാന്‍ ഇടയായത് എന്നോര്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു.