
ദൈവത്തിന്റെ സ്വന്തം നാടായ കേരളം സഞ്ചാരികള്‍ക്ക് അത്രമേല്‍ പ്രിയങ്കരമായിത്തീരുന്നത് എന്തുകൊണ്ടാണ്? സംശയമില്ല, സവിശേഷമായ ഭൂപ്രകൃതിയാകാം അതിന് പിന്നില്‍. മൂന്നുഭാഗം കടലും ഒരുഭാഗം പശ്ചിമഘട്ടവും അതിര്‍വരമ്പിടുന്ന കേരളം, സാംസ്‌കാരിക വൈവിധ്യങ്ങള്‍കൊണ്ട് മറ്റേതൊരു സംസ്ഥാനങ്ങളിലേതില്‍നിന്നും വ്യത്യസ്തമാകുന്നു. ഇന്ത്യയുടെ ടൂറിസം വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്തെ ടൂറിസം പദ്ധതികളുടെ അവലോകന യോഗത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ ക്ലീൻചിറ്റ്. പുതിയ പദ്ധതികളും ഉത്പന്നങ്ങളും അവതരിപ്പിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ പ്രധാന ഡെസ്റ്റിനേഷനുകളെ കേന്ദ്രീകരിച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍, ആയുര്‍വേദ മേഖലയ്‌ക്കൊപ്പം ബീച്ച് ടൂറിസത്തിനുമായി കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറയുകയുണ്ടായി.
സമ്പന്നമായ തീരമാണ് കേരളത്തിനുള്ളത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീണ്ടുകിടക്കുന്ന കടലോരങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന സുന്ദരമായ ബീച്ചുകള്‍ ധാരാളമുണ്ട്. ഈ വെക്കേഷന്‍ കാലത്ത് നിങ്ങള്‍ക്കും ഫാമിലിയോടൊപ്പം ചെലവഴിക്കാന്‍ കഴിയുന്ന ചില ബീച്ചുകളെ പരിചയപ്പെടാം.
മുഴപ്പിലങ്ങാട് ബീച്ച്
മലബാറിലെ മനോഹരമായ ബീച്ചുകളിലൊന്നാണ് കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ച്. വൃത്തിയുള്ളതും മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്നതുമായ മുഴപ്പിലങ്ങാട് കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ചാണ്. നാലുകിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കിടക്കുന്ന ബീച്ചിലെ, കടല്‍ത്തിരകള്‍ പുതഞ്ഞ മണലിലൂടെ ഡ്രൈവ് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? വാട്ടര്‍ സ്‌പോർട്‌സും ഒട്ടകസവാരിയുമെല്ലാം ഇവിടെയെത്തുന്നവര്‍ക്ക് പുത്തന്‍ അനുഭവമാകും. മുഴപ്പിലങ്ങാട് ബീച്ചിന് സമീപത്തുള്ള ഭക്ഷണശാലകളിലെ തനത് രുചിയും സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെടും. കണ്ണൂര്‍-തലശ്ശേരി ദേശീയപാതയോട് ചേര്‍ന്നാണ് മുഴപ്പിലങ്ങാട് സ്ഥിതിചെയ്യുന്നത്. തലശ്ശേരിയില്‍നിന്ന് ഒമ്പത് കി.മിയും കണ്ണൂരില്‍നിന്ന് 16 കി.മിയും സഞ്ചരിച്ചാല്‍ ഇവിടേക്കെത്താം.
പയ്യാമ്പലം ബീച്ച്
കണ്ണൂര്‍ നഗരത്തിനോട് ചേര്‍ന്നുള്ള സുന്ദരമായ ബീച്ചാണ് പയ്യാമ്പലം. സായാഹ്നം ഉല്ലാസകരമാക്കാന്‍ അധികം തിരക്കില്ലാത്ത ഈ തീരം സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നു. ബീച്ചിനോട് ചേര്‍ന്ന് പണികഴിപ്പിച്ചിട്ടുളള ഇരിപ്പിടങ്ങളില്‍ സൊറ പറഞ്ഞിരിക്കാന്‍ ധാരാളം പേര്‍ എത്തുന്നു. കടലില്‍ നീന്തുന്നതിനും സര്‍ഫിംഗിനുമെല്ലാം ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനികളും പ്രമുഖ രാഷ്ട്രീയ നേതാക്കളുമെല്ലാം പയ്യാമ്പലത്തിന്റെ മണ്ണിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. പതിനഞ്ചാംനൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച സെന്റ് ആഞ്ജലോസ് ഫോര്‍ട്ടും പയ്യാമ്പലം ബീച്ചിന് സമീപത്തായാണുള്ളത്. കണ്ണൂര്‍ നഗരത്തില്‍നിന്നും കേവലം രണ്ടര കി.മി മാത്രം അകലെയാണ് ഈ സുന്ദരബീച്ച് സ്ഥിതിചെയ്യുന്നത്.

വര്‍ക്കല
പ്രശാന്തസുന്ദരമായ കാലാവസ്ഥയും വൃത്തിയുള്ളതുമായ തീരമാണ് വര്‍ക്കല. ഈ വെക്കേഷന്‍ കാലത്ത് കുടുംബത്തോടൊപ്പം യാത്രപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വര്‍ക്കല മികച്ച അനുഭവമായിരിക്കും. ഇവിടെയെത്തുന്ന സഞ്ചാരികളെ ഏറ്റവും ആകര്‍ഷിക്കുന്നത് പാപനാശം ബീച്ച് (വര്‍ക്കല ബീച്ച്) ആണ്. പ്രകൃതിദത്ത നീരുറവയ്ക്ക് പേരുകേട്ടതാണ് ഇവിടം. ഇവിടെ മുങ്ങിനിവര്‍ന്നാല്‍ എല്ലാ പാപങ്ങളും അകലുമെന്നാണ് ഐതിഹ്യം. അതിനാലാണത്രെ ഈ തീരത്തിന് 'പാപനാശം ബീച്ച്' എന്ന് പേര് വന്നത്! കുളിര്‍ക്കാറ്റേറ്റ്, സുന്ദരമായ സായാഹ്നം ആസ്വദിക്കുന്നതിനൊപ്പം സര്‍ഫിംഗ്, പാരാസെയിലിംഗ്, പാരാഗ്ലൈഡിംഗ് തുടങ്ങി വൈവിധ്യമാര്‍ന്ന ജലകായിക വിനോദങ്ങള്‍ക്കും പേരുകേട്ടതാണ് വര്‍ക്കല ബീച്ച്.
കാപ്പാട് ബീച്ച്
പഞ്ചാരമണല്‍ നിറഞ്ഞ സുന്ദരമായ തീരം, തെങ്ങിന്‍തോപ്പുകളാല്‍ സമ്പന്നമായ ഭൂപ്രകൃതി. ശാന്തമായ ഈ തീരത്തെത്തിയാല്‍ സഞ്ചാരികള്‍ സ്വയം മറക്കുന്നു. പ്രകൃതിഭംഗി മാത്രമല്ല കാപ്പാടിനെ ശ്രദ്ധേയമാക്കുന്നത്, വാസ്‌കോഡഗാമ ആദ്യമായി കപ്പലിറങ്ങിയതും ഈ തീരത്തായിരുന്നു. മലബാര്‍ തീരത്ത് സുഗന്ധവ്യഞ്ജന വ്യാപാരം അഭിവൃദ്ധി പ്രാപിച്ചത് ഇവിടെനിന്നായിരുന്നു. കാപ്പാട് വഴി വാസ്‌കോഡഗാമ ഇന്ത്യന്‍ തീരം സന്ദര്‍ശിച്ചതിന് ശേഷമാണ് ഇന്ത്യയിലെ യൂറോപ്യന്‍ അധിനിവേശങ്ങള്‍ പോലും ആരംഭിച്ചത്. കോഴിക്കോട് നഗരത്തില്‍നിന്നും 22 കി.മി സഞ്ചരിച്ചാല്‍ ഇവിടേക്കെത്താം.
Content Highlights: beaches in kerala vacation planner
Published: 22 Mar 2025, 04:22 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented