നീലാകാശം... മരതകപ്പച്ചനിറമുള്ള കടൽ... തൂവെള്ള മണൽത്തീരം... വേലിയേറ്റത്തിലും ഇറക്കത്തിലും കടൽ, പച്ചനിറത്തിൽനിന്ന് നീലനിറമായി മാറുന്ന മായാജാലം. സ്ഫടികസമാനമായ കടൽവെള്ളത്തിൽ വിവിധ നിറത്തിലും രൂപത്തിലും ഒഴുകി നീങ്ങുന്ന മത്സ്യങ്ങൾ. തായ്‌ലന്റിലെ ആൻഡമാൻ കടലിൽ പ്രകൃതിയുടെ വിസ്മയങ്ങൾ നിറച്ച സ്വപ്നതീരമാണ് ഹോങ് ഐലന്റ്. മനുഷ്യവാസമില്ലാത്ത നാലു ചെറുദ്വീപുകൾ ചേർന്നതാണ് അന്തർദേശീയ ഉദ്യാന പദവി നേടിയ ഈ ടൂറിസ്റ്റ് കേന്ദ്രം. തായ് ഭാഷയിൽ ഹോങ്ങിന് റൂം എന്നാണർഥം. കടലിൽ വലിയ കോട്ടപോലെ പാറകളാൽ ചുറ്റപ്പെട്ട ദ്വീപ്. അവിടേക്കെത്താൻ പ്രകൃതി തീർത്ത ചെറിയൊരു കമാനം. കോട്ടയ്ക്കുള്ളിലെ ശാന്തമായ തീരത്ത് ബോട്ടിങ്ങും കയാക്കിങ്ങും സ്വിമ്മിങ്ങും ചെയ്ത് ആനന്ദിക്കാം. ദ്വീപിന്റെ തീരത്തിന് കോട്ടയുടെ സുരക്ഷയുള്ളതിനാൽ വലിയ തിരമാലകൾ കടന്നുവരില്ല. ഈ ദ്വീപിൽ 900 മീറ്റർ ഉയരമുള്ള ചുണ്ണാമ്പ് കല്ലിനാൽ രൂപപ്പെട്ട ഒരു മലയുണ്ട്. അതിന്റെ മുകളിലേക്ക് ഇരുമ്പ് കോണിയിലൂടെ മലയെ വലയം വെച്ച് കയറാം. മുകളിൽ 360 ഡിഗ്രി പനോരമിക് വ്യൂ പോയിന്റുണ്ട്. ഈ സുന്ദരകാഴ്ച സഞ്ചാരികളെ എന്നും ആകർഷിക്കും. തായ്‌ലന്റിലെ ക്രാബിയിലെ ഐയോ നാങ് തീരത്ത് നിന്നാണ് ഹോങ് ഐലന്റിലേക്കുള്ള ബോട്ട് സർവീസുള്ളത്. ലോങ് ടെയിൽ ബോട്ടിൽ ഉച്ചഭക്ഷണവും ലഘു ഭക്ഷണങ്ങളും ഇൻഷൂറൻസ് പരിരക്ഷയും അടക്കം 3200 രൂപയാണ് അംഗീകൃത ടൂർ ഏജൻസികൾ ഈ കടൽ യാത്രയ്ക്ക് ഈടാക്കുന്നത്. ആൻഡമാൻ കടലിലൂടെ 50 മിനുട്ട് കടൽയാത്ര ചെയ്താൽ ഹോങ് ദ്വീപിൽ എത്തിച്ചേരാം.

To advertise here,

20 യാത്രികരും ഒരു ഗൈഡും കപ്പിത്താനും അടങ്ങുന്നതാണ് യാത്ര ടീം. ആൻഡമാൻ ഉൾക്കടലിലൂടെയാണ് യാത്രയെങ്കിലും ശുദ്ധവും ശാന്തവുമായ കടൽ യാത്രയിൽ കടൽച്ചൊരുക്ക് പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകില്ല. യാത്ര തുടങ്ങിയാൽ വെള്ളവും പെപ്‌സി, മാംഗോ ജ്യൂസ് തുടങ്ങിയ ഗീതള പാനീയങ്ങളുമായി ഗൈഡ് എത്തും.

