''ഞങ്ങള്‍ അര്‍ജന്റീനക്കാര്‍ ഊറ്റംകൊള്ളുന്ന നാല് കാര്യങ്ങളുണ്ട്. അസാഡോ, ഡുള്‍സെ, വൈന്‍ പിന്നെ ഫുട്ബോള്‍. വെള്ളവും വായുവും പോലെയാണ് ഫുട്ബോള്‍ ഞങ്ങള്‍ക്ക്. എന്റെ അപ്പൂപ്പനും അച്ഛനുമെല്ലാം ഫുട്ബോള്‍ പ്രേമികളായിരുന്നു. ഞാനും എന്റെ മക്കളും വരാനിരിക്കുന്ന തലമുറകളും ഈ പാരമ്പര്യം കാത്തുസൂക്ഷിക്കും.'' ആവേശത്തോടെ ഫാബിയോ പറഞ്ഞു.
അസാഡോ എന്നാല്‍ കനലില്‍ ചുട്ടെടുക്കുന്ന ഇറച്ചി. പാലും പഞ്ചസാരയുംമണിക്കൂറുകളോളം കുറുക്കി ഉണ്ടാക്കുന്ന മധുരമാണ് ഡുള്‍സെ. അര്‍ജന്റീനയില്‍നിന്ന് മെസ്സിയും ടീമും കേരളം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് കേട്ടപ്പോള്‍ പെട്ടെന്നൊരു ഫുട്ബോള്‍ പ്രേമം പിടികൂടി. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിനടുത്ത ബോയ്ഡോയിലായിരുന്നു ഞാന്‍. ആകെ ഒരുദിവസം മാത്രമേ ഇവിടെയുള്ളൂ. അന്നാകട്ടെ ഞായറാഴ്ചയും. ഫുട്ബോള്‍ കാണാനാകുമെന്ന് തോന്നുന്നില്ല. എവിടെനിന്നോ ഫാബിയോ എന്ന ഫുട്ബോള്‍ പ്രേമിയായ ഗൈഡിന്റെ നമ്പര്‍ കിട്ടി. ബന്ധപ്പെട്ടു. ''ഞായറാഴ്ചയൊന്നും കുഴപ്പമില്ല. ഫുട്ബോളിനെപ്പറ്റി സംസാരിക്കാന്‍ ഞാന്‍ റെഡി. അര്‍ജന്റീനയില്‍ പ്രധാനമായി അഞ്ചു ക്ലബ്ബുകളാണുള്ളത്. ഇന്‍ഡിപെന്‍ഡിന്റെ, റിവര്‍പ്ലേറ്റ്, ബോക്ക ജൂനിയേഴ്സ്, റേസിങ് ക്ലബ്, സാന്‍ ലോറെന്‍സോ. ഞാന്‍ പിന്തുണയ്ക്കുന്ന സാന്‍ ലോറെന്‍സോ ക്ലബിനെപ്പറ്റി പറഞ്ഞുതരാം.'' -മറുപടി ലഭിച്ചു.

ഒരു വീടിന്റെ ചുമരില്‍ ക്ലബ്ബിന്റെ ലോഗോ വലുതാക്കി വരച്ചുവെച്ചിട്ടുണ്ട്. നടുക്ക് ഒരു വട്ടത്തില്‍ ക്ലബ്ബിന്റെ ആദ്യ അക്ഷരങ്ങള്‍. അതിന്റെ മുകളിലായി ബോയ്ഡോ എന്നും താഴെ ക്ലബ് രൂപംകൊണ്ട വര്‍ഷവും (1908) രേഖപ്പെടുത്തിയിരുന്നു. ഏറ്റവും മുകളില്‍ ഒരു കാക്കയുടെതും താഴെ കാല്‍പ്പന്തിന്റെയും പടവുമുണ്ട്. ഇതെന്താണ് കാക്ക? ഫാബിയോയോട് ചോദിച്ചു: ''ടീം തുടങ്ങിയകാലത്ത് കുട്ടിക്കള്‍ക്കൊപ്പം ലോറെന്‍സോ അച്ചനും കളിക്ക് കൂട്ടുപോകും. അക്കാലത്ത് പാതിരികള്‍ കറുത്ത കുപ്പായമണിയുന്നതിനാല്‍ അവരെ കാക്ക എന്ന് വിളിച്ച് അപമാനിക്കുമായിരുന്നു. ടീം പോകുന്നിടത്തെല്ലാം അച്ചന്‍ പോകുന്നതിനാല്‍ 'ദേ കാക്ക വരുന്നു' എന്നായിരുന്നു എതിര്‍ ടീമുകള്‍ കളിയാക്കിയിരുന്നത്. അങ്ങനെ കാക്ക എന്നത് ക്ലബ്ബിനെ പിന്തുണയ്ക്കുന്നവരുടെ ഇരട്ടപ്പേരായി. ഞങ്ങള്‍ക്കുള്ള മറ്റൊരുപേര് ലോസ് മാറ്റഡോര്‍സ് എന്നാണ്. അതായത് കൊലയാളികള്‍.''


സാന്‍ ലോറെന്‍സോ ക്ലബ്ബിന്റെ വിഖ്യാതമായ ടീം 1946-ലെതാണ്. ആ ടീം സ്പെയിനും പോര്‍ച്ചുഗലും സന്ദര്‍ശിച്ചു. എല്ലാ ടീമുകളെയും തോല്‍പ്പിച്ചു. ഫാബിയോ രണ്ട് ചിത്രങ്ങള്‍ കാണിച്ചുതന്നു. ടീം വിജയിച്ച ശേഷം ആഹ്ലാദം പ്രകടിപ്പിക്കുന്നതാണ് ഒന്ന്. മറ്റൊരു ചിത്രത്തില്‍ മൂന്ന് കളിക്കാര്‍. ആ ടീമിലെ ഫാരോ, പൊന്റോണി, മാര്‍ട്ടീനോ എന്നിവരാണിവര്‍. സുവര്‍ണത്രയങ്ങളായാണ് അവര്‍ അറിയപ്പെടുന്നത്. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫോര്‍വേഡുകള്‍. ഇവരുടെ ഒരു ആരാധകന്‍ ലോക പ്രശസ്തനാണ്. നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇല്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ ഫാബിയോ തുടര്‍ന്നു. ''ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇഷ്ടകളിക്കാരാണിവര്‍. മാര്‍പാപ്പ ഇവിടെയാണ് ജനിച്ചത്. പത്താംവയസ്സില്‍ അച്ചന്റെയൊപ്പം അദ്ദേഹം സ്ഥിരം ക്ലബ്ബില്‍ വരുമായിരുന്നു. ഞങ്ങളുടെ ക്ലബ്ബിന്റെ സ്ഥിരാംഗമാണ്. ഇപ്പോഴും ഞങ്ങളുടെ കളികള്‍ കാണാറുണ്ട്. അദ്ദേഹം മാര്‍പാപ്പയായപ്പോള്‍, അര്‍ജന്റീനിയന് ലീഗ് ട്രോഫി ആണ് ഞങ്ങള്‍ സമ്മാനിച്ചത്'.

പിന്നീട് ക്ലബ്ബിനുവേണ്ടി 257 കളികളില്‍ ഗോള്‍കീപ്പറായി റെക്കോഡിട്ടു. ഫാബിയോയ്ക്ക് അദ്ദേഹവുമായി ആത്മബന്ധമുണ്ടായിരുന്നു. ചെറുപ്പത്തില്‍ ഫാബിയോ, ജൂനിയര്‍ ടീമിന്റെ കളിക്കാരനായിരുന്നു. അന്ന് പരിശീലനത്തിനും മറ്റുമായി മോണോ വരുമായിരുന്നു. ''ഫുട്ബോളും ലോറെന്‍സോ ക്ലബ്ബും എന്റെ സിരകളിലേക്ക് നിറച്ചത് മോണോ ആയിരുന്നു. ക്ലബ്ബില്‍ ഞാന്‍ ഏറ്റവും ആരാധിക്കുന്ന കളിക്കാരന്‍ അദ്ദേഹമാണ്.''
അര്‍ജന്റീനക്കാര്‍ മാത്രമായിരുന്നില്ല ലോറെന്‍സോ ക്ലബ്ബില്‍ കളിച്ചിരുന്നത്. സ്പാനിഷ്, ബ്രസീലിയന്‍ കളിക്കാരുമുണ്ടായിരുന്നു. അതില്‍ പ്രധാനിയാണ് ഏഞ്ചല്‍ സുബീറ്റ എന്ന സ്പാനിഷ് താരം. സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്ത് കളിമുടങ്ങിയപ്പോള്‍ അര്‍ജന്റീനയിലേക്ക് ചേക്കേറി ലോറെന്‍സോക്ലബ്ബിന്റെ ജേഴ്‌സി അണിഞ്ഞു.
നടത്തത്തിന്റെ ഇടയില്‍ ഫാബിയോയുടെ വീട്ടുവിശേഷവും പങ്കുവെച്ചു. പതിമൂന്നും പതിനൊന്നും വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ ഉള്‍പ്പെടെ വീട്ടുകാരെല്ലാം ഫുട്ബോള്‍ പ്രേമികളാണ്. കുട്ടികള്‍ക്കും ഫാബിയോയ്ക്കും ക്ലബ്ബില്‍ അംഗത്വമുണ്ട്. ഏകദേശം അയ്യായിരം രൂപ എല്ലാമാസവും മെമ്പര്‍ഷിപ്പ് ഇനത്തില്‍ ക്ലബിന് കൊടുക്കുന്നുണ്ട്. കളിക്കുള്ള സീസണ്‍ടിക്കറ്റും കൈയിലുണ്ട്. ഇളയമകള്‍ പെണ്‍കുട്ടികളുടെ ജൂനിയര്‍ ടീമില്‍ അംഗമാണ്. കേരളത്തെപ്പറ്റിയും ഫുട്ബോളിന്റെ അവസ്ഥയെപ്പറ്റിയുമെല്ലാം ചോദിച്ചു. കേരളത്തിലും ബംഗ്ലാദേശിലുമാണ് ഏറ്റവുമധികം അര്‍ജന്റീന ഫാന്‍സ് ഉള്ളതത്രേ. മെസ്സിയുടെയും മാറഡോണയുടെയും ചുവര്‍ചിത്രങ്ങള്‍ കാണിച്ചുതന്നപ്പോള്‍ ഞാന്‍ ചോദിച്ചു, ആരെയാണ് കൂടുതല്‍ ഇഷ്ടം?

ക്ലബ്ബിന്റെ ആസ്ഥാനമന്ദിരത്തിന്റെ അടുത്തെത്തി. ഒരു പഴയ ഇരുനിലക്കെട്ടിടം. ഞായറാഴ്ചയായതുകൊണ്ട് ഓഫീസും അതിനോട് ചേര്‍ന്നുള്ള സ്റ്റോറും അടച്ചിരുന്നു. ഞങ്ങള്‍ ഒഴിഞ്ഞ സ്ഥലത്തെത്തി. തകരഷീറ്റുകൊണ്ട് പറമ്പ് മറച്ചിട്ടുണ്ട്. അതിനകത്തൊരു പൊട്ടിപ്പൊളിഞ്ഞ കെട്ടിടം കണ്ടു-- 
''ഇവിടെയായിരുന്നു ഞങ്ങളുടെ ആദ്യ സ്റ്റേഡിയം. 1916-ലാണ് ഉദ്ഘാടനം ചെയ്തത്. ഇവിടെനിന്ന് മൂന്ന് ബ്ലോക്ക് മാറിയായിരുന്നു എന്റെ അമ്മൂമ്മ താമസിച്ചിരുന്നത്. കളിയുള്ള ദിവസം രാവിലെ ഭക്ഷണവും വെള്ളവും എല്ലാം പാക്കുചെയ്ത് കുടുംബം സ്റ്റേഡിയത്തിലേക്ക് പോകും എന്ന് അമ്മൂമ്മ പറഞ്ഞുകേട്ട അറിവുണ്ട്.
പരിശീലന ദിവസങ്ങളിലും കളിക്കാരെ പ്രോത്സാഹിപ്പിക്കാന്‍ ഇവിടെയുള്ളവര്‍ എപ്പോഴും സ്റ്റേഡിയത്തില്‍ ഉണ്ടാകും.1979-ല്‍ അന്നത്തെ സൈനിക സ്വേച്ഛാധിപതി, സ്റ്റേഡിയം നിന്ന സ്ഥലം നിര്‍ബന്ധപൂര്‍വം സര്‍ക്കാരിലേക്ക് എഴുതിവാങ്ങി. പാവങ്ങള്‍ക്ക് വീടുപണിയാന്‍ വേണ്ടിയാണെന്നാണ് പറഞ്ഞത്. എന്നാല്‍, മാസങ്ങള്‍ക്കുശേഷം എട്ടിരട്ടിവിലയ്ക്ക് കാരെഫോര്‍ എന്ന ഫ്രഞ്ച്കമ്പനിക്ക് സ്ഥലം കൈമാറ്റം ചെയ്തു. പതിന്നാലുവര്‍ഷം ഞങ്ങള്‍ക്ക് സ്വന്തമായി സ്റ്റേഡിയം ഇല്ലായിരുന്നു. 1993-ലാണ് ബോയ്‌ഡോയില്‍നിന്ന് കുറച്ച് മാറി പുതിയ സ്റ്റേഡിയം പണിതത്. എങ്കിലും ഞങ്ങള്‍ക്ക് വളരെ നിരാശയായിരുന്നു. ഞങ്ങളുടെ മുന്‍ഗാമികള്‍ കളി കണ്ടിടത്ത് ഞങ്ങള്‍ക്കും കാണണം എന്ന തീവ്രമായ ആഗ്രഹമാണ് 2012-ലെ വലിയൊരു പ്രക്ഷോഭത്തിന് വഴിയൊരുക്കിയത്. സ്റ്റേഡിയത്തിന്റെ സ്ഥലം തിരികെവേണം എന്നാവശ്യപ്പെട്ട് ഒരുലക്ഷം ആളുകള്‍ നിരത്തിലിറങ്ങി. ഏറെനാളത്തെ സമരത്തിനൊടുവില്‍ 2019-ല്‍ കമ്പനി സ്ഥലം കൈമാറി. ആരാധകര്‍ പിരിവെടുത്താണ് സ്ഥലത്തിന്റെ പണം കൊടുത്തുതീര്‍ത്തത്.

Content Highlights: a trip to argentina
Published: 26 Feb 2025, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented