ഭരണിക്കാവ് ദേവിക്ഷേത്രം, അവിടുത്തെ ചുറ്റുപാടുകള്‍, ഭൂമിശാസ്ത്രം, കാവ്, കുളം, കുളത്തിലെ തവളക്കുഞ്ഞുങ്ങളും മീനുകളും, എല്ലാമെല്ലാം എന്നേയും, എന്റെ  കാഴ്ചപ്പാടുകളെയും നന്നായി രൂപപ്പെടുത്തിയിട്ടുണ്ട്. വീടിന്റെ ഒരു വശത്തു കൂടി കല്ലടയാറിന്റെ ഒരു ശാഖ ഒഴുകുന്നു. അതിനുമപ്പുറമാണ് അമ്പലം. ഇതെല്ലം കൂടി ചേര്‍ന്നാണ് എന്റെ ബാല്യം വളര്‍ത്തിയെടുത്തത്. കല്ലടയാറ്റിലെ മീന്‍ എത്രമാത്രം എന്റെ അമ്മച്ചി എനിക്ക് ഉണ്ടാക്കി തന്നിട്ടുണ്ടോ, ഒരു പക്ഷെ അത്രത്തോളം തന്നെ പ്രസാദവും ഞാന്‍ അമ്പലത്തില്‍ നിന്നും കഴിച്ചിട്ടുണ്ട്. അമ്പലത്തിനു ഒരു ആല്‍ത്തറയും അതിനോട് ചേര്‍ന്ന് വിശാലമായ ഒരു മൈതാനവും. ആല്‍ത്തറയോട് ചേര്‍ന്നുള്ള പുല്‍ത്തകിടിയില്‍ മഴക്കാലത്ത് വെള്ളം കെട്ടും. കുഞ്ഞിത്തവളകളും പൊടിമീനുകളുമൊക്കെ അന്നേരം അവിടെ താമസമാക്കും.

അമ്പലത്തിലെ സ്ഥിരം അന്തേവാസിയാണ് നാണി മൂപ്പത്തി. അമ്പലത്തിലെ ജോലി കഴിഞ്ഞ് നാണി മൂപ്പത്തി ഞങ്ങടെ വീട്ടില്‍ വന്നിട്ടേ പോകുകയുള്ളു. എന്നെ റാണി എന്ന് എന്റെ അമ്മച്ചി വിളിക്കുമ്പോള്‍ നാണിമൂപ്പത്തിയും, നാണി എന്ന് വിളിക്കുമ്പോള്‍ ഞാനും വിളി കേള്‍ക്കാറുണ്ടായിരുന്നു. പലപ്പോഴും അമ്പലത്തിലേക്കു ആവശ്യമായ പൂവ് വീട്ടില്‍ നിന്നുമാണ് നാണി മൂപ്പത്തി കൊണ്ടുപോകാറുള്ളത്. തെറ്റിയും തുളസിയും ചെമ്പരത്തിയും നിറയെ പറിച്ച് കൊണ്ടുപോകും. പക്ഷേ വൈകുന്നേരം ദീപാരാധന കഴിഞ്ഞ് പ്രസാദം തിരികെയെത്തും. അവിലും മലരും പഴവും പൂവും ശര്‍ക്കരയും കൊപ്രായൊക്കെ ഇട്ടു കിട്ടുന്ന പ്രസാദം കഴിക്കുന്നത് എനിക്ക് ഒരു ചടങ്ങും നേര്‍ച്ചയും ഒക്കെയായിരുന്നു.

കല്ലട ഒരു വികാരമായിരുന്നു. അവിടെ ജാതിമതവേര്‍തിരിവുകള്‍ക്കുമപ്പുറം പ്രകൃതിയും മനുഷ്യനും ചേര്‍ന്ന് വിളക്കി ചേര്‍ത്ത ഒരു സംസ്‌കൃതി നമ്മളെ വല്ലാതെ സന്തോഷിപ്പിക്കുകയും ഉത്സാഹഭരിതരാക്കുകയും ചെയ്യും. 'മഹേഷിന്റെ പ്രതികാരത്തില്‍' ഇടുക്കി പാട്ടില്‍ പറയുന്നത് പോലെ അവിടുത്തെ കാറ്റാണ് കാറ്റ്. കല്ലട പകര്‍ന്നു തന്നത് നാവില്‍ രുചിയും മനസ്സ് നിറയെ സ്നേഹവുമാണ്. അമ്പലത്തിലെ പ്രസാദവും നിവേദ്യവും നേര്‍ച്ചപ്പായസവും ഇന്നും ഞാന്‍ ഓര്‍ക്കുന്നുണ്ടെങ്കില്‍ അതാണ് ആ നാടിന്റെ നന്മ.

വല്യവധി സമയത്ത് സൂര്യന്‍ ഇങ്ങനെ കത്തി നില്‍ക്കുമ്പോഴാണ് കച്ചിയുണക്കല്‍ (വൈക്കോല്‍) പരിപാടി. അമ്പലത്തിന്റെ മൈതാനം തൊട്ട് റോഡുവരെ നല്ല ചരിവിലുള്ള സ്ഥലമാണ്. വരമ്പിന്റെ മുകള്‍ തൊട്ട് താഴെവരെ കച്ചി ഉണക്കാനിടും. കച്ചി ഉണക്കി തുറു  കെട്ടുന്നത് വരെ എല്ലാ ദിവസവും മൈതാനത്ത് വൈക്കോല്‍ ഉണക്കാനിടും. അന്നേരം ഉച്ചയാകാറാകുമ്പോള്‍ സൈക്കിളില്‍ ഐസേ ഐസേ എന്ന് വിളിച്ചു കൊണ്ട് സിപ്പപ്പ്, കോണൈസ്, കോലൈസ് ഇതൊക്കെ വില്‍ക്കുന്ന ചേട്ടന്‍ വരും. അമ്മേം അമ്മച്ചിയേം ഒക്കെ കാല് പിടിച്ചു പത്ത് പൈസേം പതിനഞ്ചു പൈസേം ഒക്കെ ഒപ്പിച്ച് ആ ചേട്ടന്റെ പുറകെ ചെന്ന് കോലൈസും വാങ്ങി ആല്‍ത്തറയില്‍ ഇരുന്നു കഴിക്കണം. കച്ചീടെ പുറത്തു കിടന്നു ഉരുണ്ടു ദേഹമൊക്കെ ചൂടാകും, പിന്നെ വെയിലിന്റെ ചൂട്, അതിന്റെ കൂടെ ഐസിന്റെ തണുപ്പും. അതായിരുന്നു കുട്ടിക്കാലത്തിന്റെ രുചി.