 

കടലിലൂടെ രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ നമ്മൾ ആദ്യം കാണുന്നത് ലാവോ ലാന്റിങ് ഐലന്റിലാണ്. വലിയ പാറക്കൂട്ടങ്ങളും തെങ്ങും ബദാം മരങ്ങളും ചെറിയ ഗുഹകളും കുറ്റിച്ചെടികളും ചേർന്ന ശാന്തതീരം. ഈ ദ്വീപിലെ ഏക കെട്ടിടം സ്ത്രീകൾക്കും പുരുഷന്മാർക്കും സജ്ജീകരിച്ച വൃത്തിയുളള ശുചിമുറി മാത്രമാണ്.

പക്ഷികൾ കൂടുവിട്ട് പോകുന്ന സീസണിൽ പ്രദേശവാസികൾ പക്ഷിക്കൂട് ശേഖരിക്കാൻ എത്തുന്ന സ്ഥലമാണിത്. യാത്രികർക്കുള്ള ലഞ്ച് ഇവിടെ നിന്നാണ് ബോട്ടുകാർ വിതരണം ചെയ്യുക. ചിക്കനും ചോറും വെജിറ്റബിൾ സലാഡും മധുരപലഹാരവും ചേർന്ന രസികൻ ലഞ്ച്. ഭക്ഷണത്തിനും എല്ലാ അവശിഷ്ടങ്ങളും ശേഖരിച്ച് പാക്കറ്റിലാക്കി ബോട്ടുകാർ തിരിച്ചുകൊണ്ടുപോകും. അതുകൊണ്ട് തന്നെ ദ്വീപ് എപ്പോഴും വൃത്തിയുള്ളതാണ്. തുടർന്നുള്ള യാത്രയിൽ ഡെയ്ങ് ദ്വീപാണ് കാഴ്ചപ്പുറത്ത് എത്തുന്നത്. പവിഴപ്പുറ്റുകൾക്ക് പേര് കേട്ട ദ്വീപാണിത്. വേലിയിറക്കത്തിന്റെ സമയത്ത് ജലോപരിതലത്തിൽനിന്ന് നോക്കിയാൽ സ്ഥടികസമാനമായ ജലത്തിലൂടെ ദ്വീപിന്റെ തീരത്തെ പാറക്കൂട്ടത്തിൽ പറ്റിനിൽക്കുന്ന വർണഭംഗിയുള്ള പവിഴപുറ്റുകൾ കാണാം. പിന്നീട് ഓരോ കിലോമീറ്റർ പിന്നിടുതോറും കടലിലുടനീളം മുളച്ച് പൊന്തിയ കൂണുപോലെ ചെറിയ ലൈം സ്റ്റോൺ കുന്നുകൾ കാണാം. ആ കൂട്ടത്തിൽ ഇത്തിരി വലിയ ദ്വീപാണ് പാക് ബിയ ദ്വീപ്. ലാവോ ലാന്റിങ് ഐലന്റ് പോലെ വലിയ പാറക്കൂട്ടങ്ങളും മരങ്ങളും തീരങ്ങളും ചേർന്നതാണ് പാക് ബിയ. അവിടെ നിന്ന് അഞ്ചുമിനിറ്റ് യാത്ര ചെയ്താൽ ഹോങ് ദ്വീപിൽ എത്തിച്ചേരാനാകും. ആ കൂട്ടത്തിൽ ഏറ്റവും വലിയ ദ്വീപാണ് ഹോങ്. കോട്ടമതിൽ പോലെ മലയുള്ള ദ്വീപിന്റെ ചെറിയ കവാടം കടന്ന് ബോട്ട് ഹോങ് തീരത്തെത്തി. ആഴം കുറഞ്ഞ കടലുള്ള ദ്വീപായതിനാൽ കൃതൃമ കടവിൽ ബോട്ട് അടുപ്പിച്ച് ഫ്‌ലോട്ടിങ് പിയറിലൂടെ നടന്നുവേണം കടൽത്തീരത്തെത്താൻ 200 മീറ്റർ മാത്രമുള്ള ഈ ബീച്ച് വൃത്തിയിലും സൗന്ദര്യത്തിലും ഏഷ്യയിലെ മികച്ച ബീച്ചുകളുടെ പട്ടികയിലാണുള്ളത്. പുറത്ത് നല്ല വെയിലാണെങ്കിലും നീലനിറമുള്ള തടാകം പോലുള്ള കടലിന് ഐസിനെ വെല്ലുന്ന തണുപ്പാണ്. പലരും നീന്തലും സ്‌നോർക്കിങ്ങും നടത്തി ബീച്ചിലെ വെളുത്ത മണലിൽ സൺ ബാത്തിന് കിടക്കുന്നു.

ദ്വീപിലെ മലമുകളിലെ വ്യൂപോയിന്റിലേക്കായി ഇനിയുള്ള യാത്ര. മലയെ വലയം വെച്ച് ഇരുമ്പ് പാലത്തിലൂടെ കുറച്ച് സമയം നടന്നാൽ മലയ്ക്ക് മുകളിലേക്കുള്ള ഇരുമ്പ് പടികൾ കാണാം. താഴെ പച്ചപ്പ് നിറഞ്ഞ മല, ... അതിൽ വലിയ മരങ്ങളും അതിൽ നിറയെ പക്ഷികളും. നൂറ് പടി കയറിയാൽ യാത്രികർക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടം സജ്ജീകരിച്ചിട്ടുണ്ട്. ഓരോ നൂറ് പടികളിലും ഇത്തരം ഇടത്താവളങ്ങളുണ്ട്. ഉയരം കൂടുംതോറും ക്ഷീണവും പ്രഷറും കൂടും.. അടിതെറ്റാതെ ശ്രദ്ധയോടെ വേണം കയറാൻ. കയറ്റത്തിൽ അടിതെറ്റിയിൽ മലഞ്ചെരിവിലെ ഗർത്തത്തിലാവും പതിക്കുക.''മുകളിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും താഴേക്ക് നോക്കാൻ പാടില്ല, മുകളിലേക്ക് നോക്കുക'' -ഫ്രഞ്ചുകാരനായ ഗിപ്രിയോ തന്ന ഉപദേശം ഏറെ ഉപകാരമായി. 70 വയസ്സുള്ള ഒരു മദാമ്മ വിസ്മയക്കാഴ്ചയിൽ അഭിരമിച്ച് ഉത്സാഹത്തോടെ തിരിച്ചിറങ്ങുന്നത് കണ്ട് ഉള്ളിലെ ഭയമെല്ലാം പോയി. മുകളിലോട്ട് കയറാൻ എനിക്കത് ഒരാവേശമായി.

മുകളിലെ 360 ഡിഗ്രി വ്യൂ പോയന്റിലെത്തിയാൽ ക്ഷീണമെല്ലാം പോകും. നമ്മളെ പറത്തിക്കൊണ്ടു പോകും എന്നും തോന്നിക്കുന്ന തണുത്ത കടൽക്കാറ്റ്. താഴെ നമ്മൾ കടന്നുവന്ന തീരവും കടപ്പുറത്ത് കിടക്കുന്ന ടൂറിസ്റ്റുകളെയും ഒരു പൊട്ടുപോലെ കാണാം. ദ്വീപിന് ചുറ്റും കടലിൽ വരയിട്ട് പറക്കുന്ന സ്പീഡ് ബോട്ടുകൾ, കടലിൽ മണ്ണപ്പം ചുട്ടുവെച്ചത് പോലെ നിരവധി കുന്നുകൾ. മലകയറാൻ ഒരു മണിക്കൂർ എടുത്തെങ്കിലും അരമണിക്കൂർ കൊണ്ട് താഴെ ഇറങ്ങാൻ കഴിഞ്ഞു. ആ ക്ഷീണത്തിൽ പത്ത് മിനുട്ട് കടലിൽ കുളിച്ചു. തിരിച്ച് ബോട്ടിലെത്തിയപ്പോൾ ഗൈഡ് മുറിച്ച വത്തക്കയും കൈതച്ചക്കയുമായി സ്വീകരിക്കുന്നു. ബോട്ടിൽ നിന്ന് തിരിഞ്ഞ് നോക്കുമ്പോൾ തീരത്തിന് കുട പിടിച്ചുനിൽക്കുന്ന ഹോങ്. ''ഈ തീരത്ത് താമസിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നിലാവുള്ള രാത്രി, ഞാൻ ഇവിടെ ഉറങ്ങാതെ കിടക്കുമായിരുന്നു -ഫ്രഞ്ചുകാരനായ ഗിപ്രിയോ, ഹോങ്ങിന്റെ ആകാശദൃശ്യങ്ങൾ ഡ്രോൺ ക്യാമറയിൽ പകർത്തിക്കൊണ്ട് പറഞ്ഞു. വിസ്മയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളിലൂടെ മനസ്സും ശരീരവും കുളിർപ്പിക്കുന്ന ഒരു അനുഭവ ധന്യമായ യാത്ര.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi