
കാല്‍പ്പന്ത് കൂട്ടായ്മയുടെ കളിയാണ്. ടീം ഗെയിം. പക്ഷേ, ചില മനുഷ്യരുണ്ട്, ഏതു കൂട്ടത്തിനിടയിലും തലപ്പൊക്കമുള്ളവര്‍. അവര്‍ കൂട്ടത്തില്‍ പെടും. എന്നാല്‍, വേറിട്ടുനില്‍ക്കുകയും ചെയ്യും. ലയണല്‍ മെസ്സിയെ പോലെ.
അര്‍ജന്റീനയുടെ ക്യാപ്റ്റനായാണ് 2022 ലോകകപ്പിന് മെസ്സിയെത്തുന്നത്. മുപ്പത്തിയാറുകാരന്റെ അവസാന ലോകകപ്പെന്ന് പരക്കെ പറഞ്ഞുകേട്ട മത്സരം. ഫ്രാന്‍സും ബ്രസീലും ഇംഗ്ലണ്ടും പോലെ പരമ്പരാഗത ഫേവറിറ്റുകള്‍. ക്രൊയേഷ്യയെപ്പോലെ സമീപകാലത്ത് ഉദിച്ചുയര്‍ന്ന ശക്തികള്‍. അവരോടെല്ലാം മാറ്റുരയ്‌ക്കേണ്ടിയിരുന്നു അര്‍ജന്റീനയ്ക്ക്.
കോപ്പ അമേരിക്ക ജയിച്ച് അപരാജിതരായ സംഘമായാണ് അര്‍ജന്റീന ടൂര്‍ണമെന്റിലെത്തിയത്. പക്ഷേ, കഴിഞ്ഞ രണ്ടു ലോകകപ്പുകളിലെയും പ്രകടനം വെച്ച് അവര്‍ പടിക്കല്‍ കലമുടയ്ക്കുമെന്ന് കടുത്ത ആരാധകര്‍ പോലും ഭയന്നിരുന്നു.

മനോധൈര്യമില്ലാത്തവനെന്ന് സാക്ഷാല്‍ മറഡോണ പോലും ഇകഴ്ത്തിയിട്ടുണ്ട് മെസ്സിയെ. നിര്‍ണായക മുഹൂര്‍ത്തങ്ങളില്‍ പെനാല്‍റ്റി പാഴാക്കുന്നതിന്റെ പഴി വേറെയും. അര്‍ജന്റീനയുടെ തെരുവുകളില്‍ മെസ്സിയുടെ പോസ്റ്ററുകള്‍ കൂട്ടിയിച്ച് കത്തിച്ച നാളുകള്‍. മെസ്സി ഒരു വലിയ പൊളിയാണ്, അയാളെക്കുറിച്ചു കേള്‍ക്കുന്നതെല്ലാം പെരുപ്പിച്ചുപറയുന്ന കെട്ടുകഥകളാണ് എന്ന് വ്യക്തിഹത്യ നടത്തിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍.
മെസ്സി അവരെയെല്ലാം ഞെട്ടിച്ചു. ഇക്കുറി ടൂര്‍ണമെന്റ് അടക്കി വാണു. ആദ്യ മത്സരം തോറ്റത് അര്‍ജന്റീനയ്ക്ക് ഗുണമായി. പിന്നീടങ്ങോട്ട് പൊരുതിക്കയറി. ഹോളണ്ടിനെയും ക്രൊയേഷ്യയെയും അമ്പേ പരാജയപ്പെടുത്തി. പ്ലേമേക്കറായി തകര്‍ത്താടിയ ക്യാപ്റ്റന്‍ മെസ്സിയുടെ പേരില്‍ ടൂര്‍ണമെന്റില്‍ 7 ഗോളുകള്‍ 3 അസിസ്റ്റുകള്‍.

അതിശക്തരായ ഫ്രഞ്ച് പടയുമായുള്ള ഫൈനലിന്റെ ആദ്യ 80 മിനിറ്റ് അര്‍ജന്റീന പന്ത് കയ്യടക്കി വെച്ചിരുന്നു. പിന്നീട് കളി മെസ്സിയും എംബാപ്പെയും തമ്മിലായി. 23-ാം മിനിറ്റില്‍ മെസ്സി, 36-ാം മിനിറ്റില്‍ ഏഞ്ചല്‍ ഡി മരിയ അതായിരുന്നു ആദ്യത്തെ ഗോള്‍ നില. പിന്നെ 80, 81 മിനിറ്റുകളില്‍ തുടര്‍ച്ചയായി എംബാപ്പെ രണ്ടു ഗോളടിച്ചതോടെ കളി മാറി.
അധിക സമയത്തും മെസി ഗോളടിച്ചു. നീലപ്പട ജയിച്ചെന്ന് തോന്നിച്ചപ്പോള്‍ അതാ വരുന്നു എംബാപ്പയുടെ ഗോള്‍. 123-ാം മിനിറ്റില്‍ ഫ്രാന്‍സ് ഒരു ഗോളടിക്കേണ്ടതായിരുന്നു. അര്‍ജന്റീനന്‍ ഗോളി എമിലിയോ മാര്‍ട്ടിനെസ് അന്നേരം കാണിച്ച അത്ഭുതകരമായ മനഃസാന്നിധ്യം അത് തടുത്തിട്ടു.
അങ്ങനെ ഷൂട്ടൗട്ടിലേക്ക് പോയി. മെസ്സി ആദ്യ കിക്കെടുക്കാന്‍ വന്നതും ആരാധകരുടെ ചങ്കിടിച്ചു. പുറത്താക്കുമോ... കൂളായി വന്ന ക്യാപ്റ്റന്‍ കൂള്‍ ബോളിനെ ഗ്രൗണ്ട് ഷോട്ടിലൂടെ വലയിലാക്കി. എംബാപ്പെ ഫ്രാന്‍സിനായി ഗോള്‍ നേടി. ഹൃദയം ആസുരതാളത്തില്‍ കൊട്ടിക്കയറിയ ഷൂട്ടൗട്ടിനവസാനം നീലപ്പട കപ്പടിച്ചു. മെസ്സി കപ്പേറ്റു വാങ്ങി. കാവ്യനീതിയുടെ കനകക്കാഴ്ച.
പീറ്റര്‍ ഡ്ര്യൂരിയുടെ ശബ്ദം മൈക്രോഫോണിലൂടെ ലോകമെമ്പാടും അലയടിച്ചു. ഷേക്‌സ്പിയറെപ്പോലെയുള്ള വാക്‌ദേവതകളെ അതിശയിപ്പിക്കുന്ന പദഭംഗിയോടെ, ആശയചാരുതയോടെ പീറ്റര്‍ ഇങ്ങനെ പറഞ്ഞു;

''ലയണല്‍ മെസ്സി തന്റെ അവസാന കൊടുമുടിയും കീഴടക്കിയിരിക്കുന്നു. ലയണല്‍ മെസ്സി പറുദീസയുമായി കൈകോര്‍ത്തിരിക്കുന്നു. റൊസാരിയോയിലെ സാന്താ ഫെക്കാരനായ പയ്യന്‍, ഇതാ സ്വര്‍ഗത്തിലേക്ക് കയറുന്നു, സ്വന്തം താരാപഥത്തിലേക്ക് ചുവടുവെക്കുന്നു. അദ്ദേഹത്തിന്റെ കിരീടധാരണ നിമിഷമിതാ... ഈ വേളയില്‍ അദ്ദേഹം ഒറ്റയ്ക്കല്ല....
അയാള്‍ സൗന്ദര്യമായിരുന്നു. വ്യത്യസ്തതയുടെ ബിന്ദുവായിരുന്നു. അയാള്‍ എന്നും വ്യത്യസ്തതയുടെ ബിന്ദുവായിരുന്നു. സമാനതകളില്ലാത്തവന്‍. ഒരുപക്ഷേ ഇന്നും, എന്നും എപ്പോഴും വാദിക്കുന്നവരും തര്‍ക്കിക്കുന്നവരും ഉണ്ടായിരിക്കും. ചര്‍ച്ചകള്‍ സജീവമായി നിലനിന്നേക്കാം. പക്ഷേ, ഈ ലോകത്ത് തന്റെ ഹൃദയം ഏറ്റവും മോഹിച്ച വസ്തുവുമായി അയാള്‍ പ്രണയത്തിലാകുന്ന ഈ നിമിഷം ഒന്നുറപ്പിച്ചേ പറ്റൂ, എക്കാലത്തെയും മികച്ചവനാണെന്ന് അയാളിന്ന് സ്വയം തെളിയിച്ചിരിക്കുന്നു.''
Content Highlights: tribute to messi and team argentina
Published: 18 Dec 2024, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